മൃഗം – 11

“ദിവ്യയെയും വിളിക്കമ്മേ” വാസുവാണ് അത് പറഞ്ഞത്.

അവള്‍ തന്നെ വിളിക്കരുത് എന്ന് പറഞ്ഞത് രുക്മിണി ഓര്‍ത്തു.

“വേണ്ട മോനെ..അവള്‍ക്ക് നല്ല ക്ഷീണമുണ്ട്..കിടന്നോട്ടെ…നിങ്ങള്‍ കഴിക്ക്…”

അവള്‍ മനസിലെ ദുഃഖം മറച്ചുവച്ച് പറഞ്ഞു. വാസുവിന്റെ മുഖം വാടിയത് രുക്മിണി ശ്രദ്ധിച്ചു. അവളെ കാണാന്‍ അവനാഗ്രഹമുണ്ട്..പക്ഷെ ശങ്കരേട്ടന്‍ ഇപ്പോള്‍ ദിവ്യയോട് പഴയ വൈരമോക്കെ മറന്ന് നല്ല രീതിയില്‍ ആയിരിക്കുന്ന സമയമാണ്. ഇപ്പോള്‍ ശങ്കരേട്ടന്‍ വാസുവിനോട് മറുത്തൊന്നും പറഞ്ഞില്ലെങ്കിലും ദിവ്യയും അവനും തമ്മിലുള്ള ബന്ധം ചേട്ടന്‍ ഇഷ്ടപ്പെടണം എന്നില്ല. തല്‍ക്കാലം അവനെ അവള്‍ കാണണ്ട എന്ന് തന്നെ രുക്മിണി തീരുമാനിച്ചു. അവളുടെ മനസ്സിലും ഇപ്പോള്‍ എന്താണ് ചിന്ത എന്നും തനിക്കറിയില്ല. ഇവര്‍ പോയ ശേഷം അവളോട്‌ സംസാരിക്കണം. രുക്മിണി മനസ്സിലോര്‍ത്തു.

ഊണ് വിഭവസമൃദ്ധം ആയിരുന്നെങ്കിലും ദിവ്യയുടെ അസാന്നിധ്യം കാരണം വാസുവിന് അത് ആസ്വദിച്ചു കഴിക്കാന്‍ പറ്റിയില്ല. പക്ഷെ ഡോണ നന്നായി ആസ്വദിച്ചു തന്നെയാണ് കഴിച്ചത്.

“ഇതാണ് രുചി..ഈ സ്വാദ് ഒരിക്കലും ഞങ്ങള്‍ക്ക് നഗരത്തില്‍ കിട്ടില്ലമ്മേ…” ഡോണ രുക്മിണിയുടെ പാചകത്തെ പുകഴ്ത്തി.

“ഇനിയും മോള് വരണം..അടുത്ത തവണ വരുമ്പോള്‍ ഒരു ദിവസമെങ്കിലും ഇവിടെ താമസിച്ചിട്ടെ പോകാവൂ” രുക്മിണി അവള്‍ക്ക് കറി ഒഴിക്കുന്നതിനിടെ പറഞ്ഞു.

“വരും അമ്മെ..ഉറപ്പായും വരും..വാസുവിന്റെ വീട് എന്റെ വീട് പോലെ തന്നെയാണ്..എത്രയും പെട്ടെന്ന് തന്നെ ഞാന്‍ ഇങ്ങോട്ട് വരും..”

ഡോണ ആ പറഞ്ഞത് ദിവ്യയുടെ കാതുകളില്‍ എത്തിയിരുന്നു. തന്റെ എല്ലാമെല്ലാമായിരുന്ന വാസുവേട്ടനെ അവള്‍ വശീകരിച്ചിരിക്കുന്നു. ഇപ്പോള്‍ അച്ഛനെയും അമ്മയെയും കൂടി അവള്‍ കൈയിലെടുത്തിരിക്കുന്നു. വാസുവേട്ടന്റെ വീട് അവളുടെയും വീടാണത്രേ..കഠിനമായ ദുഖത്തോടെ ദിവ്യ ചിന്തിക്കുകയായിരുന്നു. പണക്കാരിയും പരിഷ്കാരിയുമായ നഗര സുന്ദരിയെ കണ്ടപ്പോള്‍ തന്നെ മറന്നിരിക്കുന്നു വാസുവേട്ടന്‍. ഇത്രയേ ഉള്ളു ആണുങ്ങളുടെ സ്നേഹം. ഇത്ര നേരമായിട്ടും തന്നെ ഒന്ന് വന്നുകാണാന്‍ പോലും വാസുവേട്ടന്‍ ശ്രമിച്ചില്ലല്ലോ..എന്തിനു വിളിക്കണം..തന്നെക്കൊണ്ട് വല്ല ആവശ്യവും ഉണ്ടെങ്കില്‍ അല്ലെ അതൊക്കെ ചെയ്യൂ. വാസുവേട്ടന്‍ തന്നെ മറന്നിരിക്കുന്നു..ദിവ്യ കമിഴ്ന്നുകിടന്ന് ഏങ്ങലടിച്ചു. അവള്‍ പറഞ്ഞത് കേട്ടില്ലേ..എത്രയും പെട്ടെന്നുതന്നെ അവളിങ്ങോട്ടു വരുമെന്ന്..അതിനര്‍ത്ഥം വാസുവേട്ടന്റെ ഭാര്യയായി എത്തുമെന്നല്ലേ..അതുകൊണ്ടല്ലേ അവള്‍ ഇത് തന്റെ കൂടി വീടാണ് എന്ന് പറഞ്ഞത്. തന്റെ സ്വപ്നസൌധം ഒരു ചില്ലുകൊട്ടാരം പോലെ തകര്‍ന്നു വീഴുന്നത് ദിവ്യ കണ്ടു. ഇന്നലെ ആ കാപാലികന്മാര്‍ തന്നെ വേട്ടയാടിയപ്പോഴും രക്ഷപെടാനുള്ള ഊര്‍ജ്ജം ലഭിച്ചത് വാസുവേട്ടന്റെ ഒപ്പമുള്ള ജീവിതം എന്ന സ്വപ്നത്തില്‍ നിന്നുമായിരുന്നു. അതിനുവേണ്ടിയാണ് താന്‍ അവരില്‍ നിന്നും തന്റെ ശരീരം പവിത്രമായി സൂക്ഷിക്കാനായി മരണപ്പാച്ചില്‍ നടത്തിയത്. പക്ഷെ അതൊക്കെ വെറും പാഴ് വേല ആയിരുന്നു എന്ന് ഇപ്പോഴാണ്‌ മനസിലാകുന്നത്. വാസുവേട്ടന് തന്നെ ഇനി വേണ്ട..ഇതാ കണ്ടോടി എന്റെ പെണ്ണിനെ എന്ന് എന്നെ കാണിക്കാനല്ലേ വാസുവേട്ടന്‍ അവളെയും കൂട്ടി എത്തിയത്? ഇപ്പോള്‍ താന്‍ എവിടെ എന്ന് പോലും തിരക്കാതെ വെട്ടി വിഴുങ്ങുന്നു. അല്പമെങ്കിലും സ്നേഹം തന്നോട് കാണും എന്നാണ് താന്‍ കരുതിയിരുന്നത്..ഇല്ല..വാസുവേട്ടന് തന്നോട് അല്പം പോലും സ്നേഹമില്ല..വേണ്ട..തനിക്കാരും വേണ്ട. അച്ഛനും തന്നെ വേണ്ടായിരുന്നു..പക്ഷെ ഇന്ന് ആ മനസ് മാറിയപ്പോള്‍ തനിക്ക് വാസുവേട്ടനെ നഷ്ടമായിരിക്കുന്നു..ഇനി എന്തിനാണ് താന്‍ ജീവിക്കുന്നത്! ദിവ്യ കഠിനമായ ദുഖത്തോടെ ഏങ്ങലടിച്ചു നിശബ്ദമായി കരഞ്ഞു.

“ഹോ..ഇത്രയധികം ഭക്ഷണം ഞാന്‍ ഈ അടുത്ത കാലത്തൊന്നും കഴിച്ചിട്ടില്ല..രുചി കാരണം യാതൊരു അളവുമില്ലതാണ് തട്ടിവിട്ടത്..ഇങ്ങനെ പത്തു ദിവസം കഴിച്ചാല്‍ ഞാന്‍ ഗുണ്ടുമണി പോലെ ആകും”

ആഹാരം കഴിച്ചു കൈകഴുകിയ ശേഷം ഡോണ പോകാന്‍ തയാറെടുത്തു കൊണ്ട് പറഞ്ഞു.

“മോള്‍ അത്രയൊന്നും കഴിച്ചില്ല..കുറച്ചുകൂടി കഴിക്കാമായിരുന്നു” രുക്മിണി പുഞ്ചിരിയോടെ പറഞ്ഞു.

“യ്യോ..എന്റമ്മേ..മതി..വയറു പൊട്ടാറായി..ഇതേപോലെ രുചികരമായ ആഹാരം മുന്‍പ് ഞാനെന്റെ മുംതാസിന്റെ വീട്ടില്‍ നിന്നും മാത്രമാണ് കഴിച്ചിട്ടുള്ളത്…” അത് പറയുമ്പോള്‍ ഡോണയുടെ മുഖത്ത് ദുഃഖം വന്നു മൂടിയിരുന്നു.

“എന്നാല്‍ ഞങ്ങള്‍ ഇറങ്ങട്ടെ അമ്മെ..ദിവ്യയോട് സൂക്ഷിക്കാന്‍ പറയണം..പുറത്ത് പോകുമ്പോള്‍ നല്ല കരുതല്‍ വേണം..എസ് ഐയെ കണ്ട ശേഷം ചില തീരുമാനങ്ങള്‍ എടുക്കാനുണ്ട്..എന്നിട്ട് ഞാന്‍ വിളിക്കാം.. എന്ത് പ്രശ്നം ഉണ്ടായാലും എന്റെ മൊബൈലില്‍ വിളിച്ചു വിവരം അറിയിക്കണം” വാസു പറഞ്ഞു.

“ശരി മോനെ..നീ ഇടയ്ക്കിടെ വന്നാല്‍ അത് ഞങ്ങള്‍ക്ക് വലിയ ആശ്വാസമായിരിക്കും” രുക്മിണി പറഞ്ഞു.

“അതെ..നീ വല്ലപ്പോഴും ഇങ്ങോട്ട് വരണം…” ശങ്കരനും രുക്മിണിയുടെ അഭിപ്രായമായിരുന്നു.

“ശ്രമിക്കാം..എന്നാല്‍ പോട്ടെ അച്ഛാ..അമ്മെ”

ബൈക്കില്‍ ഇരുന്നുകൊണ്ട് വാസു പറഞ്ഞു. ഡോണയും അവന്റെ പിന്നില്‍ കയറിയിരുന്നു. തന്റെ മുറിയില്‍ നിന്നും തകര്‍ന്ന മനസോടെ ദിവ്യ അവര്‍ ബൈക്കില്‍ ഇരിക്കുന്നത് കാണുന്നുണ്ടായിരുന്നു. അവളുടെ മനസ്സില്‍ വലിയൊരു അഗ്നികുണ്ഡം കത്തിയെരിയുകയായിരുന്നു. തന്റെ എല്ലാ സ്വപ്നങ്ങളും ജീവിത ലക്‌ഷ്യം തന്നെയും തകര്‍ത്തുകൊണ്ട് വാസുവിന്റെ ബൈക്ക് പടികടന്നു പോകുന്നത് നോക്കി പൊട്ടിക്കരഞ്ഞുകൊണ്ട് അവള്‍ കട്ടിലിലേക്ക് വീണു.

“ഭ കഴുവര്‍ട മോനെ..പെണ്ണുങ്ങളെ തല്ലിയാണോടാ ആണത്തം കാണിക്കുന്നത്? അതും നിനക്ക് ജന്മം നല്‍കിയ സ്വന്തം അമ്മയെ?”

പൌലോസിന്റെ ഗര്‍ജ്ജനത്തിനൊപ്പം പടക്കം പൊട്ടുന്നത് പോലെയുള്ള അടിയുടെ ശബ്ദവും ചേര്‍ന്നാണ് സ്റ്റേഷനിലേക്ക് ചെന്ന വാസുവിനെയും ഡോണയെയും എതിരേറ്റത്. ആരോ നിലവിളിച്ചുകൊണ്ട് വീഴുന്ന ശബ്ദവും അവര്‍ കേട്ടു. ഡോണ അങ്കലാപ്പോടെ വാസുവിനെ നോക്കി.

“അയ്യോ സാറെ തല്ലല്ലേ..ഇനി മേലാല്‍ ഞാന്‍ അങ്ങനെ ചെയ്യില്ല..എന്നെ കൊല്ലല്ലേ” ആരുടെയോ ദൈന്യത കലര്‍ന്ന നിലവിളി അവരുടെ കാതിലേക്ക് എത്തി.

“ഇനി അവനെ തല്ലണ്ട സാറേ..അവന്‍ ചത്തുപോകും” ഏതോ ദുര്‍ബ്ബലമായ സ്ത്രീശബ്ദം.

“കണ്ടോടാ..ഇതാണ് ഒരമ്മയുടെ മനസ്..നീ ചെറ്റത്തരം കാണിച്ചിട്ടും നിന്റെ ദേഹം നോവുമ്പോള്‍ അവരുടെ മനസാണ് നോവുന്നത്..പട്ടിക്കഴുവര്‍ട മോനെ ഇനി ഈ അമ്മയുടെ കണ്ണില്‍ നിന്നും ഒരുതുള്ളി കണ്ണീര്‍ വീഴാന്‍ നീ കാരണമായാല്‍..നിന്റെ ശവക്കുഴി വെട്ടി വച്ചിട്ടെ നീ അതിനു തുനിയാവൂ..ഇറങ്ങിപ്പോടാ..”

Leave a Reply

Your email address will not be published. Required fields are marked *