“അമ്മെ..അമ്മ പോ..ഞാന്‍..ഞാനിവിടെ കിടന്നോട്ടെ…ഞാന്‍…”
അവസാനം കരഞ്ഞുപോയ ദിവ്യ വേഗം തിരിഞ്ഞു കിടന്നു. രുക്മിണി കണ്ണുകള്‍ ഒപ്പിയിട്ട് എഴുന്നേറ്റ് പുറത്തേക്ക് ചെന്നു. വാസുവും ഡോണയും ഒന്നും മിണ്ടാതെ അവളെ കാത്ത് പുറത്തിരിക്കുകയായിരുന്നു.
“എങ്ങനെയുണ്ട് അമ്മെ ദിവ്യയ്ക്ക്?” വാസു ചോദിച്ചു.
“അവള്‍ ഉറങ്ങി മോനെ..ഉറങ്ങിക്കോട്ടെ..നല്ല ക്ഷീണമുണ്ട് പാവത്തിന്…”
രുക്മിണി തന്റെ മനോവേദന മറച്ച് പുഞ്ചിരി വരുത്തിക്കൊണ്ട് പറഞ്ഞു. ശങ്കരനും അവിടെ സോഫയില്‍ വിഷണ്ണനായി ഇരിപ്പുണ്ടായിരുന്നു. തങ്ങള്‍ കയറി വന്നപ്പോള്‍ ദിവ്യയ്ക്കുണ്ടായ ബോധക്ഷയം വാസുവിനെയും ഡോണയെയും വിഷമിപ്പിച്ചിരുന്നു. അല്‍പനേരം അവരാരും തന്നെ സംസാരിച്ചില്ല.
“മോനെ കുടിക്കാന്‍ ചായ എടുക്കട്ടെ” രുക്മിണി നിശബ്ദതയ്ക്ക് വിരാമമിട്ട് ചോദിച്ചു.
“വേണ്ടമ്മേ..ഇപ്പോള്‍ ചായ വേണ്ട..ങാ പിന്നെ അച്ഛാ അമ്മെ ഇത് ഡോണ..ഒരു ടിവി ചാനലിലാണ് ജോലി ചെയ്യുന്നത്.. നിങ്ങള്‍ കണ്ടു കാണാന്‍ ഇടയുണ്ട്” വാസു ഡോണയെ ശങ്കരനും രുക്മിണിക്കും പരിചയപ്പെടുത്തി.
“ഉവ്വ്..നിന്റെ ഒരു ഇന്റര്‍വ്യൂ ഈ അടുത്തിടെ ഈ കുട്ടിയല്ലേ അവതരിപ്പിച്ചത്..” രുക്മിണി അവളുടെ മുഖം ഓര്‍ത്തെടുത്തുകൊണ്ട് ചോദിച്ചു. ഡോണ തലയാട്ടിക്കൊണ്ട് പുഞ്ചിരിച്ചു. ശങ്കരനും അത്ഭുതത്തോടെ അവളെ നോക്കി.
“മോള് ടിവി ചാനലില്‍ ആണോ ജോലി ചെയ്യുന്നത്? ഞാന്‍ ആദ്യമായാണ് ഒരു മാധ്യമ പ്രവര്‍ത്തകയെ നേരില്‍ കാണുന്നത്”
ശങ്കരന്‍ തന്റെ അത്ഭുതം മറച്ചു വയ്ക്കാതെ പറഞ്ഞു.
“അതെ അങ്കിള്‍..എവര്‍ഗ്രീന്‍ ചാനലില്‍ ആണ് ഞാന്‍ ജോലി ചെയ്യുന്നത്” ഡോണ പറഞ്ഞു.
“നിങ്ങള്‍ എങ്ങനെയാണ് പരിചയപ്പെട്ടത്?” അറിയാനുള്ള ആകാംക്ഷ മറച്ചു വയ്ക്കാതെ രുക്മിണി ചോദിച്ചു.
“അമ്മെ ഇവിടെ വന്ന ഗീവര്‍ഗീസ് അച്ചന്‍ മുഖേനയാണ് ഇവളെയും കുടുംബത്തെയും ഞാന്‍ പരിചയപ്പെട്ടത്..അതൊക്കെ പിന്നീട് വിശദമായി പറയാം..ആദ്യം ഇന്നലെ നടന്ന സംഭവങ്ങള്‍ ഇവളോട് പറഞ്ഞു കൊടുക്ക്..കൊച്ചിയിലുള്ള ഒരു ടീമിനെ ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് സംശയമുണ്ട്..അവര്‍ക്കെതിരെ തെളിവുകള്‍ ശേഖരിക്കുന്ന ജോലിയിലാണ് ഇവളിപ്പോള്‍..ഇവളുടെ ഒരു കൂട്ടുകാരിയെ പീഡിപ്പിച്ചു കൊന്ന അവര്‍ക്കെതിരെ പോലീസിന്റെ പക്കല്‍ യാതൊരു തെളിവും ഇല്ല. കൊച്ചി അധോലോകം ഭരിക്കുന്ന അവരെ യാതൊരു പഴുതുമില്ലാതെ നിയമത്തിന്റെ കൈകളില്‍ എത്തിക്കാന്‍ പ്രതിജ്ഞ എടുത്തിരിക്കുകയാണ് ഇവള്‍..ഇവളുടെ ജീവനും ഭീഷണിയുള്ളത് കൊണ്ട് എന്നെ ഇവളുടെ ബോഡി ഗാര്‍ഡ് ആയി ജോലിക്ക് വച്ചിരിക്കുകയാണ്….ഈ അടുത്തിടെ അവിടെ ചില പ്രശ്നങ്ങള്‍ ഞാനുമായി ഉണ്ടായത് ടിവിയില്‍ കണ്ടതല്ലേ? ആ പെണ്ണ് ഈ പറയുന്ന മൂവരില്‍ ഒരുത്തന്റെ സഹോദരിയാണ്..ഞാന്‍ അവളെ ആക്രമിച്ചതിന്റെ പ്രതികാരമായാണ് അവന്മാര്‍ ഇവിടെയെത്തി നിങ്ങളെ ഉപദ്രവിക്കാന്‍ ശ്രമിച്ചത് എന്ന് ഞങ്ങള്‍ക്ക് സംശയമുണ്ട്..അവര്‍ തന്നെയാണോ ഇതിന്റെ പിന്നില്‍ എന്നറിയാനാണ് ഇവള്‍ എന്റെ ഒപ്പം വന്നത്…”
വാസു തങ്ങളുടെ വരവിന്റെ ഉദ്ദേശം വിവരിച്ചു. ശങ്കരന്‍ തലേ രാത്രി നടന്ന കാര്യങ്ങള്‍ വിവരിച്ചു. ഡോണയുടെ ക്യാമറ അത് ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. തന്നെ കെട്ടിയിട്ട ശേഷം രുക്മിണിയെ വിവസ്ത്രയാക്കാന്‍ അവര്‍ തുടങ്ങിയപ്പോള്‍ ദിവ്യ അവരെ വെല്ലുവിളിച്ചുകൊണ്ട് പുറത്ത് നിന്നും ഓടിയതും തുടര്‍ന്നു താന്‍ നാട്ടുകാരെ കൂട്ടി അവരെ തിരക്കി ഇറങ്ങിയതും ദിവ്യ നദിയില്‍ ചാടി രക്ഷപെട്ടതുമെല്ലാം ശങ്കരന്‍ വിവരിച്ചു പറഞ്ഞു. ദിവ്യയുടെ ജീവന്‍ പണയപ്പെടുത്തിയുള്ള സാഹസം കേട്ടപ്പോള്‍ ഡോണയുടെ കണ്ണുകള്‍ നിറഞ്ഞു പോയിരുന്നു. അവള്‍ ആരും കാണാതെ കണ്ണുകള്‍ തുടച്ചു.
“പോലീസില്‍ പരാതിപ്പെട്ടില്ലേ അങ്കിള്‍?” ശങ്കരന്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ക്യാമറ ഓഫാക്കിയിട്ട് അവള്‍ ചോദിച്ചു.
“ഉവ്വ്..ഇന്ന് രാവിലെ തന്നെ ഞാനും നാട്ടുകാരില്‍ ചിലരും കൂടി എസ് ഐയെ ചെന്നു കണ്ടു..രവീന്ദ്രന്‍ എന്ന പോലീസുകാരനായിരുന്നു ഇന്നലെ രാത്രി സ്റ്റേഷന്റെ ചാര്‍ജ്ജ്..അയാള്‍ മനപൂര്‍വ്വം ഞാനും മോളും ചെയ്ത ഫോണ്‍ വിളികള്‍ അവഗണിച്ചു..അയാളും ഇവിടെ എത്തിയവരും തമ്മില്‍ എന്തോ ബന്ധമുണ്ട്…എസ് ഐ ഈ വിവരം അറിഞ്ഞതെ ഇല്ലായിരുന്നു..അദ്ദേഹം ഇവിടെയെത്തി എന്റെ പക്കല്‍ നിന്നും പരാതി എഴുതി വാങ്ങിച്ചിട്ടാണ് പോയത്..രവീന്ദ്രനെ ഞങ്ങളുടെ മുന്‍പില്‍ വച്ചുതന്നെ ഒന്ന് പൊട്ടിക്കുകയും ചെയ്തു..” ശങ്കരന്‍ പറഞ്ഞു.
