മൃഗം – 11

“ഹേയ്..ഈ മ്യൂസിക്കിന്റെ സൌണ്ട് അല്‍പ്പം കുറയ്ക്കുമോ?” ഡോണ സഹികെട്ട് ചോദിച്ചു.

“എന്തോ? കേട്ടില്ല……” കൂട്ടത്തില്‍ നേതാവെന്നു തോന്നിച്ചവന്‍ വിനയം നടിച്ചുകൊണ്ട് പറഞ്ഞു.

“ഈ ശബ്ദം ഒന്ന് കുറയ്ക്കാന്‍..ഇതൊരു പബ്ലിക് പ്ലെയ്സ് ആണ്..നിങ്ങളുടെ വീടല്ല”

“ഇവള്‍ ആളു കൊള്ളാമല്ലോ..എവിടുന്നു കടത്തിക്കൊണ്ടു വരുവാടാ മോനെ ഈ ചരക്കിനെ? എടാ അബൂ നീ ചെന്നു ചേച്ചിക്ക് വേണ്ടി അതിന്റെ സൌണ്ട് ഒന്ന് കുറച്ചു കൊടുക്ക്…” അവന്‍ മറ്റൊരുവനോട് പറഞ്ഞു.

“ശരി അളിയാ..ഒരു ചരക്ക് പറഞ്ഞാല്‍ നമുക്ക് അനുസരിക്കാതിരിക്കാന്‍ പറ്റുമോ…”

അവന്‍ ചെന്നു വീണ്ടും അതിന്റെ ശബ്ദം കൂട്ടി. ഡോണ കടുത്ത കോപത്തോടെ അവരെ നോക്കി.

“എന്താടി? മതിയോ?”

അവന്മാര്‍ ഉറക്കെ ചിരിച്ചു. പിന്നെ എഴുന്നേറ്റ് അവരുടെ അടുത്തേക്ക് നടന്നടുത്തു. കടക്കാരന്‍ ഭീതിയോടെ അവരെ നോക്കി.

“നിങ്ങള്‍ ദയവു ചെയ്ത് പ്രശ്നം ഉണ്ടാക്കരുത്..അവര് കഴിച്ചിട്ട് പൊക്കോട്ടെ”

അയാള്‍ അവരുടെ മുന്‍പിലേക്ക് ചെന്ന് അപേക്ഷിച്ചു.

“തനിക്ക് ഇവരെ അറിയാമോ?” നേതാവ് അയാളോട് ചോദിച്ചു.

“വഴിയാത്രക്കാരാ..ഞാനെങ്ങനെ അറിയാനാ”

“എന്നാല്‍ മാറി നില്‍ക്ക്..ഇവനും ഇവളും തമ്മിലുള്ള ബന്ധം ഞങ്ങള്‍ക്ക് ഒന്നറിയണമല്ലോ..വല്ല സ്ത്രീ പീഡനമോ ഒളിച്ചോട്ടമോ ആണോ എന്നറിയേണ്ടത് നാട്ടുകാരുടെ കടമയല്ലേ..അല്ലേടാ..”

“പിന്നല്ലേ..അവളെ കണ്ടിട്ട് വേലി ചാടുന്ന ഐറ്റം ആണെന്നാ തോന്നുന്നത്….” മറ്റൊരുവന്‍ പറഞ്ഞു.

“ഏതാടി നീ? ഇവന്‍ ഏതാ?” നേതാവ് വാസുവിന്റെയും ഡോണയുടെയും അടുത്തെത്തി ചോദിച്ചു. ഡോണ വാസുവിനെ നോക്കിയെങ്കിലും അവന്‍ ചപ്പാത്തി ചുരുട്ടി ആസ്വദിച്ചു കഴിക്കുകയായിരുന്നു.

“ചേട്ടാ..ഒരു രണ്ടു ചപ്പാത്തിയും ഒരിച്ചിരെ ചാറും” അവന്‍ കടക്കാരനെ നോക്കി പറഞ്ഞു.

അയാള്‍ വേഗം തന്നെ ചപ്പാത്തിയും അല്പം കറിയും അവനു നല്‍കി.

“എടാ..നീയാരാ..ഇവളുടെ ഭര്‍ത്താവാണോ?” നേതാവിന്റെ ചോദ്യം വാസുവിനോടായി.

“അല്ല” വാസു കഴിക്കുന്നതിനിടെ പറഞ്ഞു.

“പിന്നെ? ആരാടി ഇവന്‍ നിന്റെ? ആങ്ങളയോ?”

“അറിഞ്ഞിട്ടു നിനക്കെന്ത് വേണം? പോയി സ്വന്തം പണി നോക്കടാ” ഡോണ ചീറി.

“ഇതൊക്കെയാ മോളെ ഞങ്ങളുടെ പണി..നീയൊക്കെ കാരണം ഈ നാടിന്റെ സംസ്കാരമാണ് നശിക്കുന്നത്..ഇനി നീയോ ഇവനോ ഇവിടുന്നു പോകണമെങ്കില്‍ നിന്റെയൊക്കെ വീട്ടുകാരിവിടെ വരണം…രാത്രി കണ്ടവന്റെയൊക്കെക്കൂടെ ഊര് ചുറ്റി സുഖിക്കുകയാണ്‌ അല്ലേടി നായിന്റെ മോളെ..”

“ഭ..ഷട്ട് അപ് യു സ്റ്റുപ്പിഡ്..നിന്റെ വീട്ടില്‍ ഉപയോഗിക്കുന്ന ഭാഷ അവിടെ മാത്രം ഉപയോഗിച്ചാല്‍ മതി കേട്ടോടാ സ്കൌണ്ട്രല്‍..” ഡോണ കോപം കൊണ്ട് വിറച്ചു.

“നീ അവിടിരുന്നു കാപ്പി കുടി..ഈ അണ്ണന്മാരുടെ പ്രശ്നം ഇനി ഞാന്‍ നോക്കിക്കോളാം..ചേട്ടാ ഞാന്‍ ഒന്ന് കൈ കഴുകിക്കോട്ടേ”

അവളെ പിടിച്ചു ബെഞ്ചില്‍ ഇരുത്തിയ ശേഷം കഴിച്ചെഴുന്നേറ്റ വാസു ചോദിച്ചു.

“ങാഹാ അപ്പോള്‍ നീ പുലിയാണ്..നായകന്‍ നായികയെ രക്ഷിക്കാന്‍ പോകുന്നു..ചെല്ല്..മക്കള് കൈ കഴുകീട്ടു വാ…”

വാസു പോയപ്പോള്‍ ഡോണ അവരേ സഹതാപത്തോടെ നോക്കി.

“എന്താടി നോക്കുന്നത്? വേഗം നിന്റെ തന്തേം തള്ളേം ഇങ്ങോട്ട് വിളി..ഇവിടുന്നു പോയിക്കിട്ടണം എന്നുണ്ടെങ്കില്‍..” അവള്‍ക്കെതിരെ ബെഞ്ച്‌ നീക്കിയിട്ടു കൊണ്ട് അവന്‍ പറഞ്ഞു.

“എടാ..വഴിയെ പോകുന്ന പണി ഇരന്നു വാങ്ങാതെ പോകാന്‍ നോക്ക്..ഇതൊരു അപേക്ഷയാണ്..പ്ലീസ്..പോ..വേഗം..”

“ഹഹ്ഹ..ഇവള്‍ ആളു കൊള്ളാമല്ലോടാ..എന്താടി വല്യ കടത്തനാടന്‍ അഭ്യാസി ആണെന്നാണോ ആ തൊലിയന്‍ നിന്നോട് പറഞ്ഞു തന്നിരിക്കുന്നത്..എടി പുല്ലേ പെണ്‍പിള്ളാരേ വളയ്ക്കാന്‍ ഇവനൊക്കെ ഇതും ഇതിനപ്പുറവും പറയും..നിന്നെ കണ്ടിട്ട് ഏതോ നല്ല വീട്ടിലെ പെണ്ണാണ്‌ എന്ന് തോന്നുന്നുണ്ട്..സത്യം പറഞ്ഞാല്‍ ഞങ്ങള് തന്നെ നിന്നെ വീട്ടില്‍ കൊണ്ടുവിടാം..അവന്റെ കൂടെ പോകാം എന്ന് നീ കരുതണ്ട…പറ..അവന്‍ നിന്റെ കാമുകനല്ലേ?”

“ഞാന്‍ പറയാന്‍ ഉള്ളത് പറഞ്ഞു..വിധിയെ ആര്‍ക്കും തടുക്കാന്‍ പറ്റില്ലല്ലോ…” ഡോണ മെല്ലെ കാപ്പി ഊതിക്കുടിക്കാന്‍ തുടങ്ങി.
“അപ്പൊ ആദ്യം മ്യൂസിക്ക്..” കൈകഴുകി വന്ന വാസു നേരെ ചെന്ന് സ്റ്റീരിയോ ഓഫ് ചെയ്തു. വലിയ ഒരു നിശബ്ദത അവിടെ പരന്നുപിടിച്ചു.
“അളിയാ ഇവനാള് കൊള്ളാം..പെണ്ണിന്റെ മുന്‍പില്‍ ഷൈന്‍ ചെയ്യുകയാണ് നായിന്റെ മോന്‍.” ഒരുവന്‍ നേതാവിനോട് പറഞ്ഞു. അവന്‍ മെല്ലെ എഴുന്നേറ്റു.
“ചേട്ടന്മാരെ.ഞങ്ങള്‍ക്ക് പോകാമോ..അങ്ങ് കൊച്ചീല്‍ എത്തണ്ടതാ” വാസു അവരെ നോക്കി ചോദിച്ചു.
“എടാ ബിനീഷേ.പാട്ട് ഇടടാസംസാരം അത് കഴിഞ്ഞുമതി”
“എന്തിനാ ചേട്ടാ വെറുതെ പ്രശ്നം ഉണ്ടാക്കുന്നത്..ഞങ്ങള്‍ പോയേക്കാം..” ഡോണ കാപ്പി കുടിക്കുന്നതിടെ വിളിച്ചു പറഞ്ഞു. പക്ഷെ അവര്‍ അവളെ ശ്രദ്ധിച്ചില്ല.
ബിനീഷ് എന്ന ചെറുപ്പക്കാരന്‍ ജീപ്പിനു സമീപത്തേക്ക് ചെന്നു. അതിനടുത്ത് തന്നെ നിന്നിരുന്ന വാസു അവനെ നോക്കി പുഞ്ചിരിച്ചു.
“വേണോ?” അവന്‍ ചോദിച്ചു.
“മാറി നില്‍ക്കടാ ഞാഞ്ഞൂലെ..” അവനെ തള്ളിമാറ്റിയിട്ട് ബിനീഷ് മ്യൂസിക് ഇടാനായി കൈ വണ്ടിയുടെ ഉള്ളിലേക്കിട്ടു. ഡോണ മൊബൈല്‍ എടുത്ത് ക്യാമറ ഓണാക്കി.
(തുടരും)

Leave a Reply

Your email address will not be published. Required fields are marked *