“മോനെ..ഇങ്ങനെയാണെങ്കില്‍ ഞങ്ങള്‍ എന്ത് ചെയ്യും?” അവള്‍ ചോദിച്ചു.
“ആദ്യം ഇത് ഞങ്ങള്‍ സംശയിക്കുന്നവര്‍ തന്നെയാണോ എന്ന് ഉറപ്പ് വരുത്തണം. അതിന് ഞങ്ങള്‍ എസ് ഐയെ കണ്ടൊന്നു സംസാരിക്കട്ടെ. അദ്ദേഹത്തിന് ആരെ എങ്കിലും സംശയം ഉണ്ടോ എന്നറിയണമല്ലോ..എന്തായാലും ഉടനെ അവര്‍ വീണ്ടുമൊരു ശ്രമം നടത്തില്ല. അതുകൊണ്ട് തല്ക്കാലം പേടിക്കാനില്ല എന്നാണെനിക്ക് തോന്നുന്നത്. എസ് ഐയെ കണ്ട ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാം..” വാസു പറഞ്ഞു.
“അതെ..നമുക്ക് ഉടന്‍ തന്നെ സ്റ്റെഷനിലേക്ക് പോകാം” ഡോണ പോകാന്‍ തയാറായി എഴുന്നേറ്റുകൊണ്ട് പറഞ്ഞു.
“ചോറ് ഉണ്ടിട്ടു പോകാം മോളെ” രുക്മിണി പറഞ്ഞു.
“ഷുവര്‍..അമ്മ ഉണ്ടാക്കിയ ആഹാരം കഴിക്കാന്‍ കിട്ടിയ ഈ ചാന്‍സ് ഞാന്‍ കളയില്ല” അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ദിവ്യയെയും വിളിക്കമ്മേ” വാസുവാണ് അത് പറഞ്ഞത്.
അവള്‍ തന്നെ വിളിക്കരുത് എന്ന് പറഞ്ഞത് രുക്മിണി ഓര്‍ത്തു.
“വേണ്ട മോനെ..അവള്‍ക്ക് നല്ല ക്ഷീണമുണ്ട്..കിടന്നോട്ടെ…നിങ്ങള്‍ കഴിക്ക്…”
അവള്‍ മനസിലെ ദുഃഖം മറച്ചുവച്ച് പറഞ്ഞു. വാസുവിന്റെ മുഖം വാടിയത് രുക്മിണി ശ്രദ്ധിച്ചു. അവളെ കാണാന്‍ അവനാഗ്രഹമുണ്ട്..പക്ഷെ ശങ്കരേട്ടന്‍ ഇപ്പോള്‍ ദിവ്യയോട് പഴയ വൈരമോക്കെ മറന്ന് നല്ല രീതിയില്‍ ആയിരിക്കുന്ന സമയമാണ്. ഇപ്പോള്‍ ശങ്കരേട്ടന്‍ വാസുവിനോട് മറുത്തൊന്നും പറഞ്ഞില്ലെങ്കിലും ദിവ്യയും അവനും തമ്മിലുള്ള ബന്ധം ചേട്ടന്‍ ഇഷ്ടപ്പെടണം എന്നില്ല. തല്‍ക്കാലം അവനെ അവള്‍ കാണണ്ട എന്ന് തന്നെ രുക്മിണി തീരുമാനിച്ചു. അവളുടെ മനസ്സിലും ഇപ്പോള്‍ എന്താണ് ചിന്ത എന്നും തനിക്കറിയില്ല. ഇവര്‍ പോയ ശേഷം അവളോട് സംസാരിക്കണം. രുക്മിണി മനസ്സിലോര്‍ത്തു.
ഊണ് വിഭവസമൃദ്ധം ആയിരുന്നെങ്കിലും ദിവ്യയുടെ അസാന്നിധ്യം കാരണം വാസുവിന് അത് ആസ്വദിച്ചു കഴിക്കാന്‍ പറ്റിയില്ല. പക്ഷെ ഡോണ നന്നായി ആസ്വദിച്ചു തന്നെയാണ് കഴിച്ചത്.
“ഇതാണ് രുചി..ഈ സ്വാദ് ഒരിക്കലും ഞങ്ങള്‍ക്ക് നഗരത്തില്‍ കിട്ടില്ലമ്മേ…” ഡോണ രുക്മിണിയുടെ പാചകത്തെ പുകഴ്ത്തി.
“ഇനിയും മോള് വരണം..അടുത്ത തവണ വരുമ്പോള്‍ ഒരു ദിവസമെങ്കിലും ഇവിടെ താമസിച്ചിട്ടെ പോകാവൂ” രുക്മിണി അവള്‍ക്ക് കറി ഒഴിക്കുന്നതിനിടെ പറഞ്ഞു.
“വരും അമ്മെ..ഉറപ്പായും വരും..വാസുവിന്റെ വീട് എന്റെ വീട് പോലെ തന്നെയാണ്..എത്രയും പെട്ടെന്ന് തന്നെ ഞാന്‍ ഇങ്ങോട്ട് വരും..”
ഡോണ ആ പറഞ്ഞത് ദിവ്യയുടെ കാതുകളില്‍ എത്തിയിരുന്നു. തന്റെ എല്ലാമെല്ലാമായിരുന്ന വാസുവേട്ടനെ അവള്‍ വശീകരിച്ചിരിക്കുന്നു. ഇപ്പോള്‍ അച്ഛനെയും അമ്മയെയും കൂടി അവള്‍ കൈയിലെടുത്തിരിക്കുന്നു. വാസുവേട്ടന്റെ വീട് അവളുടെയും വീടാണത്രേ..കഠിനമായ ദുഖത്തോടെ ദിവ്യ ചിന്തിക്കുകയായിരുന്നു. പണക്കാരിയും പരിഷ്കാരിയുമായ നഗര സുന്ദരിയെ കണ്ടപ്പോള്‍ തന്നെ മറന്നിരിക്കുന്നു വാസുവേട്ടന്‍. ഇത്രയേ ഉള്ളു ആണുങ്ങളുടെ സ്നേഹം. ഇത്ര നേരമായിട്ടും തന്നെ ഒന്ന് വന്നുകാണാന്‍ പോലും വാസുവേട്ടന്‍ ശ്രമിച്ചില്ലല്ലോ..എന്തിനു വിളിക്കണം..തന്നെക്കൊണ്ട് വല്ല ആവശ്യവും ഉണ്ടെങ്കില്‍ അല്ലെ അതൊക്കെ ചെയ്യൂ. വാസുവേട്ടന്‍ തന്നെ മറന്നിരിക്കുന്നു..ദിവ്യ കമിഴ്ന്നുകിടന്ന് ഏങ്ങലടിച്ചു. അവള്‍ പറഞ്ഞത് കേട്ടില്ലേ..എത്രയും പെട്ടെന്നുതന്നെ അവളിങ്ങോട്ടു വരുമെന്ന്..അതിനര്‍ത്ഥം വാസുവേട്ടന്റെ ഭാര്യയായി എത്തുമെന്നല്ലേ..അതുകൊണ്ടല്ലേ അവള്‍ ഇത് തന്റെ കൂടി വീടാണ് എന്ന് പറഞ്ഞത്. തന്റെ സ്വപ്നസൌധം ഒരു ചില്ലുകൊട്ടാരം പോലെ തകര്‍ന്നു വീഴുന്നത് ദിവ്യ കണ്ടു. ഇന്നലെ ആ കാപാലികന്മാര്‍ തന്നെ വേട്ടയാടിയപ്പോഴും രക്ഷപെടാനുള്ള ഊര്‍ജ്ജം ലഭിച്ചത് വാസുവേട്ടന്റെ ഒപ്പമുള്ള ജീവിതം എന്ന സ്വപ്നത്തില്‍ നിന്നുമായിരുന്നു. അതിനുവേണ്ടിയാണ് താന്‍ അവരില്‍ നിന്നും തന്റെ ശരീരം പവിത്രമായി സൂക്ഷിക്കാനായി മരണപ്പാച്ചില്‍ നടത്തിയത്. പക്ഷെ അതൊക്കെ വെറും പാഴ് വേല ആയിരുന്നു എന്ന് ഇപ്പോഴാണ് മനസിലാകുന്നത്. വാസുവേട്ടന് തന്നെ ഇനി വേണ്ട..ഇതാ കണ്ടോടി എന്റെ പെണ്ണിനെ എന്ന് എന്നെ കാണിക്കാനല്ലേ വാസുവേട്ടന്‍ അവളെയും കൂട്ടി എത്തിയത്? ഇപ്പോള്‍ താന്‍ എവിടെ എന്ന് പോലും തിരക്കാതെ വെട്ടി വിഴുങ്ങുന്നു. അല്പമെങ്കിലും സ്നേഹം തന്നോട് കാണും എന്നാണ് താന്‍ കരുതിയിരുന്നത്..ഇല്ല..വാസുവേട്ടന് തന്നോട് അല്പം പോലും സ്നേഹമില്ല..വേണ്ട..തനിക്കാരും വേണ്ട. അച്ഛനും തന്നെ വേണ്ടായിരുന്നു..പക്ഷെ ഇന്ന് ആ മനസ് മാറിയപ്പോള്‍ തനിക്ക് വാസുവേട്ടനെ നഷ്ടമായിരിക്കുന്നു..ഇനി എന്തിനാണ് താന്‍ ജീവിക്കുന്നത്! ദിവ്യ കഠിനമായ ദുഖത്തോടെ ഏങ്ങലടിച്ചു നിശബ്ദമായി കരഞ്ഞു.
