ദിവ്യ മനസ്സില്‍ പലതും കണക്കുകൂട്ടിയിരുന്നു. തന്നെ കാണിക്കാനാണ് അവന്‍ അന്ന് ആ ഭൂലോക രംഭയെയും കൊണ്ട് വന്നത്. എന്തിനും പോന്നവള്‍ ആണ് അവളെന്ന് കണ്ടാല്‍ അറിയാം. ഒരു ടിവിക്കാരി..ഹും. ദിവ്യ തനിച്ച് മുറിയിലായിരുന്നു. രാവിലെ എസ് ഐ വിളിപ്പിച്ചു പറഞ്ഞ കാര്യങ്ങള്‍ ഒന്നും അവളെ അത്ര ഭയപ്പെടുത്തിയില്ല. അവന്മാര്‍ വരുന്നെങ്കില്‍ വരട്ടെ. എങ്ങനെയെങ്കിലും താന്‍ രക്ഷപെടും. അവള്‍ക്ക് ഒരുതരം നിസംഗത അനുഭവപ്പെട്ടു. പക്ഷെ വാസുവിനോടുള്ള പക അവളുടെ ഉള്ളില്‍ ഉമിത്തീ പോലെ നീറുന്നുണ്ടായിരുന്നു. അവന്റെ മനസ് തകര്‍ക്കണം. തന്നെ നോവിച്ച അവന്റെ മനസും നോവണം. അവള്‍ മനസ്സില്‍ കണക്കുകൂട്ടി.
അവള്‍ മൊബൈല്‍ എടുത്ത് വാട്ട്സ് അപ്പില്‍ ഏതോ നമ്പര്‍ പരതി. കിട്ടിയപ്പോള്‍ അവള്‍ അതിലേക്ക് ഹായ് എന്നൊരു മെസേജ് അയച്ചു. അയച്ച ശേഷം അയച്ച ആളിന്റെ ഫോട്ടോ അവള്‍ നോക്കി. നല്ല ഉറച്ച ശരീരമുള്ള സുമുഖനായ യുവാവ്. അവള്‍ അതിലേക്ക് നോക്കി കുറേനേരം ഇരുന്നു. അവളുടെ മുഖം തുടുത്തിരുന്നു.
“ഹായ് ദിവ്യ..എനിക്കിത് വിശ്വസിക്കാമോ”
നല്ല ഉറച്ച ശരീരം. നല്ല ഉയരവും നല്ല സൗന്ദര്യവും. ഏതു പെണ്ണിനെ വേണമെങ്കിലും അവനു കിട്ടും; പക്ഷെ അവന് തന്നെയാണ് വേണ്ടത്. വേണ്ടി വന്നാല്‍ അവന്റെയൊപ്പം ബൈക്കില്‍ കൊച്ചിക്ക് പോയി അവനെയും അവളെയും കാണിച്ചു കൊടുക്കണം. അങ്ങനെ പലവുരു മനസില്‍ കണക്ക് കൂട്ടിയ ശേഷമാണ് ദിവ്യ ആദ്യമായി അവനൊരു മെസേജ് അയച്ചത്. അനുരാഗ് അതോടെ ഏഴാം സ്വര്‍ഗ്ഗത്തില്‍ എത്തിയ സന്തോഷത്തിലായിരുന്നു.
അടുത്ത ദിവസം ദിവ്യ അല്പം നേരത്തെ തന്നെ സ്കൂളിലേക്ക് പോകാനിറങ്ങി. അവള്‍ പറഞ്ഞ സ്ഥലത്ത് തന്റെ പോളോയില്‍ അനുരാഗ് കാത്തു നില്‍പ്പുണ്ടായിരുന്നു. ദൂരെ നിന്നും ദിവ്യയുടെ സൈക്കിള്‍ കണ്ടതോടെ അവന്റെ ശരീരവും മനസും തുടികൊട്ടി. ഒന്നൊന്നര വര്‍ഷമായി താന്‍ പിന്നാലെ നടന്ന പെണ്ണ! മേലാല്‍ തന്നെ ശല്യപ്പെടുത്തരുത് എന്ന് താക്കീത് തന്നവള്‍! ഇപ്പോള്‍ അവള്‍ ഇങ്ങോട്ട് മെസേജ് അയച്ചു തന്നെ കാണാന്‍ തയാറായിരിക്കുന്നു. അനുരാഗിനു സത്യത്തില്‍ ആ നിമിഷം വരെ അതില്‍ പൂര്‍ണ്ണ വിശ്വാസം ഉണ്ടായിരുന്നില്ല. പക്ഷെ ദിവ്യ വരുന്നത് കണ്ടപ്പോള്‍, അവളുടെ മുഖത്തെ നാണവും തുടുപ്പും കണ്ടപ്പോള്‍ അവന്റെ രോമങ്ങള്‍ എഴുന്നുനിന്നു. ദിവ്യ അവന്റെ അരികിലെത്തിയപ്പോള്‍ സൈക്കിള്‍ നിര്‍ത്തി.
അനുരാഗ് സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടിയ സ്ഥിതിയിലായിരുന്നു. താന്‍ ഭ്രാന്തമായി മോഹിച്ച പെണ്ണാണ് ഇപ്പോള്‍ തന്റെ മുന്‍പില്‍ നില്‍ക്കുന്നത്. എന്തൊരു സൌന്ദര്യം! ആ മുഖത്തിന്റെ ഇനിപ്പും ശരീരത്തിന്റെ വടിവും എത്ര നോക്കിയാലും മതിയാകില്ല. ഇവളിനി തന്റെ മാത്രം സ്വന്തം. അവന്റെ ഹൃദയം അനുരാഗലോലമായി.
“കുറെ നേരമായോ വന്നിട്ട്?” ദിവ്യ അവന്റെ കണ്ണിലേക്ക് നോക്കി ചോദിച്ചു.
“ഇ..ഇല്ല…അഞ്ചു മിനിറ്റ്” അവളുടെ മാസ്മരിക ശബ്ദത്തില്‍ മയങ്ങിപ്പോയ അനുരാഗ് വിക്കിവിക്കി പറഞ്ഞു. അവന്റെ പരിഭ്രമവും സന്തോഷവും വീര്‍പ്പുമുട്ടലും കണ്ടപ്പോള്‍ ദിവ്യ ചിരിയടക്കി.
“ഞാന്‍ ഇതുവരെ വിശ്വസിച്ചിരുന്നില്ല ദിവ്യ തന്നെയാണ് എനിക്ക് മെസേജ് അയച്ചതെന്ന്..”
സമനില അല്പം പണിപ്പെട്ടു വീണ്ടെടുത്ത അനുരാഗ് പറഞ്ഞു. ഒരു ഇറുകിയ ടീ ഷര്‍ട്ട് ധരിച്ചിരുന്ന അവന്റെ ഉരുണ്ട മസില്‍ കണ്ടപ്പോള്‍ ദിവ്യയുടെ മുഖം തുടുത്തു. ഹും..വാസുവിനെക്കാള്‍ കരുത്തനാണ് ഇവന്‍. അവള്‍ മനസ്സില്‍ പറഞ്ഞു.
“ഇപ്പം വിശ്വാസമായോ..” അവള്‍ ചോദിച്ചു.
“ഉം”
“എന്നോട് ഇഷ്ടമുള്ളത് കൊണ്ടാണോ ഇത്ര നാളും എനിക്ക് വേണ്ടി കാത്തത്?”
“ഇങ്ങനെ ചോദിക്കല്ലേ..ദിവ്യയെ അല്ലാതെ ഒരു പെണ്ണിനേയും ഞാന്‍ മോഹിച്ചിട്ടില്ല..ആഗ്രഹിച്ചിട്ടുമില്ല”
“കള്ളം”
“അല്ല..സത്യമാണ്..സത്യം..”
“എന്തിനാ എന്നെ ഇഷ്ടപ്പെട്ടത്?”
“ദിവ്യയെ ആരാണ് ഇഷ്ടപ്പെടാതിരിക്കുക..ലോകത്തിലേക്കും ഏറ്റവും ഭാഗ്യവാന്‍ ഞാനാണ്..ഞാന്‍..സോറി..ദിവ്യയ്ക്ക് എന്നെ ഇഷ്ടമാണ് എന്നിതുവരെ പറഞ്ഞിട്ടില്ല..അയാം റിയലി സോറി..”

