മൃഗം – 5 1

“അമ്മ പേടിക്കണ്ട..ഈ നിമിഷം മുതല്‍ ഞാന്‍ എന്റെ പുതിയ ജോലിയിലാണ്…എന്റെ ജീവന്‍ ഈ ദേഹത്ത് ഉള്ള നിമിഷം വരെ, അമ്മയുടെ മകള്‍ സുരക്ഷിതയായിരിക്കും…ആരില്‍ നിന്നാണോ അമ്മയുടെ മോള്‍ക്ക് ഭീഷണി ഉള്ളത്, ആ ഭീഷണി പൂര്‍ണ്ണമായി ഇല്ലാതായി എന്ന് നിങ്ങള്‍ക്ക് ബോധ്യമാകുന്ന നാളില്‍ മാത്രമേ ഞാന്‍ ഈ സ്ഥലത്ത് നിന്നും പോകൂ….” വാസു പറഞ്ഞു.

പുന്നൂസ് അഭിമാനത്തോടെ ഭാര്യയെ നോക്കി.

“വാസൂ..ഞങ്ങളുടെ മകള്‍ ഒരു പ്രത്യേക സ്വഭാവക്കാരിയാണ്.. അവള്‍ക്ക് എത്ര ശക്തമായ സെക്യൂരിറ്റി നല്‍കാനും ഞങ്ങള്‍ക്ക് സാധിക്കും..പക്ഷെ അവള്‍ക്ക് അതിഷ്ടമല്ല…തന്നെയുമല്ല ഒരു പെണ്‍കുട്ടിയെ വിശ്വസിച്ച് ഇവരെയൊന്നും ഏല്‍പ്പിക്കാനും ഞങ്ങള്‍ക്ക് മനസില്ല….അതുകൊണ്ടാണ് വിശ്വസിക്കാവുന്നതും കഴിവുള്ളതുമായ ആരെയെങ്കിലും കിട്ടുമോ എന്ന് ഞങ്ങള്‍ അന്വേഷിച്ചത്..അങ്ങനെ ഒരാളെ കിട്ടാന്‍ പ്രയാസമാണ് എന്നറിയാമായിരുന്നു.. അതുകൊണ്ട് തന്നെ നിന്നെ ദൈവമാണ് ഞങ്ങളുടെ മുന്‍പില്‍ എത്തിച്ചത് എന്ന് ഞാന്‍ വിശ്വസിക്കുന്നു..” റോസ്‌ലിന്‍ തന്റെ സന്തോഷം മറച്ചു വയ്ക്കാതെ അവനോടു പറഞ്ഞു.

“സര്‍..മകളുടെ ഫോട്ടോ ഉണ്ടോ?” വാസു ചോദിച്ചു.
“ദാ..അതാണ് മകള്‍”

ഭിത്തിയില്‍ വലിയ പോസ്റ്റര്‍ പോലെ ഒട്ടിച്ചിരുന്ന അതിസുന്ദരിയായ പെണ്‍കുട്ടിയുടെ ചിത്രം കാട്ടി പുന്നൂസ് പറഞ്ഞു. വാസു നോക്കി. ആ മുഖത്തെ സൌന്ദര്യത്തെക്കാള്‍ ഏറെ അവനെ ആകര്‍ഷിച്ചത്, അതില്‍ വിളയാടിയിരുന്ന നിഷ്കളങ്കതയാണ്.

“ശരി എങ്കില്‍ പോകാം സര്‍ എന്റെ താമസ സ്ഥലത്തേക്ക്” അവളുടെ മുഖം ഹൃദിസ്ഥമാക്കിയ ശേഷം വാസു ചോദിച്ചു.

“മോനെ..നിനക്ക് ഇവിടെ നിന്നും ആഹാരം തരണം എന്നുണ്ട്..പക്ഷെ മകള്‍ നിന്നെ അറിയണ്ട എന്ന് പറഞ്ഞത് കൊണ്ട്..അതിനി മറ്റൊരിക്കല്‍ ആകാം” റോസ്‌ലിന്‍ പറഞ്ഞു.

“അത് സാരമില്ല അമ്മെ..മോള്‍ ഇല്ലാത്ത നേരം നോക്കി ഞാന്‍ വന്നു കഴിച്ചോളാം”

റോസ്‌ലിന്‍ ചിരിച്ചുപോയി അത് കേട്ടപ്പോള്‍.

“ഇവന്‍ ഭയങ്കര ശാപ്പാട്ടുരാമന്‍ ആണെന്നാ അച്ചന്‍ പറഞ്ഞത് കേട്ടോടി റോസി” പുന്നൂസ് പറഞ്ഞു.

“അത് ശരി..അപ്പോള്‍ അച്ചന്‍ അതും പറഞ്ഞു അല്ലെ..ഞാന്‍ കാണട്ടെ..രണ്ടു വര്‍ത്തമാനം എനിക്ക് പറയാനുണ്ട് അങ്ങേരോട്..” വാസു കപട ഗൌരവം നടിച്ചു പറഞ്ഞു.

“എടാ നീ അച്ചനെ ഒന്നും പറയല്ലേ..അച്ചന്‍ തമാശയായി പറഞ്ഞതാ..ങാ എടി റോസീ ഞങ്ങള്‍ ഇറങ്ങുന്നു..ഞാന്‍ പോയിട്ട് വരാം..”

റോസ്‌ലിന്‍ തലയാട്ടി. വാസു അവളെ നോക്കി പുഞ്ചിരിച്ചിട്ട് പുന്നൂസിന്റെ ഒപ്പം പുറത്തേക്ക് ഇറങ്ങി.

ഏതാണ്ട് അര കിലോമീറ്റര്‍ മാറി ഒരു ചെറിയ വീടിന്റെ മുന്‍പിലെത്തി അയാളുടെ വണ്ടി നിന്നു.

“ഇതാണ് നിന്റെ വീട്..ഇത് എന്റെ പഴയ കുടുംബ വീടാണ്. ഇടയ്ക്കിടെ ഞാനിവിടെ വന്നു തനിച്ചിരിക്കും..അപ്പോള്‍ അപ്പന്റെയും അമ്മയുടെയും, എന്റെ ബാല്യകാലത്തിന്റെയും ഓര്‍മ്മകള്‍ മനസിലേക്ക് വരും..ഇവിടെ തനിച്ചിരുന്ന് അതൊക്കെ ഓര്‍ക്കുന്നത് ഒരു സുഖമാണ്..ഈ വീട് ഇതേപോലെ തന്നെ നിര്‍ത്തിയിരിക്കുന്നതും എനിക്ക് ആ ഓര്‍മ്മകള്‍ കിട്ടാന്‍ വേണ്ടിയാണ്..” ഗേറ്റ് തുറന്ന് ഉള്ളിലേക്ക് കയറുന്നതിനിടെ പുന്നൂസ് പറഞ്ഞു.

“അപ്പൊ ഞാനിവിടെ ഉള്ള സമയത്ത് സാറിനു ഓര്‍മ്മ കിട്ടാന്‍ ഇങ്ങോട്ട് വരാന്‍ പ്രയാസമായിരിക്കുമല്ലോ..ഞാനുള്ളതുകൊണ്ട് അപ്പനും അമ്മയും ഓര്‍മ്മ തന്നില്ലെങ്കിലോ..”

“പോടാ പോക്രീ..” പുന്നൂസ് ചിരിച്ചുകൊണ്ട് അവനെ മെല്ലെ അടിച്ചു.
വീടിനു പുറത്ത് പോര്‍ച്ചില്‍ ഒരു പുതിയ ബുള്ളറ്റ് ഇരിക്കുന്നത് വാസു കണ്ടു. ഏതാണ്ട് അമ്പതു വയസു പ്രായം തോന്നിക്കുന്ന ഒരാള്‍ ഓടിയെത്തി പുന്നൂസിനെ വണങ്ങി.

“ങാ നീ ഇവിടെ ഉണ്ടായിരുന്നോ ഗോപാലാ..ഇതാണ് ഞാന്‍ പറഞ്ഞ ആള്‍..കമ്പനിയിലെ പുതിയ മാനേജര്‍ ആണ്..വേറെ ഒരു വീട് കിട്ടുന്നത് വരെ ഇവിടെ കാണും….” അയാളോട് അങ്ങനെ പറഞ്ഞിട്ട് വാസുവിനെ നോക്കി “വാസൂ ഇത് ഗോപാലന്‍..നിനക്ക് ആഹാരവും മറ്റ് എല്ലാ കാര്യങ്ങള്‍ക്കും ഇവന്‍ കാണും..നല്ല കുക്കാണ്..എന്ത് വേണമെങ്കിലും ഉണ്ടാക്കി തരും..നീ പറഞ്ഞാല്‍ മാത്രം മതി”

Leave a Reply

Your email address will not be published. Required fields are marked *