മൃഗം – 5

അയാള്‍ നമ്പരെഴുതിയ കടലാസ്സ്‌ രുക്മിണിക്ക് നല്‍കിയ ശേഷം ഉള്ളിലേക്ക് പോയി. രുക്മിണി ഭിത്തിയില്‍ ചാരി നിന്നു കണ്ണീര്‍ വാര്‍ത്തുകൊണ്ടിരുന്ന ദിവ്യയുടെ അടുത്തെത്തി അവളെ സമാധാനിപ്പിച്ചു. അവള്‍ എങ്ങലടിച്ചുകൊണ്ട് അമ്മയുടെ തോളിലേക്ക് വീണു.

——

രാവിലെ ഗോപാലന്‍ ഉണ്ടാക്കി നല്‍കിയ ചപ്പാത്തിയും മുട്ടക്കറിയും ചായയോടൊപ്പം വാസു കഴിക്കുകയായിരുന്നു. അവന്റെ തീറ്റ സന്തോഷത്തോടെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു ഗോപാലന്‍.

“എങ്ങനുണ്ട് കുഞ്ഞേ കറി..കൊള്ളാമോ” അയാള്‍ ചോദിച്ചു.

“ഒന്നാന്തരം..ഗോപാലേട്ടന്‍ കുക്കാണോ?” എട്ടാമത്തെ ചപ്പാത്തി മുറിച്ചുകൊണ്ട് വാസു ചോദിച്ചു.

“ഓ അങ്ങനൊന്നുമില്ല..കൊറച്ചു നാള്‍ ഒരു ഹോട്ടലില്‍ ജോലിക്ക് നിന്നിട്ടൊണ്ട്..പിന്നെ എനിക്ക് പാചകം വല്യ ഇഷ്ടമാ”

“എന്നേം കൂടെ ഒന്ന് പഠിപ്പിക്കണം സമയം കിട്ടുമ്പോള്‍..” ഒരു താറാമുട്ട അതേപടി വായിലേക്ക് തിരുകിക്കൊണ്ട്‌ വാസു പറഞ്ഞു.

“യ്യോ ഇത്രേം വല്യ ജോലി ചെയ്യുന്ന കുഞ്ഞെന്തിനാ അതൊക്കെ പഠിക്കുന്നത്.. കെട്ടുന്ന പെണ്ണ് എല്ലാം ഒണ്ടാക്കി തരത്തില്യോ…” ഇളിച്ചുകൊണ്ട്‌ ഗോപാലന്‍ ചോദിച്ചു.

“ഗോപാലേട്ടാ..ഏത് ജോലിക്കാരന്‍ ആയാലും, അവന് ആഹാരമില്ലാതെ ജീവിക്കാന്‍ ഒക്കുമോ? ഇത് ഉണ്ടാക്കുന്നതിനെക്കാള്‍ വലുതല്ല ഈ പറയുന്ന ഒരു വലിയ ജോലിയും..കൃഷി ചെയ്യുന്നവനും മീന്‍ പിടിക്കുന്നവനും മണ്ണില്‍ പണി എടുക്കുന്നവനും ആഹാരം ഉണ്ടാക്കുന്നവനും വൈദ്യനും..ഇവരുടെ ജോലിക്ക് മീതെ വേറെ ഒരു ജോലിയുമില്ല…അതുകൊണ്ട് ഇത് എനിക്കും പഠിക്കണം..നാളെ കെട്ടിയ പെണ്ണിന് സുഖമില്ലാതായാല്‍ നമ്മള്‍ അടുക്കളയില്‍ കേറണ്ടേ? ങാ ചപ്പാത്തി ഒന്നൂടെ ഇട്”

വാസു പറഞ്ഞു. ഗോപാലന്‍ വേഗം ഒരു ചപ്പാത്തികൂടി അടുക്കളയില്‍ നിന്നും എത്തിച്ചു.
“കുഞ്ഞു പറഞ്ഞത് സത്യമാ..എന്നാലും….”

“ഒരെന്നലുമില്ല..അതാണ് അതിന്റെ കാര്യം..”

വയറു നിറച്ചു കഴിച്ച് ഒരു ഏമ്പക്കവും വിട്ടു വാസു ചെന്നു കൈകഴുകി. സമയം നോക്കിയപ്പോള്‍ ഏഴേമുക്കാല്‍. അവന്‍ ചെന്നു വേഷം മാറി. ഷര്‍ട്ടും ജീന്‍സും ഷൂസും ധരിച്ച ശേഷം അവന്‍ മുഖം മൊത്തം മറയ്ക്കുന്ന ഹെല്‍മറ്റ് എടുത്ത് പുറത്ത് വണ്ടിയില്‍ കയറിയിരുന്നു. മൊബൈല്‍ അവന്‍ കൈയില്‍ തന്നെ പിടിച്ചിരുന്നു. അല്പം കഴിഞ്ഞപ്പോള്‍ ഫോണ്‍ ശബ്ദിച്ചു. വാസു നോക്കി. പുന്നൂസ് ആണ്.

“ഹലോ സര്‍”

“ഗുഡ് മോണിംഗ് വാസു..നീ ബ്രേക്ഫാസ്റ്റ് കഴിച്ചോ?”

“കഴിച്ചു സര്‍..”

“ങാ..വാസൂ മോള്‍ ഇപ്പോള്‍ ഇറങ്ങും..നീ തയാറാണല്ലോ അല്ലെ”

“എപ്പോഴെ റെഡി ആണ് സര്‍..”

“ഒകെ..ടേക്ക് കെയര്‍”

അയാള്‍ ഫോണ്‍ വച്ചു കഴിഞ്ഞപ്പോള്‍ വാസു മൊബൈല്‍ പോക്കറ്റില്‍ വച്ചു. പിന്നെ ഹെല്‍മറ്റ് എടുത്ത് തലയില്‍ വച്ച് റോഡിലേക്ക് നോക്കി. അവിടെ നിന്നു നോക്കിയാല്‍ റോഡ്‌ കുറെ ദൂരം വരെ കാണാന്‍ പറ്റും. ഡോണയുടെ കാര്‍ വരുന്നുണ്ടോ എന്ന് വാസു ദൂരേക്ക് നോക്കി. അല്പം കഴിഞ്ഞപ്പോള്‍ ഒരു ചുവന്ന മാരുതി വരുന്നത് അവന്‍ കണ്ടു. അവന്റെ കാല്‍ ബൈക്കിന്റെ കിക്കറില്‍ അമര്‍ന്നു.

“പോവാണോ കുഞ്ഞേ? ഉച്ചയ്ക്ക് വരുമോ” ഗോപാലന്‍ ചോദിച്ചു.

“ഇല്ല..ഇനി വൈകിട്ടെ വരൂ….”

വാസു പറഞ്ഞു. ഡോണയുടെ കാര്‍ കടന്നു പോയപ്പോള്‍ അവന്‍ ഗിയര്‍ ഇട്ടു വണ്ടി മുന്‍പോട്ടെടുത്തു. ആ ചെറിയ റോഡിലൂടെ അല്പം അകലം വിട്ട് അവന്‍ അവളെ പിന്തുടര്‍ന്നു. അവള്‍ ശ്രദ്ധിക്കാതിരിക്കാന്‍ പറ്റാവുന്നത്ര അകലം പാലിച്ചുകൊണ്ടാണ് അവന്‍ ബൈക്കോടിച്ചത്.
വണ്ടി ഇടറോഡില്‍ നിന്നും പ്രധാന നിരത്തിലേക്ക് കയറിയപ്പോള്‍ വാസു കുറേക്കൂടി അവളോട്‌ അടുത്തു. റോഡില്‍ ധാരാളം വാഹനങ്ങള്‍ ഉള്ളത് കൊണ്ട് അതിലൊരാളായി അവന്‍ നീങ്ങി. രണ്ടു സിഗ്നലുകള്‍ കഴിഞ്ഞപ്പോള്‍ അവന്‍ ഏറെക്കുറെ അവളുടെ നേരെ പിന്നില്‍ത്തന്നെ എത്തി. അല്പം അകലെ മറ്റൊരു വലിയ ജംഗ്ഷന്‍ അവന്‍ കണ്ടു. രാവിലെ തന്നെ റോഡില്‍ ട്രാഫിക്ക് നന്നായി കൂടിയിരുന്നു. ഡോണയുടെ മാരുതി ആ ജംഗ്ഷന്‍ ലക്ഷ്യമാക്കി നീങ്ങി. പെട്ടെന്ന് ഓഡി എ-3 കാര്‍ ഉച്ചത്തിലുള്ള മ്യൂസിക്ക് കേള്‍പ്പിച്ച് അവന്റെ ബൈക്കിനെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ മിന്നല്‍ പോലെ മറികടന്നു. ഒരു പെണ്ണാണ് ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുന്നത് എന്ന് വാസു കണ്ടു. അവന്‍ പല്ലുഞെരിച്ചു ദേഷ്യം അടക്കാന്‍ ശ്രമിച്ചുകൊണ്ട് മുന്‍പോട്ടു നീങ്ങി. ഓഡി ഡോണയെ മറികടക്കാന്‍ നോക്കിയെങ്കിലും അവള്‍ക്ക് സാധിച്ചില്ല. സിഗ്നലില്‍ ആ കാറിനു തൊട്ടുപിന്നില്‍ അത് നില്‍ക്കുന്നത് വാസു കണ്ടു. അവന്റെ ബൈക്ക് ഓഡിയുടെ പിന്നിലായി നിന്നു. മറ്റു നിരവധി വാഹനങ്ങള്‍ ഉള്ളതുകൊണ്ട് അതിന്റെ മുന്‍പിലേക്ക് പോകാന്‍ അവനു സാധിച്ചില്ല. മുകള്‍ മൂടി ഇല്ലാത്ത ആ കാറില്‍ മ്യൂസിക്കിനനുസരിച്ച് ആടിക്കൊണ്ട് മൊബൈലില്‍ സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരിക്കുകയായിരുന്നു അതിന്റെ സാരഥി. വാസു സിഗ്നല്‍ ഓണാകാനായി കാത്തു.

പച്ച കത്തിയപ്പോള്‍ ഏറ്റവും മുന്‍പില്‍ കിടന്നിരുന്ന ഡോണയുടെ മാരുതി മുന്‍പോട്ടു നീങ്ങി. വാസുവിന്റെ തൊട്ടു വലത്ത് മറ്റൊരു കാറായിരുന്നു നിര്‍ത്തിയിരുന്നത്. അവന്റെ ബൈക്കിനും ആ കാറിനും മുന്‍പിലായിരുന്നു ഓഡി. സിഗ്നല്‍ ഓണായിട്ടും ഓഡി മുന്‍പോട്ടു നീങ്ങിയില്ല. വാസുവും കാറുകാരനും പിന്നിലുള്ള മറ്റു പല വണ്ടികളും ഹോണ്‍ മുഴക്കിയിട്ടും ഉച്ചത്തിലുള്ള പാട്ടുമായി മൊബൈലില്‍ കുത്തിക്കൊണ്ടിരുന്ന ഓഡിയുടെ ഡ്രൈവര്‍ ഒരു കൂസലുമില്ലാതെ ഇരിക്കുകയായിരുന്നു. ഡോണ കടന്നു പോയതോടെ വാസു എങ്ങനെയും മുന്‍പിലേക്ക് പോകാന്‍ ശ്രമിച്ചെങ്കിലും ആ കാറ് കാരണം പോകാന്‍ പറ്റിയില്ല. ട്രാഫിക്കില്‍ നിന്നിരുന്ന പോലീസുകാരന്‍ യാതൊന്നും ചെയ്യാതെ നില്‍ക്കുന്നതും വാസു ശ്രദ്ധിച്ചു. സിഗ്നല്‍ റെഡ് ആയതോടെ വാസു ബൈക്ക് അതില്‍ ഇരുന്നുകൊണ്ട് തന്നെ സ്റ്റാന്റില്‍ വച്ച് ഹെല്‍മറ്റ് ഊരി അതിന്റെ മുകളില്‍ വച്ചിട്ട് ഇറങ്ങി. അവന്‍ നേരെ ഓഡിയുടെ ഡ്രൈവിംഗ് സീറ്റിന്റെ അരികിലേക്ക് ചെന്നു. പെണ്ണ് ഇളകിക്കൊണ്ട് ഒന്നും ശ്രദ്ധിക്കാതെ ആര്‍ക്കോ മെസേജ് വിടുകയാണ്.
“ഹേയ് മാഡം..ഇത് സിഗ്നല്‍ ആണ്..നിങ്ങള്‍ എന്താണ് വണ്ടി എടുക്കാഞ്ഞത്” വാസു ഉറക്കെ ചോദിച്ചു. ശബ്ദം കേട്ടു പെണ്ണ് മ്യൂസിക്കിന്റെ ശബ്ദം കുറച്ചിട്ട് അവനെ നോക്കി.

“ഹു ആര്‍ യു? വാട്ട് ഡൂ യു വാണ്ട്?” അവള്‍ അവനെ നോക്കി ചോദിച്ചു.

“ഇപ്പം പച്ച കത്തിയപ്പോള്‍ നിങ്ങള്‍ വണ്ടി എടുത്തില്ല..ഇനി ഇത് ആവര്‍ത്തിക്കരുത് എന്ന് പറയാന്‍ വന്നതാണ്‌..നിങ്ങള് കാരണം കുറെ വണ്ടികള്‍ പിന്നില്‍ ബ്ലോക്കായി കിടക്കുകയാണ്..” പരമാവധി സംയമനത്തോടെ അവന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *