ശങ്കരന്‍ ഭീതിയോടെ അയാളെ നോക്കി.
“അവന്മാര്‍ ഇനിയും എന്നെ ഉപദ്രവിക്കുമെന്നാണോ സാറ് പറയുന്നത്”
“ചാന്‍സ് ഉണ്ട്..എങ്കിലും ഞാനിവിടെ ഉള്ളിടത്തോളം അത് ചെയ്യാന്‍ സാധ്യത കുറവാണ്..എന്നാലും സൂക്ഷിക്കണം….”
“സാറേ അവന്മാര്‍ക്ക് വേണ്ടത് വാസുവിനെ ആണ്. അവനെവിടെപ്പോയി എന്നെനിക്ക് ഒരു പിടിയുമില്ല. അവന്‍ കാരണമാണ് എനിക്ക് ഈ തൊന്തരവ് മൊത്തം ഉണ്ടായത്…”
“എടൊ മനുഷ്യാ..അവനല്ലേ നിങ്ങള്‍ക്ക് കിട്ടാനുള്ള പണം ഇവന്മാരുടെ പക്കല്‍ നിന്നും വാങ്ങി നല്‍കിയത്..അതവന്‍ നിങ്ങള്‍ക്ക് വേണ്ടിയല്ലേ ചെയ്തത്? അല്പം നന്ദി ഒക്കെ വേണ്ടെടോ? ഉം പോ..പറഞ്ഞതൊക്കെ ഓര്‍മ്മ വേണം”
“ശരി സാറേ”
ശങ്കരന്‍ എഴുന്നേറ്റ് അയാളെ തൊഴുത ശേഷം പുറത്തേക്ക് പോയി. പൌലോസ് വെളിയിലിറങ്ങി പോലീസുകാരുടെ മുറിയില്‍ രവീന്ദ്രന്റെ അടുത്തെത്തി ഒരു മേശമേല്‍ ഇരുന്നു.
“ചില കള്ളക്കഴുവേറി മക്കള്‍ ഇവിടെ ഇരുന്നുകൊണ്ട് ഗുണ്ടകള്‍ക്ക് വേണ്ടി മാമാപ്പണി ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം..ഒരു ദിവസം അത്തരം നായിന്റെ മക്കളെ ഞാന്‍ പൂട്ടും..എല്ലാവനും ഓര്‍ത്തോണം….പൌലോസാ പറയുന്നത്” അയാള്‍ ആരോടെന്നില്ലാതെ പറഞ്ഞു. രവീന്ദ്രന്റെ മുഖം വിളറുന്നത് പൌലോസ് ശ്രദ്ധിച്ചു.
വീട്ടിലെത്തിയ ശങ്കരന്‍ അമര്‍ഷത്തോടെ ഉള്ളിലേക്ക് കയറി കൈയിലിരുന്ന ബാഗ് വലിച്ചെറിഞ്ഞു.
“എന്താ ചേട്ടാ..എന്താ ഒരു ടെന്‍ഷന്‍?” ഭര്‍ത്താവിന്റെ ഭാവമാറ്റം കണ്ടു രുക്മിണി ചോദിച്ചു.
“ഇന്ന് ആ എസ് ഐ എന്നെ വിളിപ്പിച്ചിരുന്നു..അയാള് പിടികൂടിയ ഗുണ്ടകളെ മൊത്തം സി ഐ വെറുതെ വിട്ടെന്ന്..ഇനിയും അവന്മാരു നമ്മളെ ആക്രമിക്കാന്‍ സാധ്യത ഉണ്ടെന്നും അതുകൊണ്ട് സൂക്ഷിക്കണം എന്നും പറയാനാണ് അയാള്‍ വിളിപ്പിച്ചത്.. ആ നാശം പിടിച്ച ഊരുതെണ്ടി കാരണം ഇവിടെ ജീവിക്കാന്‍ പറ്റാതായിരിക്കുന്നു…”
അയാള്‍ കോപത്തോടെ മുറിയില്‍ വെരുകിനെപ്പോലെ നടന്നു.
“എന്റെ ചേട്ടാ ദൈവത്തിനു നിരക്കാത്ത സംസാരം അരുതേ..അവന്‍ ചേട്ടന് വേണ്ടിയല്ലേ അവന്മാരുമായി പ്രശ്നം ഉണ്ടാക്കിയത്..ചേട്ടന്‍ പറഞ്ഞിട്ടല്ലേ അവന്‍ ആ പണം വാങ്ങിച്ചു തന്നത്.അന്ന് എന്ത് സന്തോഷത്തോടെ അവനെ മകനെ എന്ന് വിളിച്ച ആളാ..എന്നിട്ടിപ്പോള്‍…പാവം..എന്റെ കുഞ്ഞ് എവിടെയാണ് എന്നെങ്കിലും ഒന്നറിഞ്ഞെങ്കില്‍..” രുക്മിണി നെടുവീര്‍പ്പിട്ടു.
“ഭ..അവള്‍ടെ ഒരു കുഞ്ഞ്..എടി നിന്റെ കണ്ണുകൊണ്ട് നീ കണ്ടതല്ലേ നിന്റെ മോള്‍ടെ മുറിയില്‍ അവന്‍ ചെയ്തതൊക്കെ..ഞാനായിട്ടാണ്..വേറെ വല്ലവനും ആയിരുന്നെങ്കില്‍ അന്നുതന്നെ അവനെ കൊന്നു കളഞ്ഞേനെ..കള്ളക്കഴുവര്‍ടമോന്‍…” അയാള്‍ കോപത്തോടെ പല്ലുകള്‍ ഞെരിച്ചു.
എല്ലാം കേട്ടുകൊണ്ട് ഭിത്തിയുടെ മറവില്‍ ദിവ്യ നില്‍പ്പുണ്ടായിരുന്നു. ശങ്കരന്‍ വാസുവിനെ അധിക്ഷേപിച്ചു സംസാരിക്കുന്ന ഓരോ വാക്കും അവളുടെ നെഞ്ചില്‍ ശൂലം പോലെയാണ് തറഞ്ഞു കയറിക്കൊണ്ടിരുന്നത്. അച്ഛന്റെ കണ്‍ വെട്ടത്ത് ചെല്ലാന്‍ അവള്‍ക്കിപ്പോള്‍ അനുമതിയില്ല. അവളെ കണ്ടാല്‍ അയാള്‍ കാറിത്തുപ്പും. ദിവ്യ വാസുവിന്റെ വാക്കിലും അവന്റെ ഓര്‍മ്മയിലും മാത്രമാണ് ജീവിച്ചുകൊണ്ടിരുന്നത്. അവനുവേണ്ടി എന്ത് സഹിക്കാനും അവള്‍ ഒരുക്കമായിരുന്നു. ഒരിക്കല്‍ അവന്‍റെ സ്വന്തമാകാമെന്ന പ്രത്യാശയാണ് അവളെ മുന്‍പോട്ടു നയിച്ചിരുന്നത്. എന്നും രാത്രി കിടക്കയില്‍ അവള്‍ കണ്ണീരോടെ അവനുവേണ്ടി പ്രാര്‍ഥിക്കും തന്റെ വാസുവേട്ടന് യാതൊരു ആപത്തും വരുത്തരുതേ ദൈവമേ എന്ന്. പക്ഷെ എന്നും അച്ഛന്റെ ക്രൂരമായ വാക്കുകള്‍ അവളുടെ മനസില്‍ കനത്ത ദുഃഖം നിറച്ചു കൊണ്ടിരുന്നു. തന്നെ എന്ത് പറഞ്ഞാലും വിഷമമില്ല, പക്ഷെ വാസുവേട്ടനെ പറയുമ്പോള്‍ തനിക്ക് സഹിക്കാന്‍ പറ്റുന്നില്ല; വിങ്ങിപ്പൊട്ടുകയാണ് മനസ്. എവിടെയാണാവോ വാസുവേട്ടന്‍! എങ്ങോട്ടാണ് പോയത് എന്നൊരു പിടിയുമില്ല. അമ്മയും തനിക്കെതിരെ തിരിഞ്ഞു എന്ന തോന്നലുകൊണ്ടാണ് കൊണ്ടാണ് ഏട്ടന്‍ ഫോണ്‍ പോലും ചെയ്യാത്തത്. എല്ലാം തന്റെ തെറ്റാണ്..താന്‍ കാരണമാണ് ഇതെല്ലാം സംഭവിച്ചത്..അവള്‍ കഠിനമായ വ്യഥയോടെ ഓര്‍ത്തു.
“ഇന്നാ..ഇത് പോലീസ് സ്റ്റേഷനിലെ നമ്പരാണ്..എസ് ഐ ഇത് എല്ലാവരുടെ കൈയിലും കൊടുക്കാന്‍ പറഞ്ഞു..ആ നാശം പിടിച്ചവന്‍ കാരണം ഇനിയും വല്ല പൊല്ലാപ്പും ആരേലും ഉണ്ടാക്കിയാല്‍ അങ്ങോട്ട് വിളിച്ചു പറയണം..നിന്റെയാ വൃത്തികെട്ട മോളോടും പറഞ്ഞേക്ക്..”
