മൃഗം – 9

“ഹും..എന്റെ വാസുവേട്ടനെ കുടുക്കാന്‍ ഇറങ്ങിയിരിക്കുകയാണ് ഇവള്‍..അമ്മെ..ഒന്നിങ്ങു വന്നെ..” ദിവ്യ ഡോണയുടെ സംസാരം അല്പം പോലും ഇഷ്ടപ്പെടാതെ പറഞ്ഞു. രുക്മിണി വേഗം അവിടെത്തി.

“അമ്മെ വാസുവേട്ടനോട് ക്ഷമിച്ചു എന്ന് ഇന്നലെ ആ പെണ്ണും അവളുടെ അച്ഛനും പറഞ്ഞതില്‍ എന്തോ പ്രശ്നം ഉണ്ടെന്നു പറഞ്ഞു ഈ ചാനലുകാര്‍ അത് കുത്തിപ്പൊക്കി വീണ്ടും കുഴപ്പം ഉണ്ടാക്കാന്‍ പോകുകയാണെന്ന് തോന്നുന്നു..അവര് വാസുവേട്ടനെ കണ്ടു പിടിച്ച് ഇന്റര്‍വ്യൂ എടുത്തത്രേ..ഇപ്പോള്‍ വരും”

“ഭഗവാനെ എന്റെ കുഞ്ഞിനെ ഒന്ന് കാണാന്‍ എങ്കിലും പറ്റുമല്ലോ…അച്ഛനെ വിളിക്കണോ മോളെ?’

“എന്തിനാ..പിന്നെ നമ്മളെപ്പോലും കാണാന്‍ സമ്മതിക്കില്ല”

ഇടവേള കഴിഞ്ഞപ്പോള്‍ ഡോണ വീണ്ടും സ്ക്രീനിലെത്തി. ദിവ്യക്ക് എന്തോ അവളോട്‌ മനസ്സില്‍ ഒരു വിരോധം ഉടലെടുത്തുകഴിഞ്ഞിരുന്നു.

“വെല്‍ക്കം ബാക്ക്..ഇപ്പോള്‍ നമ്മുടെ ഒപ്പമുള്ളത് മിസ്സ്‌ അഞ്ജനയെ മര്‍ദ്ദിച്ചു എന്ന് പറയപ്പെടുന്ന ആളാണ്‌..ഹായ് മിസ്റ്റര്‍ വാസു….

സ്ക്രീനില്‍ വാസുവിന്റെ മുഖം തെളിഞ്ഞപ്പോള്‍ രുക്മിണിയുടെ കണ്ണുകള്‍ വിടര്‍ന്നു. ദിവ്യയ്ക്ക് തന്റെ രോമങ്ങള്‍ എഴുന്നു നില്‍ക്കുന്നത് പോലെ തോന്നി. അവളുടെ മുഖം തുടുത്തു; ശരീരം വിറ കൊള്ളുന്നതുപോലെ ദിവ്യയ്ക്ക് തോന്നി. രുക്മിണിയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി വാസുവിനെ കണ്ടപ്പോള്‍.

“മിസ്റ്റര്‍ വാസു..താങ്കള്‍ ഒരു മാധ്യമ പ്രവര്‍ത്തകയെ നടുറോഡില്‍ വച്ചു അതിക്രൂരമായി മര്‍ദ്ദിച്ചതിന്റെ വിഷ്വല്‍സായിരുന്നു കഴിഞ്ഞ രണ്ടു ദിവസങ്ങളായി മിക്ക ന്യൂസ് ചാനലുകളും ചര്‍ച്ച ചെയ്തുകൊണ്ടിരുന്നത്..താങ്കളെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് സ്ത്രീ സംഘടനകളും മാധ്യമ പ്രവര്‍ത്തകരുടെ സംഘടനകളും മറ്റ് അനേക പ്രശസ്ത വ്യക്തികളും രംഗത്ത് വന്നിരുന്നത് താങ്കള്‍ക്ക് അറിയാമല്ലോ..എന്നാല്‍ അപ്പോഴൊക്കെ താങ്കളെ ശക്തമായി എതിര്‍ത്തിരുന്ന മിസ്സ്‌ അഞ്ജന ഇന്നലെ തെറ്റ് തന്റെ ഭാഗത്താണ് എന്ന് പരസ്യമായി പറഞ്ഞതുകൊണ്ടാണ്
ഞങ്ങള്‍ താങ്കളെ തേടിപ്പിടിച്ച് ഈ പരിപാടിയില്‍ പങ്കെടുപ്പിച്ചത്..യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് എന്നറിയാന്‍ ഇന്നലത്തെ നാടകീയമായ ഏറ്റുപറച്ചില്‍ കാരണം പലര്‍ക്കും ആകാംക്ഷയുണ്ട്..വിരോധമില്ലെങ്കില്‍ അതെപ്പറ്റി ഞങ്ങള്‍ താങ്കളില്‍ നിന്നും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു….” ഡോണ പറഞ്ഞു.

“ആ സ്ത്രീയുടെ പെരുമാറ്റം കാരണമാണ് എനിക്ക് അവര്‍ക്ക് നേരെ കൈ ഉയര്‍ത്തെണ്ടി വന്നത്…” വാസു പറഞ്ഞു.

“എന്തുകൊണ്ട് താങ്കള്‍ പ്രകോപിതനായി?”

“ഞാന്‍ ഒരു അത്യാവശ്യ കാര്യത്തിന് പോകാനായി രാവിലെ ഇറങ്ങിയതാണ്..എന്റെ നേരെ മുന്‍പിലായിരുന്നു ഈ പറഞ്ഞ സ്ത്രീയുടെ കാര്‍ സിഗ്നലില്‍ നിര്‍ത്തിയിരുന്നത്. എന്റെ വലതുവശത്ത് മറ്റൊരു കാറും ഉണ്ടായിരുന്നത് കൊണ്ട് അവര്‍ വണ്ടി നീക്കാതെ എനിക്ക് മുന്‍പോട്ടു പോകാന്‍ സാധിക്കുമായിരുന്നില്ല. സിഗ്നല്‍ പച്ച ആയപ്പോള്‍ അവരുടെ മുന്‍പിലുണ്ടായിരുന്ന കാര്‍..അത് നിങ്ങളുടെ കാറായിരുന്നു അല്ലെ?” വാസു ചോദിച്ചു.

“അതെ…അത് എന്റെ കാറായിരുന്നു…”

“നിങ്ങള്‍ സിഗ്നല്‍ കടന്നു പോയെങ്കിലും ആ സ്ത്രീ ഉച്ചത്തില്‍ ഗാനം കേട്ടുകൊണ്ട് തന്റെ മൊബൈലില്‍ എന്തോ ചെയ്യുകയായിരുന്നു..പല വാഹനങ്ങളും ഹോണടിച്ചിട്ടും അവര്‍ പോയില്ല..അപ്പോഴേക്കും സിഗ്നല്‍ വീണ്ടും ചുവപ്പായി..ഇനി ഒരിക്കല്‍ക്കൂടി അവര്‍ ഇതേപോലെ പോകാതിരുന്നാല്‍ എനിക്ക് പ്രശ്നമാകും എന്നുള്ളതുകൊണ്ട് ഞാന്‍ ചെന്ന് അവരോട് വിവരം പറഞ്ഞു..വളരെ മാന്യമയിട്ടാണ് ഞാന്‍ അവരോട് സംസാരിച്ചത്..അവര്‍ പക്ഷെ എന്നെ തെറി വിളിച്ചിട്ട് പോടാ എന്ന് പറഞ്ഞുകൊണ്ട് പാട്ടിന്റെ ശബ്ദം കുറേക്കൂടി കൂട്ടുകയാണ് ചെയ്തത്..എനിക്ക് അതോടെ നിയന്ത്രണം തെറ്റി..ഞാന്‍ അവരുടെ വണ്ടിയുടെ ഗ്ലാസ് അടിച്ചുടച്ചു..അതോടെ പുറത്തിറങ്ങിയ അവര്‍ എന്നെ അസഭ്യം പറഞ്ഞുകൊണ്ട് ആഞ്ഞു ചവിട്ടി..ഒഴിഞ്ഞു മാറിയ എനിക്ക് ആ സമയത്തെ ദേഷ്യം മൂലം അവരെ ചെറുതായി ഒന്ന് കൈകാര്യം ചെയ്യേണ്ടി വന്നു…ഒരു സ്ത്രീയ്ക്ക് യോജിച്ച പെരുമാറ്റമല്ല അവരില്‍ നിന്നും ഉണ്ടായത്….”

“താങ്ക്സ്..ആന്‍ഡ് ദാറ്റ് വാസ് മിസ്റ്റര്‍ വാസു…” ഡോണ സ്ക്രീനിലേക്ക് നോക്കി അങ്ങനെ പറഞ്ഞ ശേഷം വാസുവിനെ നോക്കി തുടര്‍ന്നു “വളരെ സത്യസന്ധമായി തുറന്ന് സംസാരിച്ചതിന് വളരെ നന്ദി മിസ്റ്റര്‍ വാസു..”

“നന്ദി” വാസു കൈകള്‍ കൂപ്പി.

ദിവ്യയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അവള്‍ പുഞ്ചിരിയോടെ കണ്ണുകള്‍ തുടച്ചു.

“മിസ്റ്റര്‍ വാസു പ്രകോപിതനായതിന്റെ കാരണം ഇപ്പോള്‍ സപ്ഷ്ടമാണ്…ഇത് ആദ്യമായി സംഭവിച്ച ഒന്നല്ല എന്നാണ് ഞങ്ങള്‍ നടത്തിയ അന്വേഷണം വ്യക്തമാക്കിയത്..ഇതിനു മുന്‍പും മിസ്സ്‌ അഞ്ജനയില്‍ നിന്നും സമാനമായ പ്രവൃത്തിയും പെരുമാറ്റവും ഉണ്ടായിട്ടുണ്ട് എന്നും പോലീസ് പോലും അവരുടെ കാര്യത്തില്‍ നിഷ്ക്രിയത്വം പാലിക്കുകയാണ് ചെയ്തിട്ടുള്ളത് എന്നും വെളിപ്പെടുത്തുന്ന ചില തെളിവുകളിലേക്ക്‌ ഞങ്ങള്‍ പോകുകയാണ്…”
“അമ്മെ ഞാന്‍ കരുതി ഈ പെണ്ണ് നമ്മുടെ വാസുവേട്ടനെതിരെ ആണെന്ന്..ഹാവൂ ഇപ്പോഴാണ് ആശ്വാസമായത്..” ദിവ്യ നെടുവീര്‍പ്പിട്ടുകൊണ്ട് സന്തോഷത്തോടെ പറഞ്ഞു.

“കള്ളക്കഴുവര്‍ട മോള്…അവള്‍ടെ ഒരു അന്വേഷണം..എന്റെ പെങ്ങളെ മനപൂര്‍വ്വം അവഹേളിക്കാനാണ് അവള്‍ ഈ ഫീച്ചര്‍ ഉണ്ടാക്കിയത്..നമുക്കെതിരെ ഉള്ള അവളുടെ ആദ്യ അമ്പാണ് ഇത്….”

പല്ല് ഞെരിച്ചുകൊണ്ട് അര്‍ജ്ജുന്‍ പറഞ്ഞു. അവന്റെ മുഖം കോപം കൊണ്ട് ചുവന്നു തുടുത്തിരുന്നു. സ്റ്റാന്‍ലിയും മാലിക്കും ആലോചനയോടെ അവന്റെ അരികിലെത്തി.

“അതെ..അവള്‍ നമുക്കെതിരെ പരസ്യമായി നീക്കം ആരഭിച്ചു കഴിഞ്ഞു..പക്ഷെ അര്‍ജ്ജുന്‍..നിനക്കെന്ത് തോന്നുന്നു? ഇവള്‍ക്ക് അവനെ എങ്ങനെ കിട്ടി ഇന്റര്‍വ്യൂ എടുക്കാന്‍? വേറെ ഒരൊറ്റ ചാനലുകാര്‍ക്കും ലഭിക്കാത്ത ഇവനെ ഇവള്‍ എങ്ങനെ തപ്പിയെടുത്തു?” സ്റ്റാന്‍ലി ചോദിച്ചു.

“അവള്‍ ഓവര്‍ സ്മാര്‍ട്ട് ആണ് സ്റ്റാന്‍ലി..ഒന്ന് മനസ്സില്‍ ഉന്നിയാല്‍ അവളത് നേടുക തന്നെ ചെയ്യും..അതുകൊണ്ടാണ് അവള്‍ക്കെതിരെ ഉള്ള നമ്മുടെ നീക്കം അങ്ങേയറ്റം ബുദ്ധിപരമായിരിക്കണം എന്ന് ഞാന്‍ പറഞ്ഞത്..മുംതാസിനെ ഡീല്‍ ചെയ്ത ലാഘവത്തോടെ നമുക്ക് ഡോണയെ ഡീല്‍ ചെയ്യാന്‍ പറ്റില്ല…ക്രിമിനല്‍ ബാക്ക്ഗ്രൌണ്ട് ഇല്ലെങ്കിലും നല്ല സ്വാധീനവും പണവും ഉള്ള ഒരു തന്തപ്പടി അവള്‍ക്കുണ്ട്….പക്ഷെ നീ പറഞ്ഞത് പോലെ ഇവനെ ഇവള്‍ക്ക് എങ്ങനെ കിട്ടി?” അര്‍ജ്ജുനും ആലോചനയോടെ ചോദിച്ചു.

“എന്റെ അനുമാനം ഇവള്‍ക്കും ഇവനും തമ്മില്‍ എന്തോ ബന്ധമുണ്ട് എന്നാണ്…അവന്‍ പറഞ്ഞ ഒരു കാര്യം നിങ്ങള്‍ ശ്രദ്ധിച്ചോ..അന്ന് സിഗ്നലില്‍ അഞ്ജനയുടെ കാറിനു മുന്‍പില്‍ ഉണ്ടായിരുന്നത് ഡോണയുടെ കാറാണ് എന്നവനറിയാമായിരുന്നു…അതിനര്‍ത്ഥം അവളെ അവന്‍ മുന്‍പേ തന്നെ അറിയുന്നുണ്ട് എന്നല്ലേ?” മാലിക്ക് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *