യക്ഷി – 2 1

 

അയ്യോഹ്..!!!

 

ഒരു തെറിയല്ലേ ഇപ്പൊ അവൾ വിളിച്ചിട്ട് ഓടിയത്!! അതും എന്റെ വായിൽ നിന്നും കേട്ട് പഠിച്ചിട്ട്.. ഒരു ബോധമില്ലാത്ത ജന്തു ആണവൾ. സത്യനങ്കിൾ എങ്ങാനും അറിഞ്ഞാൽ എന്റെ കട്ടേം പടോം മടങ്ങുമല്ലോ ഹെൻറെ കർത്താ… അല്ല കൃഷ്ണാ.. അല്ലെങ്കി ആരെങ്കിലും..!

 

*************************************************

 

മാനസ… ഒരു വായാടി പെണ്ണാണ് അവൾ. ആളൊരു പാവമാണ്. എന്റെ താടിയുടെ അത്രയേ ഉയരമുള്ളു. വെളുത്ത് മെലിഞ്ഞു കൊലുന്നനെയുള്ള ഒരു സുന്ദരിക്കുട്ടി. ഇപ്പോഴും വാലിട്ടു കരിമഷി എഴുതുന്ന, ജിമിക്കി കമ്മലിനിടയിൽ താമര വിരിഞ്ഞത് പോലെ മുഖമുള്ള കൊച്ചുസുന്ദരി. എടുത്ത് മടിയിൽ വെച്ച് കൊഞ്ചിക്കാൻ തോന്നുന്ന ഒരു അമ്പലവാസി നാടൻ കുട്ടി. നല്ല ഗായികയുമാണ്.

 

പരീക്ഷ വരുമ്പോൾ ആൽഫബെറ്റിക്ക് ഓഡറിൽ ജൂനിയർസിനേയും സീനിയേഴ്സിനെയും മിക്സ് ആക്കി ഇരുത്തുമ്പോൾ എന്റെ ബെഞ്ചിൽ അവളാണ് സാധാരണ വരാറ്. മാരക കോപ്പിയടിക്കാരിയാണ്. എനിക്ക് നല്ല ശല്യമാണ്. അതിവേഗം പരീക്ഷ എഴുതി തീരുന്ന ഞാൻ, അവൾക്ക് വേണ്ടി പരീക്ഷയുടെ മുഴുവൻ സമയം തീരുന്നവരെ അടുത്ത് ഇരുന്ന് അവളുടെയും എന്റെയും ചോദ്യപേപ്പറിൽ അവൾക്ക് വേണ്ടി ഉത്തരം എഴുതി കൊടുക്കും. ചിലപ്പോൾ മാത്‍സ് ഒക്കെ അവളുടെ പേപ്പറിൽ ചെയ്തും കൊടുക്കാറുണ്ട്. ലക്ഷ്മി ടീച്ചറുടെ സത്യസന്ധനായ ഉണ്ണി ആയതിനാൽ ഇൻവിജിലേഷന് നിൽക്കുന്ന ടീച്ചർമാർ എന്നെ ശ്രദ്ധിക്കാറേ ഇല്ല…

 

പപ്പയുടെ കള്ളുകുടി കൂട്ടുകാരനായ എ.എസ്ഐ സത്യനാഥൻ അങ്കിളിന്റെ മകൾ ആയതുകൊണ്ട് മാത്രം ആണ് ഞാൻ ഈ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്ക് തയ്യാറാവുന്നത്…

ഞങ്ങടെ വീട്ടിൽ ക്രിസ്തുമസും ഈസ്റ്ററും, ഓണവും വിഷുവും എല്ലാം ഉള്ളതിനാൽ കള്ളുകുടിക്കാൻ ആഘോഷങ്ങൾ ഒരുപാടാണ്. സത്യനങ്കിളിനും പപ്പക്കും കൈക്കൂലി ഇനത്തിൽ നല്ല കുപ്പികൾ എപ്പോഴും തടയുന്നത് കൊണ്ട് വീട്ടിൽ ഇടക്ക് ഇരുവരും ഫാമിലി ആയി കൂടാറുണ്ട്. അപ്പൊ മാനസിയും അവളുടെ അമ്മയും ചേച്ചിയും എല്ലാം വരും. ഈ ഒരു ബന്ധം കാരണം അവൾക്ക് കോപ്പി അടിക്കാൻ നിന്ന് കൊടുക്കുന്നതാണ് മാത്രവുമല്ല എങ്ങാനും അവൾ തോറ്റു കഴിഞ്ഞാൽ സത്യനങ്കിൾ പോലീസ് ബെൽറ്റ് ഊരി അറഞ്ചം പുറഞ്ചം അടിക്കും എന്നാണു മാനസയുടെ അമ്മ; എന്റെ അമ്മയോട് പറഞ്ഞ് കേട്ടിട്ടുള്ളത്. പഠനത്തിന് മാർക്ക് കുറഞ്ഞതിന് എനിക്ക് അടി കിട്ടാറില്ലെങ്കിലും മറ്റു പല കാരണങ്ങൾക്കും ഇപ്പോഴും നല്ല പെട കിട്ടാറുണ്ട്. അതുകൊണ്ട്, ഒരേ അവസ്ഥ അനുഭവിച്ച അല്ലെങ്കിൽ അനുഭവിക്കുന്ന സ്ട്രികറ്റ് പാരൻസിന്റെ മക്കൾ എന്നതിനാൽ  ഒരു സോഫ്റ്റ് കോർണറും ഉണ്ട് എനിക്ക് അവളോട്…

 

പരീക്ഷ കഴിഞ്ഞ് അവൾക്ക് അത്യാവശ്യം നന്നായി കോപ്പി അടിക്കാൻ പറ്റിയാൽ വലിയ സന്തോഷമാണ്. ഒരുപാട് വട്ടം ചിലവ് തരാൻ വിളിച്ചെങ്കിലും ഞാൻ ഒഴിഞ്ഞു മാറും. അതിനു കാരണം അമ്മയെ പേടിച്ചിട്ടല്ല. പപ്പയെ പേടിച്ചിട്ടാണ്.

 

കഴിഞ്ഞ ഓണം വെള്ളമടി പാർട്ടിക്ക് സത്യനങ്കിളും ഫാമിലിയും വീട്ടിലേക്ക് വന്നപ്പോൾ മാനസി ആദ്യമായി സാരി, അതും സെറ്റ് സാരി ഉടുത്തൊരു വരവ് വന്നു! കറുത്ത കരയുള്ള സെറ്റ് സാരി. അതിന്റെ മുന്താണിയിൽ ശ്രീകൃഷ്ണന്റെ ഒരു പെയിന്റിംഗ്. അതുപോലെ പ്രിന്റ് ഉള്ള ഒരു വള്ളിക്കെട്ട് ബ്ലൗസും. അവളുടെ ഇടതൂർന്ന നീളൻ ചുരുൾ മുടി വിരിച്ചിട്ട്, ഒരു കൊട്ട മുല്ലപ്പൂ ചൂടി. നെറ്റിയിൽ കളഭക്കുറിയും പിന്നെ കരി പോലത്തെ ഏതാണ്ട് കുറിയും അതും പോരാഞ്ഞ് ഒരു ചൊമല കുറിയും ചാർത്തി, വാലിട്ട് കണ്ണെഴുതി, സ്വർണ ജിമിക്കി കമ്മലും മാലയും, കൈയിൽ നിറച്ച് കരിവളയും എല്ലാം ഇട്ട്… ഐശ്വര്യം തുളുമ്പുന്ന മുഖവുമായി അവൾ വന്നു ഞങ്ങളുടെ വീടിന്റെ പടി കയറിയപ്പോൾ അമ്പലത്തിൽ നിന്നും ദേവിയുടെ ഇറങ്ങി വരവുപോലെ ഉണ്ടായിരുന്നു…

അത്രയും കാലം കുട്ടി ആയിരുന്നവൾ  അന്നാണ് ഒരു പെണ്ണായത് എന്ന തോന്നൽ എല്ലാവർക്കും ഉണ്ടായി…

Leave a Reply

Your email address will not be published. Required fields are marked *