അമ്മ സന്തോഷത്തോടെ മഞ്ജുവിന്റെ കൈപിടിച്ചു.
“എന്താ പേര് ടീച്ചറുടെ ?” ‘അമ്മ അന്വേഷിച്ചു.
“മഞ്ജു “
അവൾ പതിയെ പറഞ്ഞു.
“മ്മ്…എന്ന മഞ്ജു ടീച്ചർ വരാ..അകത്തേക്കിരിക്കാം “
അമ്മ ക്ഷണിച്ചു കൊണ്ട് മുന്നോട്ടു നടന്നു.
അനിയത്തി മഞ്ജുവിനെ നോക്കി ചിരിച്ചു കാണിച്ചു.
“ചേച്ചിടെ വീട് ഇവിടെവിടാ ? മുൻപ് കണ്ടിട്ടില്ലല്ലോ ?”
അവൾ ഗൗരവത്തിൽ മഞ്ജുവിന്റെ അടുത്ത് പോലീസ് ചോദ്യം ചെയ്യൽ ഓർമിപ്പിക്കും വിധം തിരക്കി.
“ഇവിടെ എന്റെ ഒരു ഫ്രണ്ടിന്റെ കൂടെയാ താമസം.ചിറക്കൽ അമ്പലത്തിന്റെ അവിടെ “
മഞ്ജു കൈവിരലുകൾ തമ്മിൽ പിണച്ചു എന്നെ നോക്കി കൊണ്ട് പറഞ്ഞു.
“ആഹ്…”
അനിയത്തി മൂളികൊണ്ട് അവളെ ക്ഷണിച്ചു.
അങ്ങനെ അൽപ നേരം മഞ്ജു വീട്ടിൽ ഇരുന്നു , അമ്മ ഉണ്ടാക്കിയ ചായയും കുടിച്ചു മഞ്ജു സ്വല്പം പരുങ്ങലോടെ ഹാളിൽ ഇരുന്നു . ചായ അല്പം അല്പം ആയി ഊതി കുടിക്കുന്ന മഞ്ജുവിനെ ഞാൻ മറ്റൊരു ഗ്ലാസിൽ ചായ കുടിച്ചു കൊണ്ട് കൗതുകത്തോടെ നോക്കി, ഞാൻ സ്വല്പം മാറിയാണ് നിൽക്കുന്നത് ..ഫാനിന്റെ കാറ്റിൽ അവളുടെ മുടികൾ ചെറുതായി പാറി കളിക്കുന്നുണ്ട്. അത് ഇടം കൈകൊണ്ട് ഇടയ്ക്കിടെ കോതി ശരിയാക്കുന്നുണ്ട് മഞ്ജു .
“ഒന്നും കഴിച്ചില്ലല്ലോ ടീച്ചറെ “
അമ്മ പലഹാരങ്ങളൊക്കെ ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു.
“ഒന്നും വേണ്ട..ഇത് തന്നെ ധാരാളം “
മഞ്ജു ചിരിയോടെ പറഞ്ഞു.
“ഇവനെങ്ങനാ കോളേജിൽ , കുഴപ്പം ഒന്നുമില്ലല്ലോ അല്ലെ ?”
എന്നെ ഒന്ന് ചൂഴ്ന്നു നോക്കികൊണ്ട് അമ്മ മഞ്ജുവിന്റെ അടുക്കൽ തിരക്കി.
“ആഹ്…കുഴപ്പമില്ല….കൊറച്ചു വേണ്ടാത്ത ശീലം ഒക്കെ ഉണ്ട് “
മഞ്ജു എന്നെ നോക്കി . എനിക്ക് അത് കേട്ട് ആകെ ചൊരിഞ്ഞു വന്നു. അമ്മ എന്നെ ഒന്ന് നോക്കി . എന്താണ് ഇനി അവരറിയാതെ വല്ല കച്ചറകളും ഞാൻ കോളേജിൽ ചെയ്യുന്നുണ്ടോ എന്ന ഭാവം ആ നോട്ടത്തിൽ ഉണ്ടായിരുന്നു.
ഞാൻ ഒന്നുമില്ലെന്ന് അമ്മയെ നോക്കി തലയാട്ടി. പിന്നെ മഞ്ജുവിനെ നോക്കി . വല്ലാത്ത ചെയ്ത്ത് ആയി മോളെ !
“മ്മ്..ഒന്നും പറഞ്ഞ കേൾക്കില്ല ..ആകെ പേടി അവന്റെ അച്ഛനെയാ..അങ്ങേരാണെങ്കി പുറത്തും “
അമ്മ എന്നെ നോക്കികൊണ്ട് മഞ്ജുവിന്റെ അടുത്ത് പറഞ്ഞു. അനിയത്തിയും അമ്മയുടെ അടുത്ത് നിൽപ്പുണ്ട്.
അങ്ങനെ സ്വല്പ നേരം സംസാരിച്ചിരുന്ന ശേഷം മഞ്ജു ഇറങ്ങി.അമ്മയോടും അനിയത്തിയോടുമൊക്കെ യാത്ര പറഞ്ഞു . പോകാൻ നേരം എന്നെയും നോക്കി ചിരിച്ചു. പിന്നെ ഉമ്മറത്ത് അഴിച്ചിട്ട ചെരിപ്പും എടുത്തിട്ട് തിരിഞ്ഞ് നടന്ന്. സ്വല്പം വേഗത്തിൽ മുടിയിഴകൾ ആട്ടികൊണ്ട് നടന്നു നീങ്ങുന്ന മഞ്ജുവിനെ ഞാൻ തൂണും ചാരി നോക്കി .
“നല്ലൊരു പെണ്ണ് അല്ലെടി ?”
അമ്മ മഞ്ജു അല്പം അകന്നു പോയപ്പോൾ അനിയത്തിയോടായി പറഞ്ഞു.
“മ്മ്..പിന്നെ ..അത്രക്കൊന്നും ഇല്ല “
അമ്മയുടെ അഭിപ്രായം ഇഷ്ടമാകാത്ത പോലെ അനിയത്തി പറഞ്ഞു.
അപ്പോഴേക്കും മഞ്ജു കാറിൽ കയറി കഴിഞ്ഞിരുന്നു. ഞങ്ങളെ നോക്കി ചിരിച്ചു കാണിച്ചു കൊണ്ട് അവൾ വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ടു നീങ്ങി…
“പോടി അവിടന്ന് ..നല്ല സുന്ദരി കുട്ടി…ടീച്ചർ ആണെന്ന് കണ്ടാൽ പറയില്ല “
അമ്മ അനിയത്തിയുടെ നിർദേശം തള്ളിക്കളഞ്ഞുകൊണ്ട് മഞ്ജുവിനെ പുകഴ്ത്തി.
“ഓ പിന്നെ സിനിമ നടി അല്ലെ “
അവളതു പിടിക്കാത്ത മട്ടിൽ പറഞ്ഞുകൊണ്ട് എന്നെ ഒന്ന് തറപ്പിച്ചു നോക്കികൊണ്ട് അകത്തേക്ക് നടന്നു.
“ഇതിന്റെ വീട് എവിടെയാടാ ?”
‘അമ്മ മഞ്ജുവിനെ കുറിച്ച് എന്റെ അടുത്ത് അന്വേഷണം നടത്തി.
“പാലക്കാട്ടു എങ്ങാണ്ടു ആണെന്ന പറഞ്ഞെ…എന്തേയ്..?”
ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ അമ്മയുടെ അടുത്ത് ചോദിച്ചു.
“ഏയ് ഒന്നുമില്ല..നല്ല അടക്കോം ഒതുക്കോം ഉള്ള സ്വഭാവം ആണെന്ന് തോന്നുന്നു കണ്ടിട്ട് “
അമ്മ ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി.
ഞാൻ സ്വല്പ നേരം അവിടെ തന്നെ നിന്നു. അമ്മക്ക് മഞ്ജുവിനെ നന്നേ ബോധിച്ചു . ഇത് എന്റെ ഗേൾ ഫ്രണ്ടോ കാമുകിയോ ആയിരുന്നേൽ ഈ അഭിപ്രായം വെച്ചു ഒരു കല്യാണം നടത്താമായിരുന്നു എന്ന് ഞാൻ ആലോചിക്കാതിരുന്നില്ല.! ശേ ..മിസ്സ്ഡ് ഓപ്പർച്യുണിറ്റി ആയി !
