“ഹാ..ആ സാധനം ഞാൻ എറിഞ്ഞു പൊട്ടിക്കുന്ന വരെ ഉണ്ടാകും “
മൊബൈലും തോണ്ടി നിൽക്കുന്ന വീണയോടു അതു കണ്ട കൃഷ്ണൻ മാമ ദേഷ്യത്തോടെ പറഞ്ഞു.
അവൾ പെട്ടെന്ന് ഫോൺ ഒരു ജാള്യതയോടെ പുറകിലേക്ക് പിടിച്ചു എന്നെ ഒരു നാണക്കേടോടെ ഞങ്ങളെ ഒക്കെ മാഈ മാറി നോക്കി.
“അല്ല പിന്നെ.ഏതു നേരത്തും ഇത് തന്നെ ..ആ വിവേകിനെ പറഞ്ഞ മതി “
മോഹനവല്ലി അമ്മായിയും അവളെ നോക്കി കണ്ണുരുട്ടി..
ദുബായിലുള്ള കൃഷ്ണൻ മമ്മയുടെ മൂത്ത മകൻ വിവേക് ആണ് വീണക്ക് ഫോൺ കൊടുത്തയച്ചത് . കോളേജിലെ വേറെ പിള്ളേർക്കൊക്കെ ഉണ്ടെന്നും , അത്യാവശ്യം ആണെന്നൊക്കെ പറഞ്ഞു കോൺസി കുഴഞ്ഞു കാര്യം സാധിച്ചെടുത്തു കള്ളി . വിവേകേട്ടനു ആണെങ്കിൽ അവളെ വല്യ കാര്യവും ആണ് .
“ഹ..പോട്ടെടി പിള്ളേരല്ലേ “
മുത്തശ്ശി സമാധാനിപ്പിച്ചു.
“ഹാ അമ്മക്ക് അറിയാഞ്ഞിട്ട..ഇപ്പൊ ഈ സാധനം കൊണ്ടാ നാട്ടില് പ്രേശ്നങ്ങൾ മൊത്തം, എടി നോക്കീം കണ്ടുമൊക്കെ ആ കുന്തം ഉപയോഗിച്ചോണം കേട്ടല്ലോ “
കൃഷ്ണൻ മാമ ഒരു അച്ഛന്റെ വേവലാതിയോടെ പറഞ്ഞു .
അവൾ പാവം പോലെ തലയാട്ടി. പിന്നെ എന്നെ നോക്കി . ഞാൻ ഒരു നേർത്ത ചിരിയോടെ അവളെ നോക്കി. ആ സഭയിൽ ഒന്ന് ചമ്മിപോയ നാണക്കേട് അവളുടെ മുഖത്ത് പരിഭ്രമം ഉണ്ടാക്കിയിട്ടുണ്ട്.
അവൾ പെട്ടെന്ന് തിരിഞ്ഞു ഹാളിലേക്ക് നടന്നു .
“മ്മ്…നീയും ഈ കുന്തം വെച്ചുള്ള തോണ്ടൽ ആണ് എപ്പോഴും എന്ന് നിന്റെ അമ്മയും പാഞ്ഞിരുന്നു , ആണോടാ കണ്ണാ ?”
കൃഷ്ണൻ മാമ സ്വല്പം ഗൗരവത്തിൽ എന്നോട് തിരക്കി..
“ഏയ് അങ്ങനെ ഒന്നുമില്ല വല്യമ്മാമാ ..വല്ലപ്പോഴും “
ഞാൻ പതിയെ തട്ടിവിട്ടു.
“മ്മ് “
പുള്ളി ഗൗരവത്തിൽ മൂളി .
അപ്പോഴേക്കും ചായ കുടിക്കാനായി അമ്മായിയും അമ്മുമ്മയും എന്നെ അകത്തേക്ക് ക്ഷണിച്ചു . കൃഷ്ണൻ മാമ ഇപ്പൊ കുടിച്ചതെ ഉള്ളെന്നും എന്നോട് ചെന്ന് ചായ കുടിക്കാനും പറഞ്ഞു വീണ്ടും കസേരയിലേക്ക് ചാഞ്ഞു കിടന്നു ..പിന്നെ പത്രം നിവർത്തി പിടിച്ചു വീണ്ടും വായന തുടങ്ങി..അരിച്ചു പെറുക്കി പത്രം വായിക്കുന്ന ശീലം ആണ് പുള്ളിയുടേത്.
ഞാൻ അകത്തേക്ക് ചെന്ന്. അമ്മുമ്മ എന്റെ ഒപ്പം ചേർന്ന് നടന്നു . വീണ ഞങ്ങൾ ചെല്ലുമ്പോൾ ഹാളിൽ ഇരിപ്പുണ്ട്. ഞങ്ങളെ കണ്ടു ഒന്ന് ചിരിച്ചു…ഞാൻ അത് ശ്രദ്ധിക്കാതെ ഡൈനിങ്ങ് ടേബിളിനു അടുത്തേക്ക് നീങ്ങി . അവളുടെ ആ ഫ്യൂസ് പോയ റിയാക്ഷൻ നോക്കി ഞാൻ കസേര വലിച്ചിട്ടു ഇരുന്നു.
“അമ്മുമ്മ ഇരിക്ക് “
ഞാൻ മറ്റൊരു കസേര നീക്കിയിട്ടുകൊണ്ട് പറഞ്ഞു.
അവർ നിറഞ്ഞ മനസോടെ അതിലേക്കു ഇരുന്നു .
“ഇന്ന് പോണില്ലല്ലോ അല്ലെ ..ഇവിടെ ഒരീസം നിന്നിട്ടു പോവാടാ”
അമ്മുമ്മ എന്റെ അടുക്കൽ പറഞ്ഞു.
“അതിനെന്താ ..ആവാലോ .പക്ഷെ ഒരു സ്ഥലത്തു നിന്ന ബിന്ദു അമ്മയ്ക്കും കുഞ്ഞാന്റിക്കും ഒക്കെ പരിഭവം ആകും അതാ പ്രെശ്നം “
ഞാൻ ചിരിയോടെ പറഞ്ഞു.
“മ്മ്…അതും നേരാ..തറവാട്ടിൽ ആണെന്കി വിനീതയും കുട്ട്യോളും മാത്രേ ഉള്ളു…ഞാനുള്ളപ്പോ അവൾക്കൊരു ധൈര്യം ആണ് “
അമ്മുമ്മ പതിയെ പറഞ്ഞു.
വീണ ഞങ്ങളുടെ സംസാരം ശ്രദ്ധിച്ചെന്നോണം അവിടെ ഇരിപ്പുണ്ട് . അന്ന് കണ്ട പോസ് , ഗൗരവം ഒന്നും ഇപ്പൊ ഇല്ല ..ഒന്ന് അടങ്ങിയിട്ടുണ്ടല്ലോ മൊത്തത്തിൽ ! ഞാൻ അവളെ അടിമുടി നോക്കികൊണ്ട് മനസ്സിലോർത്തു .
അപ്പോഴേക്കും മോഹനവല്ലി അമ്മായി ചായയും ഒരു പ്ളേറ്റിൽ പലഹാരങ്ങളും ആയി എത്തി .
“ഏയ് ഇതൊന്നും വേണ്ട..ചായ മാത്രം മതി “
ബേക്കറി പലഹാരങ്ങൾ നിരസിച്ചു കൊണ്ട് ഞാൻ പറഞ്ഞു .
“ഏഹ്..നീ ഇതൊക്കെ വയറു നിറച്ചു കഴിക്കുന്ന ആളായിരുന്നല്ലോ..ഇപ്പൊ എന്ത് പറ്റി?”
ഞാൻ പറഞ്ഞത് കേട്ട് അത്ഭുതം എന്നോണം മോഹനവല്ലി അമ്മായി ചോദിച്ചു.
“ഏയ് ഒന്നുല്ല അമ്മായി ..വേണ്ടാഞ്ഞിട്ട ..”
ഞാൻ പതിയെ പറഞ്ഞു .
“മ്മ്…നിനക്ക് വേണോടി ?”
മോഹനവല്ലി അമ്മായി വീണയോടായി തിരക്കി .
അവളും വേണ്ടെന്നു ഭാവിച്ചു.
“ഓ..ഇപ്പൊ ഒറ്റ ഒന്നിനും വേണ്ട..”
മോഹനവല്ലി സ്വല്പം ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് പ്ളേറ്റുമായി തിരികെ നടന്നു. ഞാൻ ചായ പതിയെ ഊതി കുടിച്ചു .അങ്ങനെ ഇരിക്കെ കൃഷ്‌ണൻ മാമ ഉമ്മറത്ത് നിന്നും അകത്തേക്ക് കടന്നു വന്നു ..
