: ആഹാ നല്ല മണമുണ്ടല്ലോ, നീയെന്താ ഉണ്ടാക്കിയത്
: വാ ഇരിക്ക്.. ഇന്നത്തെ തുടക്കം എന്റെ കൈകൊണ്ട്
രണ്ടുപേരും മുഖാമുഖം ഇരുന്നു. മുഖം കഴുകിയശേഷം ശരിക്കും തുടയ്ക്കാത്തതിനാൽ ഇന്ദുവിന്റെ മുടിയിഴകൾ കവിളിൽ ഒട്ടിയിരിക്കുന്നത് കാണാൻ നല്ലഭംഗിയുണ്ട്. തണുത്തു വിറച്ചുകൊണ്ട് ഇന്ദു ഇരുകൈകളും കവിളോട് ചേർത്തുവച്ച് ടേബിളിൽ കൈമുട്ട്കുത്തിയിരിക്കുമ്പോൾ അവളുടെ ചുവന്നുതുടുത്ത ചുണ്ടുകൾ ആദിയുടെ നെഞ്ചിടിപ്പ് കൂട്ടി.
: ഒന്ന് വേഗം തുറക്കെടാ ആദി.. എനിക്കാണെങ്കിൽ തണുത്തിട്ട് വയ്യ
: ഈ അമ്മായി എങ്ങനാ ഇത്രയുംനാൾ അവിടെ പിടിച്ചുനിന്നത്..
: അവർ ഹീറ്റർ ഇടുമായിരുന്നല്ലോ
: ആഹ് അവർ രണ്ടും അമ്മായിയേക്കാൾ കഷ്ടമാണ്… ഇന്ദൂട്ടിയുടെ തണുപ്പൊക്കെ ഇപ്പൊ മാറ്റിത്തരാം നല്ല ചൂടുള്ള സാധനം ഉണ്ടാക്കിവച്ചിട്ടുണ്ട്
ആദി കാസറോൾ ഓരോന്നായി തുറന്നതും ആവിപറക്കുന്ന പുട്ടിന്റെയും കടലക്കറിയുടെയും മണം ഇന്ദുവിന്റെ മൂക്കിലേക്ക് അടിച്ചു കയറി. അവൻ രണ്ടുപേരുടെ പ്ലേറ്റിലും വിളമ്പിയ ശേഷം ഇന്ദുവിനെ നോക്കി. അവൾ അതിശയത്തോടെ ആദിയെത്തന്നെ നോക്കിയിരിപ്പാണ്..
: മതി ഇങ്ങനെ നോക്കിയിരുന്നത്… ചൂടാറുംമുമ്പ് കഴിക്ക് ഇന്ദുപെണ്ണേ
: എന്നാലും എന്റെ ആദീ… നീ ആള് കൊള്ളാലോ. ഞാൻ ഒരുമാസമായി നമ്മുടെ നാടൻ ഭക്ഷണം കണ്ടിട്ട്.. മിക്കവാറും മുട്ടയും ബ്രെഡും തന്നെ. അല്ലെങ്കിൽ ഓട്സ്..
: അതൊക്കെയാണ് ഇവിടുള്ളവർ കഴിക്കുന്നത്.. നമ്മുടെ നടൻ സാധനങ്ങൾക്ക് ഭയങ്കര വിലയുമാണ്. ഇനി അമ്മായി പേടിക്കണ്ട, നമുക്കിവിടെ അടിച്ചുപൊളിച്ചു ജീവിക്കാമെന്നേ
: ഇത്രയും ജോലി ചെയ്യുമ്പോ നിനക്ക് എന്നെ വിളിച്ചൂടായിരുന്നോ. സൂപ്പറായിട്ടുണ്ട്
: ഇത് എന്റെവക ഇന്ദൂട്ടിക്കുള്ള ഗിഫ്റ്റ്… ഇന്ന് ഒരു ദിവസത്തേക്ക് മാത്രമാണ് കേട്ടോ..
: നിനക്ക് വേണ്ടത് എന്താണെന്ന് പറഞ്ഞാൽമതി..ഞാനില്ലേ ഇനി ഇവിടെ
: എന്ന വേഗം കഴിക്ക്.. നമുക്ക് ഒരു സ്ഥലംവരെ പോകാനുണ്ട്.
: ഈ തണുപ്പിന് പുറത്ത് പോണോ..
: ഇങ്ങനൊരു മടിച്ചി… എന്നും ടാക്സിയിൽ പോയാൽമതിയോ, നമുക്കൊരു കാർ വേണ്ടേ
: അതിനൊക്കെ ഒരുപാട് കാശാവില്ലേ
: ആവും.. തൽക്കാലത്തേക്ക് കമ്പനി വണ്ടി തരാമെന്ന് പറഞ്ഞിട്ടുണ്ട്. നമുക്ക് പോയി എടുത്തിട്ട് വരാം, എന്തേ വേണ്ടേ
: എന്ന പോകാം..
കഴിച്ചുകഴിഞ്ഞ് ഇരുവരും ഓഫീസിലെത്തി കാറുമെടുത്ത് ആദിയുടെ ചില കൂട്ടുകാരുടെ വീട്ടിലേക്കാണ് പോയത്. ആദി നാട്ടിൽ പോയി നിൽക്കാൻ തുടങ്ങിയിട്ട് കുറച്ചധികം കാലമായല്ലോ. അതുകൊണ്ടുതന്നെ എല്ലാവരെയും കാണാമെന്ന് വിചാരിച്ചു. അവരെയൊക്കെ കണ്ടുമടങ്ങുംവഴി ഇന്ദു അത്ഭുതത്തോടെ ഓരോന്നും നോക്കികാണുവാണ്. വാതോരാതെ ഓരോന്നിനെക്കുറിച്ചും ചോദിക്കുന്നുണ്ട് ഇന്ദു. അവസാനം ഒരു ചോദ്യത്തിൽ ആദി ഒന്ന് കുഴങ്ങി
: ആദീ… നമ്മൾ ഇപ്പൊ കണ്ട ആ കൊച്ചില്ലേ, വൃന്ദ. അവൾ നാട്ടിൽ എവിടാ
: കണ്ണൂർ തന്നാ, ശരിക്കും എവിടാണെന്ന് എനിക്കറിയില്ല.
: ഉം…എനിക്ക് ഇഷ്ടായി. ഒരു ലുക്കൊക്കെ ഉണ്ട് കാണാൻ. പോരാത്തതിന് നല്ല ജോലിയുമുണ്ട്. നല്ല കുട്ടി
: അമ്മായിക്ക് ആൺമക്കളൊന്നും ഇല്ലല്ലോ, അല്ലെങ്കിൽ നോക്കാമായിരുന്നു അല്ലെ
: പൊട്ടൻ… എടാ അവൾക്ക് നിന്നോട് എന്തോ ഉള്ളതുപോലെ ഒരു തോന്നൽ. നിന്നെ കണ്ടപ്പോ പെണ്ണിന്റെ മുഖമൊന്ന് കാണണം. ഒളിഞ്ഞും തെളിഞ്ഞും നിന്നെത്തന്നെ നോക്കുന്നുണ്ട്. സത്യം പറ മോനേ, ഇതല്ലേ നീ മുന്നേ പറഞ്ഞ നിന്റെ മനസിലെ പെണ്ണ്
: തേങ്ങ… ഒന്ന് പോയെ
: നീ പറയണ്ട, ഞാൻ കണ്ടുപിടിച്ചോളാം
: ആയിക്കോട്ടെ.. എന്റെ മനസിലെ ദേവിയെ കണ്ടാൽ മതിയല്ലോ, നോക്കിയിരുന്നുപോവും, ധാ ഇതുപോലെ
: അത്രയ്ക്ക് പറക്കുന്ന അവളെയൊന്ന് കാണണമല്ലോ..
: സമയം വരട്ടെ ഞാൻ കാണിച്ചുതരാം
…………………………..
ആദിയും ഇന്ദുവും പുതിയൊരു ജീവിതം ആസ്വദിച്ചങ്ങനെ കഴിയുമ്പോൾ നാട്ടിൽ കൃഷ്ണൻ ആയിഷയുടെ കാര്യങ്ങളിൽ മുഴുകി. ആയിഷ കൂടെക്കൂടെ കൃഷ്ണന്റെ വീട്ടിലേക്ക് വന്നുതുടങ്ങി. അവിടേക്ക് വരുന്നത് കാണാൻ അയൽവക്കമൊന്നും ഇല്ലെങ്കിലും എല്ലാം കാണുന്ന രണ്ടു കണ്ണുകൾ അവിടെയൊളിഞ്ഞിരിക്കുന്നത് കൃഷ്‌ണൻ അറിഞ്ഞില്ല. ആയിഷയുമായി കൃഷ്ണൻ അപ്രതീക്ഷിതമായൊരു നീക്കം നടത്തി. മറ്റാരും അറിയാതെ കൃഷ്‍ണന്റെ സ്വത്തിന്റെ ഭൂരിഭാഗവും രേണുവിന്റെ പേരിലേക്ക് അയാൾ മാറ്റിയെഴുതി. അതിന്റെ രേഖകൾ രേണുവിനെ ഏല്പിച്ച കൃഷ്ണൻ തന്റെ ബാക്കിയുള്ള സ്വത്തുവകകൾ എന്തുചെയ്‌തെന്ന് അവളോട് പറഞ്ഞില്ല. തൽക്കാലം ഈ വിവരം ഇന്ദുവിനെ അറിയിക്കേണ്ടെന്ന് കൃഷ്ണൻ പറഞ്ഞത് രേണു അനുസരിച്ചു. പക്ഷെ അവളുടെ ഹൃദയം കീഴടക്കിയ ആദിയോട് ഈ കാര്യം പറയാതിരിക്കാൻ അവൾക്കായില്ല.
