വിക്രമസൂര്യനും ശീതവല്ലിയും 2

*****

നന്ദവനം. വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രം. ആരും ചെന്നു കയറാൻ ഭയപ്പെടുന്ന നിഗൂഢതകൾ നിറഞ്ഞതെന്ന് വിശ്വസിക്കപ്പെടുന്ന ഇടം. എന്നാൽ ശേഷരാജനെ ഭയപ്പെടുത്താൻ ഒന്നിനും സാധിക്കുമായിരുന്നില്ല. ധീരനായ രാജാവിന് പിന്നിൽ അണിനിരക്കുന്ന ജനതയ്ക്ക് പിന്നെ ഭയം കാണുമോ? പ്രതിബന്ധങ്ങളോരോന്നിനെയും നിസ്സാരമായി മറികടന്ന് ശേഷരാജനും കൂട്ടരും വിജയപുരി എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന ആ പ്രദേശത്ത് എത്തിച്ചേർന്നു.

താൻ എത്തിച്ചേർന്ന പ്രദേശത്തിന്റെ രൂപഭംഗി കണ്ട് ശേഷരാജൻ അത്ഭുതം കൂറി. കൊടുംകാടിനകത്ത് ഇങ്ങനെയൊരു പ്രദേശം സ്ഥിതി ചെയ്യുന്നുണ്ടെന്ന് സങ്കൽപ്പിക്കുക തന്നെ അസാധ്യം. തന്റെ രാജ്യമായ കുന്തളദേശത്തേക്കാൾ വിസ്തൃതമായ പ്രദേശമല്ലേ ഇതെന്ന് രാജൻ അത്ഭുതപ്പെട്ടു. പത്നി പറഞ്ഞതുപോലെ വറ്റാത്തൊരു തെളിനീരുറവ അല്ല, സമൃദ്ധമായ ഒരു നദി തന്നെ ഈ ദേശത്തൂടെ ഒഴുകുന്നുണ്ട്. മനോഹരവും അപൂർവ്വവുമായ ഒരുപാട് സസ്യലതാദികൾ അവിടെയുണ്ടായിരുന്നു. അവയുടെ വളർച്ച കാണുമ്പോൾ തന്നെ ആ മണ്ണിന്റെ ഫലഭൂയിഷ്ഠത മനസ്സിലാക്കാം. തനിക്കും ദേശക്കാർക്കും മുന്നിൽ പരന്നു കിടക്കുന്ന ആ ഭൂഭാഗത്തെ നോക്കിക്കാണുമ്പോഴൊന്നും അത് വിജയപുരി എന്ന രാജ്യമായിരുന്നുവെന്ന് ശേഷരാജൻ അറിയുന്നുണ്ടായിരുന്നില്ല.

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *