ഹരിചരിതം – 4 4

അടുത്തേക്ക് വരുന്ന പിള്ളേരെ ഞാൻ ഒന്ന് നോക്കി.. എല്ലാം ഒരു ഇരുപത്- ഇരുപത്തഞ്ച് വയസ്സ് തോന്നിക്കുന്ന കുട്ടികൾ… ചില മെലിഞ്ഞ പാവം ലുക്ക് ഉള്ള പിള്ളേരും അതിനെ കോമ്പൻസേറ്റ്‌ ചെയ്യാൻ എന്റെ ഇരട്ടി തടി ഉള്ള, കട്ടത്താടി വെച്ച പിള്ളേരും ഒക്കെ ഉള്ള ഒരു ഗ്രൂപ്.

ഏതായാലും അടി കിട്ടുമെന്ന് ഉറപ്പാണ്. എല്ലാവരെയും കൂടി നിരത്തി അടിക്കാൻ ഒന്നും എനിക്ക് പറ്റില്ല. പക്ഷെ ഞാൻ അടി കിട്ടി താഴെ വീഴുന്നതിന്റെ മുമ്പ് എനിക്കാരെ എങ്കിലും തല്ലണം… അല്ലെങ്കിൽ ഒരു സമാധാനം ഉണ്ടാവില്ല. ആ ഒരാളെ ഇപ്പോഴേ നോട്ട് ചെയ്യണം. അടി തുടങ്ങിയാൽ അവനെ മാത്രം തിരഞ്ഞു പിടിച്ചു രണ്ടെണ്ണം എക്സ്ട്രാ കൊടുക്കണം… ആ കൂട്ടത്തെ ഒന്ന് മൊത്തത്തിൽ നോക്കി. അതിൽ… ആ ഇടക്ക് നിലക്കുന്ന പെൺകുട്ടി, അവൾ എന്റെ കൂടെ ആ ഹെൽപ് ഡെസ്കിൽ ഇരുന്ന കുട്ടി അല്ലെ…??

എന്താ അവളുടെ പേര്?? ഓർമ വരുന്നില്ല….

അപ്പൊ ഈ പെണ്ണ് പാർട്ടി മാറിയോ?? ഞാൻ ശ്രീയെ നോക്കി.. അവൾ കൂസൽ ഒന്നൂല്ലാതെ എന്നെ വലിച്ചു നടക്കാണ്. ഞാൻ പിന്നെയും ആ കൂട്ടത്തിൽ നിൽക്കുന്ന പെണ്ണിനെ നോക്കി.. അവൾ എന്നെയും നോക്കുന്നുണ്ട്. ശ്രീ എന്റെ കൈ വലിച്ചുകൊണ്ട് അമ്മ കുഞ്ഞിനെ സ്കൂളിൽ കൊണ്ടുപോയി വിടാൻ പോവുന്ന പോലെ എന്നെ വലിച്ചുകൊണ്ട് പോവുകയാണ്.. അത് കണ്ടിട്ടാവും അവളുടെ മുഖത്തു ഒരു ചെറിയ ചിരിയുണ്ട്…കുസൃതിയോടെ.

ഞാൻ പതിയെ ശ്രീ പിടിച്ചിരുന്ന എന്റെ വലത്തേ കൈ ഒന്ന് കുടഞ്ഞു അവളുടെ കൈ വേർപെടുത്താൻ നോക്കി.. അവൾ എന്നെ നോക്കി എന്താ എന്ന അർത്ഥത്തിൽ. ഞാൻ കണ്ണടച്ചുകൊണ്ട് അവളുടെ കൈ വിടുവിച്ചു എന്റെ ഫോസിലിന്റെ വാച്ചു അഴിക്കാന് തുടങ്ങി. എനിക്ക് അടികിട്ടി ഞാൻ ഫോസിൽ ആയാലും എന്റെ വാച്ചിനൊന്നും പറ്റരുത്.. ഒരുപാട് ആഗ്രഹിച്ചു രണ്ടു മാസത്തെ ശമ്പളം കൂട്ടിവെച്ചു വാങ്ങിയതാണ്. ഞാൻ കയ്യിൽ നിന്നും ഊരി പതിയെ ശ്രീയുടെ ബാഗിലേക്കിട്ടു അത്.

ഗേറ്റ് കടന്നതും കൂട്ടത്തിൽ മുന്നിൽ നിന്ന താടിക്കാരൻ മുന്നോട്ട് വന്നു ശ്രീയോട് ” അപ്പൊ.. പറ, എങ്ങനാ കാര്യങ്ങൾ ?? ഞങ്ങൾ ഇത്രയും പോരെ?? ”

അവൾ മതി എന്നും പറഞ്ഞു കയ്യിൽ ഉണ്ടായിരുന്ന പെയിന്റിംഗ് എടുത്ത് അവനു കൊടുത്തു. അവൻ അത് ആ കൂട്ടത്തിലേക്ക് പാസ് ചെയ്തു. കൂട്ടത്തിൽ നിന്നും കുറച്ചു ഒച്ചയും ബഹളവും ഒക്കെ ഉണ്ടായി…

എനിക്കൊന്നും മനസ്സിലാവുന്നില്ല. ഞാൻ പതിയെ എന്റെ കയ്യിൽ ഒന്ന് പിച്ചിനോക്കി.. സ്വപ്നം ഒന്നുമല്ല. ആകെ ഒരു പുകമയം. എന്താ സംഭവം???

ശ്രീയും താടിക്കാരനും കൂടെ എന്തൊക്കെയോ ഗൂഡാലോചനയിൽ ആണ്.

കുറച്ചു കഴിഞ്ഞപ്പോൾ ആ കൂട്ടത്തിൽ നിന്നും എന്നെ തല്ലാൻ കൊണ്ട് വന്ന കുറുവടികളിൽ ഒക്കെ മുദ്രാവാക്യം എഴുതിയ ചാർട്ട് പേപ്പറുകൾ നിറഞ്ഞു അതൊക്കെ ബാനറുകൾ ആവാൻ തുടങ്ങി…

ഞാൻ അതൊക്കെ വായിക്കാൻ ശ്രമിച്ചു.

” Open the library till 6 ”

” ഞങ്ങൾക്ക് പഠിക്കണം.. നാലരക്ക് അടക്കാൻ ഇത് ബാങ്കല്ല ”

പിന്നെ പാർട്ടി സിന്ദാബാദും പാർട്ടി ആദർശങ്ങൾ വേറെയും.

വേറെയും എന്തൊക്കെയോ… ചില ബാനർ ഒന്നും വലിയ രസമില്ലാത്ത വാചകങ്ങൾ ആണ്.. എന്നാലും കൊള്ളാം.. മൊത്തത്തിൽ കളർഫുൾ ആയിട്ടുണ്ട്.

അപ്പൊ സംഗതി അതാണ്. ഇവർ ഇന്നും സമരം വിളിക്കാൻ പോവുകയാണ്. ഇന്നലെ പ്രൊഫസർ കോളേജിനെ സംബന്ധിക്കുന്ന കാര്യങ്ങൾക്ക് അല്ലാതെ സമരം വിളിക്കാൻ പാടില്ല എന്ന് പറഞ്ഞതിന് പകരം വീട്ടാൻ ഇറങ്ങിയത് ആണ് ശ്രീ.. ഇന്നലെ ഉച്ചക്ക് മുഴുവൻ ഇവൾ കുത്തി ഇരുന്നു ആലോചിച്ചത് ഇതാണ്.. എന്റെ കവിളിൽ പിടിച്ചുകൊണ്ട് സർപ്രൈസ് ഉണ്ടെന്നു പറഞ്ഞത് ഇതാണ്. ഇവൾ ഈ ബാനറും പോസ്റ്ററും ഒക്കെ എഴുതുന്നത് ഞാൻ കാണാതിരിക്കാൻ ആണ് എന്നെ ഇന്നലെ അഭിയുടെ കൂടെ ബീച്ച് കാണാൻ വിട്ടത്.. ഓക്കേ.. ഇപ്പൊ കാര്യങ്ങൾ വ്യക്തമാവുന്നുണ്ട്.

ഞാൻ അവളെ വിളിച്ചു മാറ്റിനിർത്തി, ” എടീ, നീയെന്താ ഈ കാണിക്കുന്നത്?? നീ ഈ കോളേജ് മൊത്തം പൊളിക്കുമോ?? ”

Leave a Reply

Your email address will not be published. Required fields are marked *