വെളിച്ചമുള്ള ഗുഹകൾ – 2 2

എന്റെ കണ്ണു മഞ്ഞളിച്ചു പോയി. അത്രയ്ക്ക് പ്രകാശം ഉണ്ടായിരുന്നു അവിടെ. പെട്ടന്നുതന്നെ ഞാൻ പുറകിലേക്ക് വലിഞ്ഞു. ആ പിൻവാങ്ങലിൽ എന്റെ കൈകൾ കൽപാളിയിൽ അമർത്തിയിരുന്നു. ആ ശക്തിയിൽ കൽപാളി നടുവിൽ നിന്നും പാതി തുറന്നുനിന്നു. പ്രകൃതിയിൽ ഇത് സ്വാഭാവികമായി ഉണ്ടാവുക അസാധ്യം. ഇത് വേറെ ആരുടെയോ സൃഷ്ടിയാണ്. ഞാൻ സൂക്ഷിച്ചു ഉള്ളിലേക്ക് നടന്നു.

ഞാൻ കയറിയതും ആ കൽപാളി വീണ്ടും പഴയതു പോലെയായി. ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു. കല്ലുകൊണ്ടുള്ള ഒരു സിലിണ്ടർ. അങ്ങനെ വേണം ഈ ഗുഹയെ പറയാൻ.

മാർബിളുകൾ പതിച്ച നിലം. ഞാൻ കയറിവന്നതുൾപ്പെടെ 6 വലിയ കൽ പാളികൾ വൃത്താകൃതിയിൽ എനിക്ക് ചുറ്റും.. എല്ലാ പാളികളും ഒരു കണ്ണാടി പോലെ പ്രതിഫലിക്കുന്നു. എവിടെ നോക്കിയാലും ഞാൻ തന്നെ. ഒരു വലിയ ഹാളിനോളം വലുപ്പമുണ്ട് ഗുഹയുടെ നിലത്തിനു. ഈ പാളികൾക്ക് മുകളിലായി കുറെയേറെ ചെറിയ പാളികൾ അടുക്കി വെച്ചിരിക്കുന്നു. അവയും കണ്ണാടി പോലെ പ്രകാശം പ്രതിഫലിക്കുന്നുണ്ട്.

എറ്റവും മുകളിലായി വൃത്താകൃതിയിലുള്ള ഒരു തുറവിയുണ്ട്. ഒരു നാലാൾ പൊക്കത്തിൽ. അതിലൂടെ വെളിച്ചം കടന്നുവരുന്നു. ഒരു മകുടം പോലെ ആ തുറവി ഗുഹയെ മറച്ചു നിക്കുന്നുണ്ട്. മുകളിൽ നീലാകാശം വ്യക്തമായി കാണാൻ സാധിക്കുന്നുണ്ട്. മുകളിലെ വരിയയിലുള്ള കണ്ണാടിപ്പാളികൾ പ്രകശം ഗുഹയിൽ ഒരുപോലെ വിന്യസിപ്പിക്കുന്നുണ്ടായിരുന്നു.

മാർബിൾ പതിച്ച നിലത്തിൽ ഭിത്തിയോട് ചേരുന്ന ഭാഗത്തെല്ലാം ഒരുപോലെ വെട്ടിയൊരുക്കിയ പുൽമെത്ത. നിലത്തിന്റെ നടുവിലായി വൃത്താകൃതിയിൽ ഒരു ഉയർന്ന കല്ലും.

ഇവിടെ ആരെങ്കിലും താമസിക്കുന്നുണ്ടാകുമോ? ഇത്ര മനോഹരമായ നിർമ്മിതി ആരായിരിക്കും നിർമ്മിച്ചത്? ഇവിടെ നിന്നും എങ്ങനെ പുറത്തു കടക്കും?

ഇനി ചിന്തിച്ചിട്ട് കാര്യമില്ല. എത്രയും വേഗം അനിയനെ വിളിക്കണം. മുകളിലെ തുറവിയിലൂടെ ഒരു കയർ ഇട്ടാൽ വലിഞ്ഞു കേറിയെങ്കിലും പുറത്തെത്താം.

ഞാൻ ഫോണെടുത്തു. എന്റെ ഭാഗ്യം എന്നല്ലാതെ എന്താ പറയുക. അത് ഓഫ് ആയിട്ടുണ്ട്. വീഴ്ചയിൽ വെള്ളം കയറിതാവും. ഞാൻ പവർ ബട്ടൺ കുറച്ചു നേരം ഞെക്കി നോക്കി. ഒരു രക്ഷയും ഇല്ല.

ഇനിയെന്ത് ചെയ്യുമെന്ന് ആലോചിച്ചു ഞാൻ ആ പുൽമെത്തയിൽ ഇരുന്നു. വെയിലടിച്ചു മാർബിൾ തറ ചൂടായിവരുന്നുണ്ട്. ഒരു വാണം വിടാനുള്ള കൊതികൊണ്ടു ഇവിടെ പെട്ടല്ലോ ദൈവമേ.

നിലത്തിനു നടുവിൽ ഉള്ള ആ ഉയർന്ന മാർബിൾ ഫലകം എന്തായിരിക്കും. ഞാൻ പതിയെ അതിനടുത്തേക്കു നടന്നു ചെന്നു. നിലത്തുനിന്നും ഒരു ഗ്യാപ്പിട്ടാണ് ആ ഫലകം നില്കുന്നത്. അടിയിൽ എന്താണെന്നു കാണാൻ പറ്റുന്നുമില്ല. ഞാൻ പതിയെ ആ വൃത്താകൃതിയിൽ ഉള്ള മാർബിളിന്റെ മുകളിലേക്കു കയറി.

“ശ് ശ് ..“ എന്ന ശബ്ദം മുകളിൽ നിന്നും കേൾക്കാൻ തുടങ്ങി. തലയുയർത്തി നോക്കിയപ്പോൾ ഒരു ചാറ്റൽ മഴ പോലെ വെള്ളം വീഴുന്നതാണ്. ഞാൻ താഴേക്ക് ചാടിയിറങ്ങി. ഡ്രസ്സ് ചെറുതായി നനഞ്ഞു. ഞാൻ ഇറങ്ങിയപ്പോളേക്കും മുകളിൽ നിന്നും വെള്ളം വീഴുന്നതും കുറഞ്ഞു വന്നു. ഗുഹയിലെ പ്രകാശത്തിൽ നൂലുപോലെ വീഴുന്ന വെള്ളം തിളങ്ങി നിന്നു. പതിയെ ആ വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞു വന്ന് നിലച്ചു. മനോഹരമായ ഒരു ഷവർ ആണത് എന്ന് തോന്നി. വീഴുന്ന വെള്ളം അപ്പോൾ തന്നെ ആ ഉയർന്ന പ്ലാറ്റഫോമിന് അടിയിലേക്ക് വലിഞ്ഞു പോകുന്നുണ്ട്.

വന്ന വഴി തിരിച്ചു പോകാനായി പിന്നീട് എന്റെ ശ്രമം. എല്ലാ കൽപാളികളും ഒരുപോലെ ഇരിക്കുന്നതിനാൽ ഞാൻ വന്ന പാളി എതാണെന്നു യാതൊരു ഐഡിയയും കിട്ടുന്നില്ല. ഞാൻ എല്ലാ പാളികളും തള്ളി നോക്കി. ഒന്നും അനങ്ങിയത് പോലും ഇല്ല. പാപി ചെല്ലുന്നിടം പാതാളം എന്ന് പറയുംപോലെ ഇനി ഇതായിരിക്കുമോ പാതാളം?

സമയം കഴിഞ്ഞു പോവുന്നു. ഉച്ചയാവാറായിട്ടുണ്ടാവും. ആരെങ്കിലും അന്വേഷിച്ചുവരാതെ ഇരിക്കില്ല. വെള്ളച്ചാട്ടത്തിന്റെ ശബ്ദം ഉള്ളതുകൊണ്ട് തന്നെ അടുത്തെത്തിയാൽ അല്ലാതെ കൂകി വിളിച്ചാൽ പോലും ആരും കേൾക്കുകയും ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *