“” മോൾക്ക് കാര്യങ്ങൾ പറഞ്ഞാൽ മനസ്സിലാകുന്ന പ്രായമല്ലേ… ഷൂട്ടിംഗ് ഇവിടെ തന്നെയല്ലേ… അതുകൊണ്ട് പേടി ഒന്നും വേണ്ട… “”
ഒന്നു നിർത്തിയാണ് പിന്നീട് സേതുലക്ഷ്മി തുടർന്നത്……….
“” അച്ഛനെക്കൊണ്ട് ഈ വക കാര്യങ്ങൾക്ക് ഒന്നും കൊള്ളില്ല…ദാസമ്മാവനെ ഞാൻ പറഞ്ഞേല്പിക്കാം…””
മധുമിത ഒന്നും മനസ്സിലാകാതെ അമ്മയെ ഉറ്റുനോക്കി നിന്നു…
“ കട മുറി വിറ്റാൽ തന്നെ നിന്റെ കല്യാണം നടന്നേക്കും… പിന്നെയുമുണ്ട് മനുവും മന്ത്രയും… ….””
അമ്മയെന്തോ ഗൗരവതരമായ കാര്യത്തിലേക്കാണ് വരുന്നത് എന്ന് മധുമിതയ്ക്ക് മനസ്സിലായി തുടങ്ങി…
“” നിങ്ങളെ ഓർത്ത് എനിക്കുള്ള ആധിയൊന്നും അച്ഛനില്ല… അമ്മച്ഛൻ തറവാട്ടിലേക്ക് തിരിച്ചു വിളിക്കാൻ ഇതൊരു കാരണമാകുമെങ്കിൽ അത് നല്ലതല്ലേ മോളേ… ?”
മധുമിതയ്ക്ക് കാര്യം മനസ്സിലായി…
“” പട്ടിണിയൊക്കെ മാറി പത്തു രൂപ കയ്യിലുണ്ട് എന്നറിഞ്ഞാൽ എന്റെ അച്ചന്റെ മനസ്സു മാറും… അത് ദാസനും ഇടയ്ക്കിടെ പറയാറുണ്ട്…””
“അമ്മയ്ക്ക് നേർപാതി സ്വത്തുക്കൾ അവിടെ വെറുതെ കിടപ്പുണ്ട്… നിന്റെ അച്ഛന്റെ പ്രകൃതം നിനക്കറിയരുതോ…? അല്ലാതെ ഞാനൊരു വഴിയും കാണുന്നില്ല………. “
മധുമിത ശബ്ദിച്ചില്ല…
ഉച്ചയ്ക്കു മുൻപു വരെ ഉണ്ടായിരുന്ന കടമയും കർത്തവ്യവും തന്നിൽ നിന്ന് അകലുന്നതും അതിലും വലുത് തന്നെ ഭരിച്ചു തുടങ്ങുന്നതും അവളറിഞ്ഞു തുടങ്ങിയിരുന്നു…
അമ്മ പറയുന്നതും ചിന്തിക്കുന്നതും സത്യം തന്നെയാണ്…
പക്ഷേ സിനിമ എന്നത് താൻ ചിന്തിച്ചിട്ടു കൂടി ഇല്ലാത്ത കാര്യമാണ്……
തനിക്ക് അനുവാദം ചോദിക്കാനുള്ളത് ഒരാളോട് മാത്രമാണ്…
സ്വാമിയേട്ടൻ…… !
തടയില്ല , എന്ന് പ്രതീക്ഷിക്കാം…
പക്ഷേ…………?
പറയാതെ ഒന്നും പാടില്ല……
കാരണം ഇതുവരെ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല…
ആലോചിച്ചിട്ട് മധുമിതയ്ക്ക് ഒരു തീരുമാനത്തിലെത്തിച്ചേരാൻ സാധിച്ചതേയില്ല…
അരമണിക്കൂറിനകം പ്രൊഡക്ഷനിൽ നിന്ന് എത്തിച്ചേർന്ന കാർ “പണ്ടാര “ന്റെ വീടിനു മുൻപിൽ വന്ന് ഹോൺ മുഴക്കിത്തുടങ്ങി………
🌺 🌺 🌺 🌺 🌺
പിറ്റേന്ന്…
ചായക്കടയിൽ നിന്ന് ചലച്ചിത്രഗാനം കേൾക്കുന്നുണ്ടായിരുന്നു…
“” നിൻ തുമ്പുകെട്ടിയിട്ട ചുരുൾമുടിയിൽ… തുളസിത്തളിരില ചൂടി…”
മധുമിത , കടയിൽ ആളൊഴിയുന്നതും കാത്ത് അപ്പുറത്ത് മാറി നിൽക്കുന്നത് സ്വാമിനാഥൻ കണ്ടു..
ക്ലാസ്സിലേക്ക് പോകുന്ന വേഷത്തിലാണ്…
ക്ഷേത്രത്തിലേക്ക് പോകുന്ന ഒരു സ്ത്രീയ്ക്ക് സാധനങ്ങൾ എടുത്തു കൊടുത്ത ശേഷം സ്വാമിനാഥൻ അവളെ നോക്കി പുഞ്ചിരിച്ചു…
“” ഇന്നലെ ഒരൂട്ടം ഉണ്ടായി……….””
അടുത്തു വന്നതേ മധുമിത അവനോട് പറഞ്ഞു…
“” എന്താ……….?””
മേശയ്ക്കടിയിലിരുന്ന മുല്ലമാല എടുത്ത് അവളുടെ നേരെ നീട്ടിക്കൊണ്ട് സ്വാമിനാഥൻ ചോദിച്ചു…
ഇന്നലെ ഉച്ചയ്ക്കു ശേഷം, അനിയനും സേതുവും വീട്ടിൽ വന്നു സംസാരിച്ചതും വൈകുന്നേരം അവർ വിട്ടു തന്ന കാറിൽ ലൊക്കേഷനിൽ പോയതും ഒറ്റ വീർപ്പിൽ മധുമിത അവനെ അറിയിച്ചു……
സ്വാമിനാഥന്റെ മുഖം ഒരു നിമിഷം െ കൊണ്ട് വിവർണ്ണമായി…
“” കണ്ടോ… എനിക്കറിയാം ഇഷ്ടമായില്ലെന്ന്……….””
സ്വാമിനാഥന്റെ കയ്യിലിരുന്ന മാല, അവന്റെ വിരലുകളിൽ വിരലുകൾ ഉരതിയാണ് മധുമിത വാങ്ങിയെടുത്തത്……….
“” ഞാൻ കരുതി സന്തോഷമാകുമെന്ന്………. “
“” എനിക്കെന്താ സന്തോഷക്കുറവ്… ? രാവിലെ കടയിൽ വന്ന ഒന്നുരണ്ടാളുകൾ പറഞ്ഞു കേട്ട് ഞാനും അറിഞ്ഞിരുന്നു… എന്നോട് ആദ്യം പറയുമെന്നാണ് ഞാൻ കരുതിയത്……”
സ്വാമിനാഥൻ ടേബിളിൽ കിടന്നിരുന്ന പൂക്കൾ അടുക്കി വെയ്ക്കുന്നതായി ഭാവിച്ചു കൊണ്ട് പറഞ്ഞു……
“” ഇന്നലെ പറയാൻ സമയം കിട്ടിയില്ല… അതല്ലേ , രാവിലെ ഞാൻ ഓടി വന്നത്…… ?””
“” ആ… എന്നിട്ട്……….?””
സ്വാമിനാഥൻ വലിയ താല്പര്യമില്ലാത്ത മട്ടിൽ ചോദിച്ചു……
“” ഒന്നു രണ്ടു സീനൊക്കെ എന്നെക്കൊണ്ടു ചെയ്യിപ്പിച്ചു… ഓക്കെ ആണെന്നാ അവർ പറഞ്ഞത്… “
മധുമിതയുടെ സ്വരത്തിൽ അല്പം സന്തോഷം കലർന്നിരുന്നു………
“” പോരാൻ നേരം കുറച്ചു പൈസ അച്ഛന് കൊടുത്തു… അഡ്വാൻസാണെന്ന്………. “
