ശ്രീനിവാസൻ വേദന വകവെയ്ക്കാതെ ചാരുകസേരയിൽ ശരണം പ്രാപിച്ചു..
ഇടവഴിയിൽ ഒരു കാർ വന്നു നിൽക്കുന്ന ശബ്ദം ശ്രീനിവാസൻ മയക്കത്തിനിടയിൽ കേട്ടു…
സാധാരണ കാർ ഈ ഭാഗത്തങ്ങനെ വരാറില്ല…
ഡോറുകൾ തുറന്നടയുന്ന ശബ്ദം…
തൊട്ടപ്പുറത്ത് ഒരു “” പണ്ടാര””ന്റെ കുടുംബമാണ്…
ആ വീടിന്റെ വശത്തുകൂടെയുള്ള, ഇവിടേക്കുള്ള നടവഴിയിൽ, പായ വിരിച്ച് “” പപ്പടം”” നിരത്തിയിട്ടിരിക്കുന്നു…
ശ്രീനിവാസൻ , എഴുന്നേൽക്കാൻ മടിച്ച് ഏന്തിവലിഞ്ഞ് തലയുയർത്തി നോക്കി..
ഉഴുന്നുമാവു പിടിച്ച നിക്കറുമിട്ട് പണ്ടാരന്റെ ചെറുക്കൻ രണ്ടു പേർക്ക് , കൈ ചൂണ്ടി വഴി പറഞ്ഞു കൊടുക്കുന്നതു കണ്ടു..
ഇവിടേക്കാണ് സൂചന…… !
ശ്രീനിവാസൻ പതിയെ എഴുന്നേറ്റു…
ആരാണ് എന്നൊരു ചിന്ത ശ്രീനിവാസനിലുണ്ടായി…
ആരു വരാൻ എന്നൊരു ചിന്തയും അതേ സമയത്തു തന്നെയുണ്ടായി……
രണ്ടു മിനിറ്റിനുള്ളിൽ സേതുവും അനിയനും വീടിന്റെ മുറ്റത്തെത്തി……
“” ശ്രീനിവാസൻ…… ?””
സേതുവാണത് ചോദിച്ചത്…
“” ഞാൻ………. തന്നെ… “
“” ഞങ്ങളാ പലചരക്കു കടയിൽ അന്വേഷിച്ചിരുന്നു… “
സേതു തന്നെ പറഞ്ഞു……
“” കയറിയിരിക്കാം………”…”
ശ്രീനിവാസൻ ആതിഥ്യമര്യാദ പ്രകടമാക്കി.
സേതുവിനോടൊപ്പം അനിയനും കോലായിലേക്ക് കയറി..
അരഭിത്തിയുടെ അരികിൽ കിടന്നിരുന്ന കസേര ശ്രീനിവാസൻ നിരക്കി നടുവിലേക്കിട്ടു……
ആരാണ് , എന്താണ് കാര്യം എന്നൊരു ഭാവം അയാളുടെ മുഖത്തുണ്ടായിരുന്നു..
“” ഞാൻ പ്രൊഡക്ഷൻ കൺട്രോളർ സേതു… ഇത് ഡയറക്ടർ അനിയൻ സാർ………. “”
സേതു തങ്ങളെ പരിചയപ്പെടുത്തി……
ശ്രീനിവാസൻ ഒരു നിമിഷം വായ പൊളിച്ചു നിന്നു പോയി…
കോലായിൽ സംസാരം കേട്ടിട്ടാകണം, അകത്തുണ്ടായിരുന്ന ശബ്ദവും ബഹളവും നിലച്ചു…
മന്ത്രമിത പൂമുഖത്തേക്കുള്ള വാതിൽക്കലേക്ക് വന്നു…
മന്ത്രമിതയുടെ തല കണ്ടുകൊണ്ട് സേതു കസേരയിലേക്കിരുന്നു..
അപരിചിതരെ കണ്ടതും മന്ത്രമിത തല അകത്തേക്കു വലിച്ചു…
“അനിയൻ സാറിനെ അറിയാമല്ലോ…””
സേതു സംഭാഷണത്തിന് തുടക്കമിട്ടു……
ശ്രീനിവാസൻ വെറുതെ തല കുലുക്കുക മാത്രം ചെയ്തു..
“സാർ ഒരു പുതിയ പടത്തിന്റെ വർക്കിലാണ്… “
സേതു മന്ദഹാസത്തോടെ തുടങ്ങി…
“” ഷൂട്ടിംഗ് നിങ്ങളുടെ നാട്ടിൽ തന്നെയാണ്… അങ്ങനെ പുറത്തൊന്നു പോയി വരുമ്പോഴാണ് ഇവിടുത്തെ കുട്ടിയെ കാണുന്നത്……………””
സേതു നേരിട്ട് വിഷയത്തിലേക്ക് കടന്നു…
ഒരു മിന്നൽ ശ്രീനിവാസന്റെ ഉള്ളിലുണ്ടായി.
ക്ഷേത്രത്തിലേക്കായി പുറത്തേക്കു പോയത് മധുമിതയാണ്……
ഷൂട്ടിംഗ് കാണാൻ സേതുലക്ഷ്മി സമ്മതിച്ചിട്ടില്ല……
അതുകൊണ്ട് മധുമിത ലൊക്കേഷനിലേക്കു ഷൂട്ടിംഗ് കാണാൻ പോയോ എന്നൊരു സന്ദേഹമാണ് ശ്രീനിവാസനിലാദ്യമുണ്ടായത്…
പക്ഷേ മനുമിത പോയാലും മധുമിത പോകാൻ സാദ്ധ്യതയില്ല , എന്ന് മനസ്സ് തിരുത്തിയപ്പോഴേക്കും സേതു തുടർന്നിരുന്നു…
“” അനിയൻ സാറിന്റെ സിനിമയിലേക്ക് ഒരവസരത്തിനായി ഒരുപാടുപേർ പല ലൊക്കേഷനിലും വന്നു നിൽക്കാറുണ്ട്.. പക്ഷേ, ‘…..””
സേതു ഒന്നു നിർത്തി പുഞ്ചിരിച്ചു..
“” കുട്ടിയെ ഒന്നു വിളിക്കാമോ………….?””
ശ്രീനിവാസൻ അനങ്ങിയില്ല…
അയാൾക്ക് കാര്യം ഏറെക്കുറെ പിടികിട്ടിയിരുന്നു…
അതിന്റെ അമ്പരപ്പിലും അത്ഭുതത്തിലും ഹൃദയവും മനസ്സും തുടിച്ച് ശരീരം ഒന്നാകെ രോമാഞ്ചമണിഞ്ഞ് അയാൾ നിന്നു…
അയാളുടെ മനസ്സ് പിന്നിലേക്ക് , വളരെ പിന്നിലേക്ക് ഒന്നോടിപ്പോയി..
താൻ നടന്നലഞ്ഞ വഴിയിടങ്ങൾ……….
താൻ തേടി നടന്ന സിനിമാ മേഖല……
ഒരു ഗായകനായി, ഒരു പാട്ടെങ്കിലും പാടിത്തീർത്തു തന്റെ മോഹത്തിനൊടുക്കം കാണാൻ കൊതിച്ചിരുന്ന നാളുകൾ…
അതിപ്പോൾ തന്റെ വീടിന്റെ പൂമുഖത്ത് മഹാലക്ഷ്മിയായി അവതരിച്ചിരിക്കുന്നു…
തനിക്കല്ല ആ ഭാഗ്യം എന്നുമാത്രം…
തന്റെ മകൾക്കാണ്…………!
അത് ഇരട്ടിക്കിരട്ടി ആനന്ദമാണ്…… !
തനിക്ക് സാധിക്കാതെ പോയത് മകൾക്ക് സാധിച്ചേക്കാം…
അതുകൊണ്ടു തന്നെയാവണമല്ലോ അവസരവും ഭാഗ്യവും വീടിനകത്തേക്കു തന്നെ കയറി വന്നത്…
എന്നിരുന്നാലും സിനിമയെക്കുറിച്ചും ആ മേഖലയെക്കുറിച്ചും കേട്ടറിഞ്ഞുള്ള അറിവും അജ്ഞതയും അയാളെ ഒരേ സമയം ഭരിച്ചു തുടങ്ങിയിരുന്നു…
