വൈബ്രേറ്റർ 4

അവനങ്ങിനെ പറഞ്ഞെങ്കിലും മനസിൽ ഐറിൻ നിറഞ്ഞു നിന്നു.

സ്വർണ്ണ രഥമേറി സൂര്യൻ പലവട്ടം സഞ്ചരിച്ചു.

ഇതിനിടയിൽ നവ്യ നവീനിന്റെ കാര്യം തമാശ് രീതിയിൽ ഐറിനോട് അവതരിപ്പിച്ചു, കാശ് മുടക്കാൻ താൽപ്പര്യമില്ലാ എന്നും അവൾ പറഞ്ഞു.

ആ സംസാരം വെറും തമാശായി ആ സൗഹൃദ കൂട്ടായ്മയിൽ അലയടിച്ച് ഏതോ മണൽ തിട്ടയിൽ അലിഞ്ഞില്ലാതായെങ്കിലും ഐറിന്റെ ഉള്ളിൽ ചെറിയ ഒരു സ്പാർക്കായി കിടന്നു. ഇരുവർക്കും അന്യോന്യം നമ്പർ പോലും അറിയുകയുമില്ല.

നവ്യയ്ക്ക് സുഖമില്ലാത്ത ഒരു ദിവസം ആ ഗ്യാങ് നവീനിനെ വളഞ്ഞു. ഐറിൻ മാത്രം പിന്നിൽ നിന്നു, ചർച്ച്യ്ക്ക് മുന്നോട്ട് വന്ന്‌ ഒന്നിനും ഇടം കൊടുത്തില്ല.

അവർക്ക് നവ്യയുടെ സുഖവിവരങ്ങൾ നേരിട്ടറിയുവാനായിരുന്നു തിടുക്കം, ഒരാൾ ഗ്രൂപ്പിൽ ഇല്ലാതിരുന്നാൽ ആ മജ അങ്ങ് പോകുമല്ലോ?

അഭിലാഷ : “അവളോട് പനിച്ച് കിടക്കാതെ നാളെ വരാൻ പറ, ഇല്ലെങ്കിൽ ഞങ്ങൾ അങ്ങ് വരും”

കാർത്തിക : “ഒരു ഇള്ളക്കുട്ടി, പുന്നാരിച്ച് വച്ചിരിക്കുകയാ അമ്മയും അപ്പനും ചേട്ടനും കൂടി”

നവീൻ : “ഞാനൊന്നും അവളെ പുന്നാരിക്കുന്നില്ലേ, അച്ഛനാണ്”

കാർത്തിക : “അമ്മയും മോശമൊന്നുമല്ല”

നവീൻ : “നിങ്ങൾ അവർക്ക് പറഞ്ഞു കൊടുക്ക്, മൂത്ത ഒരു മകൻ കൂടിയുണ്ടെന്ന്‌”

ജോസഫൈൻ : “ഇത് നമ്മുക്ക് പറയണം”

അഭിലാഷ : “ശരിയാ”

നവീൻ : “പറഞ്ഞോ, എനിക്ക് കുഴപ്പമൊന്നും ഇല്ല”

നീരജ : “അല്ല ഈ അയ്യരെന്താ ഒന്നും മിണ്ടാത്തത്, ഓ നാണം”

അഭിലാഷ : “എന്തോന്ന്‌ നാണം? നാണം അവനാ”

നവീൻ : “ആർക്ക് എനിക്കോ?”

കാർത്തിക : “അത് ശരിയാണല്ലോ? രണ്ട് പേർക്കും ഒരു നാണം ഉണ്ടെന്ന്‌ തോന്നുന്നു.”

നീരജ : “ചുമ്മാ ഇരിക്ക്, അവരൊന്ന്‌ ക്ലിയറാക്കി വരികയാ, അപ്പോൾ ഇപ്പോഴേ അത് കുളമാക്കിയാലോ?”

ജോസഫൈൻ :”നവീനേ നിനക്ക് ഈ അഭിയെ ഇഷ്ടമാണോ? അവൾക്ക് പണ്ടേ നിന്നെ ഇഷ്ടമായിരുന്നു. പക്ഷേ നവ്യ പറഞ്ഞു കളഞ്ഞു, നിന്റെ കൺസെപ്റ്റിലുള്ള ആളല്ലെന്ന്‌, നേരാണോ? അയ്യരെ വിട്ടേക്ക് അവൾക്ക് വല്യ സ്റ്റൈലല്ലേ”

നവീൻ വാകമര ചുവട്ടിലെ തണലിൽ ബൈക്കിൽ ഇരുന്നു കൊണ്ട് എല്ലാവരുടേയും മുന്നിൽ ഇഞ്ചി കടിച്ച കുരങ്ങിനെ പോലെ ചിരിച്ചും; എല്ലാം മുഖങ്ങളിലേയ്ക്കും പാളിനോക്കിയും പതറി വിഷമിച്ചു, അത് മറയ്ക്കാൻ അവൻ മരത്തിലെ പൂക്കളിലേയ്ക്ക് ശ്രദ്ധ തിരിച്ചു.

കാർത്തിക : “അഭിക്ക് ഒരു സ്റ്റൈലും ഇല്ല, അല്ലേ അഭി. നീ ആരെ വേണേലും പാണീഗ്രഹണം ചെയ്യാൻ തയ്യാറാണല്ലോ, അല്ലേ?”

അഭിലാഷ : “ഞാൻ റെഡി, പക്ഷേ അയ്യര് സമ്മതിക്കേണ്ടെ?, ഒരാളുടെ പൗൾട്രി ഫാമിൽ നമ്മൾ കയറുന്നത് ശരിയല്ലല്ലോ?”

ഇരുവർക്കും സംസാരിക്കാൻ അവസരം കൊടുക്കാതെ പെമ്പിള്ളേർ കീറി ഭിത്തിയിൽ ഒട്ടിച്ചു.

നവീൻ : “ഞാൻ മ്പോട്ടെ”

നീരജ : “പൊയ്ക്കോ, പൊയ്ക്കോ”

പെട്ടെന്ന്‌ ഐറിൻ മുന്നോട്ട് വന്നു.

ഐറിൻ : “നവീനേ നീ ആ ബ്രിജ്ജ് വഴിയല്ലേ പോകുന്നേ?”

നവീൻ : “അതെ, എന്താ?”

ഐറിൻ : “എന്നാൽ ഞാനും പോകുകയാണ്, എന്തെങ്കിലും പറയാനുണ്ടോ?” അവൾ കൂട്ടുകാരികളെ നോക്കി ചോദിച്ചു.

അവർ മുഖത്തോട് മുഖം നോക്കി.

ഐറിൻ : “എന്നെ അവിടെ വരെ ഒന്നിറക്കിയേര്”

അവൾ പതിയെ മാറി നിന്നിടത്തു നിന്നും നടന്ന്‌ നവീനിന്റെ ബൈക്കിനടുത്ത് വന്നു. കൂട്ടുകാരികളുടെ കണ്ണുകൾ തുറിച്ചു, പുരികം വളഞ്ഞു, ചുണ്ടുകൾ ഓ എന്ന രൂപം പ്രാപിച്ചു.

നവീൻ : “കേറിക്കോ”

ഐറിൻ : “ടൂ സൈഡ്”

നവീൻ : “ഏ! ങാ ഒക്കെ”

നവീനിന്റെ അപ്പോഴത്തെ ‘ഏ’ യും, ആശ്ചര്യഭാവവും എല്ലാവരിലും ഒരു പൊട്ടിച്ചിരി ഉണ്ടാക്കി, എന്നാൽ അതിലധികം ആശ്ചര്യമായിരുന്നു ആ മുഖങ്ങളിൽ “അമ്പടീ നീ അവസരം മുതലാക്കി” എന്നതായിരുന്നു അപ്പോൾ എല്ലാവരുടേയും മനസിൽ.

ഷോൾഡർ ബാഗ് മുന്നിൽ വച്ച് കൂട്ടുകാരികളെ കൈ വീശി കാണിച്ച് ഗമയ്ക്ക് ഐറിൻ അവനോടൊപ്പം പോയി.

അതൊരു തുടക്കമായിരുന്നു. അന്നുമുതൽ അവർ അടുത്തു. എരുവു കേറ്റി കൂട്ടുകാരികൾ അടുപ്പിച്ചു എന്ന്‌ പറയുന്നതാകും ശരി. ഡാഡിയുടെ ഓവർ സ്ട്രിക്റ്റായുള്ള പെരുമാറ്റവും ഒരു കാരണമായിരുന്നിരിക്കാം.