ഷെല്ലി വരാന്തയിലൂടെ അതിദ്രുതം ആദ്യവര്‍ഷ ഫിസിക്സ് ക്ലാസ്സിലേക്ക് നടന്നു.
ക്ലാസിനുള്ളിലെക്ക് അവന്‍ കടന്നു.
അവിടം ശൂന്യമായിരുന്നു.
“രവീ,”
പുറത്തുകണ്ട ഒരുവനോട് ഷെല്ലി തിരക്കി.
“ഈ ക്ലാസ്സിലൊള്ളോരൊക്കെ എവടെപ്പോയി?”
“ലാബിലുണ്ട് ഷെല്ലി,”
അവന്‍ പറഞ്ഞു.
“ഇപ്പം പ്രാക്റ്റിക്കലാ,”
“ഓ, അത്ശരി!”
അവന്‍ പുറത്തേക്ക് കടക്കാന്‍ തുടങ്ങി.
അപ്പോഴാണ് ക്ലാസ്സിന്‍റെ മൂലയില്‍ അവസാനത്തെ നിരയിലേക്ക് അവന്‍ നോക്കിയത്.
അവിടെ ഒരു പെണ്‍കുട്ടി ഡെസ്ക്കില്‍ മുഖം പൂഴ്ത്തിക്കിടക്കുന്നത് അവന്‍ കണ്ടു.
അവന്‍ പതിയെ അങ്ങോട്ട് നടന്നു.
അവളുടെ തലമുടി ഡെസ്ക്കിന്‍മേല്‍ അഴിഞ്ഞുലഞ്ഞു കിടന്നു.
അവന്‍ സംശയിച്ച് അവളുടെ തോളില്‍ പതിയെ തട്ടി.
അവള്‍ അനങ്ങിയില്ല.
“ഹേയ്,”
അവന്‍ ശബ്ദമിട്ട് അവളെ വീണ്ടും സ്പര്‍ശിച്ചു.
അവളില്‍ ചെറിയ ഒരനക്കം ദൃശ്യമായി.
പതിയെ മുഖമുയര്‍ത്തി അവനെ നോക്കി.
ഷെല്ലി പരഭ്രമിച്ചു.
അവളുടെ കണ്ണുകള്‍ ചുവന്നിരുന്നു.
മയക്കവും അസുഖകരമായ ഒരാലസ്യവും അവന്‍ ആ ഭംഗിയുള്ള കണ്ണുകളില്‍ കണ്ടു.
ദീര്‍ഘനിദ്രയില്‍ നിന്നുണര്‍ന്ന ഭാവമായിരുന്നു അവള്‍ക്ക്.
“എന്താ?”
ദേഷ്യത്തോടെ അവള്‍ ഷെല്ലിയോട് ചോദിച്ചു.
ഷെല്ലി ആ ചോദ്യം കേട്ടില്ല.
അവളുടെ അസാധാരണമായ സൌന്ദര്യത്തിന്‍റെ ഭംഗിയിലായിരുന്നു അവന്‍റെ കണ്ണുകള്‍ മുഴുവനും.
ആദ്യമായാണ് താന്‍ ഇവളെ കാണുന്നത്?
മഹേഷ് ആണ് പറഞ്ഞത് ഇന്നത്തെ പ്രോഗ്രാമിന് സ്വാഗതപ്രസംഗം ഏറ്റിരിക്കുന്നത് ഇവളാണെന്ന്.
“ഹേയ് യൂ!”
അവള്‍ ശബ്ദമുയര്‍ത്തി.
“ഐ ആസ്റ് യൂ. വാട്ട് ഡൂ യൂ വാന്‍റ്റ്?”
“ങ്ങ്ഹേ?”
ഷെല്ലി അമ്പരപ്പില്‍ നിന്ന്‍ ഞെട്ടിയുണര്‍ന്നു.
“ഞാന്‍ …ഞാന്‍..അതേയ് , മീറ്റിംഗ് തൊടങ്ങാറായി,”
“മീറ്റിംഗ്? വാട്ട് മീറ്റിംഗ്?”
“ഇന്ന്‍ ഫ്രൈഡേയാ,”
അവന്‍ വിശദീകരിച്ചു.
“സര്‍ഗ്ഗശാലയുടെ മീറ്റിംഗ് ഒണ്ട്. ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്‍റ്റിലെ നന്ദകുമാര്‍ സാര്‍ പ്രസംഗിക്കുന്നു. വെല്‍കം സ്പീച് നിങ്ങളാ ഏറ്റെ,”
അവള്‍ ആവനെ ക്രുദ്ധയായി നോക്കി.
“സര്‍ഗ്ഗശാല? വെല്‍കം സ്പീച്ച്? വാട്ട് ആര്‍ യൂ ടോകിംഗ് എബൌട്ട്?”
അസഹീനമായ അസഹിഷ്ണുത അവളുടെ വാക്കുകളില്‍ പ്രകടമായി.
“അതേ,”
ഷെല്ലിയുടെ വാക്കുകളിലും ദേഷ്യം കടന്നുവന്നു.
“സര്‍ഗ്ഗശാല. വെല്‍കം സ്പീച്ച്. കഴിഞ്ഞാഴ്ച്ചത്തെ മീറ്റിങ്ങില്‍ നിങ്ങള്‍ ഒണ്ടാരുന്നു. ഇന്നത്തെ പ്രോഗ്രാമിന്‍റെ മിനിട്സ് റെഡിയാക്കുമ്പം നിങ്ങളാ മുമ്പോട്ട് വന്ന്‍ പറഞ്ഞത് വെല്‍കം സ്പീച്ച് നിങ്ങള്‍ ചെയ്തോളാന്ന്‍.”
“ആരോട് പറഞ്ഞു? നിങ്ങളോട് പറഞ്ഞോ?”
എഴുന്നേറ്റ് നിന്ന്‍ അവള്‍ ചോദിച്ചു.
തന്‍റെ അലസമായ മുടി അവള്‍ മാടിയൊതുക്കി.
അപ്പോള്‍ അവളുടെ കൈത്തണ്ടയില്‍ മുറിപ്പാടുകള്‍ അവന്‍ കണ്ടു.
സൂചികൊണ്ടോ മാത്തമാറ്റിക്കല്‍ കോമ്പസ് കൊണ്ടോ കുത്തിയതുപോലുള്ള മുറിപ്പാടുകള്‍.
ഷെല്ലി അങ്ങോട്ടു നോക്കുന്നത് കണ്ട് അവള്‍ പെട്ടെന്ന്‍ കൈ താഴ്ത്തി.
“യൂ ഡോണ്ട് കം റ്റു ഡിസ്റ്റെര്‍ബ് മീ; ഡൂ യൂ?”
അവള്‍ ദേഷ്യത്തോടെ തന്‍റെ ബാഗ് എടുത്തു.
തുറന്നിരുന്ന അതിന്‍റെ ഒരു പോക്കറ്റില്‍ നിന്ന്‍ ഒരു പേപ്പര്‍ പാക്ക് താഴെ വീണത് പക്ഷെ അവള്‍ കണ്ടില്ല.
ക്രുദ്ധയായി അവള്‍ പുറത്തേക്ക് പോയി.
