ബാസ്കറ്റ് ബോള്‍ ഗ്രൌണ്ട്.
ജേഴ്സിയും ഷോര്‍ട്ടുമണിഞ്ഞ് വശ്യമായ ചടുല ചലനങ്ങളിലൂടെ പെണ്കുട്ടികള്‍ ചിത്രശലഭങ്ങളെപ്പോലെ ഗ്രൗണ്ടില്‍ നിറഞ്ഞു.
ആവേശകരമായ അന്ത്യത്തോടെ ഒരു റൌണ്ട് അവസാനിപ്പിച്ചപ്പോള്‍ ഷാരോണ്‍ പറഞ്ഞു.
“ഞാന്‍ നിര്‍ത്തി,”
“എന്തായിത് ഷാരൂ,”
രോഹിണി നീരസത്തോടെ അവളെ നോക്കി.
“ഒരു ഗെയിമല്ലേ, കഴിഞ്ഞുള്ളു, എന്നിട്ടാണ്…”
“എനി അദര്‍ പ്രോഗ്രാം?”
ഭോപ്പാല്‍കാരി അമീഷ ഗുപ്തയും തിരക്കി.
“ഇന്ന്‍ ഫ്രൈഡേ ആണ്,”
ഷാരോണ്‍ അറിയിച്ചു.
“നിനക്ക് നിസ്ക്കരിക്കാന്‍ പോണമായിരിക്കും,”
സനാ അഷ്റഫ് മുഖം കോട്ടി.
“നോ,”
ഷാരോണ്‍ പറഞ്ഞു.
“ഇന്ന്‍ സര്‍ഗ്ഗശാലയുണ്ട്,”
“സര്‍ഗ്ഗശാലയോ? അതെന്താ?”
കോളേജില്‍ പുതുതായി വന്ന ആവന്തിക ചോദിച്ചു.
ഷാരോണ്‍ അവളെ കടുപ്പിച്ചു നോക്കി.
എന്നിട്ട് ബാസ്ക്കറ്റ് ബോള്‍ കൈയിലെടുത്തുകൊണ്ട് ചോദിച്ചു.
“ഇതെന്താ?”
“ബോള്‍,”
നീരസത്തോടെ അവള്‍ പറഞ്ഞു.
“ആരാ പ്രിഥ്വിരാജ്?”
“ആക്റ്റര്‍, എന്‍റെ ഹാര്‍ട്ട് ത്രോബ്!”
രണ്ടു കൈകളും നെഞ്ചില്‍ ചേര്‍ത്ത് കൊഞ്ചിക്കൊണ്ട് ആവന്തിക പറഞ്ഞു.
“ശരി, ഇനിപ്പറ, എന്താ സര്‍ഗ്ഗശാല?”
“ഞാനെങ്ങനെയറിയും? ഇത് നല്ല കൂത്ത്!”
ആവന്തിക ശബ്ദമുയര്‍ത്തി.
“സര്ഗ്ഗശാല എന്നാല്‍ കോളേജിലെ ഒരു കള്‍ച്ചറല്‍ ഫോറം,”
സ്വാതി ആവന്തികയോട് പറഞ്ഞു.
“കോളേജിലെ സകലമാന ബുദ്ധിജീവികളുടെയും ഒരു കൂടാരം,”
ഗീതാ നായര്‍ പറഞ്ഞു.
“അതിനിവള്‍ ബുദ്ധിജീവിയൊന്നുമല്ലല്ലോ,”
ആവന്തിക പറഞ്ഞു.
“ഷാരോണ്‍ നീ പറ, ഇതാ ഇന്ത്യയുടെ തലസ്ഥാനം?”
“എനിക്കറിയില്ല മോളെ,”
ഷാരോണ്‍ ചുണ്ടുകള്‍ കോട്ടിക്കൊണ്ട് പറഞ്ഞു.
“ഞാന്‍ ഇമ്പോസിഷന്‍ എഴുതിക്കോളാം.”
“പക്ഷെ ഷെല്ലി അലക്സാണ് സര്‍ഗ്ഗശാലയുടെ ബോസ്സ്. അവന്‍ മഹാബുദ്ധിജീവിയാണ്. സര്‍വ്വോപരി നമ്മുടെ ബ്യൂട്ടിക്വീന്‍ ഷാരോണ്‍ സിറിയക്കിന്‍റെ ഹാര്‍ട്ട് ത്രോബാണ്!”
“നീ പോടീ!”
ഷാരോണ്‍ പറഞ്ഞു.
ഷെല്ലി എന്‍റെ ഫ്രണ്ടാണ്. എന്‍റെ ബെസ്റ്റ് ഫ്രണ്ട്. എന്‍റെ ബ്രദര്‍,”
ബോള്‍ കൂട്ടുകാരുടെ നേരെ എറിഞ്ഞുകൊടുത്ത് ഷാരോണ്‍ ഗ്രൌണ്ടിനു വെളിയിലേക്ക് പോയി.
വരാന്തയില്‍ നിന്ന്‍ രണ്ടാമത്തെ ഫ്ലോറിലേക്ക് തിടുക്കത്തില്‍ പ്രവേശിക്കുകയായിരുന്ന ഷാരോണ്‍ ഷെല്ലിയെക്കണ്ട് പെട്ടെന്ന് നിന്നു.
“എന്നാ പറ്റീടാ?”
അവന്‍റെ മുഖത്തെ പരിഭ്രമംകണ്ട് അവള്‍ ചോദിച്ചു.
“ഓ! അവള്‍ക്ക് കുശലം ചോദിക്കാന്‍ കണ്ടനേരം!”
അസന്തുഷ്ട്ടി നിറഞ്ഞ ഭാവത്തോടെ ഷെല്ലി പറഞ്ഞു.
ഷെല്ലിയെ അവള്‍ ഒരിക്കലും പ്രസന്നതയോടെയല്ലാതെ കണ്ടിട്ടില്ല. വിഷമഘട്ടങ്ങള്‍ അവനെ തളര്‍ത്താറില്ല എന്ന്‍ അവള്‍ക്കറിയാം. ശാന്തതയും നിയന്ത്രണവും അവന്‍റെ വാക്കുകളിലും പ്രവര്‍ത്തികളിലും എപ്പോഴുമുണ്ട്.
അതുകൊണ്ട് അവന്‍റെ മുഖത്ത് കണ്ട പരിഭ്രമം അവളെ അദ്ഭുതപ്പെടുത്തി.
“നീ കാര്യം പറ ഷെല്ലി,”
തന്നെക്കടന്ന്‍ താഴേക്കിറങ്ങാന്‍ തുടങ്ങിയ ഷെല്ലിയെ അവള്‍ കൈക്ക് പിടിച്ച് നിര്‍ത്തി.
“എടീ നീ മിനിയെക്കണ്ടോ?”
“മിനിയോ? അതാരാ? ഓ! കേ എസ് മിനി? ഇല്ല, കണ്ടില്ല. എന്നാടാ?”
“കേ എസ് മിനിയല്ല. കേ എസ് ചിത്ര!”
ഷെല്ലിയുടെ വാക്കുകളില്‍ ദേഷ്യമുണ്ടായിരുന്നു.
“എടീ കഴിഞ്ഞാഴ്ച്ച നമ്മുടെ കോളേജില്‍ ജോയിന്‍ ചെയ്തില്ലേ ഒരു മിനി? മിനി മോള്‍ മാത്യു? അവളെക്കണ്ടോ?”
ഷാരോണിനു പെട്ടെന്ന്‍ ആളെ മനസ്സിലായി.
ഒരാഴ്ച്ച മുമ്പ് ആദ്യവര്‍ഷ ബീ എസ് എസി ഫിസിക്സില്‍ ഒരു പെണ്കുട്ടി ചേര്‍ന്നിരുന്നു.
അവളുടെ വരവ് അദ്ഭുതത്തോടെയാണ് കോളേജിലെ ആണ്‍കുട്ടികള്‍ കണ്ടത്.
അതീവ സുന്ദരിയായ അവള്‍ ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റാഫ് റൂമുകളിലും സംസാരവിഷയമായി.
ഹൈദരാബാദ് കേന്ദ്രമാക്കിയുള്ള രാജ്യാന്തര പ്രശസ്തിയാര്‍ജ്ജിച്ച ഒരു ഐ ടി കമ്പനിയുടെ ഉടമയാണ് അവളുടെ പിതാവ്.
അവളാണ് മിനിമോള്‍ മാത്യു.
“ഇല്ലല്ലോടാ എന്നാ കാര്യം?”
“എടീ ഇന്നത്തെ മീറ്റിങ്ങില്‍ വെല്‍കം സ്പീച് അവളാ. സെമിനാര്‍ ഹാള്‍ മൊത്തം നിറഞ്ഞു. ഗസ്റ്റ് മലയാളം ഡിപ്പാര്‍ട്ട്മെന്റില്‍ ഉണ്ട്. സെക്കന്‍റ്റുകള്‍ക്കുള്ളില്‍ മീറ്റിംഗ് തൊടങ്ങും. എല്ലാരും എത്തി. അവള് മാത്രം വന്നില്ല. അവളെ അന്വേഷിക്കാന്‍ ഒരിടം പോലും ഇനി ബാക്കിയില്ല.”
“അവള്‍ടെ ക്ലാസ്സില്‍ ഒന്ന്‍ നോക്കാന്‍ മേലാരുന്നോ?”
“അവടെ അവള്‍ ഒഴികെ ബാക്കിയെല്ലാരും ഒണ്ട്,”
“എന്നാലും നീ ഒന്നൂടെ നോക്ക്. ഞാനും തപ്പാം. നീ റ്റെന്‍ഷനടിക്കാതെ,”
ഷാരോണ്‍ നിര്‍ദ്ദേശിച്ചു.
“ശരി,”
അവന്‍ താഴേക്കിറങ്ങാന്‍ തുടങ്ങി.
“ഇനി അവളെയെങ്ങാനും കണ്ടില്ലേല്‍ പൊന്നുമോളെ നീ പറഞ്ഞേക്കണം വെല്‍ക്കം സ്പീച്,”
“നോക്കട്ടെ,”
ഷാരോണ്‍ പറഞ്ഞു.
“ആട്ടെ, ആരാ ഇന്നത്തെ ഗസ്റ്റ്?”
“ഇന്നത്തെ ഗസ്റ്റ് പൊറത്ത് നിന്നുള്ള ആള്‍ അല്ല.”
ഷെല്ലി അറിയിച്ചു.
“നമ്മടെ അകത്തേ ആള്‍. ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്‍റ്റിലെ നന്ദകുമാര്‍ സാര്‍. വിഷയം. ആണവനിലയങ്ങള്‍ ആര്‍ക്കുവേണ്ടി. ട്ടണ്‍ട്ടണേയ്…”
നന്ദകുമാര്‍ സാര്‍!
ഷാരോണിന്‍റെ മുഖം പ്രകാശിച്ചു.
“എന്നാല്‍ ഏറ്റു ഞാന്‍ കുട്ടാ,”
ഷാരോണ്‍ ആഹ്ലാദഭരിതയായി പറഞ്ഞു.
“ഇനി മിനി വില്ലിംഗ് ആണേലും അവള്‍ടെ പേര് വെട്ടിയേരെ,”
“ശരി,”
അവളുടെ ഉത്സാഹം കണ്ടു ഷെല്ലി ചെറുതായി അദ്ഭുതപ്പെട്ടു.
“എന്നാലും ആ ഡാഷ് മോള്‍ ക്ലാസ്സില്‍ ഒണ്ടോന്ന്‍ ഞാനൊന്ന്‍ നോക്കട്ടെ,”
