എന്നിട്ട് അവന്‍ അവളെ നോക്കി.
പിന്നെ പോക്കറ്റില്‍ നിന്നും തനിക്ക് മുമ്പ് കിട്ടിയ കാര്‍ഡ് എടുത്ത് അവളെ കാണിച്ചു.
“കയ്യക്ഷരം!”
ഗായത്രിക്ക് പെട്ടെന്ന് കാര്യം മനസ്സിലായി.
അവളുടെ മുഖം ജാള്യതകൊണ്ട് മൂടി.
മോഷണ മുതലില്‍ കൈവെച്ചപ്പോള്‍ ആയിരം ബള്‍ബ് പ്രകാശിക്കുന്നത് കണ്ട കള്ളനെപോലെ അവളുടെ മുഖം ചകിതമായി.
പെട്ടെന്ന് അവള്‍ കോണ്ക്രീറ്റ് ബെഞ്ചില്‍ നിന്നും എഴുന്നേറ്റു.
അവള്‍ ബസ്സിനു നേരെ പിന്തിരിഞ്ഞു.
“ഗായത്രി!”
ജോയല്‍ ശബ്ദമുയര്‍ത്തി.
ബസ്സിന്‍റെ നേരെ ചുവടുകള്‍ വെച്ച ഗായത്രി പിടിച്ചുകെട്ടിയത് പോലെ നിന്നു.
ജോയല്‍ അവളുടെ നേരെ ചെന്നു.
“എന്തിനായിരുന്നു, അത്?”
മുമ്പില്‍ നിന്നുകൊണ്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി അവന്‍ ചോദിച്ചു.
അവളുടെ ശ്വാസഗതി ഉയര്‍ന്നു. ലജ്ജയും ജാള്യതയും ചകിത ഭാവവും അവളുടെ മുഖത്തെ കീഴ്പ്പെടുത്തി.
“ജോയല്‍ അത്…”
അവള്‍ വാക്കുകള്‍ക്ക് വേണ്ടി വിഷമിച്ചു.
“നല്ലനാടന്‍ മലയാളത്തില്‍ പറഞ്ഞാല്‍ നൈസായിട്ട് ഒന്ന് കളിപ്പിക്കാം എന്ന് വിചാരിച്ചു…”
“ജോയല്‍ പ്ലീസ്!”
“ഏതോ ഒരു പെണ്‍കുട്ടി എന്നെ പ്രേമിക്കുന്നു, ഞാനത് ഓര്‍ത്ത് ടെന്‍ഷനടിക്കുന്നു…അതൊക്കെ കണ്ട് ഉള്ളില്‍ ചിരിക്കാന്‍ എന്തൊരു രസമായിരുന്നല്ലേ?”
അസഹ്യതയോടെ ഗായത്രി അവനെ നോക്കി.
“നേഹയും സഫീനയും ഒക്കെ എന്നെ നോക്കി ചിരിക്കുന്നത് കണ്ടതിന്റെ രഹസ്യം ഇപ്പഴല്ലേ മനസ്സിലായത്! എത്രപേരോട് ഈ ജോക്ക് ഷെയര്‍ ചെയ്തു ഗായത്രി, എന്നെ ഇങ്ങനെ പറ്റിക്കുന്ന വിവരം? അതാണോ!”
ജോയല്‍ അത് പറഞ്ഞു മുഴുമിക്കുന്നതിനു മുമ്പ് ഗായത്രിയുടെ വിരലുകള്‍ ജോയലിന്റെ ചുണ്ടുകളില്‍ അമര്‍ന്നു.
“ഞാന്‍ ജോയലിനെ പറ്റുക്കുവാന്ന്‍ ആര് പറഞ്ഞു?”
അവളുടെ ശബ്ദമുയര്‍ന്നു. മുറിവേറ്റതിന്റെ ക്രൌര്യം അവളുടെ ശബ്ദത്തില്‍ നിറഞ്ഞിരുന്നു.
അവളുടെ വിരല്‍തുമ്പുകള്‍ തന്‍റെ ചുണ്ടുകളില്‍ അമര്‍ന്ന നിമിഷം ജോയലിന്റെ ഉള്ളൊന്നു പതറി.
വിരലുകളുടെ മൃദുത്വവും ഊഷ്മളതയും അകതാരിലേക്ക് ഒഴുകിയിറങ്ങുന്ന ഒരു അനുഭൂതി.
“പറ്റിക്കുവല്ലാരുന്നെന്നോ?”
അവള്‍ വിരലുകള്‍ മാറ്റിയപ്പോള്‍ ജോയല്‍ ചോദിച്ചു.
“എന്നുപറഞ്ഞാല്‍? എന്നുപറഞ്ഞാല്‍ കാര്‍ഡില്‍ പറഞ്ഞിരിക്കുന്നത് ഒക്കെ റിയല്‍ ആണെന്നോ?”
ജോയലിന്റെ ചോദ്യത്തിന് മുമ്പില്‍ ആദ്യം ഗായത്രി ഒന്ന് സംഭ്രമിച്ചു.
പക്ഷെ പെട്ടെന്ന് അത് മനോഹരമായ ഒരു ലജ്ജയായി.
അവന്‍റെ കണ്ണുകളിലേക്ക് ഒന്ന് നോക്കിയതിന് ശേഷം അവള്‍ മുഖം കുനിച്ചു.
“ഗായത്രി….”
ജോയല്‍ ഒരു ചുവടുകൂടി അവളുടെ നേര്‍ക്ക് വെച്ചു.
അവളവനെ ഉറ്റു നോക്കി.
“എന്‍റെ പപ്പാ ആരാന്ന് അറിയാല്ലോ…”
അവന്‍ പറഞ്ഞു.
“ജേണലിസത്തില്‍ ഡോക്റ്ററേറ്റ് ഉണ്ട് പപ്പയ്ക്ക്. അധികം അങ്ങനെ ആരുമില്ല നമ്മുടെ രാജ്യത്ത്. എന്നുവെച്ചാല്‍ ഹൈലി എജ്യൂക്കേറ്റഡ് ആണ് എന്‍റെ പപ്പാ! പക്ഷെ മമ്മാ പറയുന്നത് പപ്പയ്ക്ക് വിദ്യാഭ്യാസം മാത്രേ ഉള്ളൂ വിവരം ഇല്ല എന്നാണു. എന്ന് വെച്ചാല്‍ വിദ്യാഭ്യാസത്തെ പ്രായോഗികമായി പണം സമ്പാദിക്കാന്‍ വേണ്ടി ഉപയോഗപ്പെടുത്താന്‍ പപ്പയ്ക്ക് അറിയില്ല എന്ന്…”
ഗായത്രി ജോയല്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്നറിയാതെ അവനെ ആകാക്ഷയോടെ നോക്കി.
“ആ പപ്പാടെ മോനാണ് ഞാന്‍!”
അവന്‍ തുടര്‍ന്നു.
“വിവരം കുറയും. എന്നാലും തീരെയില്ലാതില്ല….”
അവന്‍ ഒരു ചുവടുകൂടി അവളോടടുത്തു.
“നിന്നെപ്പോലെ വായില്‍ വജ്രക്കരണ്ടിയുമായി ജനിച്ച ഒരു പെണ്ണിന് എന്നെപ്പോലെ ഒരു മിഡില്‍ക്ലാസ്സ് പയ്യനോട് ഇഷ്ടമാണ് എന്നൊക്കെ ഒരു ഫിക്ഷണല്‍ മൂവിയില്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ കയ്യടിക്കാന്‍ ഓഡിയന്‍സ് ഉണ്ടാവും….”
ഗായത്രിയുടെ മുഖമിരുണ്ടു.
“പക്ഷെ….”
ജോയലിന്റെ ശബ്ദം മുറുകി.
“പണക്കാരി പെണ്ണുങ്ങടെ മറ്റൊരു ജോക്ക്…ക്ലബ്ബിലും ഡിസ്ക്കോയിലും ഒക്കെ കൂട്ടുകാര് കൂടി പറഞ്ഞ് കളിയാക്കി പരിഹസിച്ച് രസിക്കാന്‍ ഒരു പ്രാക്റ്റിക്കല്‍ ജോക്ക്! അതല്ലേ? അത്രയെല്ലേ ഗായത്രി ഉദ്ദേശിച്ചുള്ളൂ?”
