സൂര്യനെ പ്രണയിച്ചവൾ- 10 1

പറഞ്ഞു കഴിഞ്ഞ് അവന്‍ അവളെ ക്രുദ്ധനായി നോക്കി.

“പറഞ്ഞു കഴിഞ്ഞോ?”

അവള്‍ ശാന്തയായി പുഞ്ചിരിയോടെ ചോദിച്ചു.
അവളുടെ ഭാവം കണ്ട് അല്‍പ്പം അമ്പരപ്പ് തോന്നാതിരുന്നില്ല അവന്.

“അപ്പൊ ഈ സിനിമാക്കാര് സ്റ്റോറി ഉണ്ടാക്കുന്നത് റിയല്‍ ലൈഫില്‍ നിന്നാണ് എന്നിപ്പം എനിക്ക് മനസ്സിലായി…”

“എന്നുവെച്ചാല്‍?”

“എന്നുവെച്ചാല്‍ അതുപോലെയൊക്കെ ഡയലോഗ് അല്ലെ ഞാനിപ്പം കേട്ടത്! അമീര്‍ ഖാന്‍ മാധുരി ദീക്ഷിത്തിനോട് പറയുന്നു, വരുണ്‍ ധവാന്‍ ആലിയാ ഭട്ടിനോട് പറയുന്നു…തും നേ ക്യാ സോചാ അപ്നെ ആപ്കോ? മേ തുമാരെ ജാല്‍ ആനെ വാലാ നഹി ഹൂ…മുഴുവന്‍ മസില്‍മാന്‍ ഡയലോഗ്സ്..ഒറ്റ ശ്വാസത്തില്‍ അവരൊക്കെ എങ്ങനെ പറയുന്നു എന്നൊക്കെ ഞാന്‍ ഒരുപാട് ആലോചിച്ചിട്ടുണ്ട്‌. ഇപ്പം എനിക്ക് ഡൌട്ട് ഒന്നുമില്ല. വെറും സിമ്പിള്‍ ഹമ്പിള്‍ ജോയല്‍ ബെന്നറ്റിനു പോലും ഒറ്റശ്വാസത്തില്‍ ഇത്ര ഈസിയായി ഇതുപോലെ ഡയലോഗ്സ് പറയാമെങ്കില്‍ പ്രൊഫഷണല്‍സ് ആയ അവര്‍ക്ക് എത്ര ഈസി ആയിരിക്കും!”

“ഗായത്രി കളിയാകുകയാണോ?”

“ആണ്! അല്ലാതെ ഇത്ര ശ്വാസം വിടാതെ ജോ ഇങ്ങനെ സംസാരിക്കുമ്പം സീരിയസ്സാകാന്‍ ആര്‍ക്ക് പറ്റും?”

അവള്‍ ചിരിച്ചു.

“ജോ…”

അവള്‍ ശബ്ദം താഴ്ത്തി വിളിച്ചു.

“ഐം റിയലി സോറി…ഞാന്‍…”

അവള്‍ ദയനീയമായി അവനെ നോക്കി.

“ഞാന്‍ പറ്റിച്ചതല്ല. അതിന് കാരണമുണ്ട്. പ്ലീസ് ലെറ്റ്‌ മീ എക്സ്പ്ലൈന്‍ !”

ജോയല്‍ അവളെ നോക്കി.
മുഖം ശാന്തമാക്കി.
അത് കണ്ടപ്പോള്‍ അവളുടെ മുഖത്ത് മനോഹരമായ ലജ്ജ നിറഞ്ഞു.

“ചില കാര്യങ്ങള്‍ എനിക്ക് …”
അവള്‍ക്ക് ലജ്ജമൂലം ഒഴുക്കോടെ പറയാന്‍ കഴിഞ്ഞില്ല.

“ഒരു പെണ്ണാണ്‌…പറയാന്‍ കഴിയില്ല…അത് … ജോയല്‍ ആണ് എന്നോട് പറയേണ്ടത്… ജോയല്‍ അത് എന്നോട് പറയും എന്ന് ഞാന്‍ … റിയലി …ജോയല്‍ എന്നോട് അത് പറയും എന്ന് …പലപ്പോഴും ഞാന്‍ ജോയോട്‌ അടുത്ത് മിങ്കിള്‍ ചെയ്തു..ലാസ്റ്റ് ഇയര്‍ മുതല്‍ക്കേ …. മറ്റെല്ലാ കുട്ടികളെക്കാളും .ഐ മീന്‍ ഗേള്‍സിനെക്കാളും ഞാന്‍ എപ്പോഴും ജോയലിന്റെ കൂടെയുണ്ടായിരുന്നു….. അറിയാമോ ജോയ്ക്ക്? ഈ ക്യാമ്പസ്സില്‍ വേറെ ആരാ ജോയലിനെ ജോ എന്ന് വിളിച്ചിട്ടുള്ളേ ? ഓര്‍ത്ത് നോക്കിക്കേ ആരേലും വിളിച്ചിട്ടുണ്ടോ ജോ എന്ന്? മറ്റാരും ജോയലിനെ ജോ എന്ന് വിളിച്ചിട്ടില്ല. അങ്ങനെയെങ്കിലും ജോയല്‍ എന്‍റെ മനസ്സ് കാണും എന്ന് കരുതി.”

ജോയല്‍ അദ്ഭുതപ്പെട്ടു.
അവള്‍ പറഞ്ഞത് അവന് വിശ്വസിക്കാനായില്ല.
ഗായത്രി തന്നോട് സാധാരണമായതില്‍ക്കൂടുതല്‍ ഇടപഴകിയിട്ടുണ്ടോ?
യെസ്!
പെട്ടെന്നവന് മനസ്സിലായി.
ലൈബ്രറിയില്‍, കളിസ്ഥലങ്ങളില്‍, കാന്റീനില്‍, ഇടനാഴികകളില്‍, ക്യാമ്പസ്സിലെ മരത്തണലുകളില്‍, സാംസ്ക്കാരിക-കായിക മത്സരങ്ങള്‍ നടക്കുന്ന സമയങ്ങളില്‍ എപ്പോഴും നിഴല്‍ പോലെ ഗായത്രിയുണ്ടായിരുന്നു.
താന്‍ പക്ഷെ അതില്‍ അസാധാരണത്വമൊന്നും കണ്ടിരുന്നില്ല.
മറ്റ് കൂട്ടുകാരെപ്പോലെ ഒരാള്‍.
അങ്ങനെ മാത്രം ഇടപഴകി!
അതില്‍ക്കൂടുതല്‍ ഒന്നും തന്നെ താന്‍ കണ്ടിരുന്നില്ല.
ഒരുപക്ഷെ അവളുടെ തീക്ഷണ സൌന്ദര്യമായിരിക്കാം അതിന് കാരണം.
ഇത്രയും സുന്ദരിയായ ഒരു പെണ്ണിന് തന്നോട് പ്രണയം തോന്നാന്‍ ഒരു സാധ്യതയുമില്ല എന്ന് തന്‍റെ ഉപബോധമനസ്സില്‍പ്പോലും ബോധ്യമുണ്ടായിരുന്നത് കൊണ്ടാവാം.
പക്ഷെ അവള്‍ തന്നെ ഇപ്പോള്‍ പറയുകയാണ്.
അവളുടെ രക്തത്തില്‍, ശ്വാസത്തില്‍, പ്രാണനില്‍ താനുണ്ടായിരുന്നു എന്ന്!
ജീവരേണുക്കളെ നിദ്രയില്‍ നിന്നുമുണര്‍ത്തുന്ന സംഗീതത്തില്‍ നിന്നും സ്വര്‍ണ്ണത്തൂവലുകള്‍ അടര്‍ന്ന് തന്‍റെ മേല്‍ പെയ്തിറങ്ങുന്നു.
ദൂരെ ഗോതമ്പ് പാടങ്ങളുടെ അതിരില്‍, പുലരിക്കാറ്റില്‍ തിരയിളക്കുന്ന ജമന്തിപ്പൂക്കളുടെ സുവര്‍ണ്ണ ഗന്ധം ക്ഷേത്രത്തില്‍ നിന്നുമൊഴുകുന്ന ദേവസങ്കീര്‍ത്തനത്തിലലിഞ്ഞ് അവരെ തഴുകി.
അപ്പോള്‍ പ്രണയത്തിന്‍റെ തീവ്രമായ ഒരു കനല്‍മിന്നല്‍ തന്‍റെ ഇന്ദ്രിയങ്ങള സുഖകരമായി പൊള്ളിച്ചത് ജോയല്‍ അറിഞ്ഞു.
പ്രണയത്തിന്‍റെ വിണ്‍ശംഖ് മീട്ടുന്നതാരാണ്?

Leave a Reply

Your email address will not be published. Required fields are marked *