സൂര്യനെ പ്രണയിച്ചവൾ- 16

“ഉണ്ണിയുടെ ലൊക്കേഷനില്‍…?”

സന്തോഷ്‌ വിളിച്ചു ചോദിച്ചു.

“അവിടെ ഐസക്കിനെ കെട്ടിയിട്ടിരിക്കുന്നു….”

റിയ അറിയിച്ചു.

“ദ സെയിം വിഷ്വല്‍… പുറത്ത് അയാള്‍ടെ ഭാര്യ, മകള്‍ , മകന്‍ ..അവര്‍
അറിഞ്ഞിട്ടില്ല ഐസക്കിന്‍റെ കണ്ടീഷന്‍..ദാണ്ടേ നമ്മുടെ രവി അയാള്‍ടെ മകനെ പുറത്ത് കയറ്റി ആന കളിക്കുന്നു…! ഇവനെയൊക്കെയാരാ ഈ ടെററിസ്റ്റാക്കിയെ?”

റിയയുടെ പരാമര്‍ശം മറ്റുള്ളവരില്‍ ചിരി പടര്‍ത്തി.

“ജോയലെ, ഉണ്ണിയ്ക്ക് മെസേജ് കൊടുത്തോ?”

ഡ്രൈവ് ചെയ്യുന്നതിനിടെ സന്തോഷ്‌ വിളിച്ചു ചോദിച്ചു.

“കൊടുത്തു..”

ജോയല്‍ പറഞ്ഞു.

“രാകേഷും ടീമും റിസോര്‍ട്ടില്‍ നിന്നു മൂവ് ചെയ്ത ആ സെക്കന്‍ഡില്‍ ഉണ്ണിയ്ക്ക് മെസേജ് നല്‍കി..റിയേ, നോക്ക് ഉണ്ണിയും സംഘവും അവിടെ നിന്നും മൂവ് ചെയ്യുവല്ലേ?”

“ചെയ്യുന്നു…”

മോണിട്ടറില്‍ മിഴികള്‍ നട്ട് റിയ പറഞ്ഞു.

“പ്ലാന്‍ ചെയ്ത പോലെ അവര്‍ ഐസക്കിന്‍റെ വായ്‌ സെല്ലോ ടേപ്പ് കൊണ്ട് കവര്‍ ചെയ്തു… എന്നിട്ട് കൊല്ലങ്കോട് റൂട്ടിലേക്കുള്ള വഴിയെ തിരിഞ്ഞു…”

“രാകേഷിന്റെ വണ്ടി നമ്മുടെ ഫീല്‍ഡില്‍ കയറാന്‍ സമയമായോ?”

സന്തോഷ്‌ വിളിച്ചു ചോദിച്ചു.

“ഇല്ല…”

റിയ പറഞ്ഞു.

“കാല്‍ക്കുലേഷന്‍ ശരിയാണേല്‍ ഇനിയും അഞ്ചു മിനിറ്റ് കഴിഞ്ഞേ നമ്മുടെ വിഷ്വല്‍ ഫീല്‍ഡില്‍ രാകേഷിന്റെ വണ്ടി പ്രവേശിക്കൂ…”

“ശരി!”

ജോയല്‍ എഴുന്നേറ്റു.

“ഇനി അഞ്ചു മിനിറ്റില്‍ കൂടുതല്‍ സമയമില്ല….”

അവന്‍ പുറത്തേക്ക് നോക്കി.

“ലാലപ്പാ, പ്ലാന്‍ എ…നീ റിയേടെ കൂടെ വാനില്‍ത്തന്നെ…ഞാനും ഷബ്നവും സന്തോഷ്‌ ചേട്ടനും ഗ്രൗണ്ടില്‍…ഷബ്നം ഓര്‍മ്മയുണ്ടല്ലോ ഫസ്റ്റ് ഓപ്പറേഷന്‍ ആണ്…ചിലപ്പോള്‍ പോലീസ് കാണും…”

“റിസോര്‍ട്ടില്‍ യൂണിഫോമിട്ട പോലീസ് ആരുമില്ല…”

റിയ മോണിട്ടര്‍ സസൂക്ഷമം വീക്ഷിച്ചുകൊണ്ട് പറഞ്ഞു.

“സിവില്‍ ഡ്രെസ്സില്‍ നമ്മള്‍ കണ്ടിട്ടുള്ള ആരും തന്നെ പോലീസ് ആയിട്ടില്ല…”

“പറഞ്ഞത് ഓര്‍മ്മയുണ്ടല്ലോ?”

ജോയല്‍ ഷബ്നത്തെ നോക്കി.

“ഗണ്‍ എപ്പോഴും റെഡിയായി കൈയ്യില്‍ കാണണം… കിറ്റ്‌ തോളില്‍ എപ്പോഴും കൈകടത്താന്‍ പാകത്തില്‍…പിന്നെ …”
അവന്‍ അവളെ ഗൌരവത്തോടെ നോക്കി.

“അറിയാം ഏട്ടാ…പിന്നെ …പിന്നെ ഓസ്മിയം ടെട്രോക്സൈഡ്….”

ആ മാരക വിഷത്തിന്റെ പേര് ഷബ്നം ഉച്ചരിച്ചപ്പോള്‍ റിയ അവളെ നോക്കി.
ഷബ്നം പുഞ്ചിരിയോടെ റിയയെ നോക്കി.
ജോയല്‍ വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച തോക്കുകള്‍ പരിശോധിച്ച് ഉറപ്പ് വരുത്തി.
ലാലപ്പന്‍ വാനിന്റെ സീറ്റിനടിയില്‍ നിന്നു കലാഷ്നിക്കോവ് പുറത്തെടുത്തു.
പോക്കറ്റില്‍ റിവോള്‍വര്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തി.
*******************************************************

“മോന്‍ പോയ സ്ഥലം ദൂരെയാണോ മേനോന്‍?”

മഹേശ്വര വര്‍മ്മ, രാകേഷിന്റെ അച്ഛന്‍, പദ്മനാഭന്‍ തമ്പിയോട് ചോദിച്ചു.
മൈക്കിലൂടെ ഭക്ഷണം കഴിക്കാനുള്ള അറിയിപ്പ് നല്‍കിക്കഴിഞ്ഞതേയുള്ളൂ അയാളപ്പോള്‍.

“ഇവിടെ നിന്നും ഇരുപത് കിലോമീറ്റര്‍ ദൂരമുണ്ട്,”

പദ്മനാഭന്‍ തമ്പി പറഞ്ഞു.

“വര്‍മ്മ സാര്‍ പേടിക്കേണ്ട! രാകേഷ് വിജയിച്ചു വരും!”

“ചുമ്മാ അവിടെ വരെ ഒന്ന് പോയാലോ എന്നാലോചിക്കുന്നു!”

അദ്ദേഹം പറഞ്ഞു.

“അങ്ങനെയെങ്കില്‍ ഞാനും വരാം!”

പദ്മനാഭന്‍ തമ്പി ഉത്സാഹത്തോടെ പറഞ്ഞു.

“നമുക്ക് ഒരുമിച്ച് പോകാം!”

മഹേശ്വര വര്‍മ്മയുടെ മുഖം പ്രസന്നമായി.

“ആരും അറിയണ്ട! പ്രത്യേകിച്ചും പെണ്ണുങ്ങള്‍!

പദ്മനാഭന്‍ തമ്പി തന്‍റെ മുറിയിലേക്ക് പോയി.
അഞ്ചു നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തിരികെ വന്നു.

“എങ്ങോട്ട് പോയതാ?”

പുറത്തേക്ക്, കാറിനടുത്തേക്ക് നടക്കവേ മഹേശ്വര വര്‍മ്മ തിരക്കി.

“പോകുന്ന സ്ഥലത്തിന്‍റെ പ്രത്യേകത അനുസരിച്ച് അല്‍പ്പം പ്രിപ്പറേഷന്‍ ഒക്കെ വേണ്ടേ സാര്‍!”

പദ്മനാഭന്‍ തമ്പി ചിരിച്ചു.

“എന്നുവെച്ചാല്‍?”

മനസ്സിലാകാതെ മഹേശ്വര വര്‍മ്മ ചോദിച്ചു.

“പോക്കറ്റില്‍ ഉഗ്രനൊരു സാധനമുണ്ട്…”
പദ്മനാഭന്‍ തമ്പി വീണ്ടും ചിരിച്ചു.

“എപ്പഴാ ചാന്‍സ് വരുന്നത് എന്നറിയില്ലല്ലോ, തലമണ്ട നോക്കി ഒന്ന് പൊട്ടിക്കാന്‍! ഹഹഹ!!”

മഹേശ്വര വര്‍മ്മയ്ക്ക് കാര്യം മനസ്സിലായി.
*****************************************************************
ആളുകള്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങുകയായിരുന്നു.
പെട്ടെന്ന് ഗേറ്റില്‍ നിന്നിരുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ നിലം പതിയ്ക്കുന്നത് പന്തലിനുള്ളില്‍ കൂടിയിരുന്നവര്‍ കണ്ടു.
അവര്‍ ഭയചകിതരായി എഴുന്നേറ്റു.
പെട്ടെന്ന് കാതടപ്പിക്കുന്ന വെടിയൊച്ച മുഴങ്ങി.

തുടര്‍ന്ന് കണ്ണുകളൊഴികെ ശരീരഭാഗങ്ങള്‍ മുഴുവന്‍ മറച്ച ഒരു യുവതി കയ്യില്‍ നീട്ടിപ്പിടിച്ച കലാഷ്നിക്കോവുമായി പന്തലിനുള്ളിലേക്ക് ഇരച്ച്, കുതിച്ച് കയറി.
പന്തലിനെ തുളച്ചുകൊണ്ട് അവളുടെ തോക്കില്‍ നിന്നും വെടിയുതിര്‍ന്നു.

“അനങ്ങരുത്, ആരും!!”

അവള്‍ ആക്രോശിച്ചു.
ഭയചകിതരായ ആളുകളെ നിശ്ചലരാക്കിക്കൊണ്ട് അവളുടെ ശബ്ദം മുഴങ്ങി.

“ഡോണ്ട് ടച്ച് യുവര്‍ മോബൈല്സ്…. ഡോണ്ട് ട്രൈ റ്റു മേക് എനി കമ്മ്യൂണിക്കെഷന്‍ ഫ്രം ഹിയര്‍…”

അത് പറഞ്ഞ് അവള്‍ വീണ്ടും മുകളിലേക്ക് വെടിയുതിര്‍ത്തു.
ആളുകള്‍ ഭയചകിതരായി വിറച്ച്, വിറങ്ങലിച്ച് നില്‍കുകയാണ്‌.
റിസോര്‍ട്ടിലേ, ഫസ്റ്റ് ഫ്ലോറില്‍, തന്‍റെ മുറിയിലായിരുന്ന ഗായത്രി ശബ്ദവും കോലാഹലവും കേട്ട് പുറത്തേക്ക് വന്നു.
അവള്‍ക്ക് പിന്നാലെ സാവിത്രിയും ഊര്‍മ്മിളയും.
ഗായത്രി പുറത്തേക്ക് വന്ന നിമിഷം തോക്കേന്തിയ യുവതി അവളെ സാകൂതം നോക്കി.

“യാ, അല്ലാഹ്!!”

ഗായത്രിയെ നോക്കി അവള്‍ മന്ത്രിച്ചു.
പിന്നെ ഉയര്‍ത്തിപ്പിടിച്ച തോക്കുമായി അവള്‍ ഗേറ്റിലേക്ക് നോക്കി.
അപ്പോള്‍ അവിടെനിന്ന് ജോയല്‍ പ്രവേശിച്ചു.
അവന് പിന്നലെ സന്തോഷും.
സന്തോഷ്‌ ഉയര്‍ത്തിപ്പിടിച്ച കലാഷ്നിക്കൊവുമായി ഗേറ്റില്‍ നിന്നു.

“ജോയല്‍ ബെന്നറ്റ്‌!!”

ചിലര്‍ വിറങ്ങലിച്ച ശബ്ദത്തില്‍ മന്ത്രിച്ചു.

“എവിടെ?”

ആള്‍ക്കൂട്ടത്തിന് നടുവിലേക്ക് വന്ന് ജോയല്‍ ഗര്‍ജ്ജിച്ചു.
“പദ്മനാഭന്‍ തമ്പി എവിടെ?”

ആളുകള്‍ ഒന്നും പറയാതെ തന്നെ ഭയന്ന് നോക്കിനില്‍ക്കുക മാത്രം ചെയ്തപ്പോള്‍ ജോയല്‍ അടുത്തു നിന്ന ഒരു മധ്യവയസ്ക്കന്റെ കോളറില്‍ കയറിപ്പിടിച്ച് അയാളെ ഉലച്ചു.

“ചെവി കേട്ടുകൂടെ തനിക്ക്?”

ജോയല്‍ അയാളോട് ചോദിച്ചു.

“തമ്പി…തമ്പി …”

അയാള്‍ നിന്നു വിക്കി.

“തമ്പി?”

ജോയല്‍ അയാളോട് രൂക്ഷത കുറയാത്ത സ്വരത്തില്‍ ചോദിച്ചു.

“ഇപ്പം ..ഇപ്പം പുറത്തേക്ക് പോയി ….കാറില്‍…”

“ശ്യെ!!”

നിരാശയോടെ ജോയല്‍ പറഞ്ഞു.

“എങ്ങോട്ട്?”

“അത …അതറി …അതറിയി…അതറിയില്ല…”

അയാള്‍ വീണ്ടും വിക്കി വിക്കി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *