സൂര്യനെ പ്രണയിച്ചവൾ- 16

“ഏട്ടാ….”

ഷബ്നം അവനെ അടക്കിയ ശബ്ദത്തില്‍ വിളിച്ചു.
ജോയല്‍ അവളെ നോക്കി.

“മുകളില്‍ …”

ജോയല്‍ ചുറ്റും നോക്കി.

“അവിടെയല്ല … മുകളില്‍ ..ശിയ്…ഇവിടെ ..ദേ ..ഇവിടെ..ഗായത്രി…”

അവള്‍ നോക്കിയ ദിക്കിലേക്ക് ജോയല്‍ കണ്ണുകള്‍ പായിച്ചു.
ഒരു നിമിഷം അവന്‍റെയുള്ളില്‍ ഒരു വിറയല്‍ പാഞ്ഞു.
തന്‍റെ കണ്ണുകളിലേക്ക് നോക്കി ഗായത്രി!
തീക്ഷണമായി!
വികാരതീവ്രതയോടെ!
അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു രാത്രി വിട്ട് പോന്നതാണ് അവളെ!

രംഗത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കി സന്തോഷ്‌ ഗേറ്റില്‍ നിന്നും ഉള്ളിലേക്ക് വന്നു.

“ആരും ഭയപ്പെടേണ്ട!”

തന്‍റെ സ്വതസിദ്ധമായ മുഴക്കമുള്ള സ്വരത്തില്‍ അയാള്‍ ഉറക്കെ പറഞ്ഞു.
“നിങ്ങളെ ആരെയും ഞങ്ങള്‍ ഉപദ്രവിക്കില്ല… നിങ്ങള്‍ ഇരിക്കുന്നയിടത്ത് നിന്നും അനങ്ങാതെ, ഫോണ്‍ ചെയ്യാന്‍ ശ്രമിക്കാതെ, അല്‍പ്പ സമയം ഞങ്ങള്‍ക്ക് വേണ്ടി കാത്തിരുന്നാല്‍…”

ആളുകള്‍ ഭയന്ന് അയാള്‍ക്ക് നേരെ തലകുലുക്കി.

“പുറത്ത് കിടക്കുന്ന ആ വാന്‍ കണ്ടോ!”

അയാള്‍ പുറത്തേക്ക് വിരല്‍ ചൂണ്ടി.
ആളുകളും അങ്ങോട്ട്‌ നോക്കി.

“…അവിടെ ഞങ്ങളുടെ ആളുകള്‍ നിങ്ങളുടെ, ഈ പന്തലില്‍ ഇരിക്കുന്ന ഓരോരുത്തരുടെയും മൂവ്മെന്‍റ് മോണിട്ടര്‍ ചെയ്യുന്നുണ്ട്…പുറത്തുള്ള ആരെയെങ്കിലും ഏതെങ്കിലും വിധത്തില്‍ നിങ്ങള്‍ ബന്ധപ്പെടാന്‍ ശ്രമിച്ചാല്‍ അത് ഞങ്ങള്‍ അറിയും…അറിഞ്ഞാല്‍ ആ വിവരം മറ്റുള്ളവര്‍ക്ക് ഞങ്ങള്‍ കൈമാറും..അവര്‍ നിങ്ങളെ കൊല്ലും!”

അവസാനത്തെ വാക്കുകള്‍ വളരെ പൈശാചികത നിറഞ്ഞ ശബ്ദത്തിലാണ് സന്തോഷ്‌ ഉരുവിട്ടത്.
അത് കേള്‍വിക്കാരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.
ജോയല്‍ പടികള്‍ കയറി റിസോര്‍ട്ടിന്‍റെ ഫസ്റ്റ് ഫ്ലോറിലേക്ക് പോയി.
അവളുടെ മുഖത്തേക്ക്, കണ്ണുകളിലേക്ക് നോക്കിയാണ് അവന്‍ ഓരോ ചുവടും മുമ്പോട്ട്‌ വെച്ചത്.

അന്ന് മണാലിയില്‍, വാര്‍ബിള്‍ പക്ഷികളുടെ സംഗീതം കേട്ട് തന്‍റെ മടിയില്‍ കിടന്നിരുന്ന ഗായത്രിയെ അവനോര്‍ത്തു.
“ജോ…”

അവള്‍ വിളിച്ചു.
താന്‍ ഉത്തരമായി മൂളി.

“ജോ മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ അവരുടെ കണ്ണുകളില്‍ നോക്കുമോ?”

“പിന്നെ കണ്ണുകളില്‍ നോക്കാതെ? അല്ലാതെ അവിടെയും ഇവിടെയും നോക്കി സംസാരിക്കുന്നവര്‍ ഡിസ്ഹോനെസ്റ്റ് ആണ്…കള്ളത്തരമുള്ളവര്‍…”

“പക്ഷെ ജോ നോക്കണ്ട!”

“എന്താ?”

തനിക്കൊന്നും മനസ്സിലായില്ല.

“ബോയ്സിനോട് സംസാരിക്കുമ്പോള്‍ കുഴപ്പമില്ല…”

കയ്യെത്തിച്ച് തന്‍റെ അധരം ചൂണ്ടുവിരളിനും പെരുവിരലിനുമിടയില്‍ പിടിച്ച് ഞെരിച്ചുകൊണ്ട് അവള്‍ അന്ന് പറഞ്ഞു.

“പക്ഷെ പെണ്ണുങ്ങളോട് സംസാരിക്കുമ്പോള്‍ അവരുടെ കണ്ണുകളില്‍ നോക്കരുത്!”

“അത്ശരി!!”

താന്‍ അവളെ ദേഷ്യം പിടിപ്പിക്കുന്ന സ്വരത്തില്‍ പറഞ്ഞു.

“എന്നുവെച്ചാല്‍ പെണ്ണുങ്ങളൊക്കെ വിചാരിച്ചോട്ടെ ഞാന്‍ ഒരു പോങ്ങന്‍ ആണ് എന്നല്ലേ?”

“പോങ്ങന്‍ എന്ന് വെച്ചാല്‍? ഇതെന്തോക്കെ വേഡ് ആണ് ജോ ഈ പറയുന്നേ?”
“പോങ്ങന്‍ എന്ന് വെച്ചാല്‍?”

താന്‍ ആലോചിച്ചു.

“ഡെഫിനീഷന്‍ വേണോ എക്സാമ്പിള്‍ വേണോ?”

“എക്സാമ്പിള്‍ മതി. അപ്പൊ മനസ്സിലാക്കാന്‍ എളുപ്പമല്ലേ?”

“ശരി!”

ജോയല്‍ ചിരിച്ചു.

“എക്സാമ്പിള്‍ പറയാം! പോങ്ങന്‍ എന്ന പദത്തിന് ബെസ്റ്റ് എക്സാമ്പിള്‍ ആണ് ഗായത്രി മേനോന്‍…”

“ഛീ!!”

അവള്‍ തന്‍റെ ചുമലില്‍ അടിച്ചു.

“എന്നെ കളിയാക്കിയതാ അല്ലെ! ഞാന്‍ കൂട്ടില്ല!”

അത് പറഞ്ഞ് അവള്‍ എഴുന്നേറ്റു.
താനും എഴുന്നേറ്റു.
അവള്‍ തന്നെ നോക്കിക്കൊണ്ട് പിറകോട്ടു നടക്കാന്‍ തുടങ്ങി.
താന്‍ അവളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് മുമ്പോട്ടും.

“നോക്കല്ലേ എന്നെ ഇങ്ങനെ…”

മഞ്ഞിലൂടെ പിമ്പോട്ട് നടക്കവേ, തന്‍റെ കണ്ണുകളില്‍ നിന്നും നോട്ടം മാറ്റാതെ ഗായത്രി പറഞ്ഞു.

“എന്നെ മേല് മൊത്തം പൊള്ളിപ്പോകുന്നു ജോ ഇങ്ങനെ എന്നെ നോക്കുമ്പോള്‍ …. എനിക്ക് വയ്യ എന്‍റെ ജോ ….”

പെട്ടെന്ന് മണാലിയിലെ ആ മധ്യാഹ്നനേരം അവന്‍റെ കണ്ണുകളില്‍ നിന്നും മറഞ്ഞു.
ഇപ്പോള്‍ തന്നെ അതിരൂക്ഷമായ നോട്ടം കൊണ്ട് ദഹിപ്പിക്കുകയാണ് അവള്‍.
അവളുടെ മുഖത്ത് ഇപ്പോള്‍ പരിഹാസമാണ്!
ഓരോ പടിയും ജോയല്‍ മുകളിലേക്ക് കയറിയത് ഗായത്രിയുടെ കണ്ണുകളില്‍ നോക്കിക്കൊണ്ടാണ്.
പടികള്‍ പിന്നിട്ട് അവന്‍ അവളുടെ മുമ്പിലെത്തി.

“പദ്മനാഭന്‍ തമ്പി എവിടെ?”

അവളുടെ കണ്ണുകളില്‍ നിന്നും നോട്ടം മാറ്റാതെ ജോയല്‍ ചോദിച്ചു.

“ഹ്മം…!”
പരിഹാസം ധ്വനിക്കുന്ന സ്വരത്തില്‍ ഗായത്രി അമര്‍ത്തി മൂളി.

“ഇങ്ങനെ എന്‍റെ അടുത്ത് എത്താന്‍ ഒരു വൃത്തികെട്ട ഗെയിം നിങ്ങള്‍ കളിച്ചില്ലേ? വേറെ എവിടെയോ ആണ് നിങ്ങള്‍ എന്ന് പോലീസിനെ തെറ്റിധരിപ്പിച്ച്? അവിടേക്ക് പോയിരിക്കുകയാ എന്‍റെ അച്ഛന്‍. നിങ്ങള്‍ അവിടെ ഉണ്ട് എന്നറിഞ്ഞ്! എന്‍റെ അച്ഛന്‍ നിങ്ങളെപ്പോലെയല്ല…നിങ്ങളെപ്പോലെയുള്ള കൊടും ഭീകരന്മാരുടെ സ്ഥലത്തേക്ക് നിങ്ങളെ തിരക്കിപ്പോയിരിക്കുന്നു…”

സമീപത്ത് നിന്ന സാവിത്രി അത് കേട്ട് ഭയന്ന് മകളെ നോക്കി.
പദ്മനാഭന്‍ തമ്പി രാകേഷിന്റെ പിന്നാലെ പോയ വിവരം അവര്‍ അറിഞ്ഞിരുന്നില്ല.

ജോയല്‍ ചിരിച്ചു.
പരിഹാസവും വേദനയും പുച്ചവും നിറഞ്ഞ ചിരി.

“നിന്‍റെ അച്ഛന്‍!”

അവന്‍ പുച്ഛത്തോടെ പറഞ്ഞു.

“അതെ!”

അതേ ആവേശത്തില്‍ ഗായത്രി.

“അതെ എന്‍റെ അച്ഛന്‍! രാജ്യസ്നേഹിയായ എന്‍റെ അച്ഛന്‍! സ്വന്തം രാജ്യത്തെ തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുന്നവരെ സഹായിച്ച്, നിയമത്തിന്‍റെ കയ്യില്‍ ഒടുങ്ങിയ നിങ്ങളുടെ അച്ഛനെപ്പോലെയല്ല…അറി…”

“നിര്‍ത്തെടീ!!”

ഗായത്രി പറഞ്ഞു തീരുന്നതിനു മുമ്പ് ജോയല്‍ അലറി.
അവള്‍ കിടുങ്ങി വിറച്ചു.
രംഗത്തിന്‍റെ അപ്രതീക്ഷിതമായ പോക്കില്‍ ആകാംക്ഷ ഒളിപ്പിക്കാനാവാതെ ഷബ്നം മുകളിലേക്ക് വന്നു.

“നിനക്ക് എന്തറിയാം എന്‍റെ പപ്പായെപ്പറ്റി? നിനക്ക് എന്തറിയാം നിന്‍റെ അച്ഛനെപ്പറ്റി? അറിഞ്ഞാല്‍ പുന്നാര മോളെ, മനുഷ്യത്തമുണ്ടെങ്കില്‍ നീ തന്നെ കയറ്റും അയാടെ തലയോട്ടിക്കകത്ത് വെടിയുണ്ട! അറിയുമോ നിനക്ക്?”

“അറിയാം!”

ആവേശമൊട്ടും ചോരാതെ ഗായത്രി തിരിച്ചടിച്ചു.

“പറഞ്ഞുള്ള അറിവല്ല…നേരിട്ട് കണ്ട അറിവ്! ഇപ്പം കയ്യിലിരിക്കുന്ന ആ ആയുധമില്ലേ? അതുകൊണ്ട്, ആ ആയുധം കൊണ്ട്, പിശാച് പോലും അറയ്ക്കുന്ന മുഖത്തോടെ നിങ്ങള്‍ കൊന്ന് തള്ളുന്നത്! ലൈവ് വിഷ്വല്‍! കുലത്തൊഴിലായി കൊന്ന് തള്ളുന്നവരുടെ കുടുംബത്തിലാണ് പിറവിയെന്ന് കണ്ണുമടച്ച് പറയാം! നല്ല സീസണ്‍ഡ് കില്ലേഴ്സിനെപ്പോലെ എത്ര കൃത്യമായാണ് അന്ന് തോക്ക് പിടിച്ച് കൊന്ന് തള്ളുന്ന രംഗം ഞാന്‍ ടി വിയില്‍ കണ്ടത്!”

കണ്ണുകളില്‍ അഗ്നിസ്ഫുലിംഗങ്ങളോടെ ഗായത്രി അവനെ നോക്കി.
“..പിന്നെ എന്തറിയണം?”

Leave a Reply

Your email address will not be published. Required fields are marked *