സൂര്യനെ പ്രണയിച്ചവൾ- 16 Like

അവളുടെ സ്വരം വിറച്ചു.
കണ്ണുകള്‍ നിറഞ്ഞു.

“ജീവിതകാലം മുഴുവന്‍ ഞാന്‍ പ്രാര്‍ഥിച്ചത് ഈശ്വരന്‍റെ മുമ്പിലാണ്… പക്ഷെ എനിക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടതോ പിശാചും! നിങ്ങള്‍…ഭീകരന്‍! ടെററിസ്റ്റ്! പിശാച്!”

നിയത്രിക്കാനാവാത്ത ദേഷ്യത്തോടെ ജോയല്‍ സമീപം നിന്ന ഷബ്നത്തേ നോക്കി.

“വാടീ!”

അവന്‍ ഷബ്നത്തോട് ഗര്‍ജ്ജിച്ചു.
പിന്നെ കൊടുങ്കാറ്റിന്റെ വേഗത്തില്‍ പടികള്‍ ഇറങ്ങി.
പരിസരം സസൂക്ഷമം വീക്ഷിച്ചുകൊണ്ട് ഷബ്നവും അവന്‍റെ പിന്നാലെ ചെന്നു.
കലിയടങ്ങാതെ ജോയല്‍ ചുറ്റും നോക്കി.
മണ്ഡപത്തിന് സമീപം അലങ്കരിച്ച മേശപ്പുറത്ത് വെച്ചിരുന്ന വിലയേറിയ മദ്യക്കുപ്പികളിലൊന്നവനെടുത്തു.
മണ്ഡപത്തിന് നേരെ എറിഞ്ഞു.

“ഉന്നം തെറ്റാതെ ഷൂട്ട്‌ ചെയ്യെടീ!”

മുമ്പോട്ട്‌ എറിയപ്പെട്ട മദ്യബോട്ടില്‍ നോക്കി അവന്‍ കലിയോടെ പറഞ്ഞു.
ഷബ്നത്തിന്‍റെ തോക്ക് ഗര്‍ജ്ജിച്ചു.
മണ്ഡപത്തിന്‍റെ നിലം തൊടുന്നതിന് മുമ്പ് വെടിയുണ്ട ബോട്ടിലിനെ ചിതറിച്ചു.
തീനാവുകള്‍ ആവാഹിച്ച മദ്യത്തുള്ളികള്‍ മണ്ഡപത്തെ അലങ്കരിച്ച പന്തലിലേക്ക് ചിതറി വീണു.
നിമിഷങ്ങള്‍ക്കുള്ളില്‍ മണ്ഡപം അഗ്നിക്കിരയായി.

“ഇതുപോലെ കത്തുന്ന ഒരു ദിവസം വരും!”

മുകളിലേക്ക് നോക്കി, ഗായത്രിയുടെ കണ്ണുകളിലേക്ക് നോക്കി, ജോയല്‍ ആക്രോശിച്ചു.

“നിന്‍റെ തന്തയെ! അത്രയ്ക്കും തീയുണ്ട്‌ ഇവിടെ”

അവന്‍ നെഞ്ചില്‍ ആഞ്ഞിടിച്ചു.
“ഇവിടെ!”

വീണ്ടും ഇടിച്ചു.

“ഇവിടെ….!”

“ഏട്ടാ!!”

ചുരുട്ടിയ മുഷ്ടി നെഞ്ചിലേക്ക് വീണ്ടും വീഴുന്നതിനു മുമ്പ് ഷബ്നം അവന്‍റെ കൈയ്ക്ക് പിടിച്ചു.

“മതി!!”

അവള്‍ യാചിച്ചു.

“ഇനി വേണ്ട!!”

“അന്ന് നിന്‍റെ കണ്ണീന്ന് എന്തോരം പൂങ്കണ്ണീരു വീണാലും കെടില്ലെടീ ആ തീയ്…അയാളെ വെണ്ണീറാക്കാതെ!!”

കിതച്ചുകൊണ്ട് അവന്‍ അവളെ നോക്കി.

“കരുതിയിരുന്നോളാന്‍ പറ അയാളോട്….എന്നിട്ട് നിന്‍റെ കാണാപ്പാഠപ്പുസ്തകത്തില്‍ നീ റൌണ്ട് ഫിഗര്‍ ചെയ്ത് വെച്ചിട്ടില്ലേ ഞാന്‍ കൊന്ന് തിന്നവരുടെ സംഖ്യ? അതിന്‍റെ കൂടെ ഒന്ന് കൂടി കൂട്ടാം നിനക്ക്!”

രണ്ട് നിമിഷമെങ്കിലും ഗായത്രിക്ക് നേരെ ഉയര്‍ത്തിയ ചൂണ്ടുവിരല്‍ ജോയല്‍ മടക്കിയില്ല.

“വാടീ!”

അവന്‍ ഷബ്നത്തോട് പറഞ്ഞു.
പിന്നെ സന്തോഷിനോടൊപ്പം പുറത്തേക്ക് നടന്നു.
[തുടരും]

Leave a Reply

Your email address will not be published. Required fields are marked *