സൂര്യനെ പ്രണയിച്ചവൾ- 17

ഊര്‍മ്മിള തുടര്‍ന്നു.

“ഞാന്‍ വീണ്ടും വയസ്സിയായി… ഇപ്പൊ മ്യൂസിക് ഒന്നുമല്ല ചുറ്റും …. സിറിയേലും പലസ്തീനിലും അഫ്ഗാനിസ്ഥാനിലും ഒക്കെ മാത്രം കേള്‍ക്കുന്ന ചില ശബ്ദങ്ങളില്ലേ…മ്യൂസിക്കിന്‍റെ ഒരു കുഞ്ഞുപൂവുപോലും വിടരാത്ത ചില നാടുകള്‍? അവിടെയൊക്കെ മാത്രം കേള്‍ക്കുന്ന ചില മുരള്‍ച്ചകള്‍ ആണ് കാതുകള്‍ നിറയെ!”

ഊര്‍മ്മിള മലനിരകളിലേക്ക് നോക്കി.

“ന്യൂസ് ചാനലുകളും ടാബ്ലോയിഡുകളുമൊക്കെ ബാക്ക് സ്ട്രാച്ച് ചെയ്ത് ആഘോഷിക്കുന്ന ഇന്‍റെര്‍നാഷണല്‍ ടെററിസ്റ്റ്. പത്രങ്ങളില്‍, മാഗസിനുകളില്‍ ഒക്കെ പേടിയോടെ കണ്ട രൂപം… വന്നത് കൈയും വീശിയല്ല…ലോകത്ത് കിട്ടാവുന്ന ഏറ്റവും ഹാംഫുള്‍ ആയ ആയുധവുമായി…എന്നിട്ടവന്‍ മോളോട് ഫേസ് റ്റു ഫേസ് നിന്ന് സംസാരിച്ചു…അല്ല മോള്‍ അവനോട് ഫേസ് റ്റു ഫേസ് നിന്നു സംസാരിച്ചു…എങ്ങനെ?”

സവിത്രിയ്ക്ക് ഊര്‍മ്മിളയുടെ നോട്ടം നേരിടാനായില്ല.

“എല്ലാവരും പേടിച്ച് വിറച്ച് നിക്കുവാരുന്നില്ലേ?”

ഊര്‍മ്മിള തുടര്‍ന്നു.

“മോള്‍ പേടിയില്ലാതെ സംസാരിച്ചു. പറഞ്ഞ വാക്കുകളോ? അവനെ ഉത്തരം മുട്ടിച്ച വാക്കുകള്‍. എന്താ അതിനര്‍ത്ഥം?”

“ഊര്‍മ്മിളെ…”

സാവിത്രി അവരെ ദയനീയമായി നോക്കി.

“അതിന് ഒരര്‍ത്ഥമേ ഞാന്‍ നോക്കിയിട്ടുള്ളൂ സാവിത്രി…”

ഊര്‍മ്മിള സാവിത്രിയില്‍ നിന്നും നോട്ടം മാറ്റി.

“മോളും അയാളും തമ്മില്‍ സാധാരണയില്‍ കവിഞ്ഞ് ബന്ധമുണ്ടായിരുന്നു. മോള്‍ടെ മനസ്സില്‍ അത് ഇപ്പോഴുമുണ്ട്… പിന്നെ, ഏറ്റവും പേടിപ്പിക്കുന്ന മറ്റൊന്ന് …അത് …”

ഊര്‍മ്മിള സാവിത്രിയെ നോക്കി.
സാവിത്രി അവര്‍ പറയാന്‍ പോകുന്ന വാക്കുകള്‍ എന്തായിരിക്കുമെന്ന്‍ ഭയത്തോടെയോ ര്‍ത്തു.

“അയാള്‍ക്ക് മോളോടുമുണ്ട് അസാധാരണമായ ഒരു ബന്ധോം അടുപ്പോം ഇപ്പോഴും! …കയ്യില്‍ കൊലക്കത്തിയും തോക്കുമായി വന്നയാള്‍ മോള്‍ടെ വാക്കുകള്‍ക്ക് മുമ്പില്‍ കീഴടങ്ങിപ്പോകണമെങ്കില്‍ ഹീ സ്റ്റില്‍ ലവ്സ് ഹെര്‍!”

എന്താണ് ഉത്തരമായി പറയേണ്ടത്?
സാവിത്രിയ്ക്ക് ഒരു രൂപവും കിട്ടിയില്ല.

“ഒരു കാര്യം കൂടി ചോദിച്ചോട്ടെ?”

ഊര്‍മ്മിള സാവിത്രിയെ നോക്കി.
എന്തായിരിക്കാം അത്?
സവിത്രിയില്‍ പരിഭ്രമം വളര്‍ന്നു.

“മേനോന്‍ ചേട്ടനും സാവിത്രിയ്ക്കും അറിയുമായിരുന്നില്ലേ അത്?”

അപ്രതീക്ഷിതമായ ആ ചോദ്യത്തിനു മുമ്പില്‍ സാവിത്രി പതറി.
അവരുടെ മിഴികള്‍ നനഞ്ഞു.
കണ്ണുനീര്‍ കവിളിലൂടെ ഒഴുകിയിറങ്ങി.

“സാരമില്ല…!”

ഊര്‍മ്മിള പറഞ്ഞു.

“എനിക്ക് എന്‍റെ ഉത്തരം കിട്ടി…”

അപ്പോള്‍ പുറത്ത് വാഹനവ്യൂഹങ്ങള്‍ വന്ന് നിറഞ്ഞു.
അവരിരുവരും താഴേക്ക് നോക്കി.
പന്തലിനപ്പുറം ആദ്യം വന്ന് നിന്ന പട്ടാളവാഹനത്തില്‍ നിന്നും രാകേഷ് ചാടിയിറങ്ങി.
തുടര്‍ന്ന് വിമലും റെജിയും മറ്റു മിലിട്ടറി ഉദ്യോഗസ്ഥന്മാരും.

“എഹ്!”

ചുറ്റും നോക്കി രാകേഷ് അദ്ഭുതപ്പെട്ടു.

“എന്ത് പറ്റി? എന്താ ഇതൊക്കെ ഇങ്ങനെ?”

മറിഞ്ഞ് കിടക്കുന്ന ഇരിപ്പിടങ്ങളും ദ്വാരം വീണ അലങ്കാരത്തുണികളും അവസാനം കത്തിക്കരിഞ്ഞ മണ്ഡപവും കണ്ട് എല്ലാവരും അന്ധാളിച്ചു.
മുഖത്ത് അടിയേറ്റ പാടുമായി സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ അങ്ങോട്ടോടി വന്നു.

“എന്തായിത് രാജൂ?”

രാകേഷ് അയാളോട് ചോദിച്ചു.

“എന്തായീ കാണുന്നതൊക്കെ?”

“ജോയല്‍ ബെന്നറ്റ്‌ വന്നിരുന്നു ഇവിടെ സാര്‍!”

സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ ഭയം വിട്ടുമാറാതെ പറഞ്ഞു.
രാകേഷ് അവിശ്വസനീയതയോടെ തന്‍റെ കൂട്ടുകാരെ നോക്കി.
പിന്നെ തന്‍റെ പിന്നാലെ കാറില്‍ നിന്നുമിറങ്ങിവന്ന പദ്മനാഭനെയും.

“ഇവിടെയോ?”

രാകേഷ് ശബ്ദമുയര്‍ത്തി ചോദിച്ചു.

“അതിനര്‍ത്ഥം…?”

രാകേഷ് ആലോചിച്ചു.

“നമ്മളെ ഇവിടെ നിന്നും മാറ്റാന്‍ അവന്‍ കണ്ടെത്തിയ തന്ത്രം! പക്ഷെ….നമ്മളെ ഇവിടെ നിന്നും മാറ്റിയിട്ട് അയാള്‍ക്കെന്ത്‌ കിട്ടാനാ? അയാളുടെ ലക്‌ഷ്യം നമ്മളല്ലേ? അയാളെ പിടിക്കാനുള്ള ഫോഴ്സ് അല്ലെ നമ്മള്‍? നമ്മളെ കൊല്ലാന്‍ നമ്മള്‍ ഉള്ളിടത്തേക്കല്ലേ അവന്‍ വരേണ്ടത്….അതിന് പകരം?”
രാകേഷ് പദ്മനാഭന്‍ തമ്പിയെ നോക്കി.

“അങ്കിള്‍…”

രാകേഷ് അയാളുടെ മുഖത്ത് നോക്കി ചോദിച്ചു.

“അവന്‍ ഇങ്ങോട്ട് വന്നു…എന്തിന്? എന്‍റെ മണ്ഡപം കത്തിച്ചു …ഇവടെ മുഴുവന്‍ താറുമാറാക്കി…എന്താ അതിന്‍റെ അര്‍ഥം?”

രാകേഷിന്റെ ചോദ്യത്തിനു മുമ്പില്‍ ഒരു നിമിഷം പദ്മനാഭന്‍ തമ്പി ഒന്ന് പകച്ചു.

“അതിപ്പോ …”

അയാള്‍ തപ്പിത്തടഞ്ഞു.

“മോനൊരു വാണിംഗ് തരാന്‍…മണ്ഡപം ഒക്കെ കത്തിച്ച് …അങ്ങനെ ഒക്കെ ചെയ്യുമ്പോള്‍ മോന്‍ ഇതീന്ന് പേടിച്ചു പിന്മാറും എന്ന് അവന്‍ കരുതുന്നുണ്ടാവും….”

‘ഊഹും!!”

രാകേഷ് നിഷേധാര്‍ത്ഥത്തില്‍ മൂളി.

“അതൊന്നും അല്ല… ഞാന്‍ അവനെ പഠിച്ചിട്ടുണ്ട്..അവന്‍റെ നേച്ചര്‍ മനസ്സിലാക്കിയിട്ടുണ്ട്…അത് വെച്ചു നോക്കുമ്പോള്‍ അവന്‍ വാണിങ്ങിന്റെ ആളല്ല. ആക്ഷന്‍റെ ആളാ…ഇങ്ങോട്ട് വന്ന് എന്‍റെ കല്യാണ മണ്ഡപം കത്തിക്കണമെങ്കില്‍ ദേര്‍ ഈസ് സംതിംഗ് ഐ ഡോണ്ട് നോ ഓര്‍ ഐ ഷുഡ് നോ….”

“അങ്ങനെ ഒന്നുമല്ല മോനെ!”

പദ്മനാഭന്‍ തമ്പി അവനെ ബോധ്യപ്പെടുത്താന്‍ ഒരു ശ്രമം കൂടി നടത്തി.

“ശരി…”

രാകേഷ് ചിരിച്ചു.

“മണ്ഡപം കത്തിച്ചാണ് കളിയെങ്കില്‍ ഞാനും കളിക്കാം ഒരു കളി. അങ്കിളേ! ഇനി അവനെ പിടിച്ചിട്ട് മാത്രമേ നിശ്ചയോം കെട്ടും ഒക്കെയുള്ളൂ… അത് ഞാന്‍ തീരുമാനിച്ചു…അതിന് മുമ്പ് കല്യാണോം കെട്ടും ഒന്നുമില്ല. സത്യം!”

അവന്‍റെ ദൃഡ സ്വരത്തിലുള്ള വാക്കുകള്‍ പദ്മനാഭനെ മാത്രമല്ല, ചുറ്റും കൂടിയിരുന്നവരെപ്പോലും അമ്പരപ്പിച്ചു.

വിമലും റെജിയും രാകേഷിനെ ദഹിപ്പിക്കുന്ന രീതിയില്‍ ഒന്ന്‍ നോക്കി.

“എന്താടാ നോക്കുന്നെ?”

രാകേഷ് അവരുടെ നേരെ ശബ്ദമുയര്‍ത്തി.

“ഈ ശപഥവും പ്രതിജ്ഞേം ഒക്കെ ഭീഷ്മര്‍ക്കും തച്ചോളി ഒതേനന്‍മാര്‍ക്കും മാത്രമുള്ളതല്ല…നമുക്കും ആവാം!”

അത് പറഞ്ഞ് അവന്‍ സൈനിക വാഹനത്തിന് നേരെ നടന്നു.
റെജിയും വിമലും പിന്നാലെയും.

“ആ ജോയല് വന്ന് നിന്‍റെ ഷൂസ് കത്തിക്കാഞ്ഞത് നന്നായി!”

റെജി പിറുപിറുത്തു.
“എന്നുവെച്ചാല്‍?”

രാകേഷ് തിരിഞ്ഞു നിന്ന് ചോദിച്ചു.

“എന്നുവെച്ചാ എന്നാ?”

റെജി കലിപ്പില്‍ പറഞ്ഞു.

“ആ മഹേഷിനെപ്പോലെ ജോയല്‍ ബെന്നറ്റിനെ പിടിക്കാതെ ഞാനിനി ഷൂ ഇടില്ല…കാവിലമ്മയാണേ സത്യം സത്യം സത്യം എന്ന് ശപഥം ചെയ്യില്ലേ നീ?”

“ഡാഷ് മോനെ നൂറു ഡിഗ്രി കലിപ്പില്‍ നിക്കുമ്പം ഒരുമാതിരി ഓഞ്ഞ വളിപ്പും കൊണ്ട് വരല്ലേ!”

വാഹനത്തില്‍ കയറവേ രാകേഷ് പറഞ്ഞു.

“അവനെപ്പിടിക്കാതെ ഞാന്‍ കല്യാണം കഴിക്കില്ല എന്ന് ഓഞ്ഞ ശപഥം ഒക്കെ ചെയ്‌താല്‍ ഇമ്മാതിരി ജോക്കും പ്രതീക്ഷിച്ചോണം!”

റെജിയും വിട്ടുകൊടുത്തില്ല.

****************************************************

Leave a Reply

Your email address will not be published. Required fields are marked *