സൂര്യനെ പ്രണയിച്ചവൾ- 17

ക്യാമ്പ് ഓഫീസില്‍ രാകേഷ് ചിന്താകുലനായിരുന്നു.
മണിക്കൂറുകളായി ലാപ്പ് ടോപ്പിന് മുമ്പിലായിരുന്നു അവന്‍.
അവസാനത്തെ വാക്കും ടൈപ്പ് ചെയ്ത് കഴിഞ്ഞ് ലാപ് ടോപ്പുമായി അവന്‍ ഹാളിലേക്ക് നടന്നു.
ടെക്നിക് – ഡാറ്റാ ബേസ് വിങ്ങിലെ ചില സൈനികോദ്യോഗസ്ഥര്‍ കമ്പ്യൂട്ടറുകള്‍ക്ക് മുമ്പില്‍ അതീവ ശ്രദ്ധയോടെ മോണിട്ടറിലേക്ക് കണ്ണുകള്‍ നട്ടിരിക്കുന്നു.

“ഗയ്സ്!”

അവരെ നോക്കി അവന്‍ വിളിച്ചു.
എല്ലാവരും രാകേഷിനെ ശ്രദ്ധിച്ചു.

“കേരളത്തിലെ മിക്കവാറും എല്ലാ മാവോയിസ്റ്റ് അല്ലെങ്കില്‍ മാവോയിസ്റ്റ് സസ്പെക്റ്റ് ആക്റ്റിവിസ്റ്റസിന്‍റെയും കമ്പ്ലീറ്റ് ഡാറ്റാ ഞാന്‍ കളക്റ്റ് ചെയ്തിടുണ്ട് …നിങ്ങളുടെ പെഴ്സണല്‍ ഡാറ്റാ ബേസിലേക്ക് ഞാനത് പാസ്സ് ചെയ്തിട്ടുണ്ട്…”

രാകേഷ് ഓരോരുത്തരേയും മാറി മാറി നോക്കി.

“അതില്‍ റെഡ് അണ്ടര്‍ ലൈന്‍ഡ് നെയിംസ് മാക്ക്സിമം സര്‍വേയ് ലന്‍സിന്റെ ലിമിറ്റില്‍ കൊണ്ടുവരണം…പ്രത്യേകിച്ചും ജോയല്‍ ബെന്നറ്റിന്റെ പേഴ്സണല്‍ ലൈഫിനെപ്പറ്റി നമുക്ക് അത്ര കാര്യമായ വിവരം ഒന്നുമില്ല… അതറിയണം…”

“സാര്‍!”

ലാന്‍സ് നായിക്ക് പോള്‍ കൈ പൊക്കി.

“പറയൂ പോള്‍!”

“ചെറിയ രീതിയില്‍ ഞാനൊരു സ്റ്റഡി നടത്തി…”
അയാള്‍ പറഞ്ഞു.

“പല ഡാറ്റയും വെച്ച് കമ്പയര്‍ ചെയ്തപ്പോള്‍ ആ ഇന്‍ഫോര്‍മേഷന്‍ കറക്റ്റ് ആണ് എന്ന് കണ്‍ഫേംഡ് ആവുകയും ചെയ്തു…”

“എന്താണത്?”

രാകേഷ് ആവേശത്തോടെ ചോദിച്ചു.

“അവനെപ്പറ്റിയുള്ള ഏതറിവും നമുക്ക് ഇമ്പോര്‍ട്ടന്‍റ്റ് ആണ് പോള്‍!”

“സാര്‍, അത് ഇതാണ്…”

പോള്‍ തന്‍റെ ലാപ്പ് ടോപ്പുമായി എഴുന്നേറ്റു.
രാകേഷിന്റെ സമീപമെത്തി.
മോണിട്ടര്‍ രാകേഷിന്റെ കണ്ണുകള്‍ക്ക് നേരെ പിടിച്ചു.

“ഈ ജോയല്‍ ബെന്നറ്റിന് ഒരു ലവര്‍ ഉണ്ടായിരുന്നു…”

“റിയലി?”

രാകേഷിന്റെ കണ്ണുകള്‍ വിടര്‍ന്നു.

“ഇറ്റ്‌സ് റിയലി വൈറ്റല്‍! ആരാ അത്? പേരെന്താ അവളുടെ? എവിടെയാ ഇപ്പം അവള്‍?”

“സാര്‍ അവള്‍ ഇവിടെ തന്നെ, എന്നുവെച്ചാല്‍ കൊല്ലങ്കോട്‌ തന്നെയുണ്ട്…”

“മൈ ഗോഡ്! ആര്‍ യൂ ജോക്കിംഗ്?”

രാകേഷ് ആവേശത്തോടെ ചോദിച്ചു.

“നോ സാര്‍…”

പോള്‍ അഭിമാനത്തോടെ പറഞ്ഞു.

“മുന്‍ കേന്ദ്രമന്ത്രി പദ്മനാഭന്‍ തമ്പിയുടെ മകള്‍, ഗായത്രി മേനോന്‍!”

പോള്‍ ഉത്സാഹത്തോടെ പറഞ്ഞു.
പക്ഷെ അടുത്ത നിമിഷം രാകേഷിന്റെ കൈ വായുവില്‍ ഉയര്‍ന്നു.
അത് പോളിന്‍റെ മുഖത്ത് വിലങ്ങനെ താഴ്ന്നു.
മുഖത്ത് ശക്തിയായി പതിയുന്നതിന് മുമ്പ് പക്ഷേ അവന്‍ സ്വയം നിയന്ത്രിച്ചു.
മറ്റുള്ളവര്‍ ഒന്നും മനസ്സിലകാതെ പരസ്പ്പരം നോക്കി.

“എടാ!!”

രാകേഷ് പോളിന്‍റെ കോളറില്‍ പിടിച്ചുലച്ചു.

“എവിടുന്ന്? എവിടുന്ന് കണ്ടെത്തിയതാ ഇത്?”

പെട്ടെന്ന് രാകേഷ് ചുറ്റുപാടുകളിലേക്ക് തിരികെ വന്നു.
തന്നെ ഭീതിയോടെ നോക്കുന്ന സഹപ്രവര്‍ത്തകരെ കണ്ടു.
അവന്‍ പോളിന്‍റെ കോളറില്‍ നിന്നും പിടി വിട്ടു.

“ഐം സോറി…”

പോളിന്‍റെ തോളില്‍ ഒന്ന് തട്ടിയതിന് ശേഷം ശരവേഗത്തില്‍ അവന്‍ ക്യാമ്പ് ഓഫീസിന്‍റെ പുറത്തേക്ക് നടന്നു.
തന്‍റെ മിഷന്‍റെ ഔദ്യോഗിക വാഹനമായ റെനോള്‍ട്ട് ഷെര്‍പ്പ എന്ന മിലിട്ടറി വാനില്‍ കയറി.
ഓടി വന്ന ഡ്രൈവറുടെ നേരെ വിരല്‍ ചൂണ്ടി ആക്രോശിച്ചു.

“ആ മൂലയ്ക്ക് എങ്ങാനും പോയി നിന്നോണം!”

മനസ്സില്‍ പുകയുന്ന വികാരങ്ങളെ ശമിപ്പിക്കാനെന്നോണം അവന്‍ ശരവേഗത്തില്‍ വാഹനമോടിച്ചു.
റെനോള്‍ട്ട് ഷെര്‍പ്പ എത്തി നിന്നത് പദ്മനാഭന്‍ തമ്പിയുടെ വീട്ടില്‍.
വീടിന്‍റെ മുമ്പിലെ കൊമ്പൌണ്ടിന്റെ വിശാലതയില്‍, അതിരില്‍ നിരയായി വളര്‍ന്നു നിനിരുന്ന അശോക മരങ്ങളുടെ തണലില്‍, മനോഹരമായി വെട്ടിയൊരുക്കിയ പച്ചപ്പുല്‍ത്തകിടിയില്‍ സാവിത്രിയോടൊപ്പമിരിക്കുന്ന പദ്മനാഭന്‍ തമ്പിയെ അവന്‍ ദൂരെ നിന്നും കണ്ടു.
അവന്‍റെ വണ്ടി ഗേറ്റിലൂടെ പ്രവേശിച്ചപ്പോള്‍ പദ്മനാഭന്‍ തമ്പിയും സാവിത്രിയും എഴുന്നേറ്റു.
കൊമ്പൌണ്ടിന്റെ അരികില്‍ വാഹനം നിര്‍ത്തി ചിരിച്ചുകൊണ്ട് അവന്‍ അവരെ സമീപിച്ചു.

“ഹലോ…”

പദ്മനാഭന്‍ കൈയ്യുയര്‍ത്തി അവനെ അഭിവാദ്യം ചെയ്തു.

“യൂണിഫോമിലാണല്ലോ! അപ്പോള്‍ ഒഫീഷ്യലാണ്!”

“അങ്ങനെയും പറയാം!”

അവന്‍ ചിരി മാറ്റാതെ പറഞ്ഞു.

“എവിടെ അങ്കിള്‍ ഗായത്രി…?”

അവന്‍ മുഖവുരയൊന്നും കൂടാതെ ചോദിച്ചു.

“മോള് മുകളില്‍ ഉണ്ട്…”

സാവിത്രി പറഞ്ഞു.

“മോള്‍ടെ റൂമില്‍…”

“ഒന്ന് വിളിക്കൂ, എനിക്കൊന്നു സംസാരിക്കണം… ”

ചിരിച്ചുകൊണ്ടാണെങ്കിലും ഗൌരവത്തില്‍ ആണ് അവനത് പറഞ്ഞത്.
സാവിത്രി മുകളിലേക്ക് പോയി.
അല്‍പ്പനിമിഷങ്ങള്‍ക്കുള്ളില്‍ മുകളില്‍ നിന്നും ഗായത്രി ഇറങ്ങി വന്നു.
“മോളോട് ഫ്രീ ആയി സംസാരിച്ചോ!”

പദ്മനാഭന്‍ തമ്പി എഴുന്നേറ്റു.
രാകേഷ് ചിരിച്ചെന്നു വരുത്തി.
അയാള്‍ വീട്ടിലേക്ക് കയറി.
അപ്പോഴേക്കും ഗായത്രി താഴത്തെ പടിയിലെത്തി.

“അവനെക്കുറിച്ചാവും രാകേഷിനു ചോദിക്കാനുണ്ടാവുക,”
രാകേഷ് കാണുന്നില്ല എന്നുറപ്പ് വരുത്തിക്കൊണ്ട് പദ്മനാഭന്‍ തമ്പി ഗായത്രിയുടെ കാതില്‍ അടക്കത്തില്‍ പറഞ്ഞു.

“ദോഷമുണ്ടാക്കുന്നതൊന്നും പറഞ്ഞേക്കരുത്…”

അവള്‍ ഉത്തരമൊന്നും പറയാതെ തന്നെപ്രതീക്ഷിച്ച് ലോണില്‍ ഇരിക്കുന്ന രാകേഷിന്റെയടുത്തേക്ക് ചെന്നു.

തന്‍റെ സമീപത്തേക്ക് നടന്നടുക്കുന്ന ഗായത്രിയുടെ വിസ്മിത സൌന്ദര്യത്തിലേക്ക് രാകേഷ് സ്വയം മറന്ന് മിഴികള്‍ നട്ടു.
പിന്നെ സ്വയം ശാസിച്ചു.
യൂ ആര്‍ ഓണ്‍ ഡ്യൂട്ടി നൌ, യൂ ഡോഗ്!

ഗായത്രി ഇളംവെളുപ്പ് നിറത്തിലുള്ള ചുരിദാര്‍ സ്യൂട്ട് ആയിരുന്നു ധരിച്ചിരുന്നത്.
മാറില്‍ ക്രീം നിറത്തില്‍ ഒരു ഷാള്‍.

അവള്‍ അടുത്തെത്തിയപ്പോള്‍ അവന്‍ എഴുന്നേറ്റു.
രാകേഷ് ഒരു നിമിഷം ചുറ്റുപാടുകള്‍ ശ്രദ്ധിച്ചു.

“ഇരിക്കൂ…”

തനിക്കെതിരെയുള്ള കസേര ചൂണ്ടി അവന്‍ അവളോട്‌ പറഞ്ഞു.

ഒന്ന് തലകുനിച്ചതിനു ശേഷം അവള്‍ അവന്‍ പറഞ്ഞതനുസരിച്ച് അവനഭിമുഖമായി ഇരുന്നു.

രാകേഷ് അവളെ നോക്കി ഒന്ന് മന്ദഹസിച്ചു.
അവള്‍ തിരിച്ചും.
പിന്നെ അവള്‍ മുമ്പില്‍ കാണുന്ന മലനിരകളിലേക്ക് നോക്കി.

“ഗായത്രി…”

അവളുടെ മുഖത്തേക്ക് നോക്കി രാകേഷ് വിളിച്ചു.
ദൂരെ മലനിരകളില്‍ കണ്ണുകള്‍ പതിപ്പിച്ചിരുന്ന അവള്‍ വിളി കേട്ട് അവന്റെോ മുഖത്തേക്ക് നോക്കി.

“ഞാന്‍ വന്നത് ഒഫീഷ്യല്‍ ആയാണ്… അത്ര സുഖകരമായി ഗായത്രിയ്ക്ക് അത് തോന്നില്ല…”

ഗായത്രി പുഞ്ചിരിക്കാന്‍ ശ്രമിച്ചു.
സൗഹൃദം നിഴലിക്കുന്ന പുഞ്ചിരിയല്ല.
മറിച്ച് തറഞ്ഞു കയറാന്‍ ശേഷിയുള്ള കുറെ ചോദ്യങ്ങള്‍ ഒളിപ്പിച്ച പുഞ്ചിരി.
അങ്ങനെയാണവന് തോന്നിയത്.

“രാകേഷ് ഒഫീഷ്യല്‍ വേഷത്തില്‍ ആണല്ലോ…”

ഗായത്രി പറഞ്ഞു.

“അതുകൊണ്ട് തന്നെ എന്നെ കാണാന്‍ വന്നത് ഒഫീഷ്യല്‍ ആയിരിക്കാം എന്ന് ഞാന്‍ കരുതിയിരുന്നു…”

Leave a Reply

Your email address will not be published. Required fields are marked *