സൂര്യനെ പ്രണയിച്ചവൾ- 17

“അപ്പോള്‍ ആരെക്കുറിച്ച് അന്വേഷിക്കാന്‍ ആണ് വന്നതെന്നും അറിയാമല്ലോ,”

“ജോയല്‍ ബെന്നറ്റിനെക്കുറിച്ച് അന്വേഷിക്കാന്‍ വന്നതാണ് എന്ന് എനിക്കറിയാം,”

ഗായത്രിയുടെ പെട്ടെന്നുള്ള മറുപടി അയാളെ അല്‍പ്പമൊന്നമ്പരപ്പിച്ചു.

“അങ്ങനെ തോന്നാന്‍ കാരണം?”
“ഇത് അയാളെ പിടിക്കാനുള്ള സ്പെഷ്യല്‍ ടീമല്ലേ?”

അവള്‍ പെട്ടെന്ന് ചോദിച്ചു.

“രാകേഷല്ലേ ടീമിന്റെ ഡയറക്റ്റര്‍? സ്പെഷ്യല്‍ അന്വേഷണ രീതികളും സ്പെഷ്യല്‍ ഇന്‍റെലിജന്‍സും സ്പെഷ്യല്‍ ക്യാപ്പബിലിറ്റിയും ഉണ്ടാവണം സ്പെഷ്യല്‍ ടീമിന്. അല്ലെ?”

അവള്‍ ഗൌരവത്തില്‍, എന്നാല്‍ പുഞ്ചിരിയോടെ അവന്‍റെ മുഖത്തേക്ക് നോക്കി.

“….ആ സ്പെഷ്യല്‍ ക്യാപ്പബിലിറ്റി ഉപയോഗിച്ച് രാകേഷ് മനസ്സിലാക്കിയിട്ടില്ലേ ഞാനും ടെററിസ്റ്റ് ജോയല്‍ ബെന്നറ്റും ഡി യുവില്‍, ഡെല്ലി യൂനിവേഴ്സിറ്റിയില്‍ ഉണ്ടായിരുന്നു, ഞങ്ങള്‍ ക്ലാസ്മേറ്റ്സ് ആയിരുന്നു എന്നൊക്കെ?”

ഗായത്രി അവന്‍റെ പ്രതികരണം അറിയാനെന്നോണം ഒന്ന് നിര്‍ത്തി.

“…..സോ, ദ റൂട്ട് ഈസ് വെരി സ്ട്രൈറ്റ്‌…”

അവനില്‍ നിന്നും പ്രതികരണം കാണാതെ വന്നപ്പോള്‍ അവള്‍ തുടര്‍ന്നു.

“യൂ കേയിം ഹിയര്‍ റ്റു ഇന്‍റ്റൊറേഗേറ്റ് മീ റ്റു ഗെറ്റ് ദ
ഇന്‍ഫോര്‍മേഷന്‍ എബൌട്ട്‌ ഹിം. ഹിം, ദ ടെററിസ്റ്റ്! റൈറ്റ്?”

രാകേഷ് ഇപ്പോഴാണ് ശരിക്കും അമ്പരന്നത്.
വലയെറിയാന്‍ ആണ് താന്‍ വന്നത്.
പക്ഷെ താനാണ് ഇപ്പോള്‍ വലയിലായിരിക്കുന്നത്.

“ശരി!”

അവന്‍ പുഞ്ചിരിച്ചു.

“അവനെപ്പറ്റി അറിയാവുന്ന കാര്യങ്ങള്‍ പറയൂ!”

“ഞങ്ങള്‍ വേറെ ഡിപ്പാര്ട്ട്മെ ന്റ്സ് ആയിരുന്നു…”

ഗായത്രി രാകേഷിന്റെ മുഖത്ത് നിന്നും കണ്ണുകള്‍ ദൂരെയുള്ള മലകളുടെ നിതാന്ത നിഴലുകളിലേക്ക് മാറ്റി.

“കണ്ടിട്ടുണ്ട്…സംസാരിച്ചിട്ടുണ്ടോ എന്നോര്‍മ്മയില്ല …”

രാകേഷ് അവളെയൊന്ന് ചുഴിഞ്ഞു നോക്കി.
അവന്‍റെ കണ്ണുകളില്‍ നിന്നു നോട്ടം മാറ്റാതെ അവളും.

“ഗായത്രിയെ പലരും പ്രൊപ്പോസ് ചെയ്തിട്ടില്ലേ?”

രാകേഷ് അവളുടെ കണ്ണുകളില്‍ നിന്നും നോട്ടം മാറ്റാതെ ചോദിച്ചു.

“കോളേജ് ആണ് … പ്രൊപ്പോസല്‍സ് ഒക്കെ ക്യാമ്പസ്സിന്റെ പാര്‍ട്ടല്ലേ?”

ഇടവേളയില്ലാതെ അവള്‍ ഉത്തരം പറഞ്ഞു.

“ജോയല്‍ പ്രൊപ്പോസ് ചെയ്തിട്ടില്ലേ?”

ഇടവേളയില്ലാതെ ശരവേഗത്തില്‍ അടുത്ത ചോദ്യവുമായി രാകേഷ് അവളെ നേരിട്ടു.
ആ ചോദ്യം അപ്രതീക്ഷിതമായി ഗായത്രിയ്ക്ക് എന്ന് അവളുടെ മുഖഭാവത്തില്‍ നിന്നും അവന്‍ മനസ്സിലാക്കി.
ഒരു നിമിഷനേരമേ നിന്നുള്ളൂവെങ്കിലും ഒരു ഞെട്ടല്‍ വ്യക്തമായും അവന്‍ അവളുടെ മുഖത്ത് കണ്ടു.

“ഇല്ല,”

അവളുടെ ഉത്തരം പെട്ടെന്നായിരുന്നു.
രാകേഷ് ആ ഉത്തരത്തെ പുഞ്ചിരിയോടെ സ്വീകരിച്ചു.

“ഗായത്രിയ്ക്ക് അയാളോട്?”

നേരിയ ഒരു സംഭ്രമം, ഒരു നിമിഷത്തേക്ക്, ഇപ്പോഴും അവളുടെ സൌന്ദര്യവിസ്മയത്തിലേക്ക് ഒളിമിന്നല്‍ നടത്തി.
ദൂരെ മലഞ്ചെരിവില്‍ എവിടെയോ ആരോ പുല്ലാങ്കുഴല്‍ വായിക്കുന്നുണ്ടോ?
അങ്ങനെ തോന്നി അവള്‍ക്ക്.

തന്‍റെ വാക്കുകള്‍ ഒക്കെ പേയായി മാറുമ്പോള്‍ ഏത് സംഗീതമാണ് ഹൃദയത്തിലേക്ക് കിനിഞ്ഞിറങ്ങുക?
മൊഴികളൊക്കെ കളവിന്‍റെ ഇരുട്ടുമണത്തില്‍ കുതിരുമ്പോള്‍?
ഹൃദയത്തിന്‍റെ പനയോലത്താളില്‍ ഒരു മൃദുവിരല്‍പ്പാടിന്റെ സ്പര്‍ശം താന്‍ സൂക്ഷിച്ചിരുന്നു, വളരെ മുമ്പ്…
അതിന് പകരമിപ്പോള്‍ ചതിയുടെ കന്മഴു വീണിരിക്കുന്നു….
എന്നാണ് താന്‍ രക്തമൊക്കെ കണ്ണീരാക്കി ഒഴുക്കാതിരുന്നിട്ടുള്ളത്, അതിന് ശേഷം?

“അങ്ങനെ ഒരു ഗതികേട് എനിക്കുണ്ടാവില്ല,”

അയാളില്‍ നിന്നും നോട്ടം മാറ്റി ഗായത്രി ഉത്തരമായി പറഞ്ഞു.

“അയാള്‍ അത്യാവശ്യം പോപ്പുലറും പലരുടേയും ഹാര്‍ട്ട് ത്രോബും ആണെന്നായിരുന്നു എന്‍റെ കണ്ടെത്തല്‍,”

ടൂറിന്റെ മടക്കയാത്രയില്‍….

“ജോ…”

അടുത്തടുത്ത് ഇരിക്കുമ്പോള്‍, ബസ്സ്‌ നീങ്ങുമ്പോള്‍, പ്രണയത്തിന്‍റെ ഋതുഭേദങ്ങള്‍ ചുറ്റും വിലോഭനീയമായി കറങ്ങുന്ന വേളയില്‍, സ്പര്‍ശനം അരങ്ങുന്മാദംപോലെ ദേഹത്തെ തപിപ്പിക്കുന്ന വേളയില്‍, താന്‍ അന്ന് ചോദിച്ചു.

“എന്താ?”

“ജോയെ എത്രപേര്‍ പ്രൊപ്പോസ് ചെയ്തിട്ടുണ്ട്?”

“അറിയില്ല…”

“അറിയില്ല എന്നുവെച്ചാല്‍? എണ്ണാന്‍ പറ്റാത്തത്ര?”

തന്‍റെ ചോദ്യം കേട്ട് അന്നവന്‍ ചിരിച്ചു.
മയക്കുന്ന, സുഗന്ധമുള്ള, സംഗീതമുള്ള ചിരി.

“ക്യാമ്പസ് അല്ലെ പെണ്ണേ!”

ചിരിച്ചു കഴിഞ്ഞ് തന്‍റെ വിരലുകളുടെ മൃദുലതയില്‍ വസന്തത്തിന്‍റെ ഉഷ്ണം
നല്‍കാന്‍ വേണ്ടി പതിയെ തലോടിക്കൊണ്ട് അവന്‍ പറഞ്ഞു.

“ഒരു ഗുണവുമില്ലെങ്കില്‍ കൂടി പലരും പലരേം പ്രൊപ്പോസ് ചെയ്യാറുണ്ട്…അതിനെ നീ അങ്ങനെ കണ്ടാല്‍ മതി. അല്ലാതെ എനിക്ക് എന്തേലും ഗ്ലാമര്‍ ഉണ്ട് എന്നൊന്നും കരുതണ്ട!”

“കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി എന്‍റെ ഒരേയൊരു ജോലി എന്താണ് എന്ന് ജോയ്ക്കറിയാമൊ?”

ചുറ്റും നോക്കി ആരും കാണുന്നില്ല എന്ന് ഉറപ്പു വരുത്തി അവന്‍റെ കൈത്തലത്തില്‍ ചുംബിച്ചുകൊണ്ട് താന്‍ ചോദിച്ചു.

“എന്താ?”

“ജോയെ പ്രൊപ്പോസ് ചെയ്ത പെണ്ണുങ്ങളുടെ ലിസ്റ്റുണ്ടാക്കുക! അറിയാമോ? ഏതേലും പെണ്ണ് ചെയ്യുന്ന പണിയാണോ ഇത്? എല്ലാ പെണ്ണുങ്ങടേം ഹാര്‍ട്ട് ത്രോബല്ലേ? ഓരോ പെണ്ണും ജോയെ അപ്പ്രോച്ച് ചെയ്യുമ്പഴും എന്‍റെ ഇവിടം പടപടാന്ന് ഇടിക്കുമായിരുന്നു….”

അത് പറഞ്ഞ് താന്‍ നെഞ്ചില്‍ തൊട്ടു.

ജോ അപ്പോള്‍ അങ്ങോട്ട്‌ നോക്കി.

“ശ്യെ! നോട്ടം മാറ്റ് ജോ!”

നിയന്ത്രിക്കാനാവാത്ത ലജ്ജയോടെ, വിവശതയോടെ താന്‍ അപ്പോള്‍ പറഞ്ഞു.

“ആരേലും കാണും ജോ എന്‍റെ അവിടെയൊക്കെ നോക്കിയാല്‍!”

“ഐം സോറി…”

അവന്‍ പെട്ടെന്ന് പറഞ്ഞ് കണ്ണുകള്‍ പിന്‍വലിച്ചു.

“അടിമേടിക്കും, സോറി പറഞ്ഞാല്‍!!!”

അവന്‍റെ അരക്കെട്ടില്‍ അപ്പോള്‍ കൈച്ചുറ്റിപ്പിടിച്ച്, ആര് കണ്ടാലും കുഴപ്പമില്ല എന്ന മട്ടില്‍ താന്‍ അവന്‍റെ കണ്ണുകളിലേക്ക് നോക്കി.

“എന്‍റെ എല്ലാം ജോടെ അല്ലെ?”

ചൂടുള്ള സ്വരത്തില്‍ താന്‍ മന്ത്രിച്ചു.

“എന്‍റെ മനസ്സും ആത്മാവും എന്‍റെ ശരീരത്തിലെ ഓരോ ഭാഗവും എല്ലാം ഞാന്‍ ജോയ്ക്ക് എന്നേ സമര്‍പ്പിച്ച് കഴിഞ്ഞതാണ്….എന്‍റെ ജോ … ദ മോസ്റ്റ് ഗ്ലാമറസ്….മൈ ഹാര്‍ട്ട് ത്രോബ്….”

“ആയിരിക്കാം,”

ഓര്‍മ്മകളില്‍ നിന്നും തിരികെ വന്ന് അവള്‍ രാകെഷിനോട് പറഞ്ഞു.

ഗായത്രിയുടെ നോട്ടം വീണ്ടും മലനിരകളില്‍ തറഞ്ഞു.

“പക്ഷെ ഞാന്‍ ഒരു പൊളിറ്റിക്കല്‍ സെലിബ്രിറ്റിയുടെ മകളായിരുന്നു. സെന്ട്ര ല്‍ മിനിസ്റ്റര്‍ പോലെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പൊസിഷനില്‍ ഉള്ളയാളുടെ മകള്‍… “

അത് പറയുമ്പോള്‍ ഗായത്രി രാകേഷിനെ നോക്കുകയുണ്ടായില്ല.
“….അച്ഛന്റെ സല്‍പ്പേരും ഇമേജും എന്‍റെ ക്യാമ്പസ് ലൈഫിലേ പ്രവര്‍ത്തികള്‍ കാരണം എംബറാസ്സ്ഡ് ആകരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു…ഐ ന്യൂ ഐ വാസ് ഇന്‍ മീഡിയാ ഗ്ലെയര്‍…”

Leave a Reply

Your email address will not be published. Required fields are marked *