സൂര്യനെ പ്രണയിച്ചവൾ- 20 1

“ശ്യെ!”

കടുത്ത നിരാശയോടെ അയാള്‍ പറഞ്ഞു.

“കിട്ടേണ്ടത് അവനെ ആയിരുന്നില്ലേ? എന്നിട്ട്!!”

അത് കേട്ടുകൊണ്ടാണ് ഗായത്രി അങ്ങോട്ട്‌ വന്നത്.

“കണ്ടോ മോളെ!”

ടി വി സ്ക്രീനിലേക്ക് വിരല്‍ ചൂണ്ടി അയാള്‍ മകളോട് പറഞ്ഞു.

“അവന്‍റെ ടീമില്‍ പെട്ടവമ്മാരെ രാകേഷ് പൊക്കീന്ന്! ഇനി അടുത്തത് അവനാ…ഹീ ഈസ് ക്ലോസ് ടു ദേം! ഇന്നോ നാളെയോ വീഴുമവന്‍ അവരുടെ വലയില്‍!”

അതുകേട്ട് മുഖത്തേക്ക് പെട്ടെന്ന് വന്ന വിഷാദഭാവം ഒളിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട് അവള്‍ അയാളെ നോക്കി.

“സംശയിക്കണ്ട മോളെ!”

ദൃഡമായ സ്വരത്തില്‍ അയാള്‍ പറഞ്ഞു.

“അത് ഏറെക്കുറെ ഉറപ്പായി! അവനുചുറ്റും വലമുറുക്കിയിട്ടുണ്ട്‌…ഇന്ന് രാത്രീല്‍ അല്ലെങ്കില്‍ നാളെ! അതുറപ്പ്‌!”

ഗായത്രി പെട്ടെന്ന് അകത്തേക്ക് വലിഞ്ഞു.

കിടപ്പുമുറിയിലേക്ക്, കൃഷ്ണവിഗ്രഹത്തിന്‍റെ മുമ്പിലേക്ക്, കരഞ്ഞുകൊണ്ട്, യാചനനിറഞ്ഞ മുഖത്തോടെ അവള്‍ സാഷ്ടാംഗം വീണു.
പെട്ടെന്ന് തോളില്‍ ഒരു കൈയ്യുടെ സ്പര്‍ശം അവള്‍ അറിഞ്ഞു.
മുഖമുയര്‍ത്തി നോക്കി.
സാവിത്രി!

“മോളെ!”

മകളുടെ മുഖത്തെ ഭാവം കണ്ട് വേവലാതിയോടെ അവര്‍ വിളിച്ചു.

“എന്താ ഇത്?”

“അമ്മെ! എനിക്ക്…”

മുളചീന്തുന്നത് അവള്‍ പൊട്ടിക്കരഞ്ഞു.

“ഇന്ന് നൈറ്റ്, വെളുക്കാറാകുമ്പോള്‍, ഗോമതി ആന്‍റയൊക്കെ കാടാമ്പുഴേല്‍ പോകുന്നുണ്ട്…എനിക്കും പോകണം…ഭഗവതിയ്ക്ക് അവിടെ അഷ്ടമംഗല്യ ആരാധനയുണ്ട്…പോകണം അമ്മെ, എനിക്ക്…”

“മോളെ! പെട്ടെന്നിങ്ങനെ…ഒരു മുന്നറിയിപ്പും ഇല്ലാതെ?”

“ഭഗവാനോട് ഞാന്‍ ഇപ്പം നേര്‍ന്നു …ഞാന്‍ അവിടെ, അമ്പലത്തില്‍ പോകൂന്ന്…”

“എന്ത് നേര്‍ച്ച?”

“ജോയെ നാളെ രാകേഷ് പിടിക്കും…”

കണ്ണുനീരൊഴുക്കി അവള്‍ തുടര്‍ന്നു.
“ജോ റെസിസ്റ്റ് ചെയ്യും..അപ്പോള്‍ രാകേഷ് ജോയെ ഷൂട്ട്‌ ചെയ്യും…അങ്ങനെ വരാന്‍ പാടില്ല..ജോയ്ക്ക് ഒന്നും സംഭവിക്കരുത്! എനിക്ക് പോകണം അമ്മെ! പ്ലീസ്! എന്നെ ഒന്ന് വിട്! വിട്ടില്ലേല്‍ ഞാന്‍ തന്നെ പോകും!”

ഗായത്രിയുടെ വാക്കുകള്‍ കേട്ട് സാവിത്രി പരിഭ്രമിച്ചു.

“മോളെ! നീ അയാള്‍ക്ക് വേണ്ടി?”

സാവിത്രിയ്ക്ക് ഒന്നും മനസ്സിലായില്ല.

“നിന്‍റെ ലൈഫില്‍ നീ ഏറ്റവും കൂടുതല്‍ വെറുക്കുന്നത് അയാളെയല്ലേ? എന്നിട്ട് നീ എന്തിനാ അയാടെ ജീവന് വേണ്ടി പ്രാര്‍ഥിക്കുന്നെ?”

“അതേ!”

ഗായത്രി പറഞ്ഞു.

“ഞാന്‍ വെറുക്കുന്ന മനുഷ്യന്‍ തന്നെയാണ് അയാള്‍! പക്ഷെ അയാളെ ഞാന്‍ സ്നേഹിച്ചിരുന്നു…മനസ്സ് മുഴുവന്‍ കൊടുത്ത് സ്നേഹിച്ചിരുന്നു അമ്മെ! ആ സ്നേഹം അങ്ങനെയൊന്നും എനിക്ക് മറക്കാന്‍ പറ്റില്ല… ഇനി ഒരിക്കലും എന്റെ അടുത്തേക്ക് വരാനാവാത്ത വിധത്തില്‍ അയാള്‍ അകന്നു പോയി! നേരാ… ഞങ്ങള് തമ്മിലുള്ള ഡിസ്റ്റന്‍സ് അത്രേം കൂടുതലാ…അറിയാം. എനിക്ക്…എന്നാല്‍ അയാള്‍ക്ക് ഒന്നും സംഭവിക്കരുത്! അയാളുടെ ജീവന് വേണ്ടി എനിക്ക് പ്രാര്‍ഥിച്ചേ മതിയാകൂ അമ്മെ..എനിക്ക് പോണം!”

അവള്‍ മുഖം തുടച്ചുകൊണ്ട് എഴുന്നേറ്റു.

“അമ്മ പോയി അച്ഛനെക്കണ്ട് പെര്‍മിഷന്‍ ചോദിക്ക്! ഉം!”

ഷെല്‍ഫ് തുറന്ന് ഒന്ന് രണ്ടു ഡ്രസ്സുകള്‍ ബാഗിലേക്ക് വെച്ചുകൊണ്ട് ഗായത്രി പറഞ്ഞു.

പേഴ്സെടുത്ത് ബാഗില്‍ വെച്ച് തിരിഞ്ഞപ്പോള്‍ സാവിത്രിയെ അവിടെ കണ്ടില്ല.
സാവിത്രി ചെല്ലുമ്പോള്‍ പദ്മനാഭന്‍ തമ്പി അപ്പോഴും വാര്‍ത്തയുടെ മുമ്പിലാണ്.

“സാവിത്രി!”

ആഹ്ലാദത്തോടെ അയാള്‍ പറഞ്ഞു.

“ഇത്തവണയും ആ പിശാച് പെട്ടെടീ!”

നിരാശ നിഴലിക്കുന്ന സ്വരത്തില്‍ അയാള്‍ പറഞ്ഞു.

“പക്ഷെ, പേടിക്കണ്ട! രാകേഷിന്റെ മുമ്പില്‍ അവന്‍ ശവമായി വീഴും! ഇന്നോ നാളെയോ!”

സാവിത്രിയും ആഹ്ലാദം കാണിച്ചു.

“ഞാന്‍ വന്നത് മറ്റൊരു കാര്യം പറയാനാണ്!”

അയാളുടെ തോളില്‍ പിടിച്ചുകൊണ്ട് അവര്‍ പറഞ്ഞു.
അയാളവരെ ചോദ്യരൂപത്തില്‍ നോക്കി.

“നാളെ ഗോമതിയൊക്കെ കാടാമ്പുഴ അമ്പലത്തില്‍ പോകുന്നു…അറിയാല്ലോ വാര്‍ഷിക അഷ്ടമഗല്യ പൂജയൊക്കെ..രണ്ടോ മൂന്നോ ദിവസം വ്രതമൊക്കെയായി…”

“ഉവ്വ്! അറിയാം!”
ആലോചനയ്ക്ക് ശേഷം അയാള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *