സൂര്യനെ പ്രണയിച്ചവൾ- 21

പെട്ടെന്ന് അങ്ങോട്ടേക്ക് ഉണ്ണിയും രവിയും ഷബ്നവും കയറി സതീഷും വന്നു.

“ജനഗണമന പാടുമ്പം നമ്മള് അല്ല നമ്മളല്ല നിങ്ങള് അറ്റന്‍ഷന്‍ മോഡില്‍ നിക്കുവേലെ?”

സന്തോഷ്‌ ചോദിച്ചു.

“അത്രേം അച്ചടക്കത്തോടെ പുറത്തേക്ക് ഇറങ്ങിക്കെ. എന്നിട്ട് ദോണ്ടേ, ആ കാണുന്ന ലക്ഷ്വറി ബസ്സില്ലേ? അതിലേക്ക് അങ്ങ് കയറിക്കെ!”

അയാള്‍ പുറത്തേക്ക് തോക്ക് ചൂണ്ടി പറഞ്ഞു. അവിടെ വളരെ പഴയ, പൊളിയാറായ ഒരു വാന്‍ കിടന്നിരുന്നു.

“സതീഷേ!”

സന്തോഷ്‌ സതീഷിനോടു പറഞ്ഞു.

“നീ വെളീല്‍ നിക്ക്! എന്നിട്ട് മന്ദം മന്ദം ഇറങ്ങി വരുന്ന ഈ വി ഐ പികള്‍ നമ്മടെ വണ്ടീല്‍ കേറുമ്പം അവര് തരുന്ന ഗാഡ് ഓഫ് ഓണര്‍ സ്വീകരിക്ക്!”

“ഓക്കേ!”

സതീഷ്‌ ചിരിച്ചു. അവന്‍ പുറത്തേക്കിറങ്ങി. സന്തോഷ്‌ ഉടനെ ബസ്സിനകത്ത് നിന്നും റൂഫിലേക്ക് നിറയൊഴിച്ചു. റൂഫിന്‍റെ മനോഹാരിതയെ ഭേദിച്ചുകൊണ്ട് വെടിയുണ്ടകള്‍ പുറത്തേക്ക് ചിതറിയപ്പോള്‍ ഭയംകൊണ്ട് വിറങ്ങലിച്ച് എല്ലാരും എഴുന്നേറ്റു.
“എഴുന്നെക്ക് വാര്യരെ!”

സന്തോഷ്‌ അയാള്‍ക്ക് നേരെ തോക്ക് ചൂണ്ടി.

“പട്ടുസാരിയാണോ അതോ പാളത്തൊപ്പിയാണോ ഇന്ത്യന്‍ സംസ്ക്കാരത്തിന്റെ വസ്ത്രം എന്ന വിഷയത്തെക്കുറിച്ച് നാളെ നമുക്ക് ജനം ടീവീലും കൈരളീലും ഒക്കെ പ്രൈം ടൈമില്‍ ഘോരഘോരം അണ്ണാക്ക് പൊട്ടുന്ന വരെ വായ്‌വെടിവെക്കേണ്ടതല്ലേ? അതിന് അറ്റ്‌ലീസ്റ്റ് നീ ജീവനോടെ എങ്കിലും വേണ്ടേ? എണീക്കെടാ!”

എല്ലാവരും എഴുന്നേറ്റു. വരിവരിയായി ഡോറിലൂടെ പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങി. അപ്പോഴാണ്‌ ഷബ്നം ഗായത്രിയെ കാണുന്നത്.

“റബ്ബേ!”

അവള്‍ അറിയാതെ മന്ത്രിച്ചു.

“ഈ കുട്ടിയുണ്ടായിരുന്നോ ഇതിനകത്ത്?”

അവള്‍ സ്വയം ചോദിച്ചു. സന്തോഷും അവളെ കണ്ടു.

“സന്തോഷ്‌ ചേട്ടാ? ഇനി എന്ത് ചെയ്യും?”

അവള്‍ അയാളുടെ കാതില്‍ മന്ത്രിച്ചു.

അയാള്‍ ഒരു നിമിഷം ആലോചിച്ചു.

“ഒന്നും ചെയ്യാനില്ല…ലെറ്റ്‌ ഹേര്‍ ആള്‍സോ ജോയിന്‍!”

അയാള്‍ പറഞ്ഞു. മറ്റുള്ളവരോടൊപ്പം പുറത്തേക്കിറങ്ങവേ സന്തോഷിന്‍റെ നേരെയും ഷബ്നത്തിന് നേരെയും ഗായത്രി രൂക്ഷമായി നോക്കി. ഷബ്നം അപ്പോള്‍ മുഖം തിരിച്ചു.

“ആ കുട്ടീടെ നോട്ടം, എന്‍റെ സന്തോഷ്‌ ചേട്ടാ! എന്ത് ചെയ്യാം!”

നിസ്സഹായത നിഴലിക്കുന്ന സ്വരത്തില്‍ ഷബ്നം പറഞ്ഞു. അവരോരുത്തരും ഭയന്നും നിലവിളിച്ചും പൊട്ടിപ്പഴകിയ വാനിലേക്ക് കയറി. അതിനുള്ളില്‍ തോക്കുധാരികളായ സംഘം നിന്നിരുന്നു.

“അതി തീട്ടം മൂത്രോം ഒന്നുമില്ല മാഡംസ്!”

ഇരിക്കാന്‍ മടിച്ചവരെ നോക്കി, പ്രത്യേകിച്ച് സ്ത്രീകളെ നോക്കി രാമപ്പന്‍ പറഞ്ഞു.

“പഴയ ഇന്ത്യന്‍ മേഡ് ടാറ്റ കമ്പനി വണ്ടിയാണ്… ഓഡീം വോക്സ് വേഗനും ഒന്നും നമ്മടെ സൈറ്റിലേക്ക് കേറില്ല! അതാ!”

ഗായത്രി വരുന്നത് കണ്ട് സംഘാംഗങ്ങള്‍ ആദ്യമൊന്ന് പരുങ്ങി. അവര്‍ ചോദ്യരൂപത്തില്‍ സന്തോഷിനെ നോക്കി. അയാള്‍ കുഴപ്പമില്ല എന്ന അര്‍ത്ഥത്തില്‍ അവരെ നോക്കി. കാടിനുള്ളിലേക്ക് വണ്ടി കയറി. ദുര്‍ഘടമായ കാട്ടുപാതയിലൂടെ, ചിലപ്പോള്‍ പാതയില്ലാത്ത പുല്‍പ്പുറത്ത് കൂടി വാന്‍ കുലുങ്ങിയും ഇളകിയും സഞ്ചരിച്ചു. വാനിനുള്ളില്‍ നിലവിളിയും പ്രാര്‍ഥനകളും മുഴങ്ങി. തോക്കേന്തിയ സംഘം ഭീഷണമായ ഭാവത്തോടെ അവരെ നോക്കി. ഏകദേശം രണ്ടു മണിക്കൂറിനു ശേഷം വാന്‍ അവരുടെ താവളത്തിലെത്തി.

“ഇറങ്ങ്!”

ഉണ്ണി ഡോര്‍ തുറന്നപ്പോള്‍ സന്തോഷ്‌ ആജ്ഞാപിച്ചു. സ്ത്രീകളും പുരുഷന്മാരും ഭയത്തോടെ ചുറ്റുപാടുകള്‍ വീക്ഷിച്ചുകൊണ്ട് പതിയെ അതിനുള്ളില്‍ നിന്നും ഇറങ്ങി. ഇടിഞ്ഞു പൊളിഞ്ഞ, ചിരപുരാതനമെന്നു തോന്നിക്കുന്ന ഒരു ക്ഷേത്രപരിസരമാണ് അതെന്നു അവര്‍ മനസ്സിലാക്കി. കാടിന്‍റെ ഇരുളിനും തണുപ്പിനുമകത്ത് അങ്ങനെ ഒരു കെട്ടിടാവശിഷ്ടം ഒരപൂര്‍വ്വതയായിരുന്നു. കെട്ടിടത്തിന് മുമ്പില്‍ വന്‍ ശിലകള്‍കൊണ്ട് നിര്‍മ്മിതമായ ഒരു ഗുഹാമുഖം.
“നടക്ക്!”

ഗുഹാമുഖത്തേക്ക് നോക്കി.സന്തോഷ്‌ ആജ്ഞാപിച്ചു. തീര്‍ഥയാത്രാ സംഘം അനുസരണയോടെ അങ്ങോട്ട്‌ നടന്നു. ഗുഹയ്ക്കകം വലിയൊരു ഹാള്‍ പോലെ തോന്നിച്ചു. വാതിലുകള്‍, വലിയ തൂണുകള്‍, ഹാളില്‍ നിന്ന് ഉള്ളിലേക്ക് വേറെയും മാര്‍ഗ്ഗങ്ങള്‍. അവ മുറികള്‍ പോലെ തോന്നിച്ച ഗുഹാന്തര്‍ഭാഗത്തേക്ക് പോകുന്നു. പെട്ടെന്ന്, ഹാളിന്‍റെ മുകളില്‍, ബാല്‍ക്കണിപോലെ പണിത ഒരു ഭാഗത്തേക്ക് ഒരു ചെറുപ്പക്കാരന്‍ നടന്നു വരുന്നത് അവര്‍ കണ്ടു.

“ജോയല്‍ ബെന്നറ്റ്‌!”

സന്ദേശ് വാര്യര്‍ അടുത്ത് നിന്ന രോഹിത് ഈശ്വറിന്റെ കാതില്‍ മന്ത്രിച്ചു.

“എഹ്?”

ഞെട്ടിത്തരിച്ച് രോഹിത് ജോയലിനെ നോക്കി.

“ഈശ്വരാ! ഇതാണോ? ഇവനാണോ ജോയല്‍ ബെന്നറ്റ്‌? എങ്കില്‍ നമ്മുടെ കാര്യം തീര്‍ന്നു…”

അയാളെ വിറയ്ക്കാന്‍ തുടങ്ങി. സന്ദേശ് വാര്യര്‍ പറഞ്ഞത് മറ്റെല്ലാവരും കേട്ടിരുന്നു. അവരുടെ മുഖങ്ങള്‍ മുകളിലേക്ക് ഭയത്തോടെ നീണ്ടു. ഓരോരുത്തരുടെയും മിഴികള്‍ തന്‍റെ മുഖത്ത് ഭയത്തോടെ പതിയുന്നത് അവന്‍ കണ്ടു. അപ്പോഴേക്കും സന്തോഷും ഷബ്നവും അവിടേയ്ക്ക്, അവന്‍റെയടുത്തേക്ക് വന്നു.

“നിങ്ങള്‍ക്ക് സംഭവിച്ച അസൌകര്യത്തില്‍ ഖേദിക്കുന്നു!”

ഘനഗാംഭീര്യമുള്ള സ്വരത്തില്‍ ജോയല്‍ പറഞ്ഞു. അത് പറഞ്ഞു കഴിഞ്ഞാണ് അവരുടെ കൂട്ടത്തില്‍ നില്‍ക്കുന്ന ഗായത്രിയെ അവന്‍ കാണുന്നത്. അദ്ഭുതവും ദേഷ്യവും കലര്‍ന്ന, വിടര്‍ന്ന മിഴികളോടെ അവന്‍ സന്തോഷിനെ നോക്കി. സന്തോഷ്‌ പുഞ്ചിരിച്ചു.

“ഇതെന്താ?”

ജോയല്‍ ഇരുവരോടും അടക്കിയ ശബ്ദത്തില്‍ തിരക്കി.

“ബസ്സില്‍ കേറി കഴിഞ്ഞാ ഞങ്ങള് കാണുന്നെ, ഏട്ടാ!”

ഷബ്നം പറഞ്ഞു.

“അവരെ മാത്രം ഒഴിവാക്കി മറ്റുള്ളവരെ മാത്രം കൊണ്ടുവരാനാണ് ആദ്യം ഞാനും ചിന്തിച്ചേ!”

സന്തോഷ്‌ അറിയിച്ചു.

“പിന്നെ തോന്നി, ഗായത്രിയും അമ്മയും കൂടെ ഉണ്ടേല്‍ അഡീഷണല്‍ അഡ്വാന്‍ടേജാണ് നമുക്ക്… നമ്മുടെ ആവശ്യത്തിന്…”

“അത് ശരിയാ….”

ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം ജോയല്‍ പറഞ്ഞു.

“നമ്മള് ഉദ്ദേശിച്ച വി ഐ പി കളേക്കാള്‍ ഒരൊന്നരക്കിലോ തൂക്കം കൂടും പദ്മനാഭന്! അങ്ങേരുടെ ഭാര്യേം മോളും ഉണ്ടേല്‍, അവരെ വെച്ച് ബാര്‍ഗൈന്‍ ചെയ്താ നമ്മടെ ആളുകളെ നമ്മള്‍ ഉദ്ദേശിക്കുന്നതിനേക്കാള്‍ വേഗത്തില്‍ പോലീസ് വിട്ടയയ്ക്കും…”

അവന്‍ പിന്നെ ഗായത്രിയുടെ മുഖത്തേക്ക് തറച്ചു നോക്കി. അവളും ദേഷ്യം കത്തുന്ന കണ്ണുകള്‍കൊണ്ട് അവനെ അളന്നു.

“നിങ്ങളോട് പറഞ്ഞിരിക്കുമല്ലോ….”
ജോയല്‍ തുടര്‍ന്നു.

“ഇങ്ങോട്ട് നിങ്ങളെ കൊണ്ടുവരുന്നതിന് മുമ്പ് നിങ്ങളോട് പറഞ്ഞിരിക്കുമല്ലോ എന്തിനാണ് നിങ്ങളെ ഇവിടേക്ക് കൊണ്ടുവന്നതെന്ന്….”

അയാള്‍ എല്ലാവരെയും ആകെയൊന്നു നോക്കി.

“ഞങ്ങളുടെ കൂട്ടത്തിലെ നാല് പേരെ നിങ്ങളുടെ സര്‍ക്കാര്‍ പിടിച്ചുകൊണ്ടുപോയി…”

Leave a Reply

Your email address will not be published. Required fields are marked *