സൂര്യനെ പ്രണയിച്ചവൾ- 21

Related Posts


ഗായത്രി തനിയെ വരുമെന്നാണ് ഗോമതി അറിഞ്ഞിരുന്നത്. എന്നാല്‍ ഗായത്രിയ്ക്ക് പിന്നാലെ സാവിത്രിയും കാറില്‍ നിന്നുമിറങ്ങിയപ്പോള്‍ അവള്‍ അദ്ഭുതപ്പെട്ടു.

“വൌ!”

അവള്‍ ആഹ്ലാദശബ്ദം പുറപ്പെടുവിച്ചു.

“ആന്‍റിയുമുണ്ടോ? സൂപ്പര്‍!”

സാവിത്രിയും ഗായത്രിയും ചിരിച്ചു.

“പീരിയഡ് രാവിലെ തീര്‍ന്നു. എങ്കില്‍ ഞാനും കൂടെ വരാമെന്ന് കരുതി!”

സാവിത്രി ഗോമാതിയോടു പറഞ്ഞു. വോള്‍വോ മിനിബസ്സ് ഗോമതിയുടെ വീട്ടില്‍ നിന്നും പുറപ്പെടുമ്പോള്‍ വെളുപ്പിന് മൂന്നരയായി. തന്നോടൊപ്പം യാത്രചെയ്യുന്നവരൊക്കെ സെലിബ്രിറ്റികളാണ് എന്ന് അവള്‍ കണ്ടു. സ്പീക്കര്‍ ശ്രീരാമനാരായണന്‍റെ ഭാര്യ ഡോക്റ്റര്‍ തുളസീമണി. എം എല്‍ എ ബാലരാമന്റെ ഭാര്യ, അറിയപ്പെടുന്, ടെക്സ്റ്റയില്‍ ഡിസൈനര്‍ മാളവിക. ഇന്ത്യന്‍ പീപിള്‍സ് പാര്‍ട്ടിയുടെ സംസ്ഥാന വക്താവും പ്രൈം ടൈം ടെലിവിഷന്‍ ചര്‍ച്ചകളില്‍ സജീവ സാന്നിദ്ധ്യവുമായ സന്ദേശ് വാര്യര്‍. കൊച്ചി രാജകുടുംബാംഗവും ധര്‍മ്മസംരക്ഷണ സേനയുടെ രക്ഷാധികാരിയുമായ രോഹിത് ഈശ്വര്‍. പിന്നെ സമൂഹത്തിലെ പ്രശസ്തരും ധനികരുമായ വേറെ ചിലരും. ഏതാണ്ട് ഇരുപതോളമാളുകള്‍. സ്ത്രീകളാണ് കൂടുതല്‍. പ്രാര്‍ഥനയും ഭജനയുമൊക്കെ കഴിഞ്ഞാണ് യാത്ര തുടങ്ങിയത്. ബസ്സില്‍ കയറിയ സമയം മുതല്‍ വീണ്ടും സങ്കീര്‍ത്തനങ്ങളും പ്രാര്‍ഥനയും കൊണ്ട് അകം നിറഞ്ഞു. അകത്ത് ചന്ദനത്തിരികളില്‍ നിന്നും സുഖമുള്ള ഗന്ധം. ചിലരുടെ കൈകളില്‍ മതഗ്രന്ഥങ്ങള്‍. മറ്റുചിലര്‍ ഇയര്‍ഫോണിലൂടെ പ്രഭാഷണങ്ങളും ഭക്തി ഗാനങ്ങളും കേള്‍കാന്‍ തുടങ്ങി.

“തിരുവില്വാമല ആഞ്ജനേയ സ്വാമി അമ്പലമാണ് ആദ്യം!”

യാത്രയുടെ സംഘാടകന്‍ സന്ദേശ് വാര്യര്‍ എല്ലാവരോടുമായി പറഞ്ഞു.

“അവിടെ ഉഷപൂജ കഴിച്ച് ആണ് യാത്ര! സ്ത്രീകള്‍ തിരുവരുള്‍ കാത്ത് പടിക്കല്‍ നിന്നിട്ടേ കയറാവൂ! പോറ്റി തീര്‍ത്ഥം തളിച്ചതിന് ശേഷം! അറിയാല്ലോ!”

സ്ത്രീകള്‍ തലകുലുക്കി. കൊല്ലങ്കോട്ടു നിന്ന് ബസ്സ്‌ പറളി റോഡിലേക്ക് കയറി.

“ഗായത്രി, അതല്ലേ പേര്?”

തൊട്ടടുത്ത സീറ്റില്‍ പുറത്തേക്ക്, നിലാവില്‍ കുതിര്‍ന്ന ഗ്രാമവിലോഭനീയതയിലേക്ക് നോക്കി നില്‍ക്കെ ഗായത്രി സന്ദേശ് വാര്യരുടെ ചോദ്യം കേട്ടു.
“പദ്മനാഭന്‍ സാര്‍ ബിസി ആയിരിക്കൂല്ലോ അല്ലെ?”

അയാള്‍ തിരക്കി. അവള്‍ തലകുലുക്കി.

“ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട് എന്നൊക്കെ കേട്ടു. അതുകൊണ്ട് ചോദിച്ചതാണ്…”

അവള്‍ അയാളെ നോക്കി പുഞ്ചിരിച്ചു.

“എന്നെ മനസ്സിലായോ?”

അയാള്‍ പുഞ്ചിരിയോടെ തിരക്കി.

“അറിയാം!”

പുഞ്ചിരി നിലനിര്‍ത്തി അവള്‍ പറഞ്ഞു.

“ടി വിയിലോക്കെ കണ്ടിട്ടുണ്ട്!”

“ഉവ്വോ? സന്തോഷം!”

അയാള്‍ ആഹ്ലാദത്തോടെ പറഞ്ഞു.

“ഡെല്ലിയിലായിരുന്നു അല്ലെ?”

ഡോക്റ്റര്‍ തുളസീമണി, സ്പീക്കറുടെ ഭാര്യ ചോദിച്ചു.

“അതേ!”

നിര്‍വ്വികാരമായ സ്വരത്തില്‍ ഗായത്രി മറുപടി നല്‍കി.

“മനസ്സില് എന്ത് വെഷമം ഉണ്ടായാലും ഭഗവതീടെ കാല്‍ച്ചുവട്ടില്‍ അതങ്ങ് സമര്‍പ്പിക്കുക!”

രോഹിത് ഈശ്വര്‍ തന്‍റെ സ്വതേയുള്ള ശൈലിയില്‍ പറഞ്ഞു.

“അനുഭവസ്ഥനാ പറയണേ! അത്കൊണ്ട് കുട്ടി ധൈര്യായിരിക്കുക! കേട്ടോ!”

ഗായത്രി തലകുലുക്കി. ബസ്സ്‌ പുറപ്പെട്ടിട്ട് ഇപ്പോള്‍ ഏകദേശം അരമണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. മിക്കവാറും ഉറക്കത്തിലാണ്. സാവിത്രിയുടെ തോളില്‍ മുഖം ചേര്‍ത്ത് ഗായത്രിയും ഒന്ന് മയങ്ങിപ്പോയി. രാത്രിയില്‍ അവള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ജോയലിന് സംഭവിക്കാന്‍ പോകുന്ന അപകടം അവളെ ഉറങ്ങാന്‍ അനുവദിച്ചില്ല. ആ മനുഷ്യന്‍ ഇപ്പോള്‍ തന്‍റെ ആരുമല്ല. ഭാവിയില്‍ തന്‍റെ ആരുമാകാന്‍ പോകുന്നുമില്ല. പക്ഷെ ഒരുകാലത്ത് തന്‍റെ എല്ലാമായിരുന്നു അയാള്‍. അതുകൊണ്ട് തന്നെ അയാള്‍ക്ക് സംഭവിക്കാന്‍ പോകുന്ന അപകടമെന്താണ് എന്ന് അറിയാനുള്ള ധൈര്യം തനിക്കില്ല. അപ്പോള്‍ ഉറങ്ങുന്നതെങ്ങനെ? പെട്ടെന്ന് ബസ്സ്‌ ഒരു ഞരക്കത്തോടെ നിന്നു. പെട്ടെന്നുള്ള ഹാള്‍ട്ടിങ്ങ് ആയതിനാല്‍ ബസ്സ്‌ വല്ലാതെ കുലുങ്ങി.

“എന്താ രാമേശ്വരാ?”

ചാടിയെഴുന്നേറ്റ് സന്ദേശ് വാര്യര്‍ ചോദിച്ചു. പെട്ടെന്ന് കാതടപ്പിക്കുന്ന സ്വരത്തില്‍ ചുറ്റും വെടിയൊച്ചകള്‍ മുഴങ്ങി. അത് കേട്ട് മിക്കവരും പ്രത്യേകിച്ച് സ്ത്രീകള്‍ ഭയന്ന് നിലവിളിച്ചു.

“എന്താ? എന്തായിത്?”

രോഹിത് ഈശ്വറും സന്ദേശ് വാര്യരോടൊപ്പം ചേര്‍ന്ന് പുറത്തേക്ക് നോക്കി. ആ നിമിഷം ഡ്രൈവറുടെ ക്യാബിനിലെ പുറത്തേക്കുള്ള ഡോര്‍ തുറക്കപ്പെട്ടു. ഡ്രൈവറെ ആരൊ പുറത്തേക്ക് വലിച്ചിറക്കി. പിന്നെ സംഭവിച്ചത് അക്ഷരാര്‍ത്ഥത്തില്‍ അകത്തുള്ളവരെ വിറപ്പിച്ചു. ബസ്സിന്‍റെ ഡോര്‍ വെടിവെച്ച് തകര്‍ക്കപ്പെട്ടു. അകത്തേക്ക് തോക്കുകളുമായി ചിലര്‍ ഇരച്ചെത്തി.

“ആരാ നിങ്ങള്?”

സന്ദേശ് വാര്യര്‍ ഭയന്നു വിറച്ചുകൊണ്ടാണെങ്കിലും ചോദിച്ചു.

“പേരും അഡ്രസ്സും ഒക്കെ നെനക്ക് ഇപ്പം തന്നെ അറിയണോടാ? ഇരിക്കെടാ അവിടെ മോന്തേടെ ഷേപ്പ് മാറേണ്ടേങ്കില്‍!”
എല്ലാവരും ഭയന്ന് വിറങ്ങലിച്ച് അവരവരുടെ ഇരിപ്പിടങ്ങളില്‍ ഇരുന്നു.

“ഞാന്‍ സന്തോഷ്‌!”

തോക്കുയര്‍ത്തി സന്തോഷ്‌ പറഞ്ഞു.

“പോലീസ് റെക്കോഡില്‍ എന്‍റെ പേര് വീരപ്പന്‍ സന്തോഷ്‌ എന്നാ! അല്ല ഇത് നമ്മടെ വാര്യരദ്ദേഹവല്ല്യോ? വാര്യര്‍ക്കൊക്കെ എന്നെ അറിയാം…പിന്നെ തുളസീമണി മാഡത്തിനും അറിയാം…മാഡത്തിന്‍റെ ഹസ്ബന്‍ഡ്…എന്നെപ്പറ്റിയൊക്കെ നിയമസഭേല്‍ ഘോരഘോരം പ്രസംഗിച്ചതല്ലേ? എന്താ മാഡം ഇത്? മാഡത്തിന്‍റെ ഹസ്ബന്‍ഡ് ഒന്നാന്തരം കമ്മ്യൂണിസ്റ്റ് അല്ലെ? പണ്ട് യൂത്തിന്റെ ഒക്കെ അഖിലേന്ത്യാ നേതാവോക്കെ ആരുന്നില്ലേ? കമ്മ്യൂണിസ്റ്റിന്‍റെ ഭാര്യക്ക് അമ്പലോം പള്ളീം ഒക്കെ ആകാല്ലോ അല്ലെ? ഹഹഹ….ആങ്ങ്‌ ..അത് എന്തേലും ആകട്ടെ!”

സന്തോഷിന്‍റെ മുഖത്തെ ചിരിമാഞ്ഞു.

“ഈ വണ്ടിയിലുള്ള നിങ്ങളെ ഞങ്ങള് കസ്റ്റഡിയിലെടുക്കുവാ!” ബസ്സിനുള്ളില്‍ നിന്നും വീണ്ടും ഭയന്ന് വിറച്ച കരച്ചില്‍ ശബ്ദമുയര്‍ന്നു.

“ഞങ്ങടെ കൂട്ടത്തിപ്പെട്ട നാല് പേരെ പോലീസ് പിടിച്ചു, ഇന്നലെ! നിങ്ങളെ വെച്ച് വെലപേശുവാ!…”

“അതിനു ഞങ്ങള്‍…”

രോഹിത് ഈശ്വര്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങി. സന്തോഷ്‌ തോക്കിന്‍റെ പാത്തി അയാള്‍ക്ക് നേരെ ഉയര്‍ത്തി. അത് താഴുന്നതിനു മുമ്പ് നിലവിളിയോടെ രോഹിത് സീറ്റിലേക്ക് അമര്‍ന്നു.

“ഒരക്ഷരം കേള്‍ക്കരുത് ഒരു പന്നീടെം നാവില്‍ നിന്ന്!”

ഭീഷണമായ ശബ്ദത്തില്‍ സന്തോഷ്‌ പറഞ്ഞു.

“പേടിച്ച് കരയുവോ നെലവിളിക്കുവോ ഒക്കെ ചെയ്തോ! പക്ഷെ അലമ്പുണ്ടാക്കരുത്! സോഫ്റ്റ്‌ ആയി കരഞ്ഞോണം! മനസ്സിലായോ മിസ്സിസ് മാളവികാ ബലരാമന്‍!”

Leave a Reply

Your email address will not be published. Required fields are marked *