സൂര്യനെ പ്രണയിച്ചവൾ- 22 1

അവള്‍ തിരക്കി.

“ശ്യെ! കാണാന്‍ ഒട്ടും രസമില്ല..പറഞ്ഞാരുന്നേല്‍ ഞാന്‍ നല്ല ഫോട്ടോ തരില്ലായിരുന്നോ രവിയേട്ടാ?”

“ഫോട്ടോ മാത്രം നോക്കിയാല്‍ പോര!”

ജോയല്‍ ഗൌരവത്തില്‍ പറഞ്ഞു.

“പേരുകൂടി ഒന്ന് നോക്ക്!”

“രോഷ്നി വര്‍ഗീസ്‌!”

അവള്‍ പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ പേര് വായിച്ചു.

പിന്നെ പൊട്ടിച്ചിരിച്ചു.

“എഹ്? ഞാന്‍ രോഷ്നി ആണോ! അതുകൊള്ളാം!”

“യെസ്, നിന്‍റെ പേര് രോഷ്നി. നിന്‍റെ ജോബ്‌ മോള്‍ഡോവാ ടെക്നോളജീസിന്റെ ഓഫീസ് സെക്രട്ടറി…”

“അങ്ങനെയൊരു കമ്പനിയുണ്ടോ?”

“ആ കമ്പനിയുടെ സീ ഇ ഓയാണ് നിനക്ക് പാസ്സ്പ്പോര്‍ട്ട് തന്നത് എന്‍റെ കൊച്ചേ…!”

സന്തോഷ്‌ ചിരിച്ചുകൊണ്ട് പറഞ്ഞു.
ഷബ്നത്തിന്‍റെ കണ്ണുകള്‍ അവിശ്വസനീയതകൊണ്ട് വിടര്‍ന്നു.

“റബ്ബേ…!”

അവള്‍ രവിചന്ദ്രനെ നോക്കി.

“രവിയേട്ടാ? സത്യം?”

അയാള്‍ പുഞ്ചിരിയോടെ തലകുലുക്കി.

“രവീടെ കാലിഫോര്‍ണിയയിലെ സ്ഥാപനം മൊള്‍ഡോവായിലേക്ക് ട്രാന്‍സ്പ്ലാന്‍റ് ചെയ്തതാ കൊച്ചേ…”

സന്തോഷ്‌ വിശദീകരിച്ചു.

“നീ മാത്രമല്ല, നമ്മുടെ ആള്‍ക്കാരൊക്കെ രവീടെ കമ്പനീലെ എമ്പ്ലോയീസാ മോള്‍ഡോവന്‍ ഗവണ്മെന്‍റ്റിന്‍റെ ഡാറ്റയില്‍…”

“എന്നുവെച്ചാല്‍, എല്ലാവര്‍ക്കും മോള്‍ഡോവന്‍ പാസ്പ്പോര്‍ട്ട് ഉണ്ടെന്നോ?”

“ഉണ്ട്..നമ്മള്‍ എല്ലാവരും മൊള്‍ഡോവന്‍ പൌരന്മാരുമാണ്!”

ഷബ്നത്തിന്‍റെ മുഖം വാടി.

“എന്താ മോളെ?”

അവളുടെ ഭാവമാറ്റം കണ്ടിട്ട് രവിചന്ദ്രന്‍ ചോദിച്ചു.

“അപ്പം നമ്മുടെ രാജ്യം? നമ്മുടെ ഇന്ത്യ? നമുക്ക് ഇവിടെയൊന്നും…”
അവളുടെ കണ്ണുകള്‍ നിറഞ്ഞു.

“ഞാന്‍ ഒരിടത്തേക്കും ഇല്ല ഏട്ടാ…”

ജോയലിന്റെ ചുമലില്‍ മുഖമമര്‍ത്തി ഷബ്നം പറഞ്ഞു.

“എന്നെ ഇവിടുത്തെ പോലീസ് പിടിച്ചോട്ടെ…എന്നെ വെടിവെച്ച് കൊന്നോട്ടെ… ഞാന്‍ ജനിച്ചത് ഇവിടെയാ…മരിക്കുന്നതും ഇവിടെ തന്നെയാകണം…അതുമതി…”

ജോയലിന്റെ കൈത്തലം അവളുടെ തലമുടി തഴുകി.

“അത് അങ്ങനെ തന്നെയാകട്ടെ…”

ജോയല്‍ അയാളോട് പറഞ്ഞു.

“എന്നുവെച്ച് നമുക്ക് മറ്റു രാജ്യങ്ങളില്‍ പോകാനോ ജോലിചെയ്യാനോ ഒന്നും പാടില്ല എന്നൊന്നുമില്ലല്ലോ…എത്രയോ ആളുകള്‍ക്ക് മറ്റു രാജ്യങ്ങളിലെ പൌരത്വമുണ്ട്…”

അയാളുടെ വാക്കുകള്‍ അവള്‍ക്ക് ആശ്വാസമേകിയതുപോലെ തോന്നി.

“അല്ല…”

ഷബ്നം സംശയത്തോടെ എല്ലാവരേയും നോക്കി.

“ഇതെന്തിനാ ഇപ്പോള്‍ പാസ്സ്പോര്‍ട്ട് ഒക്കെ?”

“നമുക്ക് പോകണ്ടേ?”

സന്തോഷ്‌ ചോദിച്ചു.

“എന്നുവെച്ചാല്‍?”

“എന്‍റെ കൊച്ചേ…ഞങ്ങള്‍ ഇപ്പോള്‍ ഇവിടെ വന്നിട്ട് എത്ര നാളായി എന്നറിയാമോ?”

ഷബ്നം ഓര്‍ത്തു നോക്കി.

“ഇപ്പൊ ഒരു രണ്ടാഴ്ച്ച …അല്ലെ?”

“ഇപ്പോഴത്തെ ഈ വരവിന്‍റെ ഉദ്ദേശം എന്താ?”

“ഏട്ടന്‍റെ പപ്പയെ കൊന്നവരെ പിടിക്കാന്‍!”

“എന്‍റെ മാത്രമല്ല നിന്‍റെ ശത്രുക്കളെയും…”

ഷബ്നം ജോയലിനെ നോക്കി.

“അത് കഴിഞ്ഞ്?”

“അത് കഴിഞ്ഞ് നമ്മള്‍ പോകും….”

“മോള്‍ഡോവാ?”

“യെസ്!!”

അവളുടെ മുഖം വാടി.

“അല്ലാതെ എന്നും ഈ കാട്ടില്‍ മാത്രം കഴിഞ്ഞാല്‍ മാത്രം മതിയോ നമുക്ക്?”

സന്തോഷ്‌ അവളുടെ തോളില്‍ പിടിച്ചു.

“എപ്പോഴും പോലീസിനെയും പട്ടാളത്തേയും ഭയന്ന് ഉറങ്ങാന്‍ പോലുമാകാതെ ഇങ്ങനെ ജീവിച്ചാല്‍ മതിയോ?”
ഷബ്നം ഒന്നും മിണ്ടിയില്ല.

“പോരാ…”

ജോയേല്‍ അവളുടെ തലമുടിയില്‍ വീണ്ടും തലോടി.

“സാധാരണക്കാരെപ്പോലെ ജീവിക്കണം…. ഭയം കൂടാതെ പകല്‍ വെളിച്ചത്തില്‍ ഇറങ്ങി നടക്കണം…കുടുംബം ഒക്കെ വേണം….”

“എന്താ കേട്ടിട്ടില്ലേ?”

സന്തോഷ്‌ ചിരിച്ചു.

“ഇത്രേം ആങ്ങളമാര്‍ ഇങ്ങനെ നെരന്നു നിക്കുമ്പം നെനക്ക് ഒരു കുടുംബം ഉണ്ടാക്കിത്തരാന്‍ കഴിഞ്ഞില്ല എന്ന് പറഞ്ഞാല്‍?”

രവിചന്ദ്രന്‍ ഉച്ചത്തില്‍ ചിരിച്ചു.

ഷബ്നം നാണിച്ചു ചുവന്നു.

“എനിക്ക് കുടുംബോം കൂടോത്രോം ഒന്നും വേണ്ട…”

ലജ്ജയില്‍ കുതിര്‍ന്ന മുഖത്തോടെ ഷബ്നം പറഞ്ഞു.

“എനിക്ക് നിങ്ങടെ കൂടെ …എന്‍റെ …എന്‍റെ ഏട്ടന്മാരുടെ കൂടെ ….”

ബാക്കി പറയാന്‍ അവള്‍ക്ക് കഴിഞ്ഞില്ല.
മിഴികള്‍ നിറഞ്ഞു തുളുമ്പി.

“ജോയലെ!! സന്തോഷ്‌ ചേട്ടാ!!”

പെട്ടെന്ന് രവിചന്ദ്രന്‍ ആവേശത്തോടെ തനിക്ക് മുമ്പിലുള്ളവരെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *