സൂര്യനെ പ്രണയിച്ചവൾ- 8 Like

“ശ്യെ! മൂന്നും മൂന്ന്‍ സീറ്റിലാ!”

റാം ഗോപാല്‍ നിരാശയോടെ പറഞ്ഞു.

“സാരമില്ലെടാ!”

ജോയല്‍ അവനെ ആശ്വസിപ്പിച്ചു.

“വണ്ടി ആദ്യ ഡെസ്റ്റിനേഷന്‍ എത്തുമ്പോള്‍ ഞാന്‍ ജയശ്രീ മാഡത്തെ നയത്തില്‍ കണ്ടിട്ട് ശരിയാക്കാം. ഇപ്പം അവര് എല്ലാം അറേഞ്ച് ചെയ്യുവല്ലേ? സ്റ്റാര്‍ട്ടിംഗ് ആകുമ്പം ഒടുക്കത്തെ ടെന്‍ഷനില്‍ ആകും. ഈ ടെന്‍ഷന്‍റെ എടേല്‍ സീറ്റ് മാറ്റാന്‍ നോക്കിയാ അവരുടെ വായിലിരിക്കുന്നത് മൊത്തം കേക്കുവേം വേണം പിന്നെയൊട്ട് കാര്യം നടക്കത്തുമില്ല. ഓക്കെ!”

“ആ, അല്ലാതെ എന്ത് ചെയ്യും?”

കൂട്ടുകാര്‍ നിരാശയോടെ പറഞ്ഞു.

ജോയല്‍ തന്‍റെ ബാഗുംകൊണ്ട് ബസ്സിലേക്ക് കയറി. സീറ്റ് നമ്പര്‍ നോക്കി അവന്‍ നടന്നു. ഏകദേശം മദ്ധ്യഭാഗത്താണ് തന്‍റെ സീറ്റ്. വിന്‍ഡോ സീറ്റ് അല്ല. ബാഗ് മുകളിലേക്ക് വെക്കാന്‍ തുടങ്ങുമ്പോഴാണ് അവന്‍ സീറ്റില്‍ കിടന്ന പിങ്ക് നിറമുള്ള കവര്‍ കണ്ടത്.

“ഒഹ്! നോ!”

അവന്‍ നിസ്സഹായനായി.
പിന്നെ കുനിഞ്ഞ് അതെടുത്തു.
തുറന്നു.
ചുണ്ടില്‍ ചുണ്ടമര്‍ത്തി നില്‍ക്കുന്ന ആണും പെണ്ണും.

“ഗെറ്റ് മൈ ഗുഡ് മോണിംഗ് കിസ്സ്‌ മൈ മാന്‍…ആന്‍ഡ് ഗീവ് മി യുവേഴ്സ്…”

“പുലരിയില്‍ ഞാന്‍ നിന്നെ ഉമ്മ വെയ്ക്കുന്നു… എനിക്കുള്ളത് തരൂ…”

പ്രഭാതത്തിന്റെ സുഖമുള്ള തണുപ്പില്‍ ആ വാക്കുകള്‍ തന്‍റെ മനസ്സിനെ മാത്രമല്ല ദേഹത്തെയും ചൂട് പിടിപ്പിക്കുന്നത് ജോയല്‍ അറിഞ്ഞു.
ആ വാക്കുകളിലേക്ക് നോക്കി അവന്‍ പരിസരം മറന്നു നിന്നു.

“എന്താ അവിടെ അനങ്ങാതെ നിക്കുന്നെ?”

മുമ്പില്‍ നിന്നും സംഗീതാത്മകമായ ശബ്ദം കേട്ട് അവന്‍ ഞെട്ടിത്തിരിഞ്ഞ് നോക്കി.

“ഗായത്രി!”

അവന്‍ മന്ത്രിച്ചു.
അവളെക്കണ്ട് അവന്‍ ആ കവര്‍ ഒളിപ്പിക്കാന്‍ നോക്കി.

“എന്താ അത്?”

അത് കണ്ടിട്ട് അവള്‍ ചോദിച്ചു.
ഒളിപ്പിച്ചിട്ട് കാര്യമില്ല.
ഗായത്രി കണ്ടുകഴിഞ്ഞു.
അല്ലെങ്കിലും അവളോടെല്ലാം പറഞ്ഞിട്ടുണ്ടല്ലോ.
ആളെ കണ്ടുപിടിക്കാന്‍ സഹായിക്കാം എന്നും പ്രോമിസ് ചെയ്തട്ടുണ്ട്.
പക്ഷെ അതുകൊണ്ടൊന്നുമല്ല താന്‍ കവര്‍ മറച്ചു പിടിക്കാന്‍ ശ്രമിച്ചത്.
അതിലെഴുതിയിരിക്കുന്നത് ഗായത്രി കാണരുതെന്ന് താന്‍ ആഗ്രഹിച്ചു.
ഇതുവരെ താന്‍ വായിച്ചതരം വാക്യങ്ങളല്ല.
അല്‍പ്പം കൂടി ‘ചൂടുള്ള’ വാക്കുകളാണ്.

“ആഹാ!”

അടുത്തെത്തി അവന്‍റെ കൈയ്യില്‍ നിന്നും ആ കവര്‍ വാങ്ങി അവന്‍റെ നേരെ അര്‍ത്ഥഗര്‍ഭമായി നോക്കിക്കൊണ്ട് പുഞ്ചിരിയോടെ അവള്‍ പറഞ്ഞു.

“രാവിലെ തന്നെ കിട്ടിയല്ലോ, ഗിഫ്റ്റ്!”

അത് പറഞ്ഞ് അവളത് തുറക്കാന്‍ തുടങ്ങി.

“മേ ഐ?”

അത് തുറക്കാനുള്ള അനുവാദത്തിനായി അവള്‍ അവനെ നോക്കി.
ജോയല്‍ അല്‍പ്പം ജാള്യതയോടെ അവളെ നോക്കി.
പിന്നെ അര്‍ദ്ധസമ്മതത്തോടെ പതിയെ തലകുലുക്കി.
അല്ലെങ്കില്‍ താന്‍ എന്തൊരു മണുകുണാഞ്ചനാണ് എന്നവള്‍ കരുതും.

“വൌ!!”

അതില്‍ എഴുതിയിരിക്കുന്നത് വായിച്ച് അവള്‍ അവനെ പുഞ്ചിരിയോടെ നോക്കി.

“അല്‍പ്പം ഹോട്ട് ആണല്ലോ! വൌ!! ഇപ്പം കിട്ടിയതാ?”

“അതേന്നെ! ഇപ്പം എന്‍റെ സീറ്റില്‍ കിടന്നു. ഇത്ര രാവിലെ കൊണ്ടുവന്ന് ഇടണമെങ്കില്‍, തൊട്ടടുത്ത് തന്നെ ആള് കാണും!”

“അതെ, തൊട്ടടുത്ത്!”

അവള്‍ പുഞ്ചിരിയോടെ പറഞ്ഞു.

“എന്തായാലും ഇന്ന് കണ്ടുപിടിച്ചേ മതിയാകൂ ഗായത്രി,”
ജോയല്‍ നിസ്സഹായ സ്വരത്തില്‍ പറഞ്ഞു.

“അല്ലെങ്കില്‍ ടെന്‍ഷന്‍ മൂത്ത് ഞാന്‍ ഒരു വഴിക്കാകും!”

“നമുക്ക് കണ്ടുപിടിക്കാന്നെ!”

അവള്‍ ആശ്വസിപ്പിക്കുന്ന സ്വരത്തില്‍ പറഞ്ഞു.

“ഗായത്രിയുടെ സീറ്റ് ഏതാ?”

“ട്വെന്റി ഫൈവ്”

അവള്‍ പറഞ്ഞു.

“ട്വെന്റി ഫൈവോ?”

അവന്‍ അദ്ഭുതപ്പെട്ടു.

“അപ്പോള്‍ നമ്മള്‍ ഒരേ സീറ്റിലാണോ? എന്‍റെ ട്വെന്റി ഫോറാ!”

“അയ്യോ!”|

അവള്‍ അല്‍പ്പം പരിഭ്രമത്തോടെ പറഞ്ഞു.

“പ്രശ്നമാകുമോ ജോയല്‍ അപ്പോള്‍?”

“എന്ത് പ്രശ്നം?”

“അല്ല, ആ കുട്ടി എങ്ങാനും കണ്ടാല്‍…! ഞാന്‍ ജോയലുമായി സീറ്റ് ഷെയര്‍ ചെയ്യുന്നു എന്നൊക്കെ കണ്ടാല്‍..പോസെസ്സീവ്നെസ്സ് ഉള്ള കുട്ടി ആണെങ്കില്‍ ദേഷ്യം ഒക്കെ വന്നാലോ?”

Leave a Reply

Your email address will not be published. Required fields are marked *