സൂര്യനെ പ്രണയിച്ചവൾ- 8

Related Posts


പിറ്റേ ദിവസം കോളേജില്‍, കൂട്ടുകാര്‍ എല്ലാവരും ബാസ്ക്കറ്റ് ബോള്‍ ഗ്രൌണ്ടിലേക്ക് പോയപ്പോള്‍ ജോയല്‍ ലൈബ്രറിയിലേക്ക് നടന്നു.
കൂട്ടുകാര്‍ ഒത്തിരി നിര്‍ബന്ധിച്ചെങ്കിലും അവനൊഴിഞ്ഞു മാറുകയാനുണ്ടായത്.
ഒരു ഉത്സാഹം തോന്നിയില്ല. ഡെസ്ക്കിനുള്ളിലും വീട്ടിലും വന്ന ഗ്രീറ്റിംഗ് കാര്‍ഡുകള്‍ ആരുടെയോ ബാലിശമായ പ്രവര്‍ത്തിയായി അവന് തോന്നിയില്ല.
അതുകൊണ്ടുതന്നെ മനസ്സ് അല്‍പ്പം അസ്വസ്ഥമായി തോന്നിയത്കൊണ്ട് ബാസ്ക്കറ്റ് ബോള്‍ ഗ്രൌണ്ടിലേക്ക് പോകാന്‍ തോന്നിയേയില്ല.
ലൈബ്രറിയില്‍ എപ്പോഴുമിരിക്കാറുള്ള ഇരിപ്പിടത്തിനടുത്തേക്ക് അവന്‍ നടന്നു.

ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ അവനമ്പരന്നു.
കസേരയില്‍ ഒരു ചുവന്ന കവര്‍.

“മൈ ഗോഡ്!”

അവനറിയാതെ മന്ത്രിച്ചു.
അവനാ കവര്‍ എടുത്തു.
തുറന്നു. ഇളം നീല നിറത്തില്‍ ഒരു കാര്‍ഡ്.
ആലിംഗനബദ്ധരായ സ്ത്രീപുരുഷന്മാര്‍.
അതിനടിയില്‍ ഇങ്ങനെ എഴുതിയിരുന്നു.

“യൂ ആര്‍ ബോണ്‍ ഫോര്‍ മീ. യൂ ആര്‍ മൈ ലവ്. യൂ ആര്‍ മൈ ലൈഫ്..”

….നീ എനിക്ക് വേണ്ടി ജനിച്ചതാണ്. നീയാണെന്റെ പ്രണയം. നീയാണെന്റെ ജീവന്‍…

അവനിലെ അമ്പരപ്പും ചങ്കിടിപ്പും കൂടി.
അവന്‍ ചുറ്റും നോക്കി. ആരായിരിക്കും?
പെട്ടെന്ന് പിമ്പില്‍ നാലഞ്ച് കസേരകള്‍ക്കപ്പുറത്ത് ഗായത്രിയിരിക്കുന്നത് അവന്‍ കണ്ടു.
ഗൌരവമായ വായനയിലാണ്.
സ്വര്‍ണ്ണ നിറത്തില്‍ ഒരു ടാങ്ക്ടോപ്പും ബ്ലാക്ക് മിനിസ്ക്കര്‍ട്ടും ആണ് വേഷം.
അവളുടെ അനുപമമായ ദേഹഭംഗിയും താരുണ്യംതിളച്ചു തുളുമ്പുന്ന സൌന്ദര്യവും അതിലൂടെ മിഴിവായി.
അഴകാര്‍ന്ന നീണ്ട മുടിയിഴകള്‍ ഇളം കാറ്റില്‍ പതിയെ ഇളകിക്കൊണ്ടിരുന്നു.

“ഗായത്രി …”

ജോയല്‍ ശബ്ദം കേള്‍പ്പിക്കാതെ വിളിച്ചു.
വളരെ കര്‍ക്കശക്കാരിയാണ് ലൈബ്രറിയന്‍.
നേരിയ ശബ്ദം മതി അവര്‍ക്ക് കുട്ടികളെ ലൈബ്രറിയില്‍ നിന്നും പുറത്താക്കാന്‍.

ശബ്ദം കേട്ട് അവള്‍ വായനയില്‍ നിന്നുമുണര്‍ന്ന് അവനെ നോക്കി.

“ഹായ്, ജോയല്‍,”

അവളും മന്ത്രിക്കുന്ന സ്വരത്തില്‍ അവനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് കൈവീശിക്കാണിച്ചു.

“എന്താ?”

“ആരേലും ഈ കവര്‍ ഇവിടെ കൊണ്ടുവന്നു ഇടുന്നത് കണ്ടോ?”

കവര്‍ ഉയര്‍ത്തിക്കാണിച്ചുകൊണ്ട് അവള്‍ ചോദിച്ചു.

“ഇല്ലല്ലോ? എന്ത് കാര്‍ഡ് ആണ് അത്, ജോയല്‍?”

പുഞ്ചിരിയുടെ തിളക്കം കൂട്ടി, നോട്ടത്തില്‍ കുസൃതിയുടെ ഭംഗി തീവ്രമാക്കി അവള്‍ തിരക്കി.

“അതോ!”

അവന്‍ ഉത്സാഹത്തോടെ പറയാന്‍ തുടങ്ങി.
പിന്നെ എന്തോ ഓര്‍ത്ത് വേണ്ടാന്ന് വെച്ചു.

“ഏയ്‌! ഒന്നുമില്ല!”

അവന്‍ പറഞ്ഞു.

“എന്താണ് എന്നെങ്കിലും പറയൂന്നെ! എന്നോടല്ലേ!”
നല്ല കുട്ടിയാണ് ഗായത്രി.
ജോയല്‍ ഓര്‍ത്തു. എല്ലാവര്‍ക്കും നല്ല അഭിപ്രായമാണ്.
ഇഷ്ടവും.
സുന്ദരിയാണ് എന്നതുകൊണ്ടോ, വളരെ സ്വാധീനമുള്ള ഒരു കേന്ദ്രമന്ത്രിയുടെ മകളാണ് എന്നതുകൊണ്ടോ അവളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും ഒരു തരിമ്പും അഹങ്കാരമോ നിഗളിപ്പോ ഇല്ല എന്ന് അവനോര്‍ത്തു.
ഗായത്രിയോട് പറഞ്ഞാലോ?
ചിലപ്പോള്‍ അവള്‍ വിചാരിച്ചാല്‍ തന്നെ ഇങ്ങനെ പറ്റിക്കുന്നത് ആരാണെന്ന് ചിലപ്പോള്‍ കണ്ടുപിടിക്കാന്‍ സാധിച്ചേക്കാം.

“ശരി!”

അവന്‍ എഴുന്നേറ്റു. എന്നിട്ട് തന്‍റെ ബാഗും കാര്‍ഡും എടുത്ത് അവളുടെ അരികിലേക്ക് പോയി. അവള്‍ക്ക് അഭിമുഖമായി ഇരുന്നു.

“ഇന്നലെ മുതല്‍ എന്നെ ഒരാള് വല്ലാതെ പറ്റിക്കുന്നു ഗായത്രി,”

അല്‍പ്പം ലജ്ജയോടെ, എന്നാല്‍ വിഷമത്തോടെയും അവന്‍ പറഞ്ഞു.

“എങ്ങനെ?”

അവള്‍ തിരക്കി.

“അതോ?”

അവന്‍ പറഞ്ഞു.
“ഇന്നലെ ക്ലാസ്സില്‍ ചെന്നപ്പോള്‍ എന്‍റെ ഡെസ്ക്കില്‍ ഇതുപോലെ ഒരു കാര്‍ഡ്. അതില്‍ എഴുതിയിരിക്കുന്നു….”

“എന്ത് എഴുതിയിരിക്കുന്നു..?”

അവള്‍ ചോദിച്ചു.

അവളുടെ മുഖം ചുവന്നിരിക്കുന്നത് അവന്‍ കണ്ടു.
കണ്ണുകളില്‍ വല്ലാത്ത മായികമായ ഒരു ഭാവം.
അവള്‍ പുഞ്ചിരിയോടെ കൈ ഉയര്‍ത്തി തന്‍റെ നീണ്ട മുടിയിഴകളില്‍ തഴുകി.

“അത് ഗായത്രി…”

അവളുടെ നോട്ടത്തിന്‍റെ ഭംഗിയില്‍ നിന്നും കണ്ണുകള്‍ മാറ്റാതെ അവന്‍ പറഞ്ഞു.

“എന്നെ ആരോ പ്രേമിക്കുന്നു എന്നും ഒക്കെ. മാത്രമല്ല ഇന്നലെ വീട്ടില്‍ ചെന്നപ്പോള്‍ അവിടെയും കാര്‍ഡ് വന്നിരിക്കുന്നു. ഗായത്രി ഇന്നലെ എനിക്കുണ്ടായ ചമ്മല്‍. പപ്പയും മമ്മിയും എന്നെ കളിയാക്കിയതിന് കണക്കില്ല…”

“അതെന്താ, അവര്‍ പ്രേമത്തിന് അത്ര എതിരാണോ?”

അവള്‍ പുഞ്ചിരി മാറ്റാതെ ചോദിച്ചു.

“അയ്യോ അതല്ല,”

അവന്‍ പെട്ടെന്ന് പറഞ്ഞു.

“ഞാനിങ്ങനെ ടെന്‍ഷന്‍ അടിച്ച് …അതൊക്കെ കണ്ടിട്ട്…”

“എന്തിനാ ടെന്‍ഷന്‍? ഇങ്ങനെ കാര്‍ഡ് മെസേജ് ഒക്കെ തന്ന് പ്രേമിക്കുന്ന കുട്ടി ക്യൂട്ട് ആണോ അല്ലയോ എന്നൊക്കെ ഓര്‍ത്താണോ?”

“അയ്യോ, അതല്ല…എന്നെ പൊട്ടന്‍ കളിപ്പിക്കുവാണോ എന്നൊക്കെ ഓര്‍ക്കുമ്പം…”

“ജോയലിനെ എന്തിനാ പൊട്ടന്‍ കളിപ്പിക്കുന്നെ? ജോയല്‍ ഹാന്‍സം അല്ലേ? നല്ല നേച്ചര്‍ അല്ലേ? കോളേജിലെ ഏറ്റവും പോപ്പുലര്‍ അല്ലേ? പിന്നെന്താ?”

അത് പറഞ്ഞുകഴിഞ്ഞപ്പോള്‍ തനിക്ക് അബദ്ധം പറ്റിയത് പോലെ അവള്‍ അവനെ നോക്കി.
അവളുടെ വാക്കുകളില്‍ സുഖകരമായ ഒരു ചൂട് അവന്‍ അറിഞ്ഞു.

“അല്ല, അങ്ങനെയൊക്കെ ആണ് ജോയലിനെപ്പറ്റി പൊതുവേ പറയുന്നേ! ഞാന്‍ ജസ്റ്റ് അതൊന്നു റിപ്പീറ്റ് ചെയ്തു എന്നേയുള്ളൂ!”

അവന്‍ പുഞ്ചിരിച്ചു.

“ഗായത്രി എനിക്ക് ഒരു ഹെല്‍പ്പ് ചെയ്യാമോ?”

“എന്ത് ഹെല്‍പ്പ്?”

“ഗായത്രിക്ക് മിക്കവാറും എല്ലാ പെണ്‍കുട്ടികളെയും അറിയാമല്ലോ. ഇങ്ങനെ പാത്തും പതുങ്ങീം എനിക്ക് കാര്‍ഡ് അയയ്ക്കുന്ന ആ പെണ്ണ് ഏതാണ് എന്ന് കണ്ടുപിടിക്കാന്‍ എന്നെ ഒന്ന് ഹെല്‍പ്പ് ചെയ്യാമോ?”

ഗായത്രിയപ്പോള്‍ അല്‍പ്പം വിസമ്മതത്തോടെ അവനെ നോക്കി.
അവള്‍ക്ക് അത് അഗീകരിക്കാന്‍ ഇഷ്ടമില്ലാത്തത് പോലെ.
അത് ജോയല്‍ മനസ്സിലാക്കി.

“സോറി…”

അവന്‍ പറഞ്ഞു.

“ഗായത്രിയെപ്പോലെ ഒരു കുട്ടിയെ ഏല്‍പിക്കാന്‍ പാടില്ലാത്ത പണിയാണ് ഇത് എനിക്കറിയാം. പക്ഷെ എനിക്കിത് ശകലം ടെന്‍ഷന്‍ തരുന്നുണ്ട്. അതുകൊണ്ട് പറഞ്ഞതാണ്…”

“അത് കുഴപ്പമില്ല,”
ഗായത്രി ചിരിച്ചു.

“ഞാന്‍ മാക്സിമം ട്രൈ ചെയ്യാം….”

ജോയലിന് സമാധാനമായി.

“ഐഡിയ!”

എന്തോ ഓര്‍മ്മിച്ച് അവള്‍ പെട്ടെന്ന് പറഞ്ഞു.
ജോയല്‍ വളരെ പ്രതീക്ഷയോടെ അവളെ നോക്കി.

“നാളത്തെ ടൂറിന് ജോയല്‍ പേര് കൊടുത്തിട്ടില്ലേ?”

“ഉണ്ട്. ഞാന്‍ പേര് കൊടുത്തിട്ടുണ്ട്,”

“എങ്കില്‍ ഈസിയായി കണ്ടുപിടിക്കാം!”

“എങ്ങനെ?”

“എന്‍റെ ജോയല്‍! ഈസി എന്ന് പറഞ്ഞാല്‍ ഈസിയായി കണ്ടുപിടിക്കാം. കാരണം ജോയലിനോട്‌ സിന്‍സിയര്‍ ആയ ഫീലിംഗ് ആണ് ഈ കുട്ടിയ്ക്ക് എങ്കില്‍ അവള്‍ എന്തായാലും ടൂറിന് വരാതിരിക്കില്ല. ശരിയല്ലേ?”

Leave a Reply

Your email address will not be published. Required fields are marked *