സൂര്യനെ പ്രണയിച്ചവൾ- 8

അവള്‍ പെട്ടെന്ന് ജോയലിനെ നോക്കി.
ഗ്രൌണ്ടിനതിരിലേ കുടപ്പാലമരങ്ങള്‍ക്ക് മേലെ കാറ്റ് കടന്നുവന്ന് മൃദുവായി പാലപ്പൂക്കളെ തലോടി അപ്പോള്‍.
അതിന്‍റെ സൌഗന്ധികം അവര്‍ക്കിടയില്‍ ഘനീഭവിച്ചു.

“ഈ ജോയല്‍ എന്തായീ പറയുന്നേ?”

അവള്‍ കൈത്തലം കൊണ്ട് മുഖം പാതി മറച്ച് വശ്യമായ, മദഭരമായ ലജ്ജ അവന് സമ്മാനിച്ചു.

“ബ്യൂട്ടി ക്വീനോ? ഞാനോ?”

ക്യാമ്പസ്സിനു ദൂരെ, മൂടല്‍ മഞ്ഞ് വെള്ള നിറം നല്‍കിയ താഴ്വാരത്തിന് മുകളില്‍ ആഷാഡ മാസത്തിന് പ്രണയം നല്‍കുന്ന ദേശാടനപ്പക്ഷികളെ നോക്കാന്‍ തുടങ്ങിയ ജോയല്‍ പക്ഷെ കണ്ണുകള്‍ ഗായത്രിയുടെ മുഖത്തേക്ക് മാറ്റി.

അവനൊന്നമ്പരന്നു.
ദൈവമേ!
ഏത് ഗന്ധര്‍വ്വന്‍റെ ജീവിതത്തില്‍ പ്രകാശം നല്‍കാന്‍ ജനിച്ച അപ്സ്സരസ് ആണിവള്‍?
ആരുടെ സ്വപ്നങ്ങളില്‍ കുളിരോര്‍മ്മയാകുവാന്‍ വേണ്ടിയാണ് ഇവളെ ദൈവം സൃഷ്ട്ടിച്ചത്?
ഏത് പുരുഷ ശരീരത്തിന്‍റെ ആകാശത്തില്‍ പടര്‍ന്നു കയറുന്ന മഴവില്‍പ്പെണ്ണായാണ് ദൈവം ഇവളെ സൃഷ്ടിച്ചത്?
എവിടെയാണാ സുന്ദരന്‍, ധനികന്‍, രാജകുമാരന്‍?
മറ്റൊരു പെണ്‍കുട്ടിയുടെ പ്രണയത്തിന് പിന്നാലെ പായുന്ന പുരുഷനാണ് താന്‍ എന്ന കാര്യം ഒരു നിമിഷം ജോയല്‍ മറന്നു പോയി.
“അല്ല, എനിക്കറിയാം സഞ്ജയ്‌ സക്സേന ഗായത്രിയെ പ്രൊപ്പോസ് ചെയ്തത്…”

ഹിന്ദി സിനിമായുടെ മാര്‍ക്കറ്റ് അടക്കിവാഴുന്ന നിര്‍മ്മാണ കമ്പനി ദേവ് ശ്രീ പിക്ചേഴ്സിന്റെ മാനേജിംഗ് ഡയറക്ടര്‍ രവീന്ദ്ര സക്സേനയുടെ മകനാണ് സഞ്ജയ്‌.
പെണ്‍കുട്ടികള്‍ ഒരു നോട്ടത്തിനു വേണ്ടി കൊതിക്കുന്ന സൌന്ദര്യം.

“പ്രൊപ്പോസ് ചെയ്യുന്നത് ഒരോരുത്തരുടെ ഇഷ്ടമല്ലേ ജോയല്‍?”

ലജ്ജ കൈവിടാതെ അവള്‍ ചോദിച്ചു.

“അതുപോലെ പ്രൊപ്പോസല്‍ റിജക്റ്റ്‌ ചെയ്യുന്നതും ഒരോരുത്തരുടെ ഇഷ്ടമല്ലേ?”

ജോയലിന് അവളെ മനസ്സിലായില്ല.
സഞ്ജയിനെപ്പോലെ ഒരാളുടെ പ്രൊപ്പോസല്‍ തള്ളിക്കളയുന്ന പെണ്കുട്ടിയോ?
അപ്പോള്‍ അതിനേക്കാള്‍ മികച്ച ആരോ ആണ് ഇവളുടെ മനസ്സില്‍!
അത് ആരെങ്കിലുമാകട്ടെ!
ഇപ്പോള്‍ തന്‍റെ ലക്ഷ്യം തന്നെ ഇങ്ങനെ കാര്‍ഡ് നല്‍കി കളിപ്പിക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്തുകയാണ്.
അതിന് തനിക്ക് ഗായത്രിയുടെ സഹായം വേണം.

**************************************************

പിറ്റേ ദിവസം ആറുമണിക്ക് ആണ് ടൂര്‍ ബസ്സ്‌ പുറപ്പെടുന്നത്.
എല്ലാവരും അഞ്ചരയാകുമ്പോള്‍ എത്തിച്ചേരാനാണ് പറഞ്ഞിരിക്കുന്നത്.
ജോയല്‍ എത്തിയപ്പോള്‍ ഏകദേശം പകുതിയോളം കുട്ടികള്‍ വന്നുകഴിഞ്ഞിരുന്നു.
കുറേപ്പേര്‍ ബൈക്കുകളിലും മറ്റുമായി എത്തിച്ചേര്‍ന്നുകൊണ്ടിരുന്നു.
കൂടി നിന്നവരെ അഭിവാദ്യം ചെയ്ത ശേഷം ജോയല്‍ തന്‍റെ ഏറ്റവുമടുത്ത മൂന്ന്‍ കൂട്ടുകാരോടൊത്ത് സീറ്റ് നമ്പര്‍ അറിയാന്‍ ആദ്യം ചാര്‍ട്ട് അറേഞ്ചറുടെയടുത്ത് പോയി.

“ശ്യെ! മൂന്നും മൂന്ന്‍ സീറ്റിലാ!”

റാം ഗോപാല്‍ നിരാശയോടെ പറഞ്ഞു.

“സാരമില്ലെടാ!”

ജോയല്‍ അവനെ ആശ്വസിപ്പിച്ചു.

“വണ്ടി ആദ്യ ഡെസ്റ്റിനേഷന്‍ എത്തുമ്പോള്‍ ഞാന്‍ ജയശ്രീ മാഡത്തെ നയത്തില്‍ കണ്ടിട്ട് ശരിയാക്കാം. ഇപ്പം അവര് എല്ലാം അറേഞ്ച് ചെയ്യുവല്ലേ? സ്റ്റാര്‍ട്ടിംഗ് ആകുമ്പം ഒടുക്കത്തെ ടെന്‍ഷനില്‍ ആകും. ഈ ടെന്‍ഷന്‍റെ എടേല്‍ സീറ്റ് മാറ്റാന്‍ നോക്കിയാ അവരുടെ വായിലിരിക്കുന്നത് മൊത്തം കേക്കുവേം വേണം പിന്നെയൊട്ട് കാര്യം നടക്കത്തുമില്ല. ഓക്കെ!”

“ആ, അല്ലാതെ എന്ത് ചെയ്യും?”

കൂട്ടുകാര്‍ നിരാശയോടെ പറഞ്ഞു.

ജോയല്‍ തന്‍റെ ബാഗുംകൊണ്ട് ബസ്സിലേക്ക് കയറി. സീറ്റ് നമ്പര്‍ നോക്കി അവന്‍ നടന്നു. ഏകദേശം മദ്ധ്യഭാഗത്താണ് തന്‍റെ സീറ്റ്. വിന്‍ഡോ സീറ്റ് അല്ല. ബാഗ് മുകളിലേക്ക് വെക്കാന്‍ തുടങ്ങുമ്പോഴാണ് അവന്‍ സീറ്റില്‍ കിടന്ന പിങ്ക് നിറമുള്ള കവര്‍ കണ്ടത്.

“ഒഹ്! നോ!”

അവന്‍ നിസ്സഹായനായി.
പിന്നെ കുനിഞ്ഞ് അതെടുത്തു.
തുറന്നു.
ചുണ്ടില്‍ ചുണ്ടമര്‍ത്തി നില്‍ക്കുന്ന ആണും പെണ്ണും.

“ഗെറ്റ് മൈ ഗുഡ് മോണിംഗ് കിസ്സ്‌ മൈ മാന്‍…ആന്‍ഡ് ഗീവ് മി യുവേഴ്സ്…”

“പുലരിയില്‍ ഞാന്‍ നിന്നെ ഉമ്മ വെയ്ക്കുന്നു… എനിക്കുള്ളത് തരൂ…”

പ്രഭാതത്തിന്റെ സുഖമുള്ള തണുപ്പില്‍ ആ വാക്കുകള്‍ തന്‍റെ മനസ്സിനെ മാത്രമല്ല ദേഹത്തെയും ചൂട് പിടിപ്പിക്കുന്നത് ജോയല്‍ അറിഞ്ഞു.
ആ വാക്കുകളിലേക്ക് നോക്കി അവന്‍ പരിസരം മറന്നു നിന്നു.

“എന്താ അവിടെ അനങ്ങാതെ നിക്കുന്നെ?”

മുമ്പില്‍ നിന്നും സംഗീതാത്മകമായ ശബ്ദം കേട്ട് അവന്‍ ഞെട്ടിത്തിരിഞ്ഞ് നോക്കി.

“ഗായത്രി!”

അവന്‍ മന്ത്രിച്ചു.
അവളെക്കണ്ട് അവന്‍ ആ കവര്‍ ഒളിപ്പിക്കാന്‍ നോക്കി.

“എന്താ അത്?”

അത് കണ്ടിട്ട് അവള്‍ ചോദിച്ചു.
ഒളിപ്പിച്ചിട്ട് കാര്യമില്ല.
ഗായത്രി കണ്ടുകഴിഞ്ഞു.
അല്ലെങ്കിലും അവളോടെല്ലാം പറഞ്ഞിട്ടുണ്ടല്ലോ.
ആളെ കണ്ടുപിടിക്കാന്‍ സഹായിക്കാം എന്നും പ്രോമിസ് ചെയ്തട്ടുണ്ട്.
പക്ഷെ അതുകൊണ്ടൊന്നുമല്ല താന്‍ കവര്‍ മറച്ചു പിടിക്കാന്‍ ശ്രമിച്ചത്.
അതിലെഴുതിയിരിക്കുന്നത് ഗായത്രി കാണരുതെന്ന് താന്‍ ആഗ്രഹിച്ചു.
ഇതുവരെ താന്‍ വായിച്ചതരം വാക്യങ്ങളല്ല.
അല്‍പ്പം കൂടി ‘ചൂടുള്ള’ വാക്കുകളാണ്.

“ആഹാ!”

അടുത്തെത്തി അവന്‍റെ കൈയ്യില്‍ നിന്നും ആ കവര്‍ വാങ്ങി അവന്‍റെ നേരെ അര്‍ത്ഥഗര്‍ഭമായി നോക്കിക്കൊണ്ട് പുഞ്ചിരിയോടെ അവള്‍ പറഞ്ഞു.

“രാവിലെ തന്നെ കിട്ടിയല്ലോ, ഗിഫ്റ്റ്!”

അത് പറഞ്ഞ് അവളത് തുറക്കാന്‍ തുടങ്ങി.

“മേ ഐ?”

അത് തുറക്കാനുള്ള അനുവാദത്തിനായി അവള്‍ അവനെ നോക്കി.
ജോയല്‍ അല്‍പ്പം ജാള്യതയോടെ അവളെ നോക്കി.
പിന്നെ അര്‍ദ്ധസമ്മതത്തോടെ പതിയെ തലകുലുക്കി.
അല്ലെങ്കില്‍ താന്‍ എന്തൊരു മണുകുണാഞ്ചനാണ് എന്നവള്‍ കരുതും.

“വൌ!!”

അതില്‍ എഴുതിയിരിക്കുന്നത് വായിച്ച് അവള്‍ അവനെ പുഞ്ചിരിയോടെ നോക്കി.

“അല്‍പ്പം ഹോട്ട് ആണല്ലോ! വൌ!! ഇപ്പം കിട്ടിയതാ?”

“അതേന്നെ! ഇപ്പം എന്‍റെ സീറ്റില്‍ കിടന്നു. ഇത്ര രാവിലെ കൊണ്ടുവന്ന് ഇടണമെങ്കില്‍, തൊട്ടടുത്ത് തന്നെ ആള് കാണും!”

“അതെ, തൊട്ടടുത്ത്!”

അവള്‍ പുഞ്ചിരിയോടെ പറഞ്ഞു.

“എന്തായാലും ഇന്ന് കണ്ടുപിടിച്ചേ മതിയാകൂ ഗായത്രി,”
ജോയല്‍ നിസ്സഹായ സ്വരത്തില്‍ പറഞ്ഞു.

“അല്ലെങ്കില്‍ ടെന്‍ഷന്‍ മൂത്ത് ഞാന്‍ ഒരു വഴിക്കാകും!”

“നമുക്ക് കണ്ടുപിടിക്കാന്നെ!”

അവള്‍ ആശ്വസിപ്പിക്കുന്ന സ്വരത്തില്‍ പറഞ്ഞു.

“ഗായത്രിയുടെ സീറ്റ് ഏതാ?”

“ട്വെന്റി ഫൈവ്”

അവള്‍ പറഞ്ഞു.

“ട്വെന്റി ഫൈവോ?”

അവന്‍ അദ്ഭുതപ്പെട്ടു.

“അപ്പോള്‍ നമ്മള്‍ ഒരേ സീറ്റിലാണോ? എന്‍റെ ട്വെന്റി ഫോറാ!”

“അയ്യോ!”|

അവള്‍ അല്‍പ്പം പരിഭ്രമത്തോടെ പറഞ്ഞു.

“പ്രശ്നമാകുമോ ജോയല്‍ അപ്പോള്‍?”

“എന്ത് പ്രശ്നം?”

“അല്ല, ആ കുട്ടി എങ്ങാനും കണ്ടാല്‍…! ഞാന്‍ ജോയലുമായി സീറ്റ് ഷെയര്‍ ചെയ്യുന്നു എന്നൊക്കെ കണ്ടാല്‍..പോസെസ്സീവ്നെസ്സ് ഉള്ള കുട്ടി ആണെങ്കില്‍ ദേഷ്യം ഒക്കെ വന്നാലോ?”

Leave a Reply

Your email address will not be published. Required fields are marked *