ഇത്തവണ അങ്ങേ തലയ്ക്കൽ കാൾ കണക്ട് ആയി..
പരസ്പരം രണ്ടു വശവും നിശബ്ദം..
2 മിനിറ്റോളം കഴിഞ്ഞതും ദേഷ്യം അടക്കി നിശബ്ദദയ്ക്ക് വിരാമമിട്ടുകൊണ്ടു അവൻ പതിയെ വിളിച്ചു.
ഇച്ചേയി……
മമ്.എന്ത് വേണം…..
അത്.. ഞാൻ.. എനിക്ക് ഇച്ചേയിയോട് ഒന്ന് സംസാരിക്കണം…
എനിക്ക് ഒന്നും കേൾക്കണ്ട എങ്കിലോ…
ഇച്ചേയി പ്ലീസ്…. എനിക്ക് പറയാനുള്ളത് ഒന്ന്…
എന്താ നിനക്ക് പറയാനുള്ളത്.. നിനക്ക് ഒരു തെറ്റ് പറ്റി പോയെന്നോ… അതോ നീ അറിഞ്ഞു കൊണ്ടു ഒരു പെണ്ണിനെ ചതിക്കാൻ നോക്കിയെന്നോ….
ഇച്ചേയി പ്ലീസ്….
വേണ്ട…. അല്ല ഇനി ഇപ്പൊ എന്താ നിനക്ക് ഇത്ര പറയാൻ ഉള്ളത്. അല്ലെങ്കിലും അതൊക്കെ പറയാനും മാത്രം ഞാൻ നിന്റെ ആരാ….
ഇച്ചേയി……
വേണ്ട ഹിരാ….നീ കൂടുതൽ ന്യായീകരിക്കാൻ നിക്കണ്ട… അപ്പച്ചൻ വിളിച്ചു നിന്റെ കല്യാണം ഇന്ന് കഴിഞ്ഞു എന്ന് പറഞ്ഞപ്പോ എനിക്ക് അതൊരു ഷോക്ക് ആയിരുന്നു. എന്നോട് ഒരു വാക്ക് പോലും നീ പറഞ്ഞില്ലല്ലോ എന്നോർത്ത് ഞാൻ കരഞ്ഞു പോയി. പക്ഷെ അതുണ്ടായ സാഹചര്യം അറിഞ്ഞപ്പോ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി പോയി. നിന്നെ പോലെ ഒരുത്തനെയാണല്ലോ ഞാൻ എന്റെ മോനെ പോലെ സ്നേഹിച്ചത് എന്നോർത്തപ്പോ തൊലി ഉരിഞ്ഞു പോയി…..
എല്ലാവരും എന്നെ കുറ്റപ്പെടുത്തിക്കോ ആരും എന്നെ മനസിലാക്കുന്നില്ല. അമ്മയ്ക്ക് എന്നെ വേണ്ട ആൻസി അമ്മച്ചിക്ക് എന്നെ വേണ്ട.പക്ഷെ കുഞ്ഞു നാള് മുതൽ എന്നെ കൊണ്ടു നടന്ന എന്നെ മറ്റാരേക്കാളും മനസിലാക്കിയിട്ടുള്ള ഇച്ചേയി കൂടെ എന്നെ കുറ്റപ്പെടുത്തിയാൽ പിന്നെ ഞാൻ ഉണ്ടാവില്ല ആരുടേം മുന്നിൽ…..
ദേഷ്യത്തിൽ പറഞ്ഞു കൊണ്ടു ഹിരൺ ഫോൺ എറിഞ്ഞു പൊട്ടിച്ചു.
കസേരയിലേക്ക് ചാരി നെറ്റിക്കു കൈ വട്ടം പിടിച്ചു അവൻ എങ്ങലടിച്ചു കരഞ്ഞു.
ഹിരണിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ചാലിട്ടൊഴികി.
മുന്നിൽ ഒരു കാൽപെരുമാറ്റം കേട്ടു കണ്ണ് തുറന്നു നോക്കിയപ്പോൾ ആരെയും കണ്ടില്ല. ടേബിളിൽ അമ്മയുടെ ഫോൺ. സ്‌ക്രീനിൽ ഇച്ചേയിയുടെ ചിരിക്കുന്ന മുഖം. ബിൻസി മോൾ കാളിങ്… എന്ന് എഴുതിയിരിക്കുന്നു.
മനസില്ല മനസോടെ അവൻ കാൾ എടുത്തു ഫോൺ ചെവിയോട് ചേർത്തു
മോനൂട്ടാ….
മമ്….
നിന്റെ ഫോൺ എന്തിയെ…..
അത്…..
പൊട്ടിച്ചു അല്ലെ…..
മമ്….
എന്തിനാ നിനക്ക് ഇത്ര ദേഷ്യം….
എനിക്ക് ആരോടും ദേഷ്യം ഇല്ല. എല്ലാവർക്കും എന്നോടല്ലേ ദേഷ്യം…..
ഓരോന്നു ചെയ്യുമ്പോ ഓർക്കണം. നിന്നെ സ്നേഹിക്കുന്നവർക്ക് നോവും എന്ന്. അപ്പൊ അവരു ദേഷ്യം കാണിക്കും ചീത്ത പറയും ചിലപ്പോ തല്ലും. അത് നിന്നെ അത്രയും സ്നേഹിച്ചത് കൊണ്ടല്ലേ…….
ഇച്ചെയ്ക്ക് അറിയോ… ഇന്ന് പപ്പ എന്റെ ഫോണിൽ വിളിച്ചു പറഞ്ഞത് ആ വീട്ടിൽ കയറരുത് എന്നാണ്. ഞാൻ ചെന്ന എന്റെ നിഴൽ പതിച്ചാൽ റിൻസി ചീത്ത ആയിപ്പോകും എന്നൊക്കെ…….
പറഞ്ഞത് അത്രയും അവൻ കരഞ്ഞു കൊണ്ടായിരുന്നു
നിങ്ങളെ രണ്ടു പേരെയും ഞാൻ എന്റെ സ്വന്തം ആയിട്ടല്ലേ കണ്ടിട്ടുള്ളത്. എന്നിട്ടും പപ്പ എനിക്ക് പറയാനുള്ളത് പോലും കേൾക്കാതെ എന്നെ കുറ്റപ്പെടുത്തിയില്ലേ. റിൻസി മാത്രമല്ല അമ്മച്ചി കൂടി ആ വീട്ടില് ഉള്ളതാണെന്ന് കൂടി പറഞ്ഞപ്പോ…
പിന്നെ ഒന്നും പറയാൻ അവനു കഴിഞ്ഞില്ല…
എങ്ങലടിച്ചു അവൻ നിർത്താതെ കരഞ്ഞു..
മോനൂട്ട നീ ഇങ്ങനെ കരയല്ലേ.. ഇച്ചേയ് ഇപ്പൊ എന്താ ചെയ്യണ്ടത്…..
എനിക്ക് ഇപ്പൊ ഇച്ചേയിയെ കാണണം ഞാൻ.. ഞാൻ അങ്ങോട്ട് വരുവാ…….
വേണ്ട. വേണ്ട.. ഈ അവസ്ഥയിൽ നീ ഇങ്ങോട്ട് വരണ്ട. ഞാൻ അങ്ങോട്ട് വരാം…..
ഒരു അര മണിക്കൂർ കഴിഞ്ഞതും ബിൻസിയുടെ കാർ ഇടറോഡിലൂടെ വരുന്നത് കണ്ട ഹിരൺ സ്റ്റെയർ ചാടി ഇറങ്ങി ഓടി. ഹാളിൽ എത്തിയ അവൻ പെട്ടെന്ന് ഒന്ന് നിന്നു. താൻ അടുത്തെത്തിയത് അറിഞ്ഞിട്ടും അമ്മ കണ്ട ഭാവം പോലും കാണിക്കാതിരുന്നത് അവന്റെ മനസിനെ ചുട്ടു പൊള്ളിച്ചു.അമ്മയിരുന്ന സോഫ്ഫയിലേക്ക് ഫോൺ ഇട്ടു കൊടുത്തു അവൻ ഡോർ തുറന്നു പുറത്തേക്കിറങ്ങി. ബിൻസി അപ്പോളേക്കും എത്തിയിരുന്നു. കാറിൽ ഇരുന്നു തന്നെ അവൾ ഹാളിലിരിക്കുന്ന അമ്മയുടെ ഭാവം അറിഞ്ഞത് കൊണ്ടാവാം ഹിരണിനോട് കാറിലിരിക്കാൻ പറഞ്ഞു അവൾ അകത്തേക്ക് കയറി.
