കമ്പികഥയേക്കാൾ ഞാനിപ്പോൾ ഇത് പോലുള്ളളവയ്ക്ക് പ്രാധാന്യം കൊടുക്കുന്നു സ്നേഹത്തോടെ….
Story Dedicated
…by ….MJ…….
നിനക്ക് നാണമില്ലേ ,… അവളെ വീണ്ടും തിരികെ വിളിച്ചുക്കൊണ്ട് വരാൻ. നിന്നേം കുട്ടിയേം വേണ്ടെന്ന് വെച്ച് ഒരുത്തന്റെ കൂടി ഇറങ്ങിപ്പോയവൾ അല്ലെ, എന്നിട്ട് അവനുമടുത്തപ്പോൾ, അവൻ മൂടും തട്ടി പോയപ്പോൾ പിന്നേം കരഞ്ഞുകാലുപിടിക്കാൻ വന്നപ്പോൾ ചവിട്ടി പുറത്താക്കണമായിരുന്നു, അതിനു പകരം….. ”
ഹരിക്ക് ദേഷ്യം അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല . ആത്മാർത്ഥസുഹൃത്തായ മനുവിന്റെ ഈ തീരുമാനത്തെ അംഗീകരിക്കാൻ അവനു കഴിഞ്ഞില്ല ,
“എല്ലാവരെയും വേണ്ടെന്ന് വെച്ച്, മൂന്ന് വയസ്സുള്ള കുഞ്ഞിനെ പോലും വേണ്ടെന്ന് വെച്ച് ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയവൾ ആണ് ആരതി, എന്നിട്ടിപ്പോൾ തെറ്റ് പറ്റിയെന്നും പറഞ്ഞ് കരഞ്ഞു കാലുപിടിച്ചു വന്നപ്പോൾ അത് ക്ഷമിക്കാനും പിന്നേം വീട്ടിലേക്ക് കൈ പിടിച്ച് കയറ്റാനും നീ ആരാടാ പുന്യാളനോ. അവൾക്കൊ നാണമില്ലല്ലോ, നിനക്കെങ്കിലും ഇച്ചിരി ഉണ്ടാകുമെന്ന് വിചാരിച്ചു, കഷ്ടം ”
ഹരിയുടെ മനസ്സിൽ തിളച്ചുമറിയുന്ന ദേഷ്യം വാക്കുകളായി കലിതുള്ളി പുറത്തേക്ക് വന്നപ്പോഴെല്ലാം മനു മൗനമായിരുന്നു .
അവനറിയാമായിരുന്നു തന്റെ തീരുമാനത്തെ ആരും അംഗീകരിക്കില്ലെന്ന്. ഇനി എല്ലാവർക്കു മുന്നിലും താൻ ഒന്നിനും കൊള്ളാത്തവൻ ആകുമെന്നും.. പക്ഷെ, ഇപ്പോൾ ഈ തീരുമാനം ആവശ്യമാണ്.. ആര് എങ്ങനെ ഒക്കെ കുറ്റം പറഞ്ഞാലും എത്രയൊക്കെ അവഹേളിച്ചാലും ഏതൊക്ക രീതിയിൽ കണ്ടാലും….
” ശരി മനു, നിന്റെ തീരുമാനം പോലെ നടക്കട്ടെ , ഇനി നിന്റെ കാര്യങ്ങളിൽ ഇടപെടാനോ സംസാരിക്കാനോ ഞാൻ വരില്ല , നിന്നോട് ദേഷ്യം കൊണ്ടൊന്നുമല്ല, പക്ഷെ, ഈ തീരുമാനം അംഗീകരിക്കാൻ കഴിയില്ല .. അത് നീ എത്രയൊക്കെ വലിയ സുഹൃത്താണെന്ന് പറഞ്ഞാലും. ”
ഹരി അവന്റെ മുഖത്തേക്ക് പോലും നോക്കാതെ പടിയിറങ്ങാൻ തിരിഞ്ഞപ്പോൾ മനു അവനെ തടഞ്ഞുനിർത്തി,
” ഹരി, നിനക്ക് പറയാനുള്ളതൊക്കെ പറഞ്ഞുകഴിഞ്ഞെങ്കിൽ ഞാൻ പറയുന്നത് കൂടി നീ കേൾക്കണം. എന്നിട്ട് നീ പൊക്കോ.. പക്ഷെ….”
അവൻ വാക്കുകൾ മുഴുവനാക്കും മുന്നേ ഹരി കയ്യുയർത്തി അവനെ തടഞ്ഞു ,
” മനു, നീ ചെയ്ത കാര്യത്തെ എത്രത്തോളം ന്യായീകരിച്ചാലും ഇതിനോട് എനിക്ക് താല്പര്യം ഇല്ല . നീ ഒരു കാര്യം ചെയ്യുമ്പോൾ അതിനും ഒരു ന്യായീകരണം ഉണ്ടാകുമെന്ന് എനിക്ക് അറിയാം… പക്ഷെ, ഈ കാര്യത്തിൽ അത് കേൾക്കാൻ എനിക്ക് താല്പര്യം ഇല്ല ”
മനുവിന്റെ വാക്കുകൾക്ക് മുഖം കൊടുക്കാതെ ഹരി തിരിഞ്ഞപ്പോൾ മനു ഒരിക്കൽ കൂടി അവനെ തടഞ്ഞു,.
” ഹരി, നീ അംഗീകരിക്കാൻ വേണ്ടിയോ നിന്നെ പലതും പറഞ്ഞ് മനസ്സ് മാറ്റാനോ അല്ല, പക്ഷെ, എന്റെ ഭാഗം കൂടി കേൾക്കാനുള്ള മനസ്സ് കാണിക്കണം… ”
ഹരി താല്പര്യം ഇല്ലാത്ത മട്ടിൽ അവനെ ഒന്ന് നോക്കി, പറയാനുള്ളത് എന്താണച്ചാ പറാ എന്ന മട്ടിൽ.
” ശരിയാണ് ഹരി നീ പറഞ്ഞത്, ഞാൻ ഇപ്പോൾ ചെയ്‌തത് ഒരിക്കലും ആർക്കും അംഗീകരിക്കാൻ പറ്റുന്നതല്ല. അത് മറ്റുള്ളവരുടെ മനസ്സിൽ വലിയ തെറ്റ് തന്നെ ആയിരിക്കും. പക്ഷെ, ഇപ്പോൾ അതിൽ എവിടെയോ ഒരു ശരി ഞാൻ കാണുന്നു ഹരി. നീ പറഞ്ഞപോലെ ഒരു പുണ്യാളൻ ആകാൻ വേണ്ടിയല്ല ഞാൻ അവളെ വീണ്ടും സ്വീകരിച്ചത്.
എല്ലാം മറന്ന് അവളെ വീണ്ടും ഈ വീട്ടിലേക്ക് കയറ്റിയത് അവളെ അത്ര ബോധിച്ചിട്ടോ കൂടെ കടക്കാനുള്ള കൊതികൊണ്ടോ അല്ല,
എനിക്കൊരു മോളുണ്ട്… അവൾ വളർന്നു വരുന്നുണ്ട് . അവൾക്ക് അവളുടെ അമ്മയെ വേണം. ഇപ്പോൾ നിന്റെ മനസ്സിൽ തോന്നുന്നത് ‘ നിന്നേം കുഞ്ഞിനേം വേണ്ടെന്ന് പറഞ്ഞ് ഇട്ടെറിഞ്ഞു പോയവളല്ലേ.. ആ കുഞ്ഞിന് ഇനി എന്തിനാ ഇങ്ങനെ ഒരു അമ്മ എന്നല്ലേ.. ‘? ”
അവന്റെ വാക്കുകൾ ഇടറുമ്പോൾ ഹരിക്കും മനസ്സിൽ ഒരു പിടച്ചിലുണ്ടായിരുന്നു.
അതൊന്നും ശ്രദ്ധിക്കാതെ മനു തുടർന്നു,
” ശരിയാണ്, ഞങ്ങളെ ഉപേക്ഷിച്ചു പോയവൾ ആണ്. അതിന് അവളൊരു കാരണവും പറഞ്ഞു, ”
അവന്റെ വാക്കുകളിലെ സങ്കടം കണ്ടപ്പോൾ ഹരി അവനടുത്തേക്ക് വന്നു,
” എന്താടാ മനു ഇത്, നീ കാര്യം പറ… എന്തിനും ഉണ്ടല്ലോ ഒരു പോംവഴി ”
