സൂര്യനെ പ്രണയിച്ചവൾ- 13 Like


ടൂറിംഗ് ബസ്സ്‌ തിരികെ കാമ്പസ്സില്‍ പ്രവേശിക്കുമ്പോള്‍ സമയം രാത്രി ഒന്‍പത്.

“ശ്യോ!”

ഗായത്രി നിരാശയോടെ ജോയലിനെ നോക്കി.

“എന്താ?”

അവന്‍ തിരക്കി.

“പെട്ടെന്ന് തീര്‍ന്നു…”

അവള്‍ പറഞ്ഞു.

“ഇനി ജോയലിന് പോകേണ്ടേ? എനിക്കും പോകേണ്ടേ?”

അവന്‍ പുഞ്ചിരിച്ചു.

“നമുക്ക് പോകണ്ട ജോ… നമുക്ക് …”

അവളുടെ മിഴികള്‍ നനയുന്നത് അവന്‍ കണ്ടു.
അവള്‍ക്ക് ചുറ്റും പ്രണയത്തിന്‍റെ എണ്ണമറ്റ കടും നിറങ്ങള്‍ കൂടിപ്പിണഞ്ഞ് രാക്കാറ്റിന്‍റെ താളമായി പരിണമിക്കുന്നു….
ചുറ്റും അത്യാഹ്ലാദത്തിന്‍റെ നിറ സമുദ്രമാണ്.
കുട്ടികളുടെ രൂപത്തില്‍.
അവിസ്മരണീയമായ ഒരു യാത്ര പൂര്‍ത്തിയാക്കിയതിന്റെ.
പക്ഷെ ഗായത്രിയ്ക്ക് എല്ലാം പൊടുന്നനെ നിശബ്ദമായത് പോലെ തോന്നി.
ഒരിടത്തും ശബ്ദത്തിന്‍റെ തന്മാത്രകള്‍ പോലും എനിക്ക് കണ്ടെത്താന്‍ പറ്റുന്നില്ല ജോയല്‍….
എന്‍റെ സ്നേഹരാഗം നീയല്ലേ ജോയല്‍…
എന്‍റെ കരളിനെ തൊടുന്ന സംഗീതമായിരുന്ന നീയിനി എന്‍റെ സമീപത്ത് നിന്നും പോവുകയല്ലേ?
എന്‍റെ സ്വപ്നങ്ങളിലിളകുന്ന കുളിര്‍നിറങ്ങള്‍ നീയല്ലേ?
ഒരു രജത പ്രവാഹം പോലെ നീയെന്നെപ്പൊതിയുമ്പോള്‍, എന്‍റെ ജോ, മറ്റെന്തെങ്കിലുമറിയുകയെന്നത് പാപമാണ് എനിക്ക്!
പ്രയാഗ് നികുന്‍ജിന്‍റെ താഴ്വാരത്തെ ഈ ക്യാമ്പസ്സില്‍ എല്ലാവരും ഇപ്പോള്‍ തീവ്രാഹ്ളാദത്തിന്‍റെ കുതിപ്പിലാണ്…
എനിക്ക് കഴിയില്ല…
നീ പോകുന്നു എന്ന യാഥാര്‍ത്ഥ്യം എന്‍റെ മുമ്പില്‍ ഇതാ ഇങ്ങനെ സംഭവിക്കുമ്പോള്‍….
കഴിയില്ല എനിക്ക്, ഒരു നിമിഷം പോലും നിന്നെപ്പിരിഞ്ഞ്….
“ജോ…”

പെട്ടെന്ന് അവനെ ഞെട്ടിച്ചുകൊണ്ട് അവള്‍ മറ്റുള്ളവര്‍ കാണ്‍കെ അവനെ അമര്‍ത്തി പുണര്‍ന്നു.

“എനിക്ക് ജോയെ വിടാന്‍ തോന്നുന്നില്ല…”

ജോയല്‍ ചുറ്റും നോക്കി.
ചിലര്‍ കാണുന്നുണ്ട്.
അധ്യാപകരടക്കം.
പക്ഷെ അവളെ തന്‍റെ ദേഹത്ത് നിന്നും വേര്‍പെടുത്താന്‍ കഴിയുന്നുമില്ല.
അവരുടെ മുഖങ്ങളില്‍ പക്ഷെ അസാധാരണത്വമൊന്നുമില്ല.
ജാള്യതയോടെ അവനവരെ നോക്കിയെങ്കിലും.

“എനിക്ക് എന്തോ പേടിയാകുന്നു ജോ….”

അവന്‍റെ നെഞ്ചില്‍ ചുണ്ടുകള്‍ ചേര്‍ത്ത് അവള്‍ മന്ത്രിച്ചു.
നെഞ്ചില്‍നിന്നു പ്രണയപ്പിറാവുകടെ കുറുകല്‍ ഉച്ചത്തിലാവുന്നു…
മഞ്ഞിന്‍ പടലത്തിന്റെ മേലെ തെളിനിലാവ് പ്രണയിനിയുടെ സ്വപ്നം പോലെ കുതിര്‍ന്നു വീഴുന്നുണ്ട്, അവളുടെ ചൂടുള്ള ചുണ്ടുകള്‍ തന്‍റെ നെഞ്ചോരത്തേ തൊടുമ്പോള്‍…

“ജോ എന്‍റെ വീട്ടിലേക്ക് വാ…”

അവള്‍ വീണ്ടും മന്ത്രിച്ചു.

“അല്ലെങ്കില്‍ ഞാന്‍ ജോ ടെ വീട്ടിലേക്ക് വരാം…”

“ഗായത്രി …അത് ….”

അവന്‍ പറയാന്‍ ശ്രമിച്ചു.
അവളുടെ ആലിംഗനം ഒന്നുകൂടി ദൃഡമായി.

“അറിയില്ല എനിക്ക് … ഇപ്പൊ ജോ പോയാല്‍ ഇനി ജോയെ എനിക്ക് കാണാന്‍ പറ്റി ….പറ്റില്ല ..എന്നൊക്കെ തോന്നുവാ….”

“നീയെന്താ ഗായത്രി ഇപ്പറയുന്നെ?”

അവന്‍റെ കണ്ണുകള്‍ വീണ്ടും തങ്ങളെ വീക്ഷിക്കുന്നവരില്‍ പതിഞ്ഞു.

“നാളെ നമ്മള്‍ എല്ലാവരും ഇങ്ങോട്ട് വരികയല്ലേ? ഞാനും നീയും എല്ലാരും…”

“അറിയാം…”
അവന്‍റെ നെഞ്ചില്‍ അവളുടെ മുഖം വീണ്ടും അമര്‍ന്നു.

“നാളെ ജോ വരും..നാളെ ഞാന്‍ വരും ..നാളെ നമ്മള്‍ കാണും …നമ്മള്‍ …ഇവിടെ …പക്ഷെ എനിക്ക് എന്തോ ഈ നിമിഷം ജോയെ വിട്ടുപോകാന്‍ …”

അവളുടെ ചുണ്ടുകള്‍ വീണ്ടും അവന്‍റെ നെഞ്ചില്‍ അമര്‍ന്നു.

“ഐ ഡോണ്ട് നോ … ഐ ഡോണ്ട് നോ വൈ അയാം ബീയിംഗ് ചേസ്ഡ് ബൈ എ നൈറ്റ്മേര്‍….”

ജോയലിന് എന്താണ് പറയേണ്ടത് എന്നറിയില്ലായിരുന്നു.

പ്രണയ പാരവശ്യം അവനുമുണ്ടായിരുന്നു.
പക്ഷെ പബ്ലിക് പ്ലേസാണ്.
ആളുകള്‍ നോക്കുന്നു.
എങ്ങനെ അവളെ വേര്‍പെടുത്തും.

“ഗായത്രി എല്ലാവരും നോക്കുന്നു ….”

അവന്‍ അവസാനം പറഞ്ഞു.

“പ്രൊഫസ്സേഴ്സ് ഒക്കെ….”

ഗായത്രി പെട്ടെന്ന് അവനില്‍ നിന്നും വേര്‍പെട്ടു.
അതിയായ ലജ്ജയോടെ അവള്‍ ചുറ്റും നോക്കി.
ജോയലിന്റെയും ഗായത്രിയുടെയും കൂട്ടുകാര്‍ കരഘോഷം മുഴക്കി.

Leave a Reply

Your email address will not be published. Required fields are marked *