സൂര്യനെ പ്രണയിച്ചവൾ- 19 2


“ജോയല്‍ ബെന്നറ്റ്‌!”

ഉച്ചഭാഷിണിയിലൂടെ ഘനഗാംഭീര്യമുള്ള ശബ്ദത്തിന്‍റെ ആവര്‍ത്തനം.

“ഈ വീട് പോലീസ് വളഞ്ഞിരിക്കുന്നു. പുറത്തേക്ക് വരിക!”

ആ നിമിഷം തന്നെ ജോയല്‍ കതക് തുറന്നു.
കോമ്പൌണ്ടിലെ നിലാവിന്‍റെ സ്വര്‍ണ്ണവെളിച്ചത്തില്‍ പച്ച യൂണിഫോമില്‍ സായുധരായ സ്പെഷ്യല്‍ ടാസ്ക്ക് ഫോഴ്സിനെ അവന്‍ കണ്ടു.
അവര്‍ക്ക് മുമ്പില്‍ തോക്കേന്തി നില്‍ക്കുന്ന ചെറുപ്പക്കാരനേയും.
രാകേഷിന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് തോക്ക് ചൂണ്ടി ജോയല്‍ അവന്‍റെ നേരെ സമീപിച്ചു.

“പുട്ട് ദാറ്റ് ഗണ്‍ ഡൌണ്‍!”

ഉച്ചഭാഷിണിയിലൂടെ രാകേഷ് ആക്രോശിച്ചു.
അതിന് പിന്നാലെ സായുധരായ ഉദ്യോഗസ്ഥര്‍ ജോയലിന് നേരെ ഒരു ചുവട് മുമ്പോട്ട്‌ വെച്ചു.
രാകേഷ് ജോയലിനെ നോക്കി.
ചിത്രത്തില്‍ കാണുന്നത് പോലെയല്ല.
മുഖത്ത് അലസമായ കുറ്റിരോമങ്ങള്‍.
കണ്ണുകളില്‍ എരിയുന്ന തീക്ഷ്‌ണത!
ഉയരമുള്ള, ശരീരം.
വളര്‍ന്നു നീണ്ട മുടി.
ഷര്‍ട്ടിനു മേല്‍ ധരിച്ചിരിക്കുന്ന കറുത്ത ജാക്കറ്റ്.
നീല ജീന്‍സ്!
മിലിട്ടറി ബൂട്ടുകള്‍.
ജോയല്‍ തന്‍റെ കയ്യിലെ തോക്ക് നിലത്തേക്കിട്ടു.
രാകേഷ് പുഞ്ചിരിച്ചു.

“അവസാനം കീഴടങ്ങേണ്ടി വന്നു, അല്ലെ?”

അവന്‍ പരിഹാസം നിറഞ്ഞ സ്വരത്തില്‍ ചോദിച്ചു.

“എന്ന് ആര് പറഞ്ഞു?”

ജോയലും പുഞ്ചിരിച്ചു.
അയാളുടെ ശാന്തമായ ചോദ്യവും അതിലും ശാന്തമായ പുഞ്ചിരിയും രാകേഷ് പ്രതീക്ഷിച്ചില്ല.

“ചങ്കൂറ്റം സമ്മതിച്ചിരിക്കുന്നു!”

രാകേഷ് ജോയലിന്റെയടുത്ത് നിന്ന് കണ്ണുകളിലേക്ക് നോക്കി വീണ്ടും പറഞ്ഞു.

“പിടിക്കപ്പെട്ടു കഴിഞ്ഞു, ഇനി രക്ഷയില്ല എന്ന് ഉറപ്പായിട്ടും ഇതുപോലെ കൂളായി നില്‍ക്കാന്‍! ഒരു പേടിയുമില്ലാതെ! ഇത്രയും പേരുടെ മുമ്പിലേക്ക്,
ആയുധമില്ലാതെ…”

“എന്നാര് പറഞ്ഞു?”

വീണ്ടും ശാന്തമായ, പുഞ്ചിരിച്ചുകൊണ്ടുള്ള ഉത്തരം.

“ആര് പറഞ്ഞു എനിക്ക് പേടിയില്ലന്ന്? പേടിയുണ്ട്… നിന്‍റെ സിസ്റ്റത്തിനകത്ത് ഞങ്ങളൊക്കെ ജീവിച്ച കാലത്ത് ഞങ്ങള്‍ക്ക് നീതി നിഷേധിച്ച കുറെപ്പേരുണ്ട്. ഞങ്ങടെ ചോരേം പച്ചയിറച്ചിയും കൊണ്ട് മാത്രം വിശപ്പും ദാഹോം അടക്കിയവര്‍….!”

ജോയലിന്റെ നോട്ടം തീവ്രമാകുന്നത് രാകേഷ് കണ്ടു.

“അവരിലെ അവസാനത്തെ ആളെയും കൊന്നു തള്ളുന്നതിനു മുമ്പ് നിന്‍റെയൊക്കെ ബുള്ളെറ്റില്‍ ഞങ്ങടെ ജീവനങ്ങ് ഒടുങ്ങുമോ എന്ന പേടി എനിക്കുണ്ട്…”

അവന്‍റെ വാക്കുകളിലെ ചൂട് തന്നെ തൊടുന്നത് പോലെ രാകേഷിനു തോന്നി.

“അവന്‍റെയൊക്കെ തലകൊത്തിയരിഞ്ഞു തീയില്‍ വിതറുന്നതിനു മുമ്പ് പട്ടിണീം രോഗോം വന്ന് എന്‍റെ ജീവനങ്ങോട്ട്‌ ഒടുങ്ങിത്തീരുമോ എന്ന് ഞാന്‍ ഓരോ നിമിഷവും പേടിക്കുന്നുണ്ട്!”

അപ്പോള്‍ രാകേഷിന്റെ കണ്ണുകള്‍ വീടിന്‍റെ മുകളിലേക്ക് നീണ്ടു.
അവനൊന്നമ്പരന്നു.
പിന്നെ ചുറ്റും നോക്കി.
അമ്പരപ്പ് ഭയമായി.
വീടിന്‍റെ മുകളില്‍, ചുറ്റുമുള്ള മരങ്ങള്‍ക്ക് മേല്‍, ഷെഡുകള്‍ക്ക് മേല്‍ തങ്ങളെ ഉന്നം വെച്ച്, തങ്ങള്‍ക്ക് ചുറ്റും സായുധരായ ആളുകള്‍.
തങ്ങളെ വളഞ്ഞ്!

“യൂ!!”

നിയത്രിക്കാനാവാത്ത ദേഷ്യത്തോടെ രാകേഷ് അലറി.
അവന്‍ തോക്ക് ജോയലിന്റെ നെറ്റിയ്ക്ക് നേരെ ഉയര്‍ത്തി.
അതേ നിമിഷം ജോയലിന്റെ വലത് കൈ ജാക്കറ്റിനുള്ളിലേക്ക് കയറി.
നിമിഷാര്‍ദ്ധം കൊണ്ട് പുറത്തേക്ക് വന്ന കയ്യില്‍ തീ തുപ്പാന്‍ തയ്യാറെടുത്ത് കൊണ്ട് റെമിങ്ങ്ടണ്‍ പിസ്റ്റള്‍ രാകേഷിന്റെ നെറ്റി നോക്കി ഉയര്‍ന്ന് നീണ്ടു.

“കീഴടങ്ങാന്‍ വന്നതല്ല!”

തോക്ക് രാകേഷിന്റെ നെറ്റിയിലേക്ക് അടുപ്പിച്ച് ജോയല്‍ പറഞ്ഞു.

“കീഴടക്കാന്‍!”

രാകേഷിന്റെ തോക്ക് ജോയലിന്റെ നെറ്റിയെ മുട്ടി മുട്ടിയില്ല എന്ന നിലയിലെത്തി.

“ചങ്കൂറ്റമുണ്ട്!”

ജോയല്‍ തുടര്‍ന്നു.

“ഇവരൊക്കെ ഇങ്ങനെ കൂടെപ്പിറപ്പിന്‍റ്റെ ചോരക്കൊഴുപ്പ് കാട്ടി ജോയലെ ഞങ്ങള്
കൂടെയുണ്ടെടാ എന്ന് നിവര്‍ന്നു നിന്ന് പറയുമ്പം സ്പെഷ്യല്‍ ഫോഴ്സ് ഡയറക്ടറേ ചങ്കൂറ്റം ചെറുതല്ല! ഈ കാടും മലയുമില്ലേ? അതിന്‍റെ വലിപ്പമൊന്നും ആ ചങ്കൂറ്റത്തിന്‍റെ മുമ്പില്‍ ഒന്നുമല്ല!”

Leave a Reply

Your email address will not be published. Required fields are marked *