ഇത്രയും കാലം താൻ സ്നേഹിച്ച മനുഷ്യൻ…
ഇന്ന് രാത്രി പോലും തന്നെ മനസ്സിലാക്കാൻ ശ്രമിച്ചില്ല.
പക്ഷേ പോകുന്നതിന് മുമ്പും പോയതിനു ശേഷം പോലും…
ജോൺ തന്നെക്കുറിച്ച് ചിന്തിച്ചു.
ആ തിരിച്ചറിവ് അവളുടെ നെഞ്ചിൽ എവിടെയോ വേദനയായി കിടന്നു.
പുറത്ത് എവിടെയോ ലിഫ്റ്റിന്റെ ശബ്ദം കേട്ടു……
———————————————————————————
രാവിലെ…
നാലുപേരും വീണ്ടും ഒരുമിച്ചായിരുന്നു.
പക്ഷേ ഇന്നലെയോ അതിന്റെ തലേദിവസമോ ഉണ്ടായിരുന്ന ആ ഊർജ്ജം ആരുടെയും മുഖത്തില്ലായിരുന്നു.
കാതറിൻ പതിവുപോലെ ചിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
ജോണും പഴയതുപോലെ തമാശ പറയുന്നുണ്ടായിരുന്നു.
പക്ഷേ എല്ലാവർക്കും അറിയാമായിരുന്നു.
ഈ യാത്ര അവസാനിക്കുകയാണ്.
അഞ്ജലിയും രാജേഷും ചെക്ക് ഔട്ട് ചെയ്ത ശേഷം ലഗേജുമായി ലോബിയിലേക്ക് വന്നു.
“ഞങ്ങൾ നിങ്ങളെ എയർപോർട്ടിൽ ഡ്രോപ്പ് ചെയ്യാം.”
കാതറിൻ നിസ്സാരമായി പറഞ്ഞു.
ഒരു നിമിഷം അഞ്ജലി ജോണിനെ നോക്കി.
ജോൺ ഒന്നും പറഞ്ഞില്ല.
പക്ഷേ അവന്റെ ചുണ്ടുകളിൽ ഒരു ചെറിയ പുഞ്ചിരി ഉണ്ടായിരുന്നു.
“Sure…”
അഞ്ജലി മറുപടി നൽകി.
എയർപോർട്ടിലേക്കുള്ള യാത്രയിൽ ആരും അധികം സംസാരിച്ചില്ല.
ഇടയ്ക്കിടെ കാതറിൻ എന്തൊക്കെയോ പറഞ്ഞ് നിശബ്ദത പൊളിക്കാൻ ശ്രമിച്ചു.
രാജേഷും മറുപടി പറഞ്ഞു.
പക്ഷേ അഞ്ജലിയും ജോണും കൂടുതൽ സമയം ജനലിന് പുറത്തേക്കായിരുന്നു നോക്കിയത്.
വിടപറയാൻ പോകുന്ന ആളുകൾക്ക് സംസാരിക്കാൻ പലപ്പോഴും വാക്കുകൾ ഉണ്ടാകാറില്ല.
എയർപോർട്ടിന്റെ പുറത്ത് കാർ നിന്നു.
ലഗേജുകൾ ഇറക്കി.
അൽപനേരം നാലുപേരും അങ്ങനെ തന്നെ നിന്നു.
ആദ്യമായി കാതറിൻ മുന്നോട്ട് വന്ന് അഞ്ജലിയെ കെട്ടിപ്പിടിച്ചു.
“Miss you…”
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
അഞ്ജലിയും ചിരിച്ചു.
പക്ഷേ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
രാജേഷും ജോണും കൈകൊടുത്തു.
“Take care, brother.”
ജോൺ പറഞ്ഞു.
“You too.”
രാജേഷ് മറുപടി നൽകി.
അവസാനം…
ജോണും അഞ്ജലിയും മാത്രം ബാക്കി നിന്നു.
“Goodbye, Ann.”
ജോൺ ചിരിച്ചുകൊണ്ട് പറഞ്ഞു.
അഞ്ജലിയുടെ ചുണ്ടുകളിലും ഒരു പുഞ്ചിരി വിരിഞ്ഞു.
അവൾ മുന്നോട്ട് വന്ന് അവനെ കെട്ടിപ്പിടിച്ചു.
ഒരു നിമിഷം…
അത്ര മാത്രം.
പിന്നെ അവൾ അവന്റെ ചെവിയോട് ചേർന്ന് വളരെ പതുക്കെ പറഞ്ഞു.
“ഒരു കാര്യം പറയട്ടെ…?”
“മ്മ്…?”
“എന്റെ പേര് Ann അല്ല.”
ജോൺ ഒന്നു ഞെട്ടി.
അഞ്ജലി ചിരിച്ചു.
“അഞ്ജലി.”
“എന്റെ ശരിക്കുള്ള പേര് അഞ്ജലി എന്നാണ്.”
ഒരു നിമിഷം ജോൺ അവളെ തന്നെ നോക്കി നിന്നു.
പിന്നെ അവനും ചിരിച്ചു.
ആ ചിരിയിൽ അത്ഭുതവും വിഷമവും ഒരുപോലെ ഉണ്ടായിരുന്നു.
“Really…?”
“Really.”
അഞ്ജലി തലയാട്ടി.
ജോൺ ചെറുതായി ചിരിച്ചു.
“അപ്പോൾ ഇത്രയും ദിവസം നീ എന്നെ പറ്റിക്കുകയായിരുന്നല്ലേ…”
“അതെ.”
അഞ്ജലി കണ്ണിറുക്കി.
ജോണിന്റെ ചിരി വീണ്ടും വലുതായി.
പിന്നെ അവൻ പതുക്കെ പറഞ്ഞു.
“Goodbye, Anjali.”
ആദ്യമായി…
അവൻ അവളുടെ യഥാർത്ഥ പേര് വിളിച്ചു.
അഞ്ജലിയുടെ കണ്ണുകൾ നിറഞ്ഞു.
പക്ഷേ അവൾ ചിരിച്ചു.
“Goodbye, John.”
ഒരു നിമിഷം…
അത്ര മാത്രം.
പിന്നെ അഞ്ജലി തിരിഞ്ഞു നടന്നു.
അവൾ ഒരിക്കൽ പോലും തിരിഞ്ഞു നോക്കിയില്ല.
കാരണം തിരിഞ്ഞു നോക്കിയാൽ നടക്കാൻ കഴിയില്ലെന്ന് അവൾക്കറിയാമായിരുന്നു.
രാജേഷിനൊപ്പം അവൾ ടെർമിനലിനുള്ളിലേക്ക് നടന്നു.
ഗ്ലാസ് ഭിത്തിക്കപ്പുറം ജോണും കാതറിനും ചെറുതായി ചെറുതായി അകന്നുപോയി.
കുറച്ചുസമയം കഴിഞ്ഞ്…
വിമാനം റൺവേയിലൂടെ പതുക്കെ മുന്നോട്ട് നീങ്ങി.
അഞ്ജലി ജനലിലൂടെ പുറത്തേക്ക് നോക്കി.
പട്ടായ പതുക്കെ താഴേക്ക് മറഞ്ഞു.
കടലും… വെളിച്ചങ്ങളും… ആ രാത്രികളും…
എല്ലാം പതുക്കെ അകന്നുപോയി.
അവൾ പതുക്കെ കണ്ണുകൾ അടച്ചു.
അപ്പോഴാണ് അരികിൽ ഇരുന്ന രാജേഷിന്റെ കൈ അവളുടെ കൈയെ പതുക്കെ തേടിയെത്തിയത്.
അഞ്ജലി താഴേക്ക് നോക്കി.
ഒരു നിമിഷം അവൾ ആ കൈയിലേക്ക് നോക്കി നിന്നു.
പിന്നെ തന്റെ വിരലുകൾ അവന്റെ വിരലുകൾക്കിടയിലേക്ക് ചേർത്തു.
