അവിടെ നടന്ന കാട്ടിക്കൂട്ടലുകൾ എന്ത്?
എന്ത് പ്രക്രിയ ആണ് അവിടെ നടന്നത്?
ആ തുള്ളൽകാരികൾ ആര്?
താരയുടെ പങ്ക് എന്താണ് ഇതിലെല്ലാം?
ശാരദംബിക അന്തർജനം ഇവിടെ എന്തിനാണ് ഇതിലൊക്കെ പങ്കെടുത്തത്?
എല്ലാറ്റിനെ കുറിച്ചുമുള്ള ചോദ്യങ്ങൾ എന്റെ മനസ്സിൽ നിറഞ്ഞു നില്കുകയാണെന്ന് മനസ്സിലാക്കിയിട്ടെന്നവണ്ണം മൂപ്പൻ എന്നോട് പറഞ്ഞു. “പുള്ള അവിടേക്ക് ഇരിക്യാ, എല്ലാം പറഞ്ഞു തരാം. ഈ കള്ളിപ്പാലയുടെ കറ എല്ലാം ഒന്ന് കഴുകി കഴിഞ്ഞോട്ടെ” എന്നിട്ട് ശേഖരന്റെ നേർക്ക് തിരിഞ്ഞു പറഞ്ഞു “നീ കുട്ട്യോളെ ഇറച്ചി വൃത്തിയാക്കാൻ സഹായിക്”
ഞാൻ നോക്കുമ്പോൾ തുള്ളൽകാരികൾ അറുത്തിട്ട ആ ആടിന്റെ തൊലി ഉരിച്ചു ഇറച്ചി കഷണങ്ങൾ ആക്കുന്നു. ശേഖരൻ അവരുടെ അടുത്ത് പോയി ഇറച്ചി കഷണങ്ങൾ അടുത്തുകൂട്ടി അവിടെ പാത്രത്തിൽ ഇരുന്ന പൊടികൾ ഒക്കെ പുരട്ടി വാഴയിലയിൽ വെയ്ക്കാൻ തുടങ്ങി.
ഇതെല്ലാം സാകൂതം വീക്ഷിച്ചു ഞാനവിടെ കുടിയുടെ മുന്പിലെ കല്ലിൽ ഇരുന്നു. അൽപനേരം കഴിഞ്ഞപ്പോൾ കുടിലിന്റെ പിന്നിൽ നിന്നും ഒരു ഒറ്റതോർത്തു ഉടുത്തു കൊണ്ട് മൂപ്പൻ വന്നു. കുടിയുടെ ഇറയത്തേക്ക് കയറി ഇരുന്നു. അവിടെയിരുന്ന സഞ്ചിയിൽ നിന്നും ഒരു കുപ്പി പുറത്തെടുത്തു അതിൽ നിന്നും ചാരായം മോന്തിക്കുടിച്ചു.
ഞാൻ അവിടേക്ക് കയറി അദ്ദേഹത്തിന്റെ മുൻപിലായി നിലത്തു കിടന്ന പരമ്പിൽ ഇരിപ്പ് ഉറപ്പിച്ചു. മൂപ്പൻ പണ്ടത്തെ പോലെ എന്തോ കഥ പറയാനുള്ള ഒരുക്കമാണെന്ന് എനിക്ക് ഉറപ്പായി. കാത് കൂർപ്പിച്ചു ഞാനിരുന്നു. ഒരു ബീഡി കത്തിച്ചു വലിച്ചു കൊണ്ട് മൂപ്പൻ തുടങ്ങി..
“കുട്ട്യേ, ഇന്നിവിടെ കണ്ടതും കേട്ടതും ഒന്നും ഒരു പൂജയല്ല.. അങ്ങനെ കരുതവേണ്ട. അവളുടെ കാമപ്പേക്കുത്തിനു ഒരു അരങ്ങു, അത്ര മാത്രം. സാധാരണ ചികിത്സയോ മന്ത്രവാധമോ ഒന്നും പോരാതെ വന്നിട്ടാണ് ഇങ്ങനെ ചില ഉപായങ്ങൾ സ്വീകരിക്കേണ്ടി വന്നത്. ഒന്നും മനസ്സിലാവുന്നില്ല ല്ലേ.. പറഞ്ഞു തരാം.
ശാരധ നേരിൽ ഒരു നമ്പൂതിരിപെൺകുട്ടി ആയിട്ടല്ല ജനിച്ചത്. ഓളെ ദത്തെടുത്തതാണ്. ആ വിവരം അറിയുവോളം വരേയ്കും ഓൾ സാധാരണ ഏതൊരു പെണ്ണിനേയും പോലെ തന്നെ ആയിരുന്നു ജീവിച്ചിരുന്നത്. ജന്മം കൊണ്ട നിമിഷം മുതൽക്കേ ദുർവിധി ഓൾടെ കഴുത്തിൽ പിടിമുറുക്കിയതാണ്. അതേ ദുർവിധി ഓളെ പിന്തുടർന്നതിന്റെ ഫലമായിട്ട് ആ ഷണ്ടൻ നമ്പൂതിരിക്ക് വേളി കഴിച്ചു കൊടുക്കേണ്ടതായും വന്നു.
വർഷങ്ങൾക്ക് മുൻപ് നെന്മാറ വേലയ്ക്ക് പോയി മടങ്ങി വരുമ്പോൾ ജയരാമൻ നമ്പൂതിരിക്ക് ആൽത്തറയിൽ കിടന്നു കിട്ടിയ ഒരു പെൺകുഞ്ഞാണ് ഈ കണ്ട ശാരധ. ഇല്ലത്തു ആരോരും ഇല്ലാതെ ഒറ്റയ്ക്ക് ജീവിച്ചിരുന്ന നമ്പൂരിക്ക് അലിവ് തോന്നി നമ്പൂരി ഓളെ സ്വന്തം കുഞ്ഞായി വളർത്തി.
തിരിച്ചറിവ് ആകുന്ന പ്രായം വരേയ്കും പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്യ. അച്ഛനും മകളും സസന്തോഷം ജീവിച്ചു പോന്നു. വയസ്സ് അറിയിച്ച പ്രായം ആയപ്പോൾ നമ്പൂതിരി കുട്ടിക്ക് കാര്യങ്ങൾ എല്ലാം പറഞ്ഞു കൊടുത്തപ്പോൾ അതിൽ പതിയിരുന്ന അപകടം കണ്ടില്യ.
കല്യാണം കഴിക്കാതെ അച്ഛന് എങ്ങനെ താനുണ്ടായി എന്നുള്ള ചോദ്യത്തിന് മറുപടി പറയാൻ കഴിയാതെ നമ്പൂരി കുഴങ്ങി. എന്തൊക്കെയോ പറഞ്ഞു ഒപ്പിച്ചു അന്ന് തടിതപ്പി. വർഷങ്ങളോളം മറ്റാരുമായും സംസർഗം വരാത്ത തരത്തിൽ നമ്പൂരി ഓളെ കൊണ്ടു നടന്ന് പോറ്റി.
അതോണ്ടെന്താ ഫലം, ദുർവിധി കഴുത്തിൽ പിടി മുറുക്കിയാൽ അത് മുറുക്കിയത് തന്ന്യാ. പിന്നൊരിക്കൽ നെമ്മാറ വേലയ്ക്ക് പോയ ദിവസം അവിടെ വെച്ച് കണ്ട ശാരധയുടെ ബാല്യകാലത്തെ കളിക്കൂട്ടുകാരികളിൽ ഒരുവൾ ജന്മരഹസ്യം അവളെ പറഞ്ഞു ധരിപ്പിച്ചു. അതോടെ അവളുടെ മനസ്സിന്റെ സമനില തെറ്റി. തിരികെ വീട്ടിൽ എത്തിയപാടെ ബാധ കയറിയ പോലെ ഓരോ ബഹളങ്ങളും പരാക്രമങ്ങളും തുടങ്ങി.
ഒരു മൂന്നാല് വർഷം അങ്ങനെ കഴിഞ്ഞ് പോയിട്ടാണ് എന്റെ കണ്മുന്നിൽ വന്നു പെട്ടത്. കണ്ടപാടേ മനസ്സിൽ തെളിഞ്ഞു ദീനമല്ല എന്ന്. അവളെ 101 കുടം വെള്ളത്തിൽ കുളിപ്പിച്ച് തലയൊന്നു തണുപ്പിച്ച ശേഷം ഞാൻ ചോദിച്ചു.
