അമ്മയും ബിന്ദു ആന്റിയും ഹാളിലെ സോഫയിലേക്ക് ഇരുന്നു.
ഇന്നലെ രാത്രി അച്ഛനുമായി ഉണ്ടായ വലിയ വഴക്കും കൈയ്യാങ്കളിയുമാണ് അമ്മയുടെ മുഖത്തെ ആ വിഷമത്തിന് കാരണം.
മുഖത്തെ ചതവും സങ്കടവും മറയ്ക്കാൻ അമ്മ നന്നായി പാടുപെടുന്നുണ്ടായിരുന്നു.
ബിന്ദു ആന്റി അമ്മയുടെ കൈകളിൽ തൊട്ടുകൊണ്ട് വീണ്ടും ചോദിച്ചു, “എന്താ മെർലിൻ സംഭവിച്ചത്? എന്നോട് പറ… നിൻ്റെ കണ്ണുകളൊക്കെ നിറഞ്ഞിരിക്കുന്നു. എന്തെങ്കിലും പ്രശ്നമുണ്ടോ?”
അമ്മ മുഖം വശത്തേക്ക് തിരിച്ച്, ഒന്നും സംഭവിച്ചിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു. “ഏയ്… ഒന്നുമില്ല ബിന്ദു, വെറുതെ… കണ്ണിൽ എന്തോ വീണതാ. പിന്നെ ചെറിയ തലവേദനയും.”
“മെർലിൻ, നീ എന്നോട് കള്ളം പറയണ്ട. നമ്മൾ എത്ര കാലമായി അടുത്തറിയുന്നവരാ… നിൻ്റെ മുഖം കണ്ടാൽ എനിക്ക് മനസ്സിലാകില്ലേ?” ബിന്ദു ആന്റിയുടെ സ്വരത്തിൽ ആകുലത നിറഞ്ഞു.
അമ്മ ഒന്നും മിണ്ടാതെ തറയിലേക്ക് നോക്കിയിരുന്നു. ഉള്ളിൽ
അടക്കിവെച്ചിരിക്കുന്ന സങ്കടം പുറത്തുവരാതിരിക്കാൻ അമ്മ ചുണ്ടുകൾ കടിച്ചമർത്തുന്നത് വാതിലിൻ്റെ വിടവിലൂടെ ഞാൻ കണ്ടു.
ബിന്ദു ആന്റി അമ്മയുടെ തോളിൽ കൈവെച്ച് പതുക്കെ ചോദിച്ചു, “മെർലിൻ… ജോൺ ഇപ്പോഴും നിന്നെ ഉപദ്രവിക്കുന്നുണ്ടോ?
ആ ചോദ്യം കേട്ടതും അമ്മയ്ക്ക് ഇനി സങ്കടം അടക്കിവെക്കാൻ കഴിഞ്ഞില്ല. അമ്മ പൊട്ടിക്കരഞ്ഞുപോയി. ഇത്രയും നേരം ഉള്ളിൽ ഒതുക്കിവെച്ച വേദനയെല്ലാം ഒഴുക്കിക്കളയുന്നത് പോലെ അമ്മ ബിന്ദു ആന്റിയെ കെട്ടിപ്പിടിച്ച് വിങ്ങിപ്പൊട്ടി.
“ബിന്ദു… എനിക്ക് ഇനി ഇത് സഹിക്കാൻ പറ്റുന്നില്ല,” കരച്ചിലിനിടയിലൂടെ അമ്മ പറഞ്ഞു തുടങ്ങി.
ഇന്നലെ രാത്രി നടന്ന ഓരോ കാര്യങ്ങളും അമ്മ ബിന്ദു ആന്റിയോട് തുറന്നുപറഞ്ഞു. ചെറിയൊരു കാര്യത്തിനാണ് അച്ഛൻ വഴക്ക് തുടങ്ങിയതെന്നും, പിന്നീട് അത് വലിയ കൈയ്യാങ്കളിയിലേക്ക് മാറിയതെന്നും അമ്മ വിറയ്ക്കുന്ന ശബ്ദത്തോടെ പറഞ്ഞു. അച്ഛൻ തള്ളിയിട്ടപ്പോൾ മേശയുടെ മൂലയിൽ തലയിടിച്ചതും, ശരീരത്തിലെ പാടുകളും അമ്മ ആന്റിക്ക് കാണിച്ചുകൊടുത്തു.
“എത്ര സഹിച്ചാലും മാറാത്തെന്താ ബിന്ദു ഇത്… കുട്ടികളുടെ മുന്നിൽ വെച്ച് പോലും എന്നെ ഇങ്ങനെ…” അമ്മയുടെ വാക്കുകൾ ഇടറി.
ബിന്ദു ആന്റി അമ്മയുടെ കൈകൾ ചേർത്തുപിടിച്ച് വളരെ ഗൗരവത്തോടെ പറഞ്ഞു:
“മെർലിൻ… ഇത് ക്രൂരതയാണ്! നീ എന്തിനാ ഇതൊക്കെ ഇങ്ങനെ സഹിക്കുന്നത്? നീ ആരുടെയും അടിമയൊന്നുമല്ലല്ലോ. എത്ര നല്ലൊരു പെണ്ണാണ് നീ… ഇങ്ങനെയൊരു ജീവിതം ജീവിച്ച് തീർക്കാൻ വേണ്ടിയാണോ നീ ഇത്രയും കഷ്ടപ്പെടുന്നത്?”
ബിന്ദു ആന്റിയുടെ വാക്കുകളിൽ അമ്മയോടുള്ള സ്നേഹവും ദേഷ്യവും ഒരുപോലെ നിറഞ്ഞുനിന്നിരുന്നു.
“ഒന്നുകിൽ ജോണിനോട് വ്യക്തമായി കാര്യങ്ങൾ സംസാരിക്കണം, അല്ലെങ്കില്‍ ഇതിനൊരു അവസാനമുണ്ടാക്കണം. ഇനിയും സഹിച്ചാൽ ഇത് കൂടുതൽ വഷളാവുകയേയുള്ളൂ. സ്വന്തം ആത്മാഭിമാനം പണയം വെച്ച് നീ ഇങ്ങനെ ജീവിക്കരുത്.”
ആന്റിയുടെ ഓരോ വാക്കും അമ്മ നിശ്ശബ്ദയായി കേട്ടിരുന്നു. കരച്ചിൽ പതുക്കെ അടങ്ങിയെങ്കിലും അമ്മയുടെ മുഖത്ത് ആശയക്കുഴപ്പവും ഭയവും വ്യക്തമായിരുന്നു.
ബിന്ദു ആന്റി : നമുക്ക് പോലീസിൽ വിവരം അറിയിക്കാം. അവർ വന്ന് ഒരു വാണിംഗ് കൊടുക്കട്ടെ. നിയമപരമായി ഒരു വാണിംഗ് കിട്ടിയാൽ പുള്ളി പിന്നെ നിന്നെ തൊടാൻ പോലും ഭയക്കും.”
ആ വാക്ക് കേട്ടതും അമ്മ ഞെട്ടിപ്പോയി. “അയ്യോ ബിന്ദു… പോലീസോ? വേണ്ടടി… നാട്ടുകാരും വീട്ടുകാരും ഒക്കെ അറിഞ്ഞാൽ നാണക്കേടല്ലേ? പിന്നെ ജോണേട്ടൻ കൂടുതൽ ദേഷ്യപ്പെട്ടാൽ…” അമ്മ ഭയത്തോടെ പറഞ്ഞു.
“നാണക്കേടോ?” ബിന്ദു ആന്റിയുടെ ശബ്ദം കുറച്ചുകൂടി ഉയർന്നു. “നിന്നെ ഇങ്ങനെ അടിച്ച് ചതയ്ക്കുന്നതിലില്ലാത്ത എന്ത് നാണക്കേടാണ് മെർലിൻ ഇതിലുള്ളത്? പോലീസിൽ പരാതി നൽകിയാലേ പുള്ളിക്ക് ഭയം വരൂ. ഇല്ലെങ്കിൽ ഇത് തുടർന്നുകൊണ്ടേയിരിക്കും.
ബിന്ദു ആന്റിയുടെ വാക്ക് കേട്ട് അമ്മയുടെ മുഖത്ത് ഭയം കൂടുതൽ നിഴലിച്ചു. പൊലീസിന്റെ പേര് കേട്ടപ്പോൾത്തന്നെ അമ്മ വിറയ്ക്കാൻ തുടങ്ങിയിരുന്നു.
