എന്താണ് യഥാർത്ഥ കാരണം എന്നറിയില്ലെങ്കിലും അച്ഛനുമായുള്ള വലിയൊരു വഴക്കിനെ തുടർന്നാണ് ഹരിക്കുട്ടൻ ഈ നാടും വീടും വിട്ടു പോയത് .അയാൾ പോയതിന്റെ വിഷമത്തിൽ ‘അമ്മ സുഭദ്ര കരഞ്ഞു കരഞ്ഞു ജീവിതം തീർത്തു കൊണ്ടിരുന്നപ്പോഴാണ് വെള്ളിടി പോലെ ഒരുദിവസം രാഘവവാര്യർക്കു അപസ്മാരം വന്ന് പടിക്കെട്ടിൽ നിന്നും തലയടിച്ചു വീണു പരിക്കേറ്റത് .മറിഞ്ഞു വീണ സമയത്ത് ആരും അടുത്തില്ലാതിരുന്നത് കൊണ്ട് കല്ലിൽ തലയിടിച്ച് ബോധം പോയി കുറെ സമയം അവിടെ തന്നെ കിടന്നു .പിന്നീടാണ് ആശുപത്രിയിലോക്കെ ആക്കിയത് .ഇപ്പോൾ വീട്ടിലാണെങ്കിലും ആളുടെ കഴുത്തിനു കീഴെ തളർന്നു പോയി .ഹരിക്കുട്ടൻ പോയ വിഷമത്തിൽ വിഷമിച്ചു കഴിഞ്ഞ സുഭദ്ര രാഘവവാര്യരും കൂടി കിടപ്പിലായപ്പോൾ ആകെ തകർന്നു പോയി .പിന്നെ സുഭദ്രാമ്മയും കൂടി ഇങ്ങനെ ആയാൽ രാഘവവാര്യരുടെ കാര്യം ആര് നോക്കും എന്നൊക്കെ എല്ലാവരും പറഞ്ഞതിന് ശേഷമാണ് അവരൊന്നും ലെവലായി വന്നത് .രാഘവവാര്യർക്കു ദൈവകോപം ഉണ്ടായതാണെന്നാണ് എല്ലാവരും പറയുന്നത് അതിനു ചികിത്സയുടെ പുറമെ പരിഹാരക്രിയകൾക്കു വേണ്ടിയും പൈസ ചിലവായി .അതിനിടയ്ക്കാണ് ഒരു ദിവസം മുംബയിൽ താമസിക്കുന്ന തന്റെ മകൾ മാതു ഫോൺ ചെയ്തു പറഞ്ഞത് ഹരിക്കുട്ടനെ അവിടെ വെച്ച് കണ്ടെന്നു .ഹരിക്കുട്ടൻ തന്നെയാണെന്ന് അവളുറപ്പിച്ചു പറഞ്ഞപ്പോൾ സുഭദ്രയാണ് ഏറ്റവും കൂടുതൽ സന്തോഷിച്ചത് .ശരിക്കു പറഞ്ഞാൽ അവർക്കു പുതിയൊരു ജീവിതം കിട്ടിയ പോലായിരുന്നു .അവസാനം മാതുവും ഭർത്താവും കൂടി അവനെ കണ്ടു പിടിച്ചു .കലീനയിൽ നിന്നും സാന്താക്രൂസിലേക്കു പോകുന്ന വഴിയിലുള്ള ഒരു ഗല്ലി പോലുള്ള ഇടുങ്ങിയ സ്ഥലത്ത് മൂന്നാലു കൂട്ടുകാരുമായി ആയിരുന്നു താമസം .ഏതോ കൺസ്ട്രക്ക്ഷൻ കമ്പനിയിലെന്തോ ജോലിയുള്ള മൂന്നാലു പേര് ഒന്നിച്ചു താമസിക്കുന്നതിൽ ഒരാളായിരുന്നു ഹരിക്കുട്ടൻ .വീട്ടിലെയും നാട്ടിലെയും കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി .’അമ്മ ഒറ്റയ്ക്കായി എന്നും കൂടി പറഞ്ഞപ്പോൾ അവസാനം നാട്ടിൽ ഈ ഓണത്തിന് വരാമെന്നു അവൻ സമ്മതിക്കുകയായിരുന്നു .അങ്ങനെയാണ് ഹരിക്കുട്ടന്റെ ഈ വരവ് ..
ജയന്തി ജനതയിൽ കേറിയിട്ടുണ്ട് എന്ന് മാതു വിളിച്ച് പറഞ്ഞപ്പോൾ താൻ ഒറ്റപ്പാലത്ത് പോയി വിളിച്ചോണ്ട് പോരുകയായിരുന്നു . ഇനി തിരിച്ചു പോകുന്നില്ലെന്നാണ് അവൻ പറയുന്നത് ഇനീപ്പോ പോകാമെന്നു വിചാരിച്ചാലും അവനു കഴിയില്ല കാരണം വീട്ടിലെ അവസ്ഥ അത്രത്തോളമാണ് .അച്ഛൻ തളർന്നു പോയി അമ്മ ഒറ്റയ്ക്കായി ഇനി ഹരിക്കുട്ടന് എല്ലാം ഇട്ടെറിഞ്ഞ് ഒരിക്കൽ പോയത് പോലെ ഇനി സാധിക്കില്ല .
..അല്ലാ മാഷേ എന്താ ആലോചിക്കുന്നേ … ഇവിടെങ്ങുമല്ലേ …
ഹരിക്കുട്ടന്റെശബ്ദംകേട്ട്രാമനാഥൻപെട്ടന്ന്ഓർമ്മകളിൽനിന്നുണർന്നു
..അല്ലെടോ അല്ല .. താൻ തൊഴുതു നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ വർഷങ്ങൾക്കു പുറകിലേക്കൊന്ന് പോയി …അന്നത്തെ നാടും വീടും കണ്ടവും തൊടിയുമൊക്കെ നിങ്ങള് പിള്ളാരും അന്നത്തെ ജീവിതവും ഒക്കെ ഒരു നിമിഷം കൊണ്ട് ഓർത്തു പോയി …
ഹരിക്കുട്ടൻ ഷൂ എടുത്ത് കാലിലേക്ക് തിരുകിക്കയറ്റിക്കൊണ്ടു പറഞ്ഞു .
..ഹഹ ശരിയാ .. അതിനി ഒരിക്കലും തിരിച്ചു വരില്ലല്ലോ മാഷേ …ദേ ഇപ്പം തന്നെ കണ്ടില്ലേ എന്തോരം മാറ്റങ്ങളാ നാട്ടില് അല്ലെ …. പുത്തൻ പുത്തൻ വീടുകളൊക്കെ വഴീടെ രണ്ടു സൈഡിലൂടെ നിരനിരയായി അങ്ങനെ നിൽക്കുന്നത് കണ്ടില്ലേ …
..ഹഹഹ ശരിയാ ഹരിക്കുട്ടാ ..എല്ലാം പുത്തൻ പണക്കാരാ..കുറെ പേര് ദൂരേന്നു ഇവിടെ വന്നു സ്ഥലം മേടിച്ചു വീട് വെച്ച് താമസിക്കുന്നവരുണ്ട് .പിന്നെ ഒത്തിരി പഴേ ആൾക്കാരൊന്നും എല്ലാവരുമില്ല .എന്നെയും രാഘവവാര്യരെയും പോലെയുള്ള കുറച്ച് പേര് മാത്രമേ ഇവിടെ ബാക്കിയുള്ളു …
..അത് പിന്നെ കാലത്തിനനുസരിച്ച് ആളുകൾ മാറില്ലേ മാഷേ ..ഇനി എനിക്ക് തന്നെ കുറെ ദിവസത്തേക്ക് ഇവിടെ നിൽക്കാൻ വളരെയധികം ബുദ്ധിമുട്ടായിരിക്കും ഉറപ്പാ .
..അത് ശരിയാ മുംബൈ പോലുള്ള നാട്ടിലൊക്കെ ഇത്രേം വര്ഷം ജീവിച്ചിട്ട് ..ഇത് പോലുള്ള ഓണംകേറാ മൂലയിലൊക്കെ എങ്ങനെ പൊരുത്തപ്പെടും അല്ലെ ..
