പറഞ്ഞു കഴിഞ്ഞപ്പോഴേയ്ക്കും അവന്റെ കണ്ണ് നിറഞ്ഞൊഴുകിപ്പോയി .അത് കണ്ടു സുഭദ്ര സന്തോഷത്തോടെ അവനരികിലിരുന്നു അവനെ മാറോടണച്ചു .
..മാഷേവേറെഡോക്ടർമാരെഒന്നുംകാണിച്ചില്ലേ ..
…എല്ലാം കാണിച്ചതാ ഹരിക്കുട്ടാ.. ഒരു ഫലോല്ല്യ ..കഴുത്തിനു കീഴെയ്ക്ക് ഇനി നോക്കണ്ട ..ആശൂത്രിക്കാര് നാലോ അഞ്ചോ മാസത്തെ കണക്കാ പറഞ്ഞത് .പക്ഷെ ഇതിപ്പോ ഒരു വര്ഷം കഴിഞ്ഞു .സുഭദ്രാമ്മയുടെ നോട്ടത്തിന്റെയാ എല്ലാം .പിന്നെ നിന്നെ കാണണമെന്നും ഉള്ളില് ആഗ്രഹം കാണില്ലേ .അതോണ്ടൊക്കെ ആവും… ..
…മാഷേ പലപ്പോഴും ഉദ്ദേശിച്ചതാണ് വരണം വരണം എന്നൊക്കെ പക്ഷെ എന്തോ പറ്റിയില്ല .എന്ത് കൊണ്ടാണെന്നു ചോദിച്ചാൽ എനിക്കറിയില്ല മാഷേ ..ഓരോരോ കാരണങ്ങൾ കൊണ്ട് ഒന്നും നടന്നില്ല അത്രന്നെ ..
ഹരിക്കുട്ടന്റെ തലമുടിയുടെ തഴുകിക്കൊണ്ടിരുന്ന സുഭദ്ര ഇത് കേട്ട് …
…ഹരിക്കുട്ടാ . മോനെ നിനക്ക് കത്തെങ്കിലും അയയ്ക്കാൻ പാടില്ലാരുന്നോ .പണ്ട് വല്ലപ്പോഴും വന്നിരുന്ന കത്തുകൾ ആയിരുന്നു നീ ജീവിച്ചിരിക്കുന്നു എന്നൊരു ആശ്വാസം തന്നിരുന്നത് ..നീ എവിടാണെന്നു പോലും ഞങ്ങൾക്കറിയില്ലായിരുന്നു ..അതൊന്നും നീ പറഞ്ഞിട്ടില്ലല്ലോ ..അവസാനം മാതു ബോംബയിൽ വെച്ച് നിന്നെ കണ്ടു എന്ന് പറഞ്ഞപ്പോഴാണ് നീ എവിടാന്ന് അറിയുന്നത് തന്നെ …
… അമ്മെ ഇനീപ്പോ അത് പറഞ്ഞിട്ടു കാര്യമില്ലല്ലോ കഴിഞ്ഞത് കഴിഞ്ഞു അത്ര തന്നെ . …
…അതാ സുഭദ്രാമ്മെ കാര്യം …. ഇനി പഴയതൊക്കെ പറഞ്ഞ് എന്തിനാ വിഷമിക്കുന്നത് ….സുഭദ്രാമ്മയുടെ ജീവിതത്തിലെ ഇരുളടഞ്ഞ കാലം ഈ ഓണത്തോടെ കഴിഞ്ഞ്എന്നങ്ങ് കൂട്ടിക്കോ ..ന്താ ശരിയല്ലേ ഹരിക്കുട്ടാ …
…ഹഹ ഹ … മാഷെ ഇനി നിങ്ങളേല്ലാരും കൂടി തല്ലിയൊടിച്ചാലും ഞാൻ പോകില്ല ന്താ പോരെ …
എന്ന്പറഞ്ഞുകൊണ്ടവൻഅമ്മയെനോക്കിയപ്പോൾസുഭദ്ര അവനെമാറോടണക്കിപ്പിടിച്ച്നെറുകയിൽഉമ്മവെച്ചു.
…ആ …. ന്നാ ഞാനങ്ങട് ഇറങ്ങുവാണു ട്ടോ സുഭദ്രാമ്മെ …ഹരിക്കുട്ടാ നീ സമയം കിട്ടുമ്പോൾ അങ്ങട്ടും ഒന്നിറങ്ങിക്കോ ട്ടോ ..നീ വരുന്നുണ്ട് ന്നറിഞ്ഞത് മൊതല് അവിടേം ഒരാള് കാത്തിരിക്കാനുണ്ട് …വാര്യരെ ന്നെങ്കി ഞാൻ പിന്നെ വരാം കേട്ടോ .
രാമനാഥൻ പോയിക്കഴിഞ്ഞ് സുഭദ്ര അവനെ വിടാതെഏറെ നേരം പിടിച്ചടുത്തിരുത്തി തൊട്ടും തലോടിയും വിശേഷങ്ങൾ പങ്കു വെച്ചുമിരുന്നു. .
…ഹരിക്കുട്ടാ നിന്റെ മുറി ഞാൻ അടിച്ചു വാരി വൃത്തിയാക്കി ഇട്ടിട്ടുണ്ട് ട്ടോ .ഞാൻ വല്ലപ്പോഴും മാത്രമേ തുറക്കാറുള്ളു .തുറക്കുമ്പോഴൊക്കെ നീയവിടൊക്കെ നിൽക്കുന്നത് പോലൊക്കെ തോന്നും അപ്പൊ വിഷമം വരും …നീ ചെന്നൊന്നു കുളിച്ചിട്ടു വാ അപ്പോഴേക്കും ‘അമ്മ കഴിക്കാറുള്ളത് എടുത്ത് വെക്കാം ..
സുഭദ്രാമ്മ ഹരിക്കുട്ടനെ വിളിച്ച് കൊണ്ട് നേരെ ഇടനാഴിയിലേക്ക് നടന്നു ..തന്റെ മുറിയിലേക്ക് പോകുന്ന കോണിപ്പടികളുടെ ചുവട്ടിലെത്തിയപ്പോൾ ഒരു നിമിഷം ചിന്താധീനനായി നിന്നതിനു ശേഷം അവൻ സാവധാനം കോണിപ്പടികൾ കേറി റൂമിലെത്തി ..നന്നായി വിരിച്ചിട്ടിരുന്ന കട്ടിലിൽ അൽപ സമയം കിടന്നവൻ പഴയ ഓർമ്മകൾ അയവിറക്കി .ഇടയ്ക്ക് ‘അമ്മ താഴെ നിന്നും ലെഗേജിന്റെ കാര്യം ഓർമ്മപ്പെടുത്തിയപ്പോഴാണ് ഉമ്മറത്തിരുന്ന ലഗേജുകളും മറ്റും റൂമിൽ കൊണ്ട് വെച്ചത്.
നല്ല യാത്രാ ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് കിടന്നപ്പോഴേ അവനുറങ്ങി പോയി .വൈകിട്ട് കുളിച്ചോരുങ്ങി ‘അമ്മയുടെ കൂടെ അമ്പലത്തിലും പോയി .അത് വഴി മാഷുടെ വീട്ടിലും ഒന്ന് പോയി ആള് കാണിച്ചിട്ട് തിരിച്ചു പൊന്നു .രാത്രി അത്താഴം കഴിഞ്ഞതിനു ശേഷം അവൻ അമ്മയോട് രാത്രിയിൽ അച്ഛന്റെ കാര്യങ്ങൾ എങ്ങനാണ് എന്ന് ചോദിച്ചു .
…രാത്രി അങ്ങനെ ആവശ്യങ്ങളൊന്നും വന്നിട്ടില്ല ..എന്നാലും ഞാൻ അവിടെ താഴെ ഒരു പായ വിരിച്ച് അവിടെത്തന്നെ കിടക്കും …
ഒന്ന് മൂളിയിട്ടു അവൻ കോണിപ്പടികൾ കേറി മുകളിലേക്ക് പോയി .ജനലുകളൊക്കെ തുറന്നിട്ടപ്പോൾ തന്നെ നല്ല കാറ്റ് കേറിത്തുടങ്ങി .നേരെ കിടക്കയിലേക്ക് മലർന്നു കിടന്നവൻ തന്റെ ജീവിതത്തെ കുറിച്ച് വെറുതെ ഒന്നോർത്തു .അവന്റെ മനസ്സ് വർഷങ്ങൾക്കു മുമ്പുള്ള ഒരു സ്‌കൂളടച്ചുള്ള അവധി ദിവസങ്ങളിലേക്ക് പോയി …
