പ്രണവ്: അങ്ങനെ ഒന്നുമല്ല ബിജിഷ്. ഞാനെല്ലാം പറയണം എന്ന് തന്നെയാ വിചാരിച്ചത്. പക്ഷേ അവൾ എന്നോട് പറഞ്ഞത് വെച്ചിരിന്നത് നിങ്ങൾ ഭയങ്കര മുൻകോപം ആണെന്നാണ്. സംസാരിച്ച് കഴിഞ്ഞപ്പോഴാണ് അങ്ങനെയൊന്നുമല്ല എന്ന് എനിക്ക് മനസ്സിലായത് അപ്പോഴേക്ക് ഞാൻ പറഞ്ഞു പോയി ഫ്രണ്ട്സ് ആണെന്ന്, പിന്നെ അത് മാറ്റി പറയാൻ അവസരം കിട്ടിയില്ല.
ഞാൻ: പ്രണവ് നിങ്ങൾക്ക് തമ്മിൽ എന്തും ആയിക്കോട്ടെ, അത് നിങ്ങളുടെ ജീവിതം. എനിക്കതിൽ യാതൊരു ബുദ്ധിമുട്ടുമില്ല. പക്ഷേ എന്തിനാണ് എന്നെ ഇതിനിടയിലോട്ട് വലിച്ചിഴക്കുന്നത്?
പ്രണവ്: എനിക്ക് എങ്ങനെ പറഞ്ഞു മനസ്സിലാക്കണം എന്ന് അറിയില്ല.
ഞാൻ: ഒരു മനുഷ്യനോട് എന്ന പോലെ സംസാരിച്ചു നോക്കണം പ്രണവ്, ചിലപ്പോ എനിക്ക് മനസ്സിലാവും. അല്ലാതെ കള്ളത്തരവും കാപട്യവും ഇറക്കാൻ നോക്കാതെ.
പ്രണവ്: സത്യമായിട്ടും നിങ്ങളെ പറഞ്ഞു പറ്റിക്കാൻ എനിക്ക് യാതൊരു ഉദ്ദേശവും ഇല്ലായിരുന്നു. ആദ്യമേ ഇത് പറഞ്ഞാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കുമെന്ന് ഉള്ള പേടി കൊണ്ടാണ് പറയാതിരുന്നത്. എനിക്ക് എക്സ്പ്ലൈൻ ചെയ്യാൻ ഒരു അവസരം തന്നാൽ ഞാൻ എല്ലാം പറയാം. അതല്ല ഈ സംസാരം നമുക്ക് ഇവിടെ വച്ച് നിർത്തണമെങ്കിൽ അങ്ങനെ ആകാം എനിക്ക് അതിലും വിഷമം ഒന്നുമില്ല.
ഞാൻ: ഒരു വ്യക്തിയിൽ ഏറ്റവും കൂടുതൽ ഞാൻ ബഹുമാനിക്കുന്ന ഗുണം, സത്യസന്ധതയാണ്. അതിപ്പോ എനിക്കിഷ്ടമല്ലാത്ത കാര്യമാണെങ്കിൽ കൂടി എന്നോട് സത്യസന്ധമായി തുറന്ന് പറഞ്ഞാൽ ഞാൻ അതിന് വേണ്ട എല്ലാ സഹായവും ചെയ്യുന്ന
ഒരാളാണ്.
ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം സത്യസന്ധമായി മറുപടി തരാമെന്നുണ്ടെങ്കിൽ മാത്രം, നമുക്ക് ഈ സംസാരം തുടരാം, അതല്ലെങ്കിൽ ഇത് ഇവിടെ വച്ച് നിർത്താം.
പ്രണവ്: ബിജീഷ് എന്തു വേണമെങ്കിലും ചോദിച്ചോ ഞാൻ പറയാം. ഇത്രയൊക്കെ ആയിട്ടും നിങ്ങൾ എന്നോട് വളരെ മാന്യമായിട്ടാണ് സംസാരിച്ചത്. I respect that.
ഞാൻ: ശെരി. നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാണോ?
പ്രണവ്: അതെ.
ഞാൻ: എത്ര നാളായി?
പ്രണവ്: നിങ്ങൾ അന്ന് പിരിഞ്ഞതിനു ശേഷം.
ഞാൻ: അപ്പോ ഒരു എട്ട് ഒന്‍പത് കൊല്ലം ആയിട്ടുണ്ട് അല്ലേ?
പ്രണവ്: ഉണ്ട്.
ഞാൻ: പിന്നെ ഇപ്പോൾ എന്തിനാണ് ഞാൻ അവളോട് സംസാരിക്കണം എന്ന് പ്രണവ് വാശി പിടിക്കുന്നത്.
പ്രണവ്: ഞാൻ വാശിപിടിച്ചതല്ല. അവൾക്ക് നിങ്ങളോട് മിണ്ടണമെന്ന് പണ്ട് മുതലേ ആഗ്രഹമുണ്ട്. പക്ഷേ നിങ്ങളോട് മിണ്ടിയാൽ പിന്നെ ഞാൻ അവളോട് മിണ്ടില്ല എന്ന് പറഞ്ഞ്
പിടിച്ചുവെച്ചിരുന്നതാണ് അവളെ.
ഞാൻ: എന്നിട്ട് ഇപ്പോ എന്തുപറ്റി, ഈ മനം മാറ്റത്തിന്?
പ്രണവ്: ഈ അടുത്ത സമയത്താണ് എന്റെ കല്യാണം കഴിഞ്ഞത്, അതിനുശേഷം അവളോട് മിണ്ടാനുള്ള സാഹചര്യം ഇല്ലാതായി. അവൾ ജീവിതത്തിൽ ഒരുപാട് ഒറ്റപ്പെടുന്നുണ്ട് എന്നെനിക്കറിയാം. ബിജിഷിനോട് സംസാരിക്കുകയാണെങ്കിൽ അവൾക്ക് അത് വലിയൊരു ആശ്വാസമാകും. അവൾ ഇങ്ങനെ തകർന്നിരിക്കുന്ന സമയത്ത് വേറെ ഒരാൾ വന്നാൽ അവളെ ചൂഷണം ചെയ്യും എന്ന് എനിക്ക് നല്ല പേടിയുണ്ട്.
ഞാൻ: ഞങ്ങൾ പിരിഞ്ഞപ്പോൾ പ്രണവ് കയറിവന്ന് ചൂഷണം ചെയ്തത് പോലെ, അല്ലേ?
പ്രണവ്: ആ പറഞ്ഞത് സത്യമാണ്. പക്ഷേ അവൾക്ക് ദോഷം വരുന്ന ഒന്നും ഞാൻ ഇതുവരെ ചെയ്തിട്ടില്ല.
ഞാൻ: എന്നിട്ട് ആയിരിക്കും വീഡിയോ പിടിച്ച് സൂക്ഷിച്ച് വച്ചേക്കുന്നത്.
ഞങ്ങളുടെ അത്രയും കാലത്തെ ബന്ധത്തിൽ അവളുടെ എത്ര വീഡിയോ ഞാൻ പിടിച്ചിട്ടുണ്ടെന്ന് അറിയാമോ?
പ്രണവ്: ഒന്നും പിടിച്ചിട്ടില്ല എനിക്കറിയാം. അവൾ എന്നെ എങ്ങനെയെങ്കിലും വെട്ടിലാക്കിയാലോ എന്നുള്ള പേടി കൊണ്ടാണ് ഞാൻ വീഡിയോ പിടിച്ച് തുടങ്ങിയത്.
ഞാൻ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കൽ ആയിരിക്കും ഉദ്ദേശിച്ചത് അല്ലേ?
പ്രണവ്: അതേ പക്ഷേ, അവൾക്ക് എന്നെ വിവാഹം കഴിക്കാൻ താല്പര്യം ഇല്ലായിരുന്നു. അങ്ങനെ പറഞ്ഞു കൊണ്ടാണ് ഈ ബന്ധം തുടങ്ങിയത് തന്നെ. പക്ഷേ ഈ കാലത്ത് എന്ത് എങ്ങനെയായി തീരും എന്ന് പറയാൻ പറ്റില്ലല്ലോ.
