പണി കിട്ടിയതിൽ പിന്നെ മഹിയുടെ എല്ലാ ചെലവുകളും അവൻ തന്നെയാണ് നോക്കിയത്.. വീട്ടിൽ നിന്ന് ഭക്ഷണം പോലും അവൻ കഴിക്കാറില്ല.. രാത്രി ഒത്തിരിവൈകിയാണ് വീട്ടിലേക്ക് വരിക.. അവന്റെ കയ്യിൽ ഒരു ചാവിയുണ്ട്.
അത് കൊണ്ട് വാതിൽ തുറന്ന് അവൻ അകത്ത് കേറും.. അവൻ വരുന്നത് ആരും അറിയാറ് പോലുമില്ല.. ചിലപ്പോ അവൻ വന്നതിന് ശേഷമാകും സ്മിതയും നീതുവും കറക്കം കഴിഞ്ഞ് വരിക..
പരസ്പരം മിണ്ടാതെ,ഒന്നിലും ഇടപെടാതെ അവരാ വീട്ടിൽ ജീവിച്ചു..
✍️✍️✍️… അഛന്റെ മരണം പെൺമക്കളെ തളർത്തിയെങ്കിലും മഹിക്കത് ആശ്വാസമാണുണ്ടാക്കിയത്..അവൻ രണ്ട് ദിവസം ലീവെടുത്ത് മൂന്നാം ദിവസം പണിക്ക് കേറി.. സ്മിതക്കത് തീരെ ഇഷ്ടമായില്ല.. പിറ്റേന്ന് അവൻ വരുന്നത് വരെ അവൾ അവനെയും കാത്തിരുന്നു..
വാതിൽ തുറന്ന് അകത്ത് കയറിയ മഹി കണ്ടത് തന്നെയും കാത്തിട്ടെന്നവണ്ണം സെറ്റിയിലിരിക്കുന്ന ചേച്ചിമാരെയാണ്..
അവൻ അവരെയൊന്ന് നോക്കി അവന്റെ മുറിയിലേക്ക് നടന്നു..
“നിക്ക്… നിന്നോട് ചിലത് ചോദിക്കാനുണ്ട്…”..
സ്മിതയുടെ മുരൾച്ച കേട്ട് മഹി തിരിഞ്ഞ് നിന്നു..
“എന്താ… ?”..
താൽപര്യമില്ലാതെ മഹി ചോദിച്ചു…
“എന്താ നിന്റെ ഭാവം..?..അഛൻ മരിച്ചിട്ട് നാല് ദിവസേ ആയുള്ളൂ… അപ്പഴേക്ക് നീയങ്ങ് പണിക്കിറങ്ങിയോ… ?”..
സ്മിത കലിപ്പോടെ ചോദിച്ചു..
“എനിക്ക് രണ്ട് ദിവസത്തിൽ കൂടുതൽ ലീവെടുക്കാൻ പറ്റില്ല… “..
മഹിക്കവരോട് സംസാരിക്കാൻ ഒട്ടും താൽപര്യമില്ലായിരുന്നു..
“എന്ന് വെച്ചാ നിനക്കവിടെ കലക്ടറുടെ പണിയല്ലേ… ഹോട്ടലിൽ മേശ തുടപ്പല്ലേ പണി… ?”..
നീതു പുഛത്തോടെ ചോദിച്ചു..
“ആ… എനിക്കത് അന്തസുളള പണി തന്നെയാ… “..
മഹി അഭിമാനത്തോടെ പറഞ്ഞു..
“പിന്നേ… നീ മേശ തുടച്ചിട്ട് വേണമല്ലോ ബാക്കിയുള്ളോർക്ക് കഴിയാൻ… ഞങ്ങൾക്ക് കഴിയാനുള്ളത് അഛൻ സമ്പാദിച്ച് വെച്ചിട്ടുണ്ട്…”..
സ്മിത ഇഷ്ടക്കേടോടെ പറഞ്ഞു..
“നിങ്ങളെ പോറ്റാനല്ല ഞാൻ പണിക്ക് പോവുന്നത്,എനിക്ക് ജീവക്കാനാ… കൊന്നും കട്ടും ഉണ്ടാക്കിയതീന്ന് കഴിച്ചാ എനിക്ക് ദഹിക്കത്തില്ല…”..
ഇവൻ നന്നായി സംസാരിക്കുന്നെന്ന് സ്മിതക്കും നീതുവിനും തോന്നി..ഒന്നും മിണ്ടാതെ നടന്ന ഇവൻ ധൈര്യത്തോടെ മുഖത്ത് നോക്കി കാര്യം പറയുന്നു..
“അപ്പോ പിന്നെ ഈ വീട്ടിലെങ്ങനെ നീ നിൽക്കും.. ഇതും അഛൻ സമ്പാദിച്ചതാ…”..
സ്മിത അവനെ തളർത്താൻ നോക്കി..
“അല്ല ചേച്ചീ… ഈ വീട് നിൽക്കുന്ന മണ്ണ് അമ്മയുടേതാ… അമ്മയെ അടക്കിയതും ഈ മണ്ണിലാ… അത് കൊണ്ട് എന്നെയിവിടുന്ന് ഇറക്കി വിടാൻ വല്ല പ്ലാനുമുണ്ടെങ്കിൽ അത് നടക്കില്ല…”..
സ്മിത ഞെട്ടിയിരുന്നു.. അനിയൻ ഇങ്ങിനെ സംസാരിക്കുന്നതൊന്നും അവളത് വരെ കേട്ടിട്ടില്ല..
“അതിന് നിന്നെ ആരിറക്കി വിടുന്നു…?..
എനിക്ക് നിന്നോട് വേറൊരു കാര്യം പറയാനുണ്ട്… “..
“എന്താ….എനിക്ക് നല്ല ക്ഷീണമുണ്ട്… വേഗം പറ… “..
അവന്റെ ധാർഷ്ട്യം സ്മിതക്ക് തീരെ പിടിച്ചില്ല..എങ്കിലും അവൾ അടങ്ങി..
“എന്താ നിന്റെ പ്ലാൻ… ?”.
സ്മിത വിഷയത്തിലേക്ക് കടന്നു..
“എന്ത് പ്ലാൻ…?”..
കാര്യം മനസിലാവാതെ മഹി ചോദിച്ചു..
“ എന്താന്ന് നിനക്കറിയില്ലേ….?”..
“ഇല്ല…”..
“നമ്മുടെ അഛൻ വെറുതേ മരിച്ചതല്ല,അഛനെ കൊന്നതാന്ന് നിനക്കറിയോ… ?”..
“ആ… അറിയാം… “..
അവന്റെയാ നിഷേധം കണ്ട് ചെകിട്ടത്തൊന്ന് കൊടുക്കാൻ തോന്നി നീതൂന്..
“ അത് ചെയ്തതാരാന്നും നമുക്കെല്ലാർക്കുമറിയാം… അവരോട് നിനക്കൊന്നും ചോദിക്കാനില്ലേ… ?”..
