ജന്മാനന്തരബന്ധം – 4 12

​”വരുമെന്ന് എനിക്കറിയാമായിരുന്നു.”

​ഇരുട്ടിൽ നിന്ന് നന്ദന പുറത്തേക്ക് വന്നു. അവൾ ഒരു കറുത്ത വസ്ത്രമാണ് ധരിച്ചിരുന്നത്. ആ നിഴലിൽ അവളുടെ ചാരക്കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. അവൾ എന്റെ അടുത്തേക്ക് വല്ലാതെ ചേർന്നു നിന്നു. അവളുടെ ശരീരം വല്ലാതെ തണുത്തിരുന്നു—ഒരു മൃതദേഹത്തിന്റേത് പോലെ.

​”അർജുൻ പറഞ്ഞത് ഞഞാൻ കേട്ടിരുന്നു ഞാൻ വേറെ ടൈപ്പാണെന്ന് അല്ലേ” അവൾ എന്റെ ചെവിയിൽ മന്ത്രിച്ചു. ആ ശബ്ദത്തിൽ ഒരു ചെറിയ ചിരിയുണ്ടായിരുന്നു.

​അവൾ പതുക്കെ എന്റെ കൈ പിടിച്ചു. അവളുടെ നഖങ്ങൾ എന്റെ തൊലിയിൽ അല്പം ആഴ്ന്നിറങ്ങി. “നിന്റെ ഉള്ളിൽ ഒഴുകുന്ന ഈ രക്തം… അതിന് വലിയൊരു ചരിത്രമുണ്ട്. നിനക്കത് അറിയണോ?”

​അവൾ എന്റെ മുഖം അവളുടെ കൈകൾക്കുള്ളിലാക്കി. ആ ചാരക്കണ്ണുകളിലേക്ക് നോക്കിയപ്പോൾ എനിക്ക് എന്റെ ചുറ്റുപാടും മറന്നുപോയി. പെട്ടെന്ന്, അവൾ കൈ മാറ്റിയപ്പോൾ ഞാൻ കണ്ടത് ഞെട്ടിപ്പിക്കുന്ന ഒന്നായിരുന്നു.

​അവളുടെ കഴുത്തിൽ, മുടിയിഴകൾക്ക് താഴെയായി ഒരു അടയാളമുണ്ട്—രണ്ട് തലയുള്ള ഒരു പാമ്പിന്റെ പച്ചകുത്തിയ അടയാളം! പക്ഷേ അത് പച്ചകുത്തിയതല്ലെന്ന് എനിക്ക് തോന്നി. അത് പതുക്കെ അനങ്ങുന്നത് പോലെ… ശ്വസിക്കുന്നത് പോലെ!

​”നന്ദനാ… നീ…” ഞാൻ പിന്നോട്ട് മാറി.

​അവൾ ഒരു ഭ്രാന്തിയെപ്പോലെ ചിരിച്ചു. “പേടിക്കണ്ട അഖിൽ. ഈ പ്രണയം നിന്നെ കൊല്ലാനല്ല, മറിച്ച് നിന്നെ നിന്റെ സിംഹാസനത്തിൽ എത്തിക്കാനാണ്. പക്ഷേ അതിനൊരു വില കൊടുക്കേണ്ടി വരും.”

​അവൾ പെട്ടെന്ന് എന്റെ നെറ്റിയിൽ തടവി. വല്ലാത്തൊരു മരവിപ്പ് എന്റെ തലയിലേക്ക് പടർന്നു. അവൾ എന്റെ മുന്നിൽ നിന്ന് മായുന്നത് പോലെ എനിക്ക് തോന്നി. കണ്ണുകൾ അടയുന്നതിന് മുമ്പ് ഞാൻ അവസാനമായി കേട്ടത് അവളുടെ ആ നിഗൂഢമായ ശബ്ദമായിരുന്നു:

​”മറക്കരുത്… നീ മംഗലത്തെ അവസാനത്തെ ആൺതരി മാത്രമല്ല മറിച്ച് ആ നാഗകുടുംബത്തിന്റെ കാവൽക്കാരനാണ്

അടുത്ത ദിവസം ക്ലാസ്സിൽ വന്ന നന്ദനയ്ക്ക് ആ പഴയ കാവിലെ പെണ്ണിന്റെ ഭാവമേ ഇല്ലായിരുന്നു. അവൾ കൂട്ടുകാരോട് ചിരിച്ചു സംസാരിക്കുന്നു, നോട്ട്സ് എഴുതുന്നു… ഒരു സാധാരണ കോളേജ് പെൺകുട്ടി.

ഞാൻ അവളുടെ അടുത്തേക്ക് ചെല്ലുമ്പോഴെല്ലാം അവൾ ഒരു അപരിചിതനോടെന്നപോലെ പെരുമാറി.

​പക്ഷേ, അവളുടെ ആ ‘അറിയാത്ത ഭാവം’ എന്നെ കൂടുതൽ വട്ടുപിടിപ്പിച്ചു. ഞാൻ അറിയാതെ തന്നെ അവളെ പിന്തുടരാൻ തുടങ്ങി. ലൈബ്രറിയിൽ അവൾ ഇരിക്കുന്നതിന്റെ തൊട്ടപ്പുറത്തെ ടേബിളിൽ, അവൾ നടന്നു പോകുന്ന വരാന്തകളിൽ… എവിടെയും എന്റെ കണ്ണുകൾ അവളെ തിരഞ്ഞു.

​”എടാ… നീ ഇത് എന്ത് നോക്കുവാ ?” അർജുൻ ക്ലാസ്സ് കഴിഞ്ഞ് ഇറങ്ങുമ്പോൾ എന്റെ തോളിൽ കൈ വെച്ചു കൊണ്ട് ചോദിച്ചു.

“നിന്നോടാ ഞാൻ പറയുന്നത്. അവൾ വേറെ ടൈപ്പാ എന്ന് പറഞ്ഞത് വെറുതെയല്ല. നീ ഇപ്പോൾ ഒരുമാതിരി മയക്കത്തിലാണല്ലോ.”

​”അവൾ എന്നെ നോക്കുന്നുണ്ട് അജൂ… പക്ഷേ സംസാരിക്കാൻ ചെല്ലുമ്പോൾ അവൾക്ക് ഒന്നും അറിയില്ലെന്ന് ഭാവിക്കുന്നു,” ഞാൻ പരിഭ്രമത്തോടെ പറഞ്ഞു.

​”അതാണ് അവളുടെ ടൈപ്പ്! ആളുകളെ വട്ടുപിടിപ്പിക്കാൻ അവൾക്ക് പ്രത്യേക കഴിവുണ്ട്. നീ ഇതിൽ പോയി ചാടണ്ട,” അർജുൻ മുന്നറിയിപ്പ് തന്നു.

​പക്ഷേ ഞാൻ കേട്ടില്ല. അന്ന് വൈകുന്നേരം കോളേജ് കോമ്പൗണ്ടിന് പുറത്തുള്ള ചെറിയ ചായക്കടയിൽ അവൾ ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ടു. ഞാൻ പതുക്കെ അവളുടെ അടുത്തേക്ക് ചെന്നു.

​”നന്ദനാ…”

​അവൾ തലയുയർത്തി എന്നെ നോക്കി. ആ ചാരക്കണ്ണുകളിൽ ഒരുതരം കൗതുകം. “ഓ… അഖിൽ! എന്താ ഇവിടെ?”

​”നീ എന്തിനാ എന്നോട് ഇങ്ങനെ പെരുമാറുന്നത്? ഇന്നലെ രാത്രി നമ്മൾ കണ്ടതല്ലേ?” എന്റെ ശബ്ദം അല്പം ഇടറി.

​അവൾ പതുക്കെ ചിരിച്ചു. ആ ചിരി എന്റെ ഉള്ളിലേക്ക് തുളഞ്ഞു കയറി. “നമ്മൾ കണ്ടോ? എവിടെ വെച്ച്? നിനക്ക് തോന്നുന്നതാകാം അഖിൽ. നീ വല്ലാതെ സ്വപ്നം കാണുന്നുണ്ടോ?”

​അവൾ ചായ കുടിച്ച് എഴുന്നേറ്റു. എന്നിട്ട് എന്റെ മുഖത്തേക്ക് വല്ലാതെ അടുത്തു വന്നു. അവളുടെ ശ്വാസം എന്റെ മുഖത്ത് തട്ടുന്നുണ്ടായിരുന്നു. “പക്ഷേ നിന്റെ ഈ സ്വപ്നങ്ങൾ എനിക്ക് ഇഷ്ടപ്പെടുന്നുണ്ട്. നിനക്ക് എന്നെ പ്രണയിക്കണമെന്നുണ്ടോ?”

Leave a Reply

Your email address will not be published. Required fields are marked *