ജന്മാനന്തരബന്ധം – 4 12

​അവൾ അത് ചോദിച്ചപ്പോൾ എന്റെ ഉള്ളിൽ എന്തോ ഒന്ന് തകർന്നു വീണത് പോലെ തോന്നി. അതൊരു ചോദ്യമായിരുന്നില്ല, അതൊരു കെണിയായിരുന്നു. ഒരു സാധാരണ പെൺകുട്ടിയുടെ നിഷ്കളങ്കതയും ഒരു യക്ഷിയുടെ തന്ത്രവും ഒരേസമയം അവളുടെ മുഖത്ത് മിന്നിമറഞ്ഞു.

​”എനിക്ക്… എനിക്ക് അറിയില്ല,” ഞാൻ പറഞ്ഞു.

​”അറിഞ്ഞു തുടങ്ങും. മംഗലത്തെ തറവാട്ടിലെ രാജകുമാരന്മാർക്ക് പ്രണയം എപ്പോഴും ഒരു ശാപമാണ്. നീ ആ ശാപം ഏറ്റെടുക്കാൻ തയ്യാറാണോ?”

​അവൾ വല്ലാത്തൊരു നോട്ടം എനിക്ക് നൽകി അവിടെ നിന്ന് നടന്നു നീങ്ങി.

അവൾ പോയിക്കഴിഞ്ഞിട്ടും അവളുടെ ആ ചന്ദനഗന്ധം അവിടെ ബാക്കിയായിരുന്നു.

എനിക്ക് എന്നോട് തന്നെ നിയന്ത്രണം നഷ്ടമാകുന്നത് പോലെ തോന്നി. അർജുൻ പറഞ്ഞത് ശരിയാണ്, അവൾ വേറെ ടൈപ്പാണ്. പക്ഷേ അവളുടെ ആ ‘വേറെ ടൈപ്പ്’ ഭാവമാണ് എന്നെ അവളിലേക്ക് കൂടുതൽ അടുപ്പിക്കുന്നത്.

​ഞാൻ അറിയാതെ തന്നെ അവളിലേക്ക് ആകൃഷ്ടനായി. എന്റെ പഠിത്തവും കൂട്ടുകാരും എല്ലാം രണ്ടാമതായി. നന്ദന… അവളുടെ ആ ചാരക്കണ്ണുകൾ… അതായി എന്റെ ലോകം.

കോളേജ് ടൂർ. അത് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും എന്നാൽ ഏറ്റവും ഭയാനകവുമായ ഒന്നായി മാറുമെന്ന് ഞാൻ കരുതിയിരുന്നില്ല. വടക്കൻ മലബാറിലെ ഒരു മലയോര ഗ്രാമത്തിലേക്കായിരുന്നു യാത്ര. പച്ചപ്പും മൂടൽമഞ്ഞും നിറഞ്ഞ ആ പ്രദേശം.

​ബസ്സിൽ പാട്ടും ബഹളവുമായി എല്ലാവരും ആഘോഷിക്കുമ്പോൾ, ഏറ്റവും പുറകിലെ വിൻഡോ സീറ്റിൽ ഹെഡ്സെറ്റും വെച്ച് പുറത്തെ കാഴ്ചകളിലേക്ക് നോക്കി നന്ദന ഇരിക്കുന്നുണ്ടായിരുന്നു. അവളുടെ ആ ചാരക്കണ്ണുകൾ ഇടയ്ക്കിടെ ഗ്ലാസിലെ പ്രതിഫലനത്തിലൂടെ എന്നെ നോക്കുന്നുണ്ട്.

​ബസ്സ് ഒരു വളവ് തിരിഞ്ഞപ്പോൾ ഉണ്ടായ ആക്കത്തിൽ ഞാൻ അവളുടെ സീറ്റിനടുത്തേക്ക് നീങ്ങിപ്പോയി.

​”ഇവിടെ ഇരുന്നോ…” അവൾ ഹെഡ്സെറ്റ് മാറ്റി പകുതി സീറ്റ് എനിക്ക് ഒഴിഞ്ഞുതന്നു.

​ഞാൻ അവളുടെ അടുത്ത് ഇരുന്നു. എന്റെ ഹൃദയമിടിപ്പ് എനിക്ക് തന്നെ കേൾക്കാമായിരുന്നു. അർജുൻ ദൂരെയിരുന്ന് എന്നെ കണ്ണ് കാണിച്ചു പേടിപ്പിക്കുന്നുണ്ട്. പക്ഷേ എനിക്ക് അതൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.

​”അഖിൽ…” അവൾ പതുക്കെ വിളിച്ചു. “നിനക്ക് ഈ സ്ഥലത്തെപ്പറ്റി എന്തെങ്കിലും അറിയാമോ? പണ്ട് ഇവിടെ ഒരു വലിയ കൊട്ടാരമുണ്ടായിരുന്നു. നിന്റെ തറവാട്ടുമായി ബന്ധമുള്ള ഒരു കൊട്ടാരം.”

​”എനിക്കറിയില്ല…” ഞാൻ അവളുടെ കൈകളിലേക്ക് നോക്കി. അവളുടെ വിരലുകളിൽ നീല രത്നം പതിപ്പിച്ച ആ വെള്ളി ചരടുണ്ട്. (ഇത് പിൽക്കാലത്ത് ദേവ്നയുടെ കയ്യിൽ കണ്ട അതേ ചരടാണെന്ന് അഖിൽ അന്ന് അറിഞ്ഞിരുന്നില്ല).

​യാത്രയുടെ ഇടയിൽ ബസ്സ് ഒരു പുഴയോരത്ത് നിർത്തി. എല്ലാവരും വെള്ളത്തിൽ ഇറങ്ങി ബഹളം വെക്കുമ്പോൾ നന്ദന പതുക്കെ കാട്ടിനുള്ളിലെ ഒരു നടപ്പാതയിലൂടെ മുകളിലേക്ക് നടന്നു. ഞാൻ ആരും കാണാതെ അവൾക്ക് പിന്നാലെ പോയി.

​കുറച്ചു ദൂരം ചെന്നപ്പോൾ അവിടെ പായൽ പിടിച്ച ഒരു പഴയ കൽമണ്ഡപം കണ്ടു. അവിടെ വെച്ച് അവൾ തിരിഞ്ഞു നിന്നു.

​”നീ എന്തിനാ എന്നെ പിന്തുടരുന്നത് അഖിൽ?” അവൾ ഒരു സാധാരണ പെൺകുട്ടിയുടെ പരിഭവത്തോടെ ചോദിച്ചു.

​”എനിക്ക്… എനിക്ക് നിന്നോട് സംസാരിക്കണം. നീ ആരാണെന്ന് എനിക്ക് അറിയണം.”

​അവൾ എന്റെ അടുത്തേക്ക് വന്നു. അവളുടെ ആ ചാരക്കണ്ണുകളിൽ ഒരുതരം ദയ തോന്നി. “ഞാൻ വെറുമൊരു പെൺകുട്ടിയാണ് അഖിൽ. പക്ഷേ നീ എന്നെ പ്രണയിച്ചാൽ നിനക്ക് ഒരുപാട് നഷ്ടപ്പെടേണ്ടി വരും. നിന്റെ ഈ ശാന്തമായ ജീവിതം, നിന്റെ കൂട്ടുകാർ… എല്ലാം.”

​അവൾ എന്റെ കൈ പിടിച്ചു. അവളുടെ സ്പർശനത്തിൽ വല്ലാത്തൊരു കാന്തികശക്തി ഉണ്ടായിരുന്നു. ഞാൻ അറിയാതെ അവളെ ചേർത്തു പിടിച്ചു. ആ നിമിഷം കാറ്റിൽ വല്ലാത്തൊരു ശബ്ദം കേട്ടു—ആയിരക്കണക്കിന് പാമ്പുകൾ ഇഴഞ്ഞു വരുന്നതുപോലെ ഒരു ശബ്ദം.

​”നന്ദനാ…” ഞാൻ അവളുടെ പേര് വിളിച്ചു.

​അവൾ എന്റെ നെഞ്ചിൽ തല ചായ്ച്ചു. “അഖിലേ, എന്നെ വിട്ടു പോകരുത്. നീ എന്നെ വിട്ടാൽ… ഞാൻ ഈ ലോകത്ത് ഒറ്റയ്ക്കായിപ്പോകും.”

Leave a Reply

Your email address will not be published. Required fields are marked *