കാലഭ്രംശം – 6 2അടിപൊളി  

ഈ തോളിൽ കിടന്നു കരഞ്ഞ എന്നെക്കുറിച്ചോർത്താണ് വരും ദിവസങ്ങളിൽ അവൾക്ക് ഉറക്കം നഷ്ടപ്പെടാൻ പോകുന്നതെന്നും, ഈ ചിന്തകളാണ് രണ്ടു മാസങ്ങൾക്ക് ശേഷം അവളുടെ മുറിയിലേക്ക് എന്നെ കൊണ്ടെത്തിക്കുന്നതെന്നും എനിക്ക് നന്നായി അറിയാമായിരുന്നു.

എന്റെ ഭാവി ഉറപ്പാക്കിക്കൊണ്ട്, കാലം എനിക്കായി തീർത്ത ആ വലിയ കുരുക്കിലെ ഏറ്റവും പ്രധാനപ്പെട്ട കെട്ട് ഞാൻ അവിടെ പൂർത്തിയാക്കുകയായിരുന്നു…

ആൽമരച്ചുവട്ടിലെ ആ തണുപ്പിൽ നിന്നും ഞാൻ പതുക്കെ എഴുന്നേറ്റു. അവളും ഒന്നും മിണ്ടാതെ എന്റെ കൂടെ എഴുന്നേറ്റു നിൽക്കുന്നത് ഞാൻ കണ്ടു. അവളുടെ മുഖത്തേക്ക് നോക്കാൻ എനിക്ക് ധൈര്യമുണ്ടായിരുന്നില്ല.

“ഞാൻ ഈ പറഞ്ഞതൊക്കെ നീ നന്നായിട്ടൊന്ന് ആലോചിക്ക്. എന്നിട്ട് സാവധാനം ഒരു മറുപടി പറഞ്ഞാൽ മതി…”

ഞാൻ എന്റെ ശബ്ദം ഇടറാതെ പറയാൻ ശ്രമിച്ചു.

“ഞാൻ ഇറങ്ങുവാ… കുറച്ചു പരിപാടിയുണ്ട്. അമ്മ അറിയാതെയാ ഞാൻ ഇങ്ങോട്ട് വന്നത്.”

ഒരു വലിയ കള്ളം കൂടി പറഞ്ഞ്, അവളെയൊന്ന് തിരിഞ്ഞുപോലും നോക്കാതെ ഞാൻ അവിടെ നിന്നും നടന്നു നീങ്ങി. തിരിഞ്ഞുനോക്കിയാൽ ഒരുപക്ഷെ എന്റെ സകല നിയന്ത്രണങ്ങളും നഷ്ടപ്പെട്ടേക്കുമെന്നും, ഞാൻ അവളുടെ മുന്നിൽ വീണ്ടും പൊട്ടിക്കരഞ്ഞുപോകുമെന്നും എനിക്കറിയാമായിരുന്നു.

റെയിൽവേ സ്റ്റേഷനിലേക്കുള്ള ആ നീണ്ട വഴിയിലൂടെ നടക്കുമ്പോൾ എന്റെ മനസ്സ് വല്ലാത്തൊരു ശൂന്യതയിലായിരുന്നു. ചുറ്റും പായുന്ന വാഹനങ്ങളെയും മനുഷ്യരെയും ഞാൻ കാണുന്നുണ്ടായിരുന്നില്ല.

എന്റെ ചിന്തകൾ മുഴുവൻ വീണ്ടും കാലത്തിന്റെ ആ ഭയാനകമായ കുരുക്കുകളിലേക്ക് തന്നെ പാഞ്ഞുപോവുകയായിരുന്നു. ഞാൻ ഈ പറഞ്ഞതിന്റെ മറുപടി പറയാനായി രണ്ടുമാസം കഴിഞ്ഞ് അവൾ വീട്ടിൽ വരുമ്പോൾ, അവളുടെ മുന്നിൽ നിൽക്കുന്നത് യാതൊന്നും അറിയാത്ത ആ പഴയ ഞാനാണല്ലോ!

ഇതൊന്നും മനസ്സിലാകാതെ അന്ന് അവളുടെ മുന്നിൽ ഒരു പൊട്ടനെപ്പോലെ നിന്ന് ഞാൻ കഥകളി കളിച്ചത് അതുകൊണ്ടല്ലേ?.

ഈശ്വരാ… അപ്പോൾ ഇതൊരു അവസാനമില്ലാത്ത ലൂപ്പ് (Closed Causal Loop) ആണോ? അങ്ങനെയെങ്കിൽ, എനിക്ക് മുൻപ് ഈ ഭൂതകാലത്തിൽ വന്ന് അവളോട് ഈ കാര്യങ്ങൾ പറഞ്ഞ് ലൂപ്പ് പൂർത്തിയാക്കിയ ആ ‘അശ്വിൻ’ ഈ നിമിഷത്തിന് ശേഷം എങ്ങോട്ടായിരിക്കും പോയിട്ടുണ്ടാകുക?

ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ എന്റെ തലച്ചോറിനെ കാർന്നുതിന്നുകയായിരുന്നു. ആൽബർട്ട് ഐൻസ്റ്റീന്റെ ജനറൽ തിയറി ഓഫ് റിലേറ്റിവിറ്റി വെറുമൊരു പാഠപുസ്തക സിദ്ധാന്തം മാത്രമല്ലെന്ന് ഞാൻ നേരിട്ട് അനുഭവിക്കുകയായിരുന്നു.

ഗുരുത്വാകർഷണം സ്പേസിനെയും സമയത്തെയും വളച്ചൊടിക്കുന്ന വലിയൊരു

പ്രതിഭാസം! ഞാൻ പോലുമറിയാതെ ആ സുഗന്ധഗിരിയിലെ ഗുഹയിൽ തുറക്കപ്പെട്ടത് ഭൂതകാലത്തിലേക്കും ഭാവിയിലേക്കും സഞ്ചരിക്കാൻ കഴിയുന്ന ഒരു വേംഹോൾ ആയിരുന്നോ?

ഗ്രാന്റ്ഫാദർ പാരഡോക്സ് പോലെ, ഞാൻ കാരണം എന്റെ തന്നെ ടൈംലൈനിൽ എന്തെങ്കിലും മാറ്റങ്ങൾ സംഭവിക്കുമോ, അതോ എല്ലാം മുൻകൂട്ടി നിശ്ചയിച്ച വലിയൊരു ഗണിതശാസ്ത്ര സമവാക്യത്തിൽ ഞാൻ വെറുമൊരു ചരടിലെ പാവ മാത്രമാണോ?

എനിക്ക് എന്റെ ടൈംലൈനിലേക്ക് എങ്ങനെ തിരിച്ചുപോകാൻ കഴിയും?

ചിന്തിക്കുംതോറും എന്റെ സമനില തെറ്റുന്നതുപോലെ തോന്നി. എന്റെ കൂട്ടുകാർ… ദേവുവും രോഹിത്തും മാളവികയും കാവ്യയും വിശാഖും… അവരൊക്കെ ഇപ്പോൾ എവിടെയായിരിക്കും? ആ ഗുഹയിൽ തന്നെ ബാക്കിയായിട്ടുണ്ടാകുമോ?

അതോ തമോഗർത്തങ്ങളുടെ (Black holes) ഭീകരമായ ആകർഷണവലയത്തിൽ പെട്ടതുപോലെ, എന്നെക്കാൾ മുൻപുള്ള മറ്റേതെങ്കിലും ഇരുണ്ട കാലഘട്ടങ്ങളിൽ അവർ പെട്ടുപോയിട്ടുണ്ടാകുമോ? എനിക്കൊന്നുമാറിയില്ല. ഇനി എങ്ങോട്ട് പോകണം, എന്ത് ചെയ്യണം എന്ന് യാതൊരു രൂപവുമില്ലാതെ ഞാൻ ആ നഗരത്തിലെ ജനക്കൂട്ടത്തിനിടയിലൂടെ ഒരു യന്ത്രം കണക്കെ നടന്നു.

പെട്ടെന്നാണ് എന്റെ കണ്ണുകൾ ആകാശത്തേക്ക് പോയത്. എന്റെ ഹൃദയമിടിപ്പ് ഒരു നിമിഷം നിലച്ചു. പട്ടാപ്പകൽ വെളിച്ചത്തിലും ആകാശത്ത് വല്ലാത്തൊരു മാറ്റം! ആ ഗുഹയുടെ അവസാനത്തെ അറയിൽ വെച്ച് ഞാൻ കണ്ട അതേ ഭയാനകമായ നീല വെളിച്ചം മേഘങ്ങൾക്കിടയിൽ രൂപം കൊള്ളുന്നു.

Leave a Reply

Your email address will not be published. Required fields are marked *